മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഹോസ്പിറ്റലിന്റെ എമർജൻസിയുടെ മുന്നിൽ കാർ നിർത്തിയതും കിരൺ ശീതളിനെയും കൊണ്ട് അകത്തേക്കൊടി.. അപ്പോളേക്കും ഒരു നേഴ്സ് സ്ട്രെച്ചറുമായി പാഞ്ഞെത്തി.. കിരൺ അവളെ സ്ട്രെച്ചറിലേക്ക് കിടത്തി..
ശീതളിനെയും കൊണ്ട് ആ സ്ട്രെച്ചർ എമർജൻസിയ്ക്ക് ഉള്ളിലേക്ക് കയറിയതും ആ ഡോർ കിരണിന്റെ മുന്നിൽ അടഞ്ഞു.. കിരൺ നെഞ്ചിടിപ്പോടെ ആ അടഞ്ഞ ഡോറിന്റെ മുന്നിൽ നിന്നു… അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ഇറങ്ങി വന്നിട്ട് കിരണിനോടൊപ്പം റിസപ്ഷനിലേക്ക് ചെന്ന് അവളുടെ ഫയൽ എടുപ്പിച്ചു.. അതിന് ശേഷം ആ നേഴ്സ് എമർജൻസിയ്ക്ക് ഉള്ളിലേക്ക് തന്നെ കയറിപ്പോയി.. ആ ഗ്ലാസ് ഡോർ വീണ്ടും അവന്റെ മുന്നിൽ അടഞ്ഞു…
അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്ക് വന്നു കിരണിനെയും കൂട്ടി അകത്തേക്ക് പോയി.. ശീതളിനെ കിടത്തിയിരിക്കുന്ന ബെഡിന് സമീപം നിൽക്കുന്ന ഡോക്ടറിന്റെ അടുത്തേക്കാണ് അവനെ ആ നേഴ്സ് കൊണ്ടുപോയത്.. ഡോക്ടർ കിരണിന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു.
“പേടിക്കാനൊന്നുമില്ല.. അധികം രക്തം നഷ്ടപ്പെട്ടിട്ടില്ല.. എന്തായാലും കൃത്യസമയത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രണ്ടു ജീവനുകളെയാണ് രക്ഷിക്കാൻ കഴിഞ്ഞത് “
കിരൺ ശീതളിന്റെ മുഖത്തേക്ക് നോക്കി.. അവൾ അപ്പോളും നല്ല മയക്കത്തിലായിരുന്നു..
“ആ കുട്ടിക്ക് ഞങ്ങൾ ചെറിയ സെഡേഷൻ കൊടുത്തിട്ടുണ്ട്.. ഇവിടെയെത്തി കണ്ണ് തുറന്നപ്പോൾ മരിക്കണം എന്നാവർത്തിച്ചു പറഞ്ഞു ബഹളം വച്ചു കൊണ്ടിരിക്കുകയായിരുന്നു.. കയ്യിലെ മുറിവ് തുന്നിക്കെട്ടാനൊന്നും അനുവദിച്ചില്ല അതുകൊണ്ട് മൈൽഡ് സെഡേഷൻ കൊടുത്തതാണ്.. അരമണിക്കൂർ കൂടിയേ ഉണ്ടാകുകയുള്ളൂ ഇതിന്റെ എഫക്ട്.. അത് കഴിയുമ്പോളേക്കും ഈ കുട്ടിക്ക് ബോധം വരും “
കിരൺ ഒന്നും പറയാനാകാതെ നിന്നു..ഡോക്ടർ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
“താൻ ഈ കുട്ടിയുടെ ഭർത്താവല്ലേ?”
“അതേ ഡോക്ടർ “
“എന്നോടൊപ്പം വരൂ “
ഡോക്ടർ അവനെ തന്റെ ക്യാബിനിലുള്ളിലേക്ക് കൊണ്ട് പോയി.. അവിടെ ഒഴിഞ്ഞു കിടന്ന കസേര ചൂണ്ടിക്കാട്ടിയിട്ട് അവനോടിരിക്കാൻ പറഞ്ഞു..
“എന്താ നിങ്ങളുടെ പേര്?”
