എഴുത്ത്: മഹാ ദേവൻ
മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് അവളൊന്നു വിറച്ചു. വർഷങ്ങൾക്ക് ശേഷം കാണുന്ന അച്ഛന്റെ മുഖം അവൾക്ക് ഭയമായിരുന്നു.
” പീ ഡനക്കേസിലല്ലേ നിന്റ അച്ഛൻ ജയിലിൽ കിടക്കുന്നത്, പെണ്ണുപിടിയന്റെ മോള് ” എന്നുള്ള പരിഹാസത്തോടെയുള്ള കുത്തുവാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്നും കേൾക്കുന്നു. അപ്പോഴെല്ലാം അമ്മ മാത്രം കരയും. അച്ഛൻ പാവമായിരുന്നു മോളെ എന്നും പറഞ്ഞ്.
പക്ഷേ, പുറത്ത് ഇറങ്ങിയാലുള്ള നോട്ടവും കുത്തുവാക്കും നിന്റ അച്ഛൻ ഇനി പുറത്തിറങ്ങ്ങുമ്പോൾ പുറത്ത് പോയി പീ ഡിപ്പിക്കണ്ടല്ലോ, വീട്ടിൽ നിന്നെപ്പോലെ ഒരു ഉരുപ്പിടി ഉള്ളപ്പോൾ എന്നൊക്കയുള്ള പരിഹാസവും സത്യത്തിൽ പുറത്തിറങ്ങാനുള്ള പേടിയിലേക്ക് എത്തിച്ചിരുന്നു.
കോളേജിൽ പോയാൽ കൂട്ടുകാർക്കിടയിൽ പോലും ” അവളുടെ അച്ഛൻ പെണ്ണിപ്പിടിയനാ ” എന്നും പറഞ്ഞ് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെയായിരുന്നു ഇടയ്ക്ക് വെച്ച് പഠിപ്പ് നിർത്തിയതും.
” മോളെ, നാട്ടുകാർ പലതും പറയും. അത് കേട്ട് കരയാൻ നിന്നാൽ നമുക്ക് അതിനെ നേരം ഉണ്ടാകൂ… നമ്മുടെ വിധിയാണെന്ന് കരുതി സമാധാനിക്കാം. പക്ഷേ, ഒന്നറിയാം അമ്മയ്ക്ക്. മോൾടെ അച്ഛന് അങ്ങനെ ചെയ്യാൻ കഴിയില്ല. “
വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ പുറത്തിറങ്ങാൻ ധൈര്യം തന്നത് അമ്മയായിരുന്നു. പഠിപ്പ് നിർത്തിയപ്പോൾ വീട്ടിലെ ഒറ്റയ്ക്കുള്ള ഇരിപ്പ് മനസ്സിനെ കൂടുതൽ തളർത്തുമെന്ന് തോന്നിയപ്പോളാണ് എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത്. വീട്ടിലെ അവസ്ഥയോർത്ത് അടുത്തുള്ള ഷോപ്പിൽ അക്കൗണ്ടെന്റ് ആയി ജോലിക്ക് കയറിയപ്പോൾ അതൊരു ആശ്വാസമായിരുന്നു.
ആളുകളുടെ നോട്ടത്തെ അവഗണിച്ചും കുത്തുവാക്കുകളെ മൗനം കൊണ്ട് നേരിട്ടും ജീവിതത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം അമ്മയിൽ നിന്നും കേട്ട അച്ഛനെക്കാൾ കൂടുതൽ മനസ്സിൽ നാട്ടുകാർ കളിയാക്കി ചിരിക്കുന്ന അച്ഛനായിരുന്നു.
ഒരിക്കൽ അച്ഛനോളം തന്നെ അമ്മ പോലും സ്നേഹിച്ചിരുന്നില്ല. കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും അച്ഛൻ സ്നേഹം ആവോളം തന്നൊരു കാലമുണ്ടായിരുന്നു. പക്ഷേ, അതൊക്ക ഇന്നോർക്കുമ്പോൾ അതിലൊക്കെ എന്തോ പൊരുത്തക്കേട് തോന്നാറുണ്ട് അവൾക്ക്.
