കൂട്ടുകാരികളുടെ പ്രണയത്തെ കുറിച്ചും അവർക്കു നേരിട്ട ചതികളെ കുറിച്ചും വിശദമായി പറഞ്ഞിരുന്ന അവൾ ഇതെന്തിന് വിദഗ്ധമായി ഒളിപ്പിച്ചു…

അച്ഛൻ

Story written by AMMU SANTHOSH

“അവൾക്കവിടെ ഒരു സ്വസ്ഥതയുമില്ല .അവനു വേറെയും ബന്ധങ്ങളുണ്ടത്രേ .എന്നും വഴക്കാണെന്ന അയല്പക്കത്തെ ദീപ പറഞ്ഞത് .അവനവളെ തല്ലാറുണ്ടത്രെ” അവസാന വാചകം പറയുമ്പോൾ ഭാര്യ വിതുമ്പി കരയുന്നുണ്ടായിരുന്നു .

നിലത്തു വെയ്ക്കാതെ പുന്നാരിച്ചു വളർത്തിയ ഏക മകൾ ആണ് . ഒരു സുപ്രഭാതത്തിൽ അച്ഛനെയും അമ്മേയെയും അപമാനത്തിന്റെ കൊടും തുരുത്തിലൊറ്റയ്ക്കാക്കി സ്നേഹിച്ചവനൊപ്പം ഒളിച്ചോടിപ്പോയത് .ഭാര്യ കരയുന്നത് അക്ഷോഭ്യനായി അയാൾ കണ്ടു നിന്നു .കഴിഞ്ഞ കുറെ നാളുകളായി അവൾ കരയുകയായിരുന്നു .മകൾ പോയ അപമാനവും വേദനയും ഒക്കെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾ മറന്ന പോലെ തോന്നിച്ചു.ഇപ്പോളവൾക്കു മകളെയൊന്നു കണ്ടാൽ മതി. അമ്മമനസ്സല്ലേ? .തനിക്കാണ് അത് മറക്കാനും പൊറുക്കാനും കഴിയാത്തത്, നെഞ്ചിലിട്ടു വളർത്തിയ മകൾ നെഞ്ചിൽ തന്നെ ആഞ്ഞൊരു വെട്ടു വെട്ടിയിറങ്ങിയപ്പോൾ നിലച്ചു പോയത് സ്വന്തം ഹൃദയം തന്നെയാണ് .മരിച്ചു കഴിഞ്ഞിരുന്നു ഒരർത്ഥത്തിൽ താൻ . നാട്ടുകാരുടെ പരിഹാസവും സഹതാപവും കാണാൻ വയ്യാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടാറാണ് പതിവ് .

അവളുടെകിളികൊഞ്ചലുകൾ, .പാദസര കിലുക്കങ്ങൾ,പൊട്ടിച്ചിരികൾ, ഒക്കെ നിറഞ്ഞിരുന്ന വീട് ഇപ്പോൾ ഒരു ശ്‌മശാനം കണക്കെ ആയി .

“ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പലപ്പോളും ചിന്തിച്ചിട്ടുണ്ട്, എന്ത് കൊണ്ടവൾ പറഞ്ഞില്ല?” കോളേജ് വിട്ടു വന്നാൽ അന്ന് കയറിയ ബസിലെ തമാശകൾ മുതൽ കോളേജിലെ എല്ലാം അണുവിട തെറ്റാതെ പറയുന്നവൾ ഇതെന്തിന് ഒളിച്ചു ?കൂട്ടുകാരികളുടെ പ്രണയത്തെ കുറിച്ചും അവർക്കു നേരിട്ട ചതികളെ കുറിച്ചും വിശദമായി പറഞ്ഞിരുന്ന അവൾ ഇതെന്തിന് വിദഗ്ധമായി ഒളിപ്പിച്ചു ? പെണ്ണിന്റെ മനസ്സ് കണ്ടവരാരുണ്ടാകും? മനസ്സിലൊരു കടലൊളിപ്പിച്ചു വിദഗ്ധമായി ചതിക്കാൻ പെണ്ണിന്റത്ര മിടുക്കാർക്കുണ്ടാകും? അത് ഭാര്യ ആണെങ്കിലും അമ്മയാണെങ്കിലും മകളാണെങ്കിലും ..എല്ലാം ഒരേ പോലെ . ഒരു വാക്ക് പറഞ്ഞിരിരുന്നുവെങ്കിൽ !