“കിരൺ “
“സൂയിസൈഡ് അറ്റെംപ്റ്റ് ആയത് കൊണ്ട് ഇത് ഞങ്ങൾക്ക് പോലീസിൽ അറിയിക്കണം “
“അയ്യോ ഡോക്ടർ.. പോലീസിലൊക്കെ അറിയിച്ചാൽ അത് മറ്റു പലരും അറിയും.. അതുകൊണ്ട് ദയവ് ചെയ്തു അറിയിക്കരുത് “
“മിസ്റ്റർ കിരൺ.. ഗർഭിണി ആയ ഒരു കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നത്..ഈ അവസരത്തിൽ അവൾ ഇങ്ങനെ ചെയ്യാൻ ശ്രമിച്ചെങ്കിൽ അവൾ അത്രയ്ക്ക് മാനസികമായി വിഷമിക്കുന്നുണ്ടെന്നാണ് അർത്ഥം..അതുകൊണ്ട് തന്നെ ഞങ്ങൾക്കിത് പോലീസിനെ അറിയിക്കണം.. ഇനി വീണ്ടും ആ കുട്ടി എന്തെങ്കിലും കടുംകൈയ്ക്ക് ശ്രമിച്ചാൽ വല്യ പ്രശ്നമാകും “
“ഡോക്ടർ.. ദയവായി പോലീസിനെ ഇതിൽ ഉൾപെടുത്തരുത്.. ശീതൾ ആൾറെഡി മാനസികമായി തളർന്നിരിക്കുകയാണ്.. പോലീസുകാരുടെ ചോദ്യം ചെയ്യലൊന്നും ഈ അവസ്ഥയിൽ അവൾക്ക് നേരിടാൻ കഴിയില്ല “
“ആ കുട്ടി ഇങ്ങനെ ചെയ്യാൻ എന്താണ് കാരണം?”
“അത് പിന്നെ….”
“താൻ തുറന്ന് പറഞ്ഞാൽ അത് ആ കുട്ടിയെ നല്ല രീതിയിൽ ട്രീറ്റ്മെന്റ് ചെയ്യാൻ ഉപകരിക്കും.. ഒരുപക്ഷേ നല്ലൊരു കൗൺസിലിങ് കൊടുത്താൽ ആ കുട്ടി ഓക്കേ ആയാലോ.. പക്ഷേ അതൊക്കെ പ്ലാൻ ചെയ്യണമെങ്കിൽ എന്തിന് വേണ്ടി ആ കുട്ടി ഇങ്ങനെ ചെയ്തെന്ന് എനിക്കറിയണം “
കിരൺ ഒരുനിമിഷം ആലോചനയോടെ ഇരുന്നു.. പിന്നെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി..
ജയദേവൻ അരവിന്ദനുമായി ചേർന്ന് ബിസിനസ് ചെയ്തത് മുതൽ അവൻ പറയാൻ ആരംഭിച്ചു.. ശീതളിനെ വിവാഹം ചെയ്തതും അവളുടെ അച്ഛന്റെ സ്വത്തുക്കൾ പണയം വച്ചതും എല്ലാം അവൻ പറഞ്ഞു.. കൂട്ടത്തിൽ ഹരീഷും ശീതളും തമ്മിൽ ഉണ്ടായിരുന്ന പ്രണയബന്ധത്തെ പറ്റിയും ഡോക്ടറെ അറിയിച്ചു..
കിരൺ പറയുന്നതെല്ലാം നിശബ്ദമായി കേട്ടിരുന്നപ്പോൾ ആ ഡോക്ടറിന്റെ മനസ്സിൽ കിരണിനോട് പുച്ഛമായിരുന്നു.. കിരൺ സംസാരിച്ചവസാനിപ്പിച്ചപ്പോൾ ഡോക്ടർ അവനോട് ചോദിച്ചു..
“അവളുടെ അച്ഛനോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണോ താൻ വിവാഹം ചെയ്തത്?”
“അല്ല.. ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിക്കേണ്ടെന്ന് അമ്മായി എന്നോട് പറഞ്ഞിരുന്നു “
“എന്നിട്ടും താൻ ആ പെൺകുട്ടിയുടെ ജീവിതം വച്ചു കളിക്കുകയാണല്ലോ ചെയ്തത്… അവളുടെ അച്ഛനോട് പ്രതികാരം ചെയ്യാൻ വേറെ എന്തൊക്കെ മാർഗങ്ങൾ തനിക്ക് സ്വീകരിക്കാമായിരുന്നു? ശീതളിനെ തന്റെ ജീവിതത്തിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.. തനിക്ക് മനസ് തുറന്ന് സ്നേഹിക്കാൻ കഴിയാത്ത ആ പെണ്ണിനെ ഭാര്യ എന്ന ലേബലിൽ തളച്ചിടാൻ നോക്കിയതാണ് നിങ്ങൾ അവളോട് ചെയ്ത ഏറ്റവും വല്യ തെറ്റ്.. മനഃപൊരുത്തം ഉള്ളവരാണ് ഒരുമിച്ച് ജീവിക്കേണ്ടത്.. അല്ലാതെ പരസ്പരം ശത്രുത മനസ്സിൽ വച്ചു കഴിയുന്നവരല്ല “
“ഞാൻ ശീതളിനോട് ഒരു ദ്രോഹവും ചെയ്തതായിട്ട് എനിക്ക് തോന്നിയിട്ടില്ല..തന്നെയുമല്ല അവളും അത്ര നല്ലവളൊന്നുമല്ല “
“തന്നോട് സംസാരിച്ചു ജയിക്കാനല്ല ഞാൻ ഇങ്ങോട്ട് വിളിപ്പിച്ചത്.. എന്തെങ്കിലും ചെറിയ കാര്യങ്ങളാണ് നിങ്ങളുടെ ഇടയിലെ പ്രശ്നമെങ്കിൽ അത് സംസാരിച്ചു ക്ലിയർ ചെയ്യാമല്ലോ എന്ന് കരുതി വിളിച്ചതാണ്.. എത്ര നല്ലവളല്ലെന്ന് പറഞ്ഞാലും അവൾ നിങ്ങൾക്ക് എന്തെങ്കിലും തിന്മ ചെയ്തിട്ടുണ്ടോ അത് മാത്രം ചിന്തിച്ചാൽ മതി.. വിവാഹശേഷം എപ്പോളെങ്കിലും അവൾ നിങ്ങൾക്ക് ദോഷം വരുന്നതെന്തെങ്കിലും ചെയ്തോ.. “
കിരണിന് മറുപടി ഇല്ലായിരുന്നു..