പെണ്ണിനെ പീ ഡിപ്പിക്കാൻ മനസ്സുള്ള അച്ഛൻ മകളോടു കാണിച്ച സ്നേഹത്തിലും…അന്നത്തെ തലോടലുകൾ ഇപ്പോൾ അവൾ വെറുപ്പോടെയാണ് ഓർക്കാറുള്ളത്.
അങ്ങനെ മനസ്സിൽ വെറുപ്പിന്റെ പര്യായമായി മാറിയ അച്ഛനാണിപ്പോൾ മുന്നിൽ നിൽക്കുന്നത്.
” മോളെ “
അച്ഛന്റെ ആ വിളി കാതിൽ പതിക്കുമ്പോൾ അവൾ രണ്ടടി പിന്നോക്കം മാറി.
” മോളെ….. അച്ചനാടി… ” എന്നും പറഞ്ഞയാൾ അവളെ ഒന്ന് തൊടാനായി കൈ നീട്ടിയപ്പോൾ അവളാ കൈ വെറുപ്പോടെ തട്ടിയെറിഞ്ഞു.
” ഒന്ന് പോവോ.. ഇനിയും ഉപദ്രവിക്കാതെ. നിങ്ങള് കാരണം ഇത്ര കാലം തല താഴ്ത്തി മാത്രേ ഞാനും അമ്മയും നടന്നിട്ടുള്ളൂ. പെണ്ണുപിടിയന്റ മോളെ എന്നുള്ള പരിഹാസവാക്കേ അന്ന് മുതൽ കേട്ടിട്ടുള്ളൂ. ഇപ്പോൾ അച്ഛനെന്ന വാക്ക് കേൾക്കുന്നതെ വെറുപ്പാ… “
അവൾ വെറുപ്പോടെ അയാളെ നോക്കി കിതയ്ക്കുമ്പോൾ അയാൾ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു. ” മോളെ അച്ഛനൊരു തെറ്റും ചെയ്തില്ലെടി. ” എന്നും പറഞ്ഞ് കരയുന്ന അയാൾക്ക് നേരെ അവൾ മുഖം തിരിക്കുമ്പോൾ ഒരിക്കൽ കൂടി ദയനീയമായ ഒരു നോട്ടം അവൾക്ക് സമ്മാനിച്ചുകൊണ്ട് അയാൾ പതിയെ പടിയിറങ്ങിയിരുന്നു.
അച്ഛൻ കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ അയാളെ നോക്കി നിന്നു. പിന്നെ വാതിൽ അടയ്ക്കുമ്പോൾ ആണ് അച്ഛൻ അവിടെ മറന്നുവെച്ച ഒരു കവർ അവളുടെ ശ്രദ്ധയിൽ പെട്ടത്. ഭയം ജനിച്ച മനസ്സുമായി വിറയ്ക്കുന്ന കൈകളാൽ അവളത് എടുക്കുമ്പോൾ ഞെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു. പതിയെ ആ കവർ തുറക്കുമ്പോൾ അതിൽ കുറച്ചു മുഷിഞ്ഞ നോട്ടുകളും പിന്നെ അവൾക്ക് വേണ്ടി വാങ്ങിയ ഒരു ഡ്രെസ്സും ഉണ്ടായിരുന്നു. അവളത് കൈകളിലേക്ക് എടുക്കുമ്പോൾ അതിൽ അച്ഛന്റെ വിയർപ്പ്മണമുണ്ടെന്ന് തോന്നി. കൂടെ ഉള്ളകാലം അച്ഛൻ വാങ്ങിത്തന്നിരുന്ന സ്നേഹത്തിന്റെ മണം.
പക്ഷേ, ഇന്നിപ്പോൾ….
