ആ കാഴ്ച കണ്ട് ഒരു നിമിഷം അവൻ്റെ ഹൃദയം ആർദ്രമായി. വണ്ടിയിൽ നിന്ന് രണ്ടു മിഠായി എടുത്ത് അവൻ അവർക്കരികിലേക്ക് നടന്നു…

ഒരുവൾ

Story written by PANCHAMI SATHEESH

നഗരത്തിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി ഒരു ചെറുവഴിയിലൂടെ യാത്രക്കാരൻ പറഞ്ഞു കൊടുക്കുന്നതിനനുസരിച്ച് വരുൺ ഓട്ടോ ഓടിച്ചു. പണി നടന്നു കൊണ്ടിരിക്കുന്ന ഒരു വീടിനു മുൻപിൽ വണ്ടി നിന്നു.

” ഒന്നു വെയ്റ്റ് ചെയ്യണേ” യാത്രക്കാരൻ്റെ അപേക്ഷാ സ്വരം കേട്ട് അവൻ ചിരിച്ചു.

“നിൽക്കാം ചേട്ടാ ”

അവൻ വണ്ടിയിൽ നിന്നിറങ്ങി നടുനിവർത്തി . ഒരു കുഞ്ഞിൻ്റെ ശബ്ദം കേട്ട് അവൻ തല തിരിച്ചു നോക്കി. രണ്ടു കുഞ്ഞുങ്ങൾ വീടിനോട് ചേർന്ന മരച്ചുവട്ടിലിരിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും എണ്ണമയമില്ലാത്ത മുടിയും.

കൈയിലെ പാത്രത്തിൽ നിന്നും എന്തോ വാരി അനിയൻ്റെ വായിൽ വച്ചു കൊടുക്കുന്ന ഒരു പെൺകുട്ടി.

ആ കാഴ്ച കണ്ട് ഒരു നിമിഷം അവൻ്റെ ഹൃദയം ആർദ്രമായി. വണ്ടിയിൽ നിന്ന് രണ്ടു മിഠായി എടുത്ത് അവൻ അവർക്കരികിലേക്ക് നടന്നു.

അവർക്കടുത്തെത്തിയ അവൻ്റെ കാൽകൾ പെട്ടന്ന് നിശ്ചലമായി.

തിരിഞ്ഞു നോക്കിയ ആ പെൺകുട്ടിയുടെ കണ്ണുകളിൽ തെളിഞ്ഞ വെറുപ്പ്, അവൻ്റെ ഹൃദയത്തിൽ മുള്ളുകളായി പതിച്ചു.

പിന്നിൽ നിന്നും യാത്രക്കാരൻ്റെ വിളി കേട്ട് തിരിഞ്ഞോടുകയായിരുന്നവൻ. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആ കുഞ്ഞുങ്ങളെ നോക്കി പിറകിലുള്ളയാൾ അവനോടായി പറഞ്ഞു.

“വീടിൻ്റെ തേപ്പ് നടക്കുന്നുണ്ട് അകത്ത്. പണിക്കാരിലൊരുത്തൻ്റെ കുഞ്ഞുങ്ങളാ അത്. “

” തള്ള അവറ്റങ്ങളെ ഇട്ട് വേറൊരുത്തൻ്റെ കൂടെ പോയി “

“നോക്കാനാരും ഇല്ലാത്തോണ്ട് അവൻ കൂടെ കൊണ്ട് നടക്കാ”

“ഒരുമ്പെട്ടവള് എവടെപോയാലും ഗുണം പിടിക്കില്ല. ആ കൊച്ചുങ്ങടെ ശാപം തലയ്ക്കു മുകളിൽ നിക്കും”

കേൾക്കാനിഷ്ടമില്ലാത്ത പോലവൻ വണ്ടിക്ക് സ്പീഡ് കൂട്ടി.

………………………………………

വണ്ടിയുടെ ശബ്ദം കേട്ട് ഓടി വന്ന് വാതിൽ തുറന്ന്, ചിരിയോടെ മുന്നിൽ നിൽക്കുന്നവളെ അവനാകെ ഒന്നു നോക്കി. കറുപ്പിച്ചെഴുതിയ മിഴികൾ അവനെ കണ്ട് കൂടുതൽ തിളങ്ങി.

“ന്താ ഇങ്ങനെ നോക്കണേ” അവൻ്റെ നോട്ടം കണ്ട് വശ്യതയോടെ ചിരിച്ചു കൊണ്ടവൾ ചോദിച്ചു. അവനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. മുൻ വാതിലടച്ച് അവൾ റൂമിലെത്തുമ്പോൾ കൈത്തണ്ട കൊണ്ട് കണ്ണുകൾ മറച്ചവൻ കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്തിരുന്ന് അവൻ്റെ കൈ കണ്ണിനു മീതേന്ന് എടുത്തു മാറ്റി.

“എന്തു പറ്റി സുഖമില്ലേ “

“ഒന്നുമില്ല” അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ടാണവൻ മറുപടി പറഞ്ഞത്.