“ഓക്കേ മിസ്റ്റർ കിരൺ.. പുറത്ത് വെയിറ്റ് ചെയ്തോ.. ശീതളിന് ബോധം വരുമ്പോൾ അകത്തേക്ക് വിളിപ്പിക്കാം “
“ഓക്കേ ഡോക്ടർ “
കിരൺ പുറത്തേക്ക് പോയി.. വെയ്റ്റിംഗ് ഏരിയയിലെ ചാരുബെഞ്ചിൽ ഇരിക്കുമ്പോൾ ഡോക്ടർ പറഞ്ഞ പല കാര്യങ്ങളും അവളുടെ മനസിലേക്ക് കടന്ന് വന്നു.. തങ്ങളുടെ വിവാഹശേഷം ഉള്ള പല സംഭവങ്ങളും അവനോർമ വന്നു.. താനൊരിക്കലും അവളെ സ്നേഹിച്ചിട്ടില്ല.. അവളുടെ അച്ഛനോടുള്ള പ്രതികാരം മാത്രമായിരുന്നു തന്റെ മനസ്സിൽ.. തന്റെ കുഞ്ഞ് അവളുടെ ഉദരത്തിൽ ജന്മം കൊണ്ടിട്ടു പോലും താൻ അവളെ സ്നേഹിച്ചില്ലല്ലോ എന്നോർത്തപ്പോൾ ഒരു ചെറിയ കുറ്റബോധം തോന്നുന്നു..
രാവിലെ മുതൽ ദീപ്തിയ്ക്ക് പതിവില്ലാത്ത ക്ഷീണവും തളർച്ചയുമൊക്കെ തോന്നിയത് കൊണ്ട് ഹരീഷ് ഓഫീസിൽ പോയില്ലായിരുന്നു.. തലേന്ന് രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിയാഞ്ഞത് കൊണ്ട് കസേരയിൽ തലയണ എടുത്തു വച്ച് ചെറുതായി മയങ്ങാൻ ശ്രമിച്ചു ദീപ്തി.. നടുവേദന എടുക്കുന്നുണ്ട്,പിന്നെ എന്തൊക്കെയോ അസ്വസ്ഥത പോലെ തോന്നുന്നു..ഡേറ്റ് ആകാൻ ഇനിയും രണ്ടാഴ്ച കൂടിയുള്ളത് കൊണ്ട് അവൾ അതൊന്നും കാര്യമാക്കിയില്ല..
ഹരീഷ് അവളുടെ അടുത്തു വന്നു നിന്ന് അവളുടെ തലയിൽ മൃദുവായി തലോടി..അവൾ തളർച്ചയോടെ അവന്റെ കരത്തിലേക്ക് മുഖം അമർത്തി..
“ഏട്ടാ എനിക്ക് ഭയങ്കര അസ്വസ്ഥത..”
“ഹോസ്പിറ്റലിൽ പോണോ മോളെ?”
“വേണ്ട ഏട്ടാ.. ഡേറ്റ് ആകാൻ ഇനിയും ടൈം ഉണ്ടല്ലോ “
കുറച്ച് സമയം കൂടി ദീപ്തി അങ്ങനെ തന്നെ ഇരുന്നു.. പെട്ടന്ന് അടിവയറ്റിൽ നിന്ന് അസഹ്യമായ ഒരു വേദന അവൾക്കനുഭവപ്പെട്ടു. തന്റെ ശരീരത്തിൽ കൂടി മിന്നൽപ്പിണർ കടന്ന് പോയത് പോലെ അവൾക്ക് തോന്നി..
“ഏട്ടാ….”
അവളുടെ ശബ്ദം കേട്ടതും ഹരീഷ് ഞെട്ടലോടെ നോക്കി.
“എന്ത് പറ്റി.. വേദനയുണ്ടോ?”