അവൾ താല്പര്യമില്ലാത്ത പോലെ ആ ഡ്രസ്സ് തിരികെ കവറിലേക്ക് വെക്കുമ്പോൾ ആണ് അതിലൊരു പേപ്പർ കൂടി കിടക്കുന്നത് കണ്ടത്. അവളാ പേപ്പർ കയ്യിലെടുത്തു പതിയെ തുറന്നു. ഒരു നിമിഷം അതിലെ വരികളിലൂടെ അവളുടെ കണ്ണുകൾ വെറിപിടിച്ചപോലെ പായുകയായിരുന്നു.
” മോൾക്ക്… അച്ഛനറിയാം ഞാൻ അവിടെ വന്നാലും ഇനി ഒരിക്കലും ഒരു അച്ഛനായി എന്നെ കാണാൻ മോൾക്ക് കഴിയില്ലെന്ന്. ചിലപ്പോൾ ഈ ലോകത്ത് അച്ഛൻ ഒരാളോടും ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരേ ഒരാൾ മോൾടെ അമ്മയായിരിക്കും. അവളോളം എന്നെ ആരും മനസ്സിലാക്കിയിട്ടില്ലല്ലോ. ഇന്ന് സമൂഹത്തിന് മുന്നിൽ അച്ഛൻ തെറ്റുകാരനാണ്. ഒരു പെണ്ണിനെ പീ ഡിപ്പിച്ചവനാണ്. ആ പേര് ഇനി മാറ്റാൻ കഴിയില്ലെന്ന് അറിയാം.. സമൂഹം ചാർത്തിതന്ന പേരല്ലേ..അച്ഛൻ കാരണം മോള് ഒരുപാട് അനുഭവിച്ചു അല്ലെ. മോളോട് മാപ്പ് ചോദിക്കാൻ മാത്രേ ഈ അച്ഛന് കഴിയൂ…ഒരിക്കലും ഇനി നിങ്ങൾക്ക് മുന്നിലേക്ക് വരണമെന്ന് കരുതിയതല്ല.. പക്ഷേ, മനസ്സ്….
ഒരിക്കൽ കൂടി ഒന്ന് കാണാൻ തോന്നി. ചിലപ്പോൾ ഇനി……. “
പാതിവഴിക്ക് മുറിഞ്ഞ ആ കത്തിലേക്ക് നോക്കി കുറച്ചു നേരം അതെ നിൽപ് നിന്നു അവൾ. എന്തോ മനസ്സൊന്നു പിടച്ചു അവളുടെ. അച്ഛന്റെ വാക്കുകൾക്ക് വല്ലാത്തൊരു നിർവികാരതയാണെന്ന് തോന്നി. അവസാനത്തെ വരികൾ അവളെ ഒന്ന് പിടിച്ചുലച്ചപ്പോൾ അവൾ വേഗം ആ കത്ത് മടക്കി ആ കവറിലേക്ക് തന്നെ വെച്ചു.
” മോളെ “
പുറത്ത് നിന്നുള്ള വിളി കേൾക്കുമ്പോൾ അവൾ വല്ലാത്തൊരു പരവേശത്തിൽ ആയിരുന്നു. വിയർപ്പുതുള്ളികൾ കിനിഞ്ഞ മുഖവും കഴുത്തും കൈ കൊണ്ട് തുടച് പതിയെ വാതിൽ തുറക്കുമ്പോൾ അക്ഷമയോടെ പുറത്ത് നിൽക്കുന്ന അമ്മ അവളെ ആകെ ഒന്ന് നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു ” നീ ഈ വാതിലും അടച്ചിട്ട് അകത്ത് എന്തോന്ന് എടുക്കുകയായിരുന്നു ” എന്ന്.
അമ്മയുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ നിൽക്കുന്ന അവളിൽ അച്ഛന്റെ വാക്കുകൾ വല്ലാതെ കുത്തുന്നുണ്ടായിരുന്നു. യാന്ത്രികമെന്നോണം അവൾ ആ കവർ എടുത്ത് അമ്മയ്ക്ക് നേരെ നീട്ടി.
പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ കത്ത് തുറന്ന് നോക്കുന്ന അമ്മയുടെ മുഖം വിങ്ങുന്നുണ്ടായിരുന്നു. ” അച്ഛൻ…… അച്ഛൻ വന്നൂല്ലേ ” അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവൾ യാന്ത്രികമെന്നോണം തലയാട്ടുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിതുടങ്ങിയിരുന്നു.
” നിന്നോട്…. നിന്നോട് വല്ലതും സംസാരിച്ചോ അച്ഛൻ? “
ആ ചോദ്യത്തിന് ഉത്തരം അവളിൽ മൗനമായിരുന്നു.
” നിനക്കിപ്പോഴും അച്ഛനെ വെറുപ്പ് ആണല്ലേ. അറിയാം അമ്മയ്ക്ക്. ഇന്ന് നമ്മള് അറിയുന്ന അച്ഛനെ ആരും വെറുത്തുപോകും. പക്ഷേ…. നീ കൂടി അദ്ദേഹത്തെ തള്ളിപ്പറഞ്ഞാൽ ആ മനുഷ്യൻ തകർന്ന് പോകും. “
അമ്മ പറയുന്ന ഓരോ വാക്കും കർണ്ണപടങ്ങളിലേക്ക് തുളയ്ച്ചുകയറുമ്പോൾ അവൾ വല്ലാത്ത മരവിപ്പോടെ ചെയറിലേക്കിരുന്നു.
” ഞാൻ…. എനിക്ക്…ഒരു നാട് മുഴുവൻ അച്ഛനെ പെ ണ്ണുപിടിയനെന്നു പറയുന്നു. അതിന്റെ പേരിൽ ഓരോ ദിവസവും നമ്മൾ ക്രൂശിക്കപ്പെടുന്നു. ന്നിട്ടും അമ്മ പറയുന്നു അച്ഛൻ അങ്ങനെ ചെയ്യില്ലെന്ന്. അപ്പൊ പിന്നെ എങ്ങനെ അച്ഛൻ ഇതിന്റെ പേരിൽ ..? ആർക്ക് വേണ്ടിയാണ് ഇങ്ങനെ പരിഹാസകഥാപാത്രമായി.? “
അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അമ്മ ദീര്ഘമായൊന്ന് നിശ്വസിച്ചു.
പിന്നെ അവളുടെ അരികിലേക്ക് ചേർന്നിരുന്നു.
” മോളെ… ഇത്രേം വർഷം അമ്മ മോളിൽ നിന്നും മറച്ചുവെച്ചത് അത് മാത്രം ആയിരുന്നു. നമ്മൾ രണ്ട് പെണ്ണുങ്ങളാണ്. ആൺത്തുണയില്ലാതെ….ഇന്നത്തെ കാലത്ത് രണ്ട് പെണ്ണുങ്ങൾക്ക് ഇവിടെ പേടിയില്ലാതെ ജീവിക്കാൻ പലരെയും പേടിക്കണം മോളെ. നിന്റ അച്ഛനെ…. അവര് പെടുത്തിയതാ..ഒരു സാക്ഷിയായി എല്ലാം കണ്ടെന്ന ഒറ്റ തെറ്റേ നിന്റ അച്ഛൻ ചെയ്തിട്ടുളൂ..പക്ഷേ, അവൻ ….