…അവൾ അനുഭവിക്കട്ടെ …കൊണ്ട് പോയവൻ കൊന്നു തിന്നട്ടെ … അങ്ങനെ ചിന്തിക്കുമ്പോഴും മുഖത്ത് നനവ് തട്ടുന്നതയാൾ അറിയുന്നുണ്ടായിരുന്നു . താൻ കരയുകയാണ് .ആരുമില്ലാത്ത ഒരിടത്തു പോയിരുന്നു നെഞ്ചിൽ തല്ലി ഉറക്കെ കരയണമെന്നു അയാൾക്കുണ്ടായിരുന്നു . തന്റെ മകൾ , തന്റെ പ്രാണൻ , തന്റെ രാജകുമാരി . അവളെ മറ്റൊരാൾ ദ്രോഹിക്കുന്നത് അയാൾക്ക്‌ സഹിക്കുന്നതിനപ്പുറമായിരുന്നു .അയാൾ മുഖം അമർത്തി തുടച്ചു ഇരുളിലേക്കിറങ്ങി

മകളുടെ ഭർത്താവു വരുന്നത് ഒരു വൃക്ഷത്തിന്റെ മറവിൽ നിന്ന് അയാൾ കണ്ടു.വല്ലാതെ മദ്യപിച്ചിട്ടുണ്ട് .കൂടെ രണ്ടു കൂട്ടുകാരും .അവരും അതെ അവസ്ഥയിൽ തന്നെ .മകൾ വല്ലാതെ പേടിച്ചിട്ടെന്നവണ്ണം മുറ്റത്തിറങ്ങി നിൽപ്പുണ്ട്.അകത്തേക്ക് കയറാൻ അവളുട ഭർത്താവു നിര്ബന്ധിക്കുന്നുണ്ട്.അവൾ അതെ നിൽപ് തന്നെ . ചെകിടടച്ചു ഒരടിയുടെ ഒച്ച അയാളുടെ കാതിൽ വീണു . മകൾ നിലത്തു വീണു കിടക്കുന്നു .രക്തം തിളയ്ക്കുന്നതായാൾ അറിയുന്നുണ്ടായിരുന്നു

ഒരു കുതിപ്പ് ഒരാക്രോശം ,ഉള്ളിലവൾ മാത്രം മകൾ .ഒരൊറ്റ അടിയിൽ അവൻ നിലത്തു വീണു .നിലത്തു വീണു കിടക്കുന്നവനെ നോക്കിയില്ല അയാൾ മകളെ നെഞ്ചിലേക്ക് അണച്ച് പിടിച്ചു .മകളാകട്ടെ തളർന്നു പോയ പക്ഷികുഞ്ഞിനെ പോലെ അയാളുടെ മാറിൽ ചേർന്ന് നിന്നു.

“എന്റെ മകളാണെടാ ഇവൾ എന്റെ മകൾ “

അയാൾ കിതച്ചു കൊണ്ടിരുന്നു .മകളുടെ ഭർത്താവു ഭീതിയോടെ നിലത്തു നിന്നു എഴുനേറ്റു .മകളെ ചേർത്ത് പിടിച്ചു നിരത്തിലൂടെ നടക്കുമ്പോൾ അയാളുടെ ഉള്ളു തണുത്തിരുന്നു

“ഒന്നും കഴിക്കുന്നില്ല “ഭാര്യ ചോറും കറികളും നിറഞ്ഞ പാത്രം മേശയുടെ പുറത്തു വെച്ച് കണ്ണ് തുടച്ചു

“നീ പൊയ്ക്കോ “അയാൾ മെല്ലെ പറഞ്ഞു

കിടക്കയിൽ വാടിയ പൂവ് പോലെ കിടക്കുന്ന മകളുടെ നെറ്റിയിൽ അയാൾ മുഖം അമർത്തി .

“അച്ഛന്റെ പൊന്നു മോളല്ലേ “?അയാൾ മന്ത്രിച്ചു

ആർത്തിരമ്പിയ ഒരു കർക്കിടകപ്പാതി നെഞ്ചിൽ വന്നലയ്ക്കുന്നു .തോരാതെ പെയ്യുന്ന മഴയായി മകൾ .ഉറക്കെയുറക്കെയുള്ള പൊട്ടിക്കരച്ചിലുകൾ

