ചേട്ടനല്ലേ പറഞ്ഞത്, കൈയ്യിലൊന്നുമില്ലെന്ന്, അത് കൊണ്ട് ചേട്ടത്തിയുടെ സ്വർണ്ണം പണയം വച്ചെന്ന്…

Story written by SAJI THAIPARAMBU

::::::::::::::::::::::::::::::::

ദേ നിങ്ങടെ അനുജൻ വന്നിവിടെയിരിപ്പുണ്ട്

കൂപ്പിൽ നിന്നെത്തിയ ലോറിയിൽ നിന്നും മരങ്ങൾ ഇറക്കുന്ന സമയത്താണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺ വന്നത്

എന്തിനാടീ..അവൻ വന്നത് പ്രത്യേകിച്ച് വിശേഷം വല്ലതുമുണ്ടോ

സാധാരണ വരുന്നതെന്തിനാ? കാശ് കടം ചോദിക്കാൻ, ഇന്നും അതിന് തന്നെയായിരിക്കും, ഞാനൊന്നും ചോദിക്കാൻ പോയില്ല, ചേട്ടൻ എപ്പോഴാ വരുന്നതെന്ന് ചോദിച്ചു, ഞാൻ പറഞ്ഞു ഊണ് കഴിക്കാറാകുമ്പോഴെത്തുമെന്ന്

വിമലയുടെ ശബ്ദത്തിലെ നീരസം വേണു തിരിച്ചറിഞ്ഞു

എടീ ഒന്ന് പതുക്കെ പറ അവനെങ്ങാനും കേട്ടാലോ?

ഒഹ്, കേട്ടാൽ എനിക്കെന്താ ?ഞാനവൻ്റെ ചിലവിലൊന്നുമല്ലല്ലോ കഴിയുന്നത്?

നീ എന്തായാലും അവനോട് ഊണ് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറ, ഉച്ചയാകുമ്പോൾ ഞാനങ്ങോട്ടെത്താം

ഓഹ് അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, പിന്നെ ഞാൻ നിങ്ങളോടൊരു കാര്യം പറഞ്ഞേക്കാം, ഇതിന് മുമ്പ് പല പ്രാവശ്യങ്ങളായി അയ്യായിരവും പതിനായിരവുമൊക്കെ കടമാണെന്നും പറഞ്ഞ് വാങ്ങിച്ചോണ്ട് പോയിട്ട്, ഇത് വരെ തിരിച്ച് തന്നിട്ടില്ല ,അത് കൊണ്ട്, ഇന്നെന്തെങ്കിലും ചോദിച്ചാൽ, ഇല്ലെന്നങ്ങ് തീർത്ത് പറഞ്ഞേക്കണം, അറിയാമല്ലോ നമുക്ക് രണ്ട് പെൺമക്കളാണുള്ളത്, അതോർമ്മ വേണം?

വിമല താക്കീത് പോലെ പറഞ്ഞത് കേട്ട് ,വേണു ഫോൺ കട്ട് ചെയ്തു.

****************************

ആഹ് സതീശാ.. എന്തുണ്ടെടാ വിശേഷങ്ങൾ? പിള്ളേരൊക്കെ സുഖമായിരിക്കുന്നോ?

വീട്ടിലേക്ക് കയറി വരുമ്പോൾ ഹാളിലിരുന്ന് ടി വി കാണുന്ന അനുജനോട് വേണു ചോദിച്ചു.

ങ്ഹാ കുഴപ്പമില്ലേട്ടാ… അങ്ങനെ പോകുന്നു

ബഹുമാനാർത്ഥം ഇരിപ്പിടത്തിൽ നിന്ന് ഒന്നെഴുന്നേറ്റിട്ട് സതീശൻ മറുപടി പറഞ്ഞു.

എങ്കിൽ നീ കൈ കഴുകിയിട്ട് വാ,നല്ല വിശപ്പുണ്ട്, നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം

അപ്പോഴേക്കും വിമല ചോറും കറികളുമെടുത്ത് ഡൈനിങ്ങ് ടേബിളിൽ വച്ചു.

ചേട്ടാ… ഞാൻ വന്നത് ഒരത്യാവശ്യകാര്യത്തിനാ? എനിക്ക് ഒരു ഇരുപത്തി അയ്യായിരം രൂപ,കടമായിട്ട് വേണം ,സിതാരയ്ക്ക് ജോലി സാധ്യതയുള്ളൊരു കോഴ്സിന് ചേരാനാണ് ,അധികം താമസിയാതെ ഞാൻ തിരിച്ച് തന്നോളാം

സതീശൻ മുഖവുരയില്ലാതെ ആഗമനോദ്ദേശ്യം പറഞ്ഞു.

ങ്ഹാ ബെസ്റ്റ്, എൻ്റെ സതീശാ ഇന്നലെ മരമെടുക്കാൻ പോകാൻ പൈസയില്ലാഞ്ഞിട്ട് വിമലയുടെ കഴുത്തിൽ കിടന്ന മാല കൊണ്ട് പണയം വച്ചിട്ടാണ് പൈസ ഒപ്പിച്ചത്, പുറമെ കാണുന്നവർക്ക് വേണു വലിയ ടിംബർ മുതലാളിയൊക്കെയാണ് , പക്ഷേ നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയു, നീ ചോറ് കഴിക്ക്, എന്നിട്ട് വീട്ടിൽ ചെന്നിട്ട് സിതാരയോട് പറയ് , തൽക്കാലം, വല്ല തയ്യല് പഠിക്കാനും പോകാൻ, അതാകുമ്പോൾ വലിയ ഫീസൊന്നും കൊടുക്കേണ്ടല്ലോ?