“ഉണ്ട് ഏട്ടാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം “
ദീപ്തിയുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.. ഹരീഷ് വെപ്രാളത്തോടെ അമ്മയെ വിളിച്ചു.. ഗീതയും ലളിതയും അവരുടെ അടുത്തേക്ക് ഓടി വന്നു.. ഹരീഷ് അവളെ താങ്ങി എഴുന്നേൽപ്പിച്ചു വണ്ടിയിൽ കയറ്റി.. ഹോസ്പിറ്റലിലേക്ക് അവൻ കാറോടിച്ചു.. പിൻസീറ്റിൽ രണ്ട് അമ്മമാരുടെയും നടുവിൽ ദീപ്തി ഇരുന്നു.. രണ്ടു കുട്ടികൾക്ക് ജന്മം നൽകിയതാണെങ്കിലും അവരുടെ രണ്ടു പേരുടെയും മുഖത്ത് ആശങ്ക ആയിരുന്നു..
ഹോസ്പിറ്റലിൽ എത്തിയയുടനെ തന്നെ ദീപ്തിയെ ലേബർ റൂമിൽ കയറ്റി…അവൾക്ക് പ്രസവവേദന ആരംഭിച്ചു കഴിഞ്ഞിരുന്നു.. അധികം താമസിയാതെ ഒരു നേഴ്സ് പുറത്തേക്ക് വന്നു വിവരമറിയിച്ചു..
“ദീപ്തി പ്രസവിച്ചു.. പെൺകുഞ്ഞാണ് “
ഹരീഷ് ആകാംഷയോടെ ചോദിച്ചു…
“സിസ്റ്റർ… ദീപ്തി..”
“സുഖമായിരിക്കുന്നു… കുറച്ച് സമയം കൂടി കഴിയുമ്പോൾ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.. അപ്പോളേക്കും റിസപ്ഷനിൽ ചെന്ന് റൂം ബുക്ക് ചെയ്തിട്ട് വരൂ “
അപ്പോളേക്കും അകത്തു നിന്ന് ഒരു നേഴ്സ് കുഞ്ഞുമായി പുറത്തേക്ക് വന്നു..ഹരീഷിന്റെ നേർക്ക് അവൾ കുഞ്ഞിനെ നീട്ടി.. വിറയ്ക്കുന്ന കൈകളോടെ അവൻ ആ കുഞ്ഞിനെ വാങ്ങി.. അവന്റെ കണ്ണുകളിൽ നിന്ന് അവനറിയാതെ കണ്ണുനീർ വരുന്നുണ്ടായിരുന്നു.. കുഞ്ഞിന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൻ വിളിച്ചു..
“അച്ഛന്റെ പൊന്നേ…”
ഗീതയും ലളിതയും ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു.. അവരുടെ നേർക്ക് അവൻ കുഞ്ഞിനെ കാണിച്ചു.. അപ്പോളേക്കും ആ നേഴ്സ് അവനോട് പറഞ്ഞു..
“മതി ചേട്ടാ.. ഇനി ഷിഫ്റ്റ് ചെയ്യുമ്പോൾ കാണാം.. “
അവളുടെ നേർക്ക് കുഞ്ഞിനെ കൊടുക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു.
“ഞാൻ ദീപ്തിയെ ഒന്ന് കണ്ടോട്ടെ സിസ്റ്റർ “
“വരൂ..”
അവളോടൊപ്പം അവൻ അകത്തേക്ക് പോയി.. അവിടെ ബെഡിൽ കണ്ണുകളടച്ചു കിടക്കുന്നു ദീപ്തി.. അവൻ അവളുടെ നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തി.. ദീപ്തി കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു…
ഹരീഷ് റൂം ബുക്ക് ചെയ്യാനായി റിസപ്ഷനിലേക്ക് പോയി.. അവിടുന്ന് തിരികെ വരുമ്പോളാണ് കിരൺ എമർജൻസിയുടെ മുൻപിൽ ഇരിക്കുന്നത് കണ്ടത്..അമ്പാടിക്കാരും റെയിൻബോയും തമ്മിൽ ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കിരണിനെ ഹരീഷിന് പരിചയമുണ്ടായിരുന്നു..
ഹരീഷ് കിരണിന്റെ അടുത്തെത്തി മെല്ലെ വിളിച്ചു..
“കിരൺ…”
അവൻ മുഖമുയർത്തി ഹരീഷിനെ നോക്കി.. ഹരീഷ് ആകാംഷയോടെ ചോദിച്ചു..
“എന്താ ഇവിടെ? ആർക്കാണ് സുഖമില്ലാത്തത് “
“അത് പിന്നെ.. ശീതൾ… അവൾക്കൊരു കൈയബദ്ധം പറ്റി “
താനും അവളും തമ്മിൽ ഒരു സൗന്ദര്യ പിണക്കം ഉണ്ടായപ്പോൾ ശീതൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കിരൺ ഹരീഷിനോട് പറഞ്ഞു.. അവനത് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇതുപോലെ നിസാര പ്രശ്നങ്ങൾക്ക് ജീവിതം അവസാനിപ്പിക്കാനും മാത്രം വിഡ്ഢിയല്ല ശീതളെന്നു തനിക്കറിയാം.. അവളിങ്ങനെ ഒരു കടുംകൈ ചെയ്തിട്ടുണ്ടെങ്കിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്..
