മൂന്ന് മാസം വെയില് കൊണ്ടതും വിയർപ്പൊഴുക്കിയതും വെറുതെ ആയിപ്പോയല്ലോ എന്നോർത്ത് ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു…

ചാംപ്യൻ

Story written by PRAVEEN CHANDRAN

മഹീന്ദ്ര കമ്പനിയിൽ ജോലി ചെയ്യുന്ന സമയം.. മഹീന്ദ്ര ചാംപ്യൻ എന്ന് പേരുള്ള കോമേഷ്യൽ ത്രീവീലർ സെയിൽസിലായിരുന്നു ഞാൻ.. കമ്പനിയുടെ പുതിയ മോഡൽ ആയിരുന്നു ചാംമ്പ്യൻ.. ഓരോ എക്സിക്യൂട്ടീവിനും ഓരോ ഏരിയ തിരിച്ച് തന്നിരുന്നു.. ആ ഏരിയയിൽ നിന്ന് മാത്രമേ നമുക്ക് സെയിൽ എടുക്കാനാവൂ…

എന്റെ നിർഭാഗ്യത്തിന് ത്രീവീലർ സെയിൽസിന് വളരെ കുറച്ച് മാത്രം സാധ്യതയുള്ള സ്ഥലം തന്നെ ആണ് എനിക്ക് കിട്ടിയത്… എന്റെ ജീവിതത്തിലെ ആദ്യ ജോലിയായത് കൊണ്ട് തുടക്കത്തിലൊന്നും അതെനിക്ക് പിടി കിട്ടിയില്ലെങ്കിലും പതിയെ പതിയെ എനിക്ക് കാര്യങ്ങൾ മനസ്സിലാവാൻ തുടങ്ങി..

ഞങ്ങൾ മൂന്ന് എക്സിക്യൂട്ടീവുകളായിരുന്നു പുതിയതായ് കമ്പനിയിൽ ജോയിൻ ചെയ്തത്.. ഒരു മാസം 4 വണ്ടി ആയിരുന്നു ഒരാളുടെ ടാർജറ്റ്.. അവരവർക്ക് തന്നിട്ടുള്ള ഏരിയയിൽ നിന്നും ആരെങ്കിലും നേരിട്ട് വന്ന് വണ്ടി എടുത്താലും അത് ടാർജറ്റിലേക്ക് ഏഡ് ചെയ്യും..

മാനേജർ വാഹനത്തെ സംബന്ധിച്ച ട്രെയ്നിംഗ് തന്നതിന് ശേഷം ഞങ്ങളോട് ഓൾ ദ ബെസ്റ്റ് പറഞ്ഞു.. ഒരു ബാഗിൽ നിറയെ ബ്രൗഷറുകളും വിസിറ്റിംഗ് കാർഡുമെടുത്ത് ഞങ്ങൾ ജോലിക്ക് തയ്യാറായി.. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെ ജോലി സമയം.. വൈകീട്ട് ഡെയ്ലി സെയിൽസ് റിപ്പോർട്ട് മാനേജറെ കാണിച്ചിട്ട് വേണം വീട്ടിലേക്ക് പോകുവാൻ…

കൊടും വെയിലത്ത് ടൂവീലറിൽ ഞാൻ പട്ടിയെ പോലെ പണി എടുത്തു.. എല്ലാ ഓട്ടോറിക്ഷാ പേട്ട കളിലും വ്യവസായ സ്ഥാപനങ്ങളിലും ദിവസവും കയറിയിറങ്ങി നോട്ടീസുകളും വിസിറ്റ് കാർഡുകളും കൊടുത്തു കൊണ്ടേയിരു ന്നെങ്കിലും ടാർജറ്റിലേക്കുള്ള ദൂരം ഓരോ മാസം കഴിയും തോറും കൂടി കൂടി വന്നു.. ആദ്യമാസം അധികം പ്രഷറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടാം മാസം മുതൽ മാനേജറെടുത്തിട്ട് പൊരിക്കാൻ തുടങ്ങി…