” പിന്നെന്താ ഇപ്പോ ഒരു കിടപ്പ് “

“നീ നിൻ്റെ മക്കളെകുറിച്ചോർക്കാറുണ്ടോ”

പെട്ടെന്നുള്ള അവൻ്റെ മറുചോദ്യത്തിൽ അവളൊന്നു ഞെട്ടി.

“ന്താന്ന് ”

” നിൻ്റെ മക്കളെ ഞാനിന്നു കണ്ടു. എൻ്റെ കൂടെ വന്നതിനു ശേഷം നീയവരെ ഓർത്തിട്ടുണ്ടോ?” ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നിരുന്നവൾ. നെഞ്ചിടിപ്പ് കൂടി വരുന്നതവളറിഞ്ഞു.

“നീയവരെ എവിടുന്നു കണ്ടു” നേർത്തിരുന്നു അവളുടെ ശബ്ദം.

“അതാണോ ഞാൻ ചോദിച്ചതിനുള്ള മറുപടി” അസുഖകരമായൊരു മൗനം അവർക്കിടയിൽ നിറഞ്ഞു.

“എല്ലാം എൻ്റെ തെറ്റാണെന്നാണോ? “

” അല്ലെടീ എൻ്റെ തെറ്റാ .. താലികെട്ടിയ ഭർത്താവിനെ വഞ്ചിച്ച് വേറൊരുത്തന് കിടന്ന് കൊടുത്ത നീ തെറ്റു ചെയ്യാത്തവളാ..നൊന്തു പെറ്റ കുഞ്ഞുങ്ങളെ ഓർക്കാതെ സ്വന്തം സുഖം നോക്കി അർമാദിച്ചു കഴിയുന്ന പുണ്യവതി” അവൻ പൊട്ടിത്തെറിച്ചു.

“ഇങ്ങനൊക്കെ പറയാൻ എന്തുണ്ടായി”

“ഞാൻ എടുത്തു നടന്ന കുഞ്ഞുങ്ങളല്ലേ അവർ, അവരുടെ അവസ്ഥ എന്താന്നറിയോ നിനക്ക്, ഒരിത്തിരി നേരത്തെ എൻ്റെ വിവേകമില്ലായ്മയ്ക്ക് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ല ഞാൻ. എൻ്റെ സ്വന്തം ഏട്ടനെ പോലെ തന്നെയാ മനുവേട്ടനെ ഞാൻ കണ്ടത്, പക്ഷേ…. അന്നു നീ എന്നെ അകത്തേക്ക് വിളിച്ചിരുന്നില്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലാരുന്നു.”

“നീ മനപൂർവ്വം എന്നെ പെടുത്തിയതാണോന്ന് എനിക്ക് സംശയമുണ്ട്.” അല്ലെങ്കിൽ നീയായിട്ട് എല്ലാത്തിനും മുൻകൈ എടുത്തതെന്തിനാ ‘”

“എല്ലാം കണ്ട് വന്ന മനുവേട്ടൻ തല്ലി കൊല്ലുമെന്നായപ്പോഴാ നിൻ്റെ കൈ പിടിച്ച് കൂടെ കൂട്ടിയത്. കുത്തുവാക്കുകളെയും തുറിച്ചു നോട്ടങ്ങളെയും നേരിടാനാവാത്തതു കൊണ്ടാ ഇങ്ങോട്ടു മാറിയത്. അപ്പോഴൊന്നും ആ കുഞ്ഞുങ്ങൾടെ അവസ്ഥ ആലോചിച്ചില്ല.”

” ഇന്ന് തെരുവു പിള്ളേരെ പോലെ അവരെ കണ്ടപ്പോൾ … ആ അവസ്ഥക്ക് കാരണം ഞാനാണെന്ന് ഓർക്കുമ്പോൾ …. വയ്യെനിക്ക്.”

“ഇന്ന് മാളു എന്നെ നോക്കിയ നോട്ടം… ചത്തുപോകുന്നതായിരുന്നു ഇതിലും നല്ലത്. “

പതം പറഞ്ഞ് കരയുന്നവനെ നോക്കാനാവാതെ പകച്ചിരുന്നു അവൾ. അമ്മേ….. എന്ന വിളിയും ചിരിയും കൊഞ്ചലുകളും ഉള്ളിൽ നിറഞ്ഞു. നെഞ്ചു വിങ്ങി. കരയാൻ തനിക്കവകാശമില്ലെന്നറിയാമായിരുന്നിട്ടും കണ്ണ് നിറഞ്ഞൊഴുകി.

ചെയ്ത് പോയ തെറ്റോർത്ത്, കാ മമുണരാത്ത രണ്ടുടലുകൾക്കുള്ളിൽ സ്വപ്നങ്ങളില്ലാത്ത രണ്ട് ഹൃദയങ്ങൾ വേവ് നിറച്ച് നീറി.

അങ്ങകലെ അച്ഛൻ്റെ നെഞ്ചിൽ തല വച്ച് ഉറക്കം കാത്തു കിടക്കുന്ന രണ്ട് പൈതങ്ങൾ അച്ഛൻ്റെ മിഴി തുടച്ച് ചോദിച്ചു.

” അച്ഛന് ഞങ്ങളില്ലേ അച്ഛാ… “

~ പഞ്ചമി സതീഷ്