“എനിക്കവളെയൊന്ന് കാണാൻ പറ്റുമോ?”
“ഇപ്പോൾ പറ്റില്ല ഹരീഷ്.. അകത്ത് സൈക്കോളജിസ്റ്റ് അവളോട് സംസാരിക്കുകയാണ് “
“ഓക്കേ.. എങ്കിൽ ഞാൻ പിന്നെ വരാം.. ദീപ്തിയെയും കുഞ്ഞിനേയും റൂമിലേക്ക് ഷിഫ്റ്റ് ചെയ്യണം “
ഇതേസമയം, ശീതളിനോട് സംസാരിക്കുകയായിരുന്നു സൈക്കോളജിസ്റ്റായ ജസീന്ത…
“ശീതൾ താൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു.. തന്റെ വിഷമം എനിക്ക് മനസിലായി.. പക്ഷേ എത്ര വിഷമം ഉണ്ടെങ്കിലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.. അതും പ്രത്യേകിച്ച് ഈ അവസ്ഥയിൽ.. തന്റെ വയറ്റിലുള്ള ഈ കുഞ്ഞ് ജീവൻ എന്ത് തെറ്റ് ചെയ്തു?”
“ആർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്? എന്ത് പ്രതീക്ഷയാണ് ഇനി എനിക്ക് ഈ ജീവിതത്തിൽ ഉള്ളത്?”
“നോക്ക് ശീതൾ.. നിന്റെ ജീവിതത്തിന്റെ പ്രതീക്ഷയാണ് ഈ കുഞ്ഞ്.. നിന്റെ സങ്കടം ആ കുഞ്ഞ് മനസിലാക്കുന്നുണ്ട്.. അവൻ അല്ലെങ്കിൽ അവൾ അതെല്ലാം കേൾക്കുന്നുണ്ട്.. അതുകൊണ്ട് ഇനിയെങ്കിലും മരണത്തെപ്പറ്റി ചിന്തിക്കരുത് “
തന്റെ കുഞ്ഞ് ഉദരത്തിൽ പ്രഹരിക്കുന്നത് ശീതൾ അറിയുന്നുണ്ടായിരുന്നു.. തന്നെ സമാധാനിപ്പിക്കാൻ വേണ്ടി പുറത്ത് വരാനാണോ ഇപ്പോൾ ബഹളം വയ്ക്കുന്നതെന്ന് അവൾക്ക് തോന്നി.. ശീതൾ തന്റെ ഉദരത്തിൽ തലോടി..
“ഞാൻ ചെയ്തത് തെറ്റാണ്… എനിക്ക് എന്റെ കുഞ്ഞിനെ വേണം “
“ശീതൾ കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതിയ ജീവിതത്തിനായി തയ്യാറാകണം.. ഞാൻ കിരണിനോട് സംസാരിക്കാം..”
ശീതളിന്റെ മുഖം വലിഞ്ഞു മുറുകി..
“വേണ്ട.. ആരും എനിക്ക് വേണ്ടി അയാളോട് സംസാരിക്കണ്ട “
“താനെന്താടോ ഈ പറയുന്നത്? കിരൺ തന്റെ ഭർത്താവാണ്…”
ശീതളിന്റെ മുഖത്ത് പരിഹാസമായിരുന്നു..
“ഭർത്താവ്… അയാൾ എങ്ങനെയാണ് എന്റെ ഭർത്താവാകുന്നത്.. കഴുത്തിൽ ഒരു താലി കെട്ടിയാൽ മാത്രം ഭർത്താകുമോ.. എന്നെ എപ്പോളാണ് കിരൺ ഒരു ഭാര്യയായിട്ട് പരിഗണിച്ചിട്ടുള്ളത്? അവൻ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ല.. എന്റെ അച്ഛനോടുള്ള പക പോക്കാൻ വേണ്ടി മാത്രമാണ് അവനെന്റെ കഴുത്തിൽ ഈ താലി കെട്ടിയത്.. ഇന്നാണ് അതെല്ലാം ഞാൻ മനസിലാക്കിയത്.. ഒരുനിമിഷം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് എന്റെ വയറ്റിലുള്ള ഈ കുഞ്ഞിനെപോലും മറന്ന് ഞാൻ ഇങ്ങനെ ചെയ്തത്.. ഒരു തീരുമാനം എടുക്കാനാകാതെ എന്റെ മനസ് പതറിപ്പോയി.. മരണം മാത്രമാണ് എനിക്ക് ആശ്രയമെന്ന് ഞാൻ കരുതിപോയി.. ഇനി മരണത്തെപ്പറ്റി ഞാൻ ചിന്തിക്കില്ല.. ഞാൻ ജീവിക്കും ഒറ്റയ്ക്ക്.. “
“ശീതൾ.. കിരണിന് ഒരു അബദ്ധം പറ്റിപ്പോയി.. പരസ്പരം സഹിച്ചും പൊറുത്തും നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ? നിങ്ങൾക്ക് ജനിക്കാൻ പോകുന്ന ഈ കുഞ്ഞിന് വേണ്ടിയെങ്കിലും?”