ആ പെൺകുട്ടിയെ പോലെ നമ്മളെയും പി ച്ചിച്ചീന്തുമെന്ന് പറഞ്ഞപ്പോൾ….പണമുള്ളവന് ഈ ലോകത്ത് എന്തും ആകാലോ… പാവപ്പെട്ടവന് പോയാൽ ആർക്ക് എന്ത് ചേതം. അവരുടെ ഭീക്ഷണിക്ക് മുന്നിൽ അമ്മയ്ക്ക് പോലും മൗനം പാലിക്കേണ്ടിവന്നു. അച്ഛൻ ഇല്ലാത്ത ഈ വീട്ടിൽ എന്റെ മൗനത്തിനായി അവർ നിന്റ മാനത്തിന് വിലയിട്ടപ്പോൾ……അച്ഛനല്ല മോളെ ആ കുട്ടിയെ….. അവനാ… . “
പിന്നീട് അമ്മ പറഞ്ഞ വാക്കുകൾ ഉൾകൊള്ളാൻ കഴിയാതെ അവൾ ചേതനയറ്റപോലെ ഇരുന്നു. അപ്പോഴും ഒരു പേര് മാത്രം അവളുടെ ചെവിയിൽ അലയടിക്കുകയായിരുന്നു.
“അമ്മേ… അപ്പൊ അച്ഛൻ….. ഞാൻ അച്ഛനെ അട്ടിയിറക്കിയപോലേയാ…. എത്ര വേദനയോടെ ആകും അച്ഛൻ ഈ പടിയിറങ്ങിയിട്ടുണ്ടാകുക. അമ്മേ…. ഞാൻ……… “
അവൾ മനസ്സിൽ നിറഞ്ഞു നിന്ന കുറ്റബോധവും വിഷമവുമെല്ലാം അമ്മയുടെ തോളിലേക്ക് ചാഞ്ഞു കരഞ്ഞുതീർക്കുമ്പോൾ അമ്മ അവളുടെ മുടിയിലൂടെ തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു “അച്ഛൻ വരും മോളെ… അച്ഛന്റെ മേൽ ചേർത്തുവെച്ച പെണ്ണുപിടിയനെന്ന പട്ടം തിരികെ കൊടുത്തിട്ട്.. സ്വന്തം മകൾക്ക് വിലയിട്ടവനെ കാണാതിരിക്കാൻ നിന്റ അച്ഛന് പറ്റോ… “
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടെന്ന് തോന്നി അവൾക്ക്. എങ്കിലും അമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാത്ത പോലെ കണ്ണുകൾ തുടച്ചുകൊണ്ടവൾ എഴുന്നേൽക്കുമ്പോൾ മുന്നിൽ അച്ഛൻ വെച്ചിട്ട് പോയ ആ പൊതി ഉണ്ടായിരുന്നു. അതിൽ നിന്നും അവൾക്കായി അച്ഛൻ വാങ്ങിയ ഉടുപ്പ് പതിയെ കയ്യിലെടുത്തവൾ. പിന്നെ അച്ഛന്റെ സ്നേഹത്തിന്റെ ഗന്ധം ആസ്വദിക്കുംപോലെ മുഖത്തേക്ക് ചേർത്തുപിടിച്ചു. ചേർത്തുപിടിക്കാൻ കൊതിയോടെ വന്ന അച്ഛനെ പുറംകാൽ കൊണ്ട് തട്ടിമാറ്റിയതിന്റെ തീരാത്ത സങ്കടത്തോടെ.
അതെ സമയം മറ്റൊരിടത്ത് ആ അച്ഛൻ സ്വന്തം പേര് കഴുകിക്കളയുകയായിരുന്നു. തനിക്ക് പെണ്ണുപിടിയനെന്ന പട്ടം ചാർത്തിത്തന്നവന്റ നെഞ്ചിലെ ചോര കൊണ്ട്.
അത് പെണ്ണുപിടിയനാക്കിയതിന്റെ പേരിൽ മാത്രമല്ല, സ്വന്തം മകള് നാളെ സ്വസ്ഥമായി ഉറങ്ങാൻ.. അതുപോലെ ഓരോ പെൺകുട്ടികൾക്കും ഇവന്റെ കണ്ണുകൾ നാളെയുടെ പേടിസ്വപ്നമാകാതിരിക്കാൻ. !