മറ്റവന്മാരാകട്ടെ ഒരു പണിയും ചെയ്യാതെ ടൗണിൽ സിനിമയ്ക്ക് പോയും വീട്ടിൽ കിടന്നുറങ്ങിയും കൂളായി ഏഴ് എട്ട് വണ്ടിയോളം ചെയ്ത് എക്സ്ട്രാ കമ്മീഷൻ വേടിക്കുന്നത് കണ്ട് അന്തം വിട്ടിരിക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ… കാരണം അവരുടെ ടൗൺ ഏരിയ ആയിരുന്നു.. അവിടന്ന് ഡയറക്ട് തന്നെ ഓർഡറുകൾ വരും..അത് ഇവന്മാരുടെ ക്രഡിറ്റിലേക്ക് കയറും… എനിക്കാണേൽ റൂറൽ ഏരിയ ആയത് കൊണ്ട് ഒരു വണ്ടി പോലും ഡയറക്ട് വരുന്നുമില്ലായിരുന്നു..

ആദ്യത്തെ മൂന്ന് മാസം ക്രമേണ 1 , 2 , 1 ഇങ്ങനെ ആയിരുന്നു എന്റെ സെയിൽ… ആ മാസം എം.ഡി. മീറ്റിംഗ് വച്ചു.. ബെസ്റ്റ് സെയിൽസ്മാന് അവാർഡ് കൊടുക്കുന്ന ചടങ്ങ് ആയിരുന്നു അത്..പട്ടിയെ പോലെ വെയിലും കൊണ്ട് ഓടി നടന്ന് പണിയെടുത്ത ഞാൻ ഏറ്റവും അവസാനവും ചുമ്മാ കറങ്ങിനടന്ന് കൈ നിറയെ പൈസ വാങ്ങിച്ച അവർക്ക് ഒന്നാം സ്ഥാനവും..

അന്ന് മീറ്റിംഗിൽ എം.ഡി എന്നെ വിളിച്ച് പ്രത്യേകം അഭിനന്ദിക്കാനും മടി കാണിച്ചില്ല.. ഈ മാസം 4 വണ്ടി ചെയ്തില്ലേൽ നിനക്ക് ഞാനൊരു ട്രോഫി തരുന്നുണ്ടെന്നും മൂപ്പര് ഓർമ്മിപ്പിച്ചു…

എന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി എന്ന് എനിക്ക് മനസ്സിലായി… മൂന്ന് മാസം വെയില് കൊണ്ടതും വിയർപ്പൊഴുക്കിയതും വെറുതെ ആയിപ്പോയല്ലോ എന്നോർത്ത് ഞാനാകെ വിഷമിച്ചിരിക്കുകയായിരുന്നു.. അത് കൊണ്ട് തന്നെ വല്ലാണ്ട് വെയില് കൊള്ളാൻ എനിക്ക് തോന്നിയതുമില്ല.. ഓരോ ദിവസം കഴിയും തോറും എന്റെ നിരാശ കൂടി വന്നു…

മാസം തീരാൻ മൂന്ന് ദിവസം കൂടെ ബാക്കി ഉണ്ടായിരുന്നുള്ളൂ..ഒരു വണ്ടി പോലും അത് വരെ വിൽക്കാനായിട്ടുമില്ല…

ജോലിക്കിടയിൽ ഞാനിടയ്ക്ക് വിശ്രമിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു ഒരു കനാലിന്റെ അടുത്തുള്ള സിമന്റിട്ട് ഉയർത്തിയ ഒരു തറയിലായിരുന്നു അത്..

അവിടെ കുറച്ചാളുകൾ മീൻ പിടിക്കാൻ വരുമായിരുന്നു.. കനാലിന്റെ ഒരു വശത്ത് മൂന്നാല് പേർ സ്ഥിരമായി മീൻ പിടിക്കാറുണ്ട്.. അവിടെ നിന്ന് അവർക്ക് കുട്ട നിറയെ മീനും കിട്ടുമായിരുന്നു..