“ഇതാണോ അബദ്ധം.. അറിയാതെ സംഭവിക്കുന്നതിനെയാണ് അബദ്ധമെന്ന് പറയുന്നത്.. അറിഞ്ഞു കൊണ്ട് പകരം വീട്ടാൻ വേണ്ടി ചെയ്തതെങ്ങനെ അബദ്ധമാകും?”
“ശീതൾ.. ഇത് തന്റെ കുഞ്ഞിന്റെ കൂടി ഭാവിയുടെ പ്രശ്നമാണ് “
“എന്റെ കുഞ്ഞിന് ഇതുപോലെ ഒരച്ഛൻ ഇല്ലാത്തത് തന്നെയാണ് നല്ലത്.. അയാൾക്ക് ഒരു യോഗ്യതയും ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല.. “
“തനിക്കിപ്പോളത്തെ മാനസികാവസ്ഥയിൽ തോന്നുന്നതാണ്.. കുറച്ച് നേരം വിശ്രമിച്ചിട്ട് ശാന്തമായി ആലോചിക്ക്.. ഞാൻ കുറച്ച് സമയം കൂടി കഴിഞ്ഞു വരാം “
“എനിക്കിനി ആലോചിക്കാനൊന്നുമില്ല ഡോക്ടർ.. ഞാൻ തീരുമാനം എടുത്ത് കഴിഞ്ഞു.. ഇവിടുന്ന് ഡിസ്ചാർജ് ആയിക്കഴിഞ്ഞു ഞാൻ കിരണിന്റെ ഒപ്പം പോകുന്നില്ല “
“എങ്കിൽ തന്റെ അച്ഛനെ ഞാൻ വിവരം അറിയിക്കട്ടെ?”
“വേണ്ട.. എനിക്കിനി ഭർത്താവിന്റെയും അച്ഛന്റെയും ഒന്നും സംരക്ഷണം വേണ്ട..”
“താനെന്തൊക്കെയാണ് ഈ പരയുന്നത്?”
ശീതൾ ജസീന്തയുടെ ഇരുകൈകളും കൂട്ടിപിടിച്ചു കൊണ്ട് ചോദിച്ചു ..
“ഡോക്ടർ.. ഇവിടുന്നിറങ്ങിയാൽ സ്വസ്ഥമായി താമസിക്കാൻ പറ്റിയ ഏതെങ്കിലും സ്ഥലത്തേക്ക് എന്നെ അയക്കാമോ? എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണം.. അതിനെ വളർത്തണം.. ആരുടെയും ശല്യമില്ലാതെ ജീവിക്കണം “
ജസീന്തയ്ക്ക് അവളോട് സഹതാപം തോന്നി.. അവർ അപ്പോൾ തന്നെ ഒന്ന് രണ്ടുപേരെ ഫോൺ ചെയ്തു സംസാരിച്ചു.. എന്നിട്ട് ശീതളിനോട് പറഞ്ഞു.
“ശീതൾ.. സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഷെൽട്ടർ ഉണ്ട് ഇവിടെ.. തണൽ എന്നാണ് പേര്.. നിനക്ക് തണലിൽ അഡ്മിഷൻ കിട്ടും.. പക്ഷേ അവിടേക്ക് പോകുന്നതിന് മുൻപ് ഒരിക്കൽക്കൂടി നിന്റെ തീരുമാനത്തെ പുനപരിശോധന നടത്തണം.. ചില തീരുമാനങ്ങൾ തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ജീവിതം തന്നെ നഷ്ടമായിട്ടുണ്ടാകും “
“എന്റെ തീരുമാനത്തിന് ഇനി മാറ്റങ്ങൾ ഒന്നുമില്ല “
ശീതളിനോട് ഇനി എന്ത് പറയണമെന്നറിയാതെ ജസീന്ത മൗനം പാലിച്ചു..താനെന്തൊക്കെ പറഞ്ഞാലും അവളുടെ തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്ന് മനസിലായത് കൊണ്ടാകാം അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
“ഞാൻ കിരണിനോട് പറയാം ശീതളിന്റെ തീരുമാനത്തെപ്പറ്റി “
ജസീന്തയുടെ ക്യാബിനിലേക്ക് കിരണിനെ വിളിപ്പിച്ചു.. അവർ ശീതളിന്റെ തീരുമാനം കിരണിനെ അറിയിച്ചു.. അവനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ആ തീരുമാനം.. അവൻ ശീതളിന്റെ ബെഡിനരികിലെത്തി..