ചേട്ടൻ്റെ ,മുഖത്തടിച്ചത് പോലെയുള്ള മറുപടി കേട്ട്, സതീശൻ്റെ മുഖം വിളറിപ്പോയി .

പക്ഷേ ,അടുത്ത് നിന്ന് കറി വിളമ്പി കൊണ്ടിരുന്ന വിമല, ഭർത്താവിൻ്റെ സന്ദർഭാനുസരണമുള്ള കളവ് പറച്ചിൽ കേട്ട്, വിസ്മയിച്ച് പോയി.

മിടുക്കൻ, അങ്ങനെ തന്നെ വേണം,

സന്തോഷം കൊണ്ട് ,വിമല ഉള്ളിൽ ചിരിച്ചു.

നീയൊന്നും കഴിച്ചില്ലല്ലോ?

പകുതിക്ക് വച്ച് കഴിപ്പ് നിർത്തി എഴുന്നേറ്റ സതീശനോട്, വേണു ചോദിച്ചു

മതി ചേട്ടാ.. വിശപ്പില്ല,

വാടിയ മുഖവുമായി സതീശൻ, കൈ കഴുകാനായി പോയി.

എന്നാൽ നീ ഇറങ്ങുവല്ലേ? എനിക്ക് മില്ലിൽ ചെന്നിട്ട് ലോറിക്കാർക്ക് ബാറ്റ കൊടുക്കാനുണ്ട്, നീ എൻ്റെ കൂടെ വന്നാൽ, ഞാൻ ബസ്റ്റോപ്പിലിറക്കി തരാം

ജേഷ്ടൻ്റെ ബൈക്കിന് പുറകിലിരുന്നു, ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ, മോളോട് എന്ത് സമാധാനം പറയുമെന്ന ആധിയായിരുന്നു, സതീശൻ്റെ മനസ്സ് നിറയെ,

ഒരു മിനുട്ട് ,ഞാനാ ലോറിക്കാർക്ക് കൊടുക്കാനുള്ള പൈസ കൂടി എടുത്തിട്ട് വരട്ടെ?

കവലയിലെ എടിഎം ന് മുന്നിലെത്തി ,ബൈക്ക് നിർത്തിയിട്ട് ,വേണു ഗ്ളാസ്സ് ഡോർ തുറന്ന് അകത്ത് കയറി.

ഇന്നാ, നീ ചോദിച്ച ഇരുപത്തി അയ്യായിരം ,പിന്നെ ഇത് രണ്ടായിരമുണ്ട്, അവൾക്ക് ഇഷ്ടപ്പെട്ട, രണ്ട് ജോഡി ചുരിദാറ് കൂടി എടുക്കാൻ പറ, പുതിയ കോളേജിലൊക്കെ പോകുന്നതല്ലേ ,അവളൊന്ന് മിനുങ്ങി പൊയ്ക്കോട്ടെ

എടിഎം ൽ നിന്നിറങ്ങി വന്ന്, തനിക്ക് നേരെ പൈസയും നീട്ടി നില്ക്കുന്ന, ജ്യേഷ്ടനെ കണ്ട് സതീശൻ അന്തം വിട്ട് നിന്നു.

ചേട്ടനല്ലേ പറഞ്ഞത്, കൈയ്യിലൊന്നുമില്ലെന്ന്, അത് കൊണ്ട് ചേട്ടത്തിയുടെ സ്വർണ്ണം പണയം വച്ചെന്ന്?

അതേ.. അതിൽ നിന്നും മിച്ചം വന്ന പൈസയാണിത് ,ആദ്യം മോളുടെ പഠിത്തം നടക്കട്ടെ, ങ്ഹാ പിന്നെ ,ഇതൊരു കടമായിട്ട് കൂട്ടണ്ട, ഇതെൻ്റെ അവകാശമായി കരുതിയാ മതി

ചേട്ടാ …

സതീശൻ അറിയാതെ ജ്യേഷ്ടനെ ചേർത്ത് പിടിച്ച് പോയി ,അയാളുടെ കണ്ണുകൾ ഈറനായി.

ദേ നിനക്ക് പോകാനുള്ള ബസ്സ് വന്നു ,വേഗം ചെല്ല്

തൻ്റെ മനസ്സ് ആർദ്രമാകുന്നത് അറിയാതിരിക്കാനായി വേണു, അനുജനെ വേഗം ബസ്സിൽ കയറ്റി വിട്ടു.

വിമലയുടെ മുന്നിൽ താൻ അഭിനയിച്ചതാണെന്ന് വേണു തൻ്റെ അനുജനോട് പറയാതിരുന്നത് മനഃപ്പൂർവ്വമായിരുന്നു, കാരണം അവൾ സ്വാർത്ഥത കാണിച്ചത് സ്വന്തം മക്കളുടെ ഭാവിയെ ചൊല്ലിയാണ് , അത് പക്ഷേ സതീശന് മനസ്സിലാകണമെന്നില്ല, ഇപ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യം നടന്നു.

ഒരു വശത്ത് ഭാര്യയെയും, മറുവശത്ത് സ്വന്തം കുടുംബക്കാരെയും തൃപ്തിപ്പെടുത്തിപ്പോകാൻ ചെറിയ കളവൊക്കെ പറയുന്നതിൽ തെറ്റൊന്നുമില്ല

ചാരിതാർത്ഥ്യത്തോടെ വേണു ബൈക്ക് സ്റ്റാർട്ട് ചെയ്ത് മില്ലിലേക്ക് പോയി.