Written by Ezra Pound
വീട്ടുജോലിക്ക് ശമ്പളം വേണമത്രെ..
‘എടീ വീട്ടിലെക്കാര്യങ്ങളൊക്കെ ഒരു ജോലിയായി കാണാതെ ആസ്വദിച്ചു ചെയ്യേണ്ടുന്ന ഒന്നാണെന്നൊക്കെ പറഞ്ഞപ്പോൾ അവളെടുത്ത വായിക്ക് പറയുവാ എന്നാപ്പിന്നെ നിങ്ങള് ആസ്വദിച്ചു ചെയ്തൊളീ..ഷോപ്പിലെ കാര്യങ്ങള് ഞാൻ നോക്കിക്കോളാന്ന്..
വാശിയുടെ കാര്യത്തിൽ ഞാനുമൊട്ടും പിറകിലല്ലാലോ..അങ്ങനെ തിങ്കളാഴ്ച തൊട