“ശീതൾ.. നീ എന്തൊക്കെയാണ് ഈ പറയുന്നത്?”
“കിരൺ നമ്മളൊരുമിച്ചു ജീവിച്ച ഒരു ദിവസം പോലും നമ്മുടെയിടയിൽ സ്നേഹം ഇല്ലായിരുന്നു.. ഇനിയും എന്തിനാ ഈ ജീവിതം മുൻപോട്ട് കൊണ്ട് പോകുന്നത്.. എനിക്ക് എന്റെ വഴി.. കിരണിന്.. കിരണിന്റെ വഴി..”
“ശീതൾ… ഞാൻ പറയുന്നതൊന്ന് കേൾക്ക്.. നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും…”
ശീതളിന്റെ കണ്ണുകളിൽ നിന്ന് അഗ്നി ജ്വലിക്കുന്നത് പോലെ കിരണിന് തോന്നി..
“ഈ കുഞ്ഞിനെ പോലും വേണ്ടെന്ന് പറഞ്ഞവനല്ലേ നീ.. എന്റെ അച്ഛനോടുള്ള ദേഷ്യത്തിന് എന്റെ ജീവിതം നശിപ്പിച്ചവനല്ലേ നീ.. ഇനിയും നിന്നെ വിശ്വസിച്ച് നിന്റെ വീട്ടിലേക്ക് ഞാൻ വരണോ?.. “
“ശീതൾ…”
“കിരൺ ഇതൊരു ഹോസ്പിറ്റലാണ്.. എന്നെയൊരു ഭ്രാന്തിയാക്കാതെ ഒന്നിറങ്ങിപോകാമോ.. ഈ ജന്മത്തിൽ ഇനി നിങ്ങളുടെ ഭാര്യയാകാൻ എനിക്ക് സാധിക്കില്ല “
കിരൺ അവിടെ നിന്നും പുറത്തേക്ക് പോയി.. ജസീന്ത അവന്റെ അടുക്കലെത്തി..
“കിരൺ.. ശീതളിന്റെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.. ഈ അവസ്ഥയിൽ അവളോട് ആരെന്ത് പറഞ്ഞാലും അവൾക്ക് മനസിലാകില്ല.. അവളുടെ മനസിനേറ്റ മുറിവ് ഉണങ്ങാൻ നമുക്ക് സമയം കൊടുക്കാം.. അപ്പോൾ ഒരുപക്ഷേ അവൾ നിങ്ങളുടെ അടുത്തെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..”
കിരൺ മറുപടി പറഞ്ഞില്ല..
ശീതൾ ആ ബെഡിൽ കിടന്ന് ഓരോന്ന് ചിന്തിക്കുകയായിരുന്നു.. ഒരു മനുഷ്യന്റെ ജീവിതം നശിപ്പിച്ചിട്ട് തന്റെ അച്ഛൻ തട്ടിയെടുത്ത സ്വത്തുക്കൾ കൊണ്ട് ഇപ്പോൾ എന്ത് പ്രയോജനമുണ്ടായി.. കോടീശ്വരനായ ജയദേവന്റെ മകൾക്ക് ഒരു ഷെൽട്ടർ ഹോമിൽ അഭയം പ്രാപിക്കേണ്ടി വന്നില്ലേ.. മറ്റുള്ളവരെ വഞ്ചിച്ചു സ്വന്തമാക്കുന്നതൊന്നിനും ആയുസ് ഉണ്ടാകുകയില്ല.. ഒരർത്ഥത്തിൽ താൻ ദീപ്തിയോട് ചെയ്തതും ഇതൊക്കെ തന്നെയല്ലേ.. അവൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രം അവളുടെ ജീവിതം സുരക്ഷിതമായി…
ഇതേസമയം ദീപ്തിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. അവരുടെ കുഞ്ഞുമാലാഖ ഉറക്കത്തിലായിരുന്നു.. ഹരീഷ് അഭിമാനത്തോടെ ദീപ്തിയുടെയും തന്റെ കുഞ്ഞിന്റെയും മുഖത്തേക്കും മാറിമാറി നോക്കി.. അവളുടെ മുഖത്തും നിറഞ്ഞ സന്തോഷമായിരുന്നു.. എന്നും ഈ സന്തോഷം നിലനിർത്തണേ എന്നൊരു പ്രാർത്ഥന മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..
ശീതളിനെ ഡിസ്ചാർജ് ചെയ്തു.. കിരൺ റിസപ്ഷനിൽ ചെന്ന് ബിൽ പേ ചെയ്തു തിരികെ അവളുടെ അടുത്തെത്തി..
“ശീതൾ നമുക്ക് വീട്ടിലേക്ക് പോകാം “
“ഞാൻ വരുന്നില്ല “
“വാശി കാണിക്കാതെ ശീതൾ… നമുക്ക് വീട്ടിൽപോയി സംസാരിക്കാം “
“ഞാൻ വരുന്നില്ല കിരൺ “
“എങ്കിൽ വാ.. നിനക്ക് എവിടെയാ പോകേണ്ടത് ഞാൻ കൊണ്ടാക്കാം “
“വേണ്ട.. ഇവിടുന്നങ്ങോട്ട് ഞാൻ തനിച്ചല്ലേ.. അതുകൊണ്ട് തനിയെയുള്ള യാത്ര ഇപ്പോൾ തന്നെ ആരംഭിച്ചോളാം “
കിരണിന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവൾ പുറത്തേക്ക് നടന്നു…. കിരൺ അവളുടെ പിന്നാലെ ചെന്നു.. അവളൊന്നു തിരിഞ്ഞു നോക്കിയെങ്കില്ലെന്ന് അവൻ മനസ്സിൽ കരുതി… ശീതൾ ഉറച്ച കാൽവയ്പ്പുകളോടെ മുന്നോട്ട് നീങ്ങി.. ചുറ്റും താങ്ങാൻ ആളുള്ളപ്പോൾ ഭയങ്കര തളർച്ച ആയിരിക്കും.. പക്ഷേ ഒറ്റയ്ക്കാണെന്ന് തിരിച്ചറിയുന്ന ആ നിമിഷം മുതൽ വല്ലാത്തൊരു ധൈര്യമായിരിക്കും മുന്നോട്ട് ജീവിക്കാൻ..
ശീതൾ തണലിൽ എത്തി.. തനിക്കു വേണ്ടി നൽകിയ ബെഡിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ..
‘എല്ലാവരുടെയും മുൻപിൽ ശീതൾ ചെയ്തത് ഏറ്റവും വല്യ മണ്ടത്തരം ആയിരിക്കും.. പക്ഷേ ഇത് ശീതളിന്റെ ശരിയാണ്.. ശീതളിന്റെ മാത്രം ശരി.. ഇനി എന്നെങ്കിലും ശീതളിന്റെ മനസ് മാറി തിരിച്ചു പോകുമോ എന്ന് ചോദിച്ചാൽ അതിനിപ്പോൾ ഒരുത്തരം തരാൻ എനിക്ക് കഴിയില്ല.. കിരൺ തന്നോട് ചെയ്ത തെറ്റ് ഒരു ദിവസം കൊണ്ട് പൊറുക്കാൻ കഴിയില്ല.. തന്റെ സ്ത്രീത്വത്തിനേറ്റ അപമാനമാണ് അവൻ തന്നെ വിവാഹം ചെയ്തത് തന്റെ അച്ഛനോടുള്ള പക കൊണ്ടാണെന്നുള്ള തിരിച്ചറിവ്.. അതുകൊണ്ട് തന്നെ അവനോട് ക്ഷമിക്കാൻ തനിക്ക് കഴിയില്ല. അങ്ങനെ അവനോട് പൂർണമായി ക്ഷമിക്കാൻ തന്റെ മനസ് പറയുന്ന ഒരു ദിവസമുണ്ടെങ്കിൽ അന്ന് താൻ തിരിച്ചു പോകും.. എന്നാലും തോറ്റു പോകാനോ തളർന്നു പോകാനോ താൻ ഒരുക്കമല്ല.. താൻ ജീവിക്കും തന്റെ കുഞ്ഞിന് വേണ്ടി… എത്രയും പെട്ടന്ന് ഒരു ജോലി കണ്ടുപിടിക്കണം.. ആരെയും ആശ്രയിക്കാതെ തന്റെ കുഞ്ഞിനെ വളർത്താൻ കഴിയണം’…
ജനിക്കാൻ പോകുന്ന കുരുന്നിനെകുറിച്ചോർത്തപ്പോൾ ശീതളിന്റെ മനസ്സിനൊരു കുളിർമ തോന്നി.. തന്റെ ഉദരത്തിൽ വലതുകരം ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു..
“കുഞ്ഞേ.. നിനക്ക് ഞാനും എനിക്ക് നീയും മാത്രം മതി “
ഏറെ നാളുകൾക്കു ശേഷം ശീതൾ സമാധാനത്തോടെ ഉറങ്ങി.. ആ വലിയ വീട്ടിലെ എസി റൂമിൽ കിട്ടാത്ത സുഖവും സന്തോഷവും ഇവിടെയുണ്ടെന്ന് അവൾക്ക് തോന്നി.. കഴിഞ്ഞ ജീവിതത്തിലെ നൊമ്പരങ്ങളോ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ ഇല്ലാതെ അവൾ സുഖമായി ഉറങ്ങി.. സ്വന്തമായി അധ്വാനിച്ചു തന്റെ കുഞ്ഞിനെ വളർത്താമെന്നൊരു ശുഭാപ്തി വിശ്വാസം അവൾക്കുണ്ടായിരുന്നു…
ശുഭം…
ഇത്രയും ദിവസം കൂടെ നിന്ന എല്ലാവർക്കും നന്ദി പുതിയ കഥയുമായി വീണ്ടും കാണാം…