“പൊറുക്കച്ഛ “ശ്വാസം മുട്ടും പോലെയുള്ള ഏങ്ങലടികൾ

അവൾക്കെങ്ങനെ ഈ അബദ്ധം പറ്റിയെന്നയാൾ ചോദിച്ചില്ല

അവളെന്തു കൊണ്ട് ഇത് പറഞ്ഞില്ല എന്നയാൾ ചോദിച്ചില്ല

എന്തിനാണ് തങ്ങളെ അപമാനത്തിന്റെ തീച്ചൂളയിലേക്കു തള്ളിയിട്ടതെന്നും ചോദിച്ചില്ല

സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു തെറ്റ് പറ്റിയാൽ പൊറുക്കേണ്ട കോടതി വീട് തന്നെയാണെന്ന് മറ്റാരേക്കാളും അയാൾക്കറിയാമായിരുന്നു . അവരെ ഉപേക്ഷിക്കാതെ നെഞ്ചോടു ചേർത്ത് പിടിച്ചില്ലെങ്കിൽ താൻ അച്ഛൻ എന്ന പുണ്യപദവിക്കർഹനല്ലാതാകും എന്നും അയാൾക്കറിയാമായിരുന്നു. അവൾ സന്തോഷമായി ജീവിച്ചിരുന്നുവെങ്കിൽ അയാൾ അവിടേയ്ക്കു ചെല്ലുമായിരുന്നില്ല. അവൾ തങ്ങളിലേക്ക് വരും വരെ കാത്തിരുന്നേനെ.

ചോറ് കുഴച്ചു ഉരുളകളാക്കി വായിൽ വെച്ച് കൊടുക്കുമ്പോൾ വീണ്ടും അയാൾ ഒരു കൈ കൊണ്ടവൾ തന്നോട് ചേർത്ത് പിടിച്ചു .അവളുട ശരീരത്തിലെ നീലിച്ച പാടുകൾ കാണെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .മകൾ കൊടുത്ത വേദനയേക്കാൾ മകളുടെ വേദനകൾ അയാളുടെ ഉള്ളുരുക്കികൊണ്ടിരുന്നു .തന്റെ മകൾ ജീവിതത്തിലൊരിക്കലും തോൽക്കരുത് എന്ന് അപ്പോൾ അയാൾ ദൃഢ നിശ്ചയമെടുത്തും കഴിഞ്ഞിരുന്നു .

താലിയുടെ ബന്ധനത്തിൽ നിന്നവളെ സ്വാതന്ത്രയാക്കി മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കുമ്പോളും പേടിച്ചു തളർന്ന മകളെ ഒപ്പം കൂട്ടി യാത്രകൾ ചെയ്യുമ്പോളും അയാൾ അവളോട് ജീവിതതിന്റെ സുസ്ഥിരതയെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു .പത്തൊമ്പതു വയസ്സിന്റെ മനസ്സിടർച്ച മാത്രമാണ് അവൾക്കു സംഭവിച്ചതെന്ന് അച്ഛൻ അവളെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. ബാല്യത്തിൽ എത്ര തവണ വീണിട്ടാണെന്നോ നീ നടക്കാൻ പഠിച്ചത് എന്ന് തമാശ പറഞ്ഞു. പുച്ഛിച്ചു ചിരിച്ച നാട്ടുകാരുടെ മുന്നിലൂടെ അയാൾ മകളുടെ കയ്യും പിടിച്ചു നിവർന്നു നടന്നു .ചിരിച്ചു മടുത്ത നാട്ടുകാർ ദിവസങ്ങൾ കഴിയവേ പതിവ് പോലെ അവരഅവരുടെ ജോലികളിലേക്ക് തിരിയുകയും ചെയ്തു .വാടിപ്പോയ ഒരു ചെടിക്കു ഒരു പുതുനാമ്പു കിളിർക്കുന്നതിനുള്ള ജലം പോലെ അവളിൽ ഊർജം നിറച്ചു കൊണ്ടിരുന്നു ആ അച്ഛൻ.

സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോഴും അവൾ അച്ഛന്റെ തോളിൽ തലചായ്ച്ചു ഇരിക്കുകയായിരുന്നു . നാലാം റാങ്ക് അപർണ വാസുദേവ് എന്ന പേരും ഫോട്ടോയും ടീവിയിൽ തെളിഞ്ഞു.

അപ്പോൾ അവൾ ആ കാൽക്കൽ വീണു മുഖമണച്ചു കണ്ണീരു കൊണ്ടാ കാൽ കഴുകുന്നതിനേക്കാൾ പുണ്യമൊന്നും ഒരു ഗംഗയിൽ മുങ്ങിയാലും തനിക്കു കിട്ടുകയില്ല എന്നവൾക്കു അറിയാമായിരുന്നു .

അച്ഛൻ എന്നെത്തെയും പോലെ അവളെ നെഞ്ചിലടുക്കി

“അച്ഛന്റെ പൊന്നുമോളല്ലേടാ “

അപ്പോൾ അയാളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു .വിജയിയുടെ ചിരി .വിശ്വം ജയിച്ച ചക്രവർത്തിയുടെ ചിരി.