പക്ഷെ ഇങ്ങേ അറ്റത്ത് അധികം ആരും വരാത്ത ഒരു ചരിവിൽ നിന്ന് ഒരപ്പൂപ്പൻ ചൂണ്ടയുമായി എന്നും നിൽക്കുന്നത് കാണാം.. മണിക്കൂറുകളോ ളം നിന്നിട്ടും ആ പാവത്തിന് ഒന്നോ രണ്ടോ മീനുകൾ മാത്രമാണ് കിട്ടുന്നത്… അവസാനം കൊണ്ട് വന്ന തീറ്റ മുഴുവൻ വെള്ളത്തിലേക്ക് എറിഞ്ഞ് അത് നോക്കി ചിരിച്ചിട്ട് മൂപ്പര് പോകും..

എന്നിട്ടും മൂപ്പര് സ്ഥലം മാറാൻ തയ്യാറാകാതിരു ന്നത് എന്നെ അത്ഭുതപെടുത്തിയിരുന്നു..

ഒരിക്കൽ ഞാനപ്പൂപ്പനോട് അത് ചോദിക്കുകയും ചെയ്തിരുന്നു..

“അപ്പുറത്ത് അവർ പിടിക്കുന്നിടത്ത് പോയി പിടിച്ചൂ കൂടെ അപ്പൂപ്പാ?..അവിടെ കുറെ മീൻ കിട്ടുന്നുണ്ടല്ലോ?.. ഇവിടെ മീനൊന്നും ഇല്ലതാനും.. വെറുതെ എന്തിനാ സമയം കളയുന്നത്?”

അത് കേട്ട് അപ്പൂപ്പൻ എന്നെ നോക്കി ചിരിച്ചതേയുള്ളൂ… ഒരു കണക്കിന് ഈ അപ്പൂപ്പനും ഞാനും ചെയ്യുന്നത് ഒരേ മണ്ടത്തരം തന്നെ അല്ലേ എന്ന് എനിക്ക് തോന്നിയിരുന്നു..

കുറച്ച് ദിവസങ്ങളായിരുന്നു ഞാനവിടെ പോയിട്ട്.. സെയിൽസ് നടക്കാത്തതിന്റെ വിഷമത്തിൽ ഒന്ന് റില്ക്സാകട്ടെ എന്ന് കരുതി ആണ് അന്ന് അവിടെ പോയത്… അന്ന് അപ്പൂപ്പന്റെ മീൻ പിടുത്തം നേരത്തേ കഴിഞ്ഞിരുന്നു..

പതിവ് പോലെ എന്നെ നോക്കി ചിരിച്ച് അപ്പൂപ്പൻ കടന്ന് പോയി.. ഞാനും തിരിച്ചൊന്ന് പുഞ്ചിരിച്ചു.. അപ്പോഴാണ് ഞാനാ കാര്യം ശ്രദ്ധിച്ചത്.. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല…

ആ കുട്ട നിറച്ചും മീനായിരുന്നു… ഞാനപ്പൂപ്പന്റെ പിന്നാലെ ഓടി.. എങ്ങനെ ഇത്ര മീൻ കിട്ടിയത് എന്ന് ചോദിച്ചു.. അപ്പൂപ്പൻ ചിരിച്ച് കൊണ്ട് പറഞ്ഞു…

“എല്ലാം നമ്മുടെ മനസ്സിന്റെ ആണ് മോനെ… തിടുക്കം കാണിക്കാതെ തുടർച്ചയായി ലക്ഷ്യത്തിന് വേണ്ടി പരിശ്രമിച്ചാൽ ഒരുനാൾ ഫലം ഉറപ്പ്.. അധികം ആരും മീൻപിടിക്കാൻ വരാത്ത സ്ഥലത്ത് തുടർച്ചയായി തീറ്റ ഇട്ടുകൊടുത്ത് കൊണ്ടിരുന്നു.. എനിക്ക് ഉറപ്പായി രുന്നു ഒരുനാൾ എന്റെ പരിശ്രമം ഫലം കാണുമെന്ന്.. അത് ഇപ്പോൾ സംഭവിച്ചിരിക്കുന്നു.. ഇനി എനിക്ക് കുറച്ച് നാളത്തേക്ക് കഷ്ടപെടുകയേ വേണ്ട.. ഇവിടെ നിന്ന് മീൻ കിട്ടില്ലാന്ന് വിചാരിച്ച് ആരും ഇങ്ങോട്ട് വരുകയുമില്ല… “

അപ്പൂപ്പൻ പറഞ്ഞത് കേട്ട് എനിക്ക് അതിശയമായി… അതിനെക്കുറിച്ചായിരുന്നു തിരിച്ച് ഓഫീസിലെത്തുന്നത് വരെ എന്റെ ചിന്ത..

ഓഫീസിലേക്ക് കയറിയതും പരിചയമുള്ള ഒരു മുഖം ഞാനവിടെ കണ്ടു.. ഒരു മാസം മുന്ന് വരെ സ്ഥിരമായി ഞാനവിടെ പോകാറുണ്ടായിരുന്നു.. അവർക്ക് സാനിട്ടറി ഐറ്റംസ് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു.. അവർക്ക് എന്തു കൊണ്ടും ആവശ്യമുള്ള ഒന്നായിരുന്നു ഇത്തരമൊരു വാഹനം.. അത് പ്രതീക്ഷിച്ചാണ് അവിടെ കയറിയിറങ്ങിയതും.. പക്ഷെ അവർ പിന്നെയാ വട്ടെ എന്ന് പറഞ്ഞ് സ്ഥിരമായി ഒഴിഞ്ഞിരുന്നത് കൊണ്ട് ഞാൻ പിന്നീട് അങ്ങോട്ട് കയറിയതുമില്ല..

“ഗുഡ് ഈവനിംഗ് സർ” അദ്ദേഹത്തെ കണ്ടതും ഞാൻ വിനീതനായി പറഞ്ഞു..

“ഗുഡ് ഈവനിംഗ്.. ഞാൻ നിന്നെ കാത്തിരിക്കു കയായിരുന്നു.. മാനേജരുമായി ഞാൻ സംസാരിച്ചിരുന്നു.. പേപ്പേഴ്സ് ഒക്കെ സൈൻ ചെയ്തു.. കമ്പനിയിലേക്ക് അഞ്ച് വണ്ടികൾ ഞങ്ങൾ എടുത്തിട്ടുണ്ട്..”

അത് കേട്ടതും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി…

പിന്നീടുള്ള ഒരു മാസവും ഞാൻ ടാർജറ്റ് അച്ചീവ് ചെയ്യാതിരുന്നിട്ടില്ല എന്ന് മാത്രമല്ല കമ്പനിയുടെ ബെസ്റ്റ് സെയിൽസ്മാൻ ഓഫ് ദ ഇയർ കൂടെ വാങ്ങിയാണ് ആ വർഷം ഞാൻ പൂർത്തിയാക്കിയത്…

അങ്ങനെ വണ്ടിയുടെ പേര് പോലെ ഒരു നാൾ ഞാനും ചാംപ്യനാവുകയായിരുന്നു…

നമ്മൾ ചെയ്യുന്ന പ്രവൃത്തി ആത്മാർത്ഥമായും ശുഭാപ്തി വിശ്വാസത്തോടെയും ക്ഷമയോടെയും ചെയ്തു കൊണ്ടിരുന്നാൽ ഒരു നാൾ വിജയം നമ്മെ തേടി വരുക തന്നെ ചെയ്യും..

പ്രവീൺ ചന്ദ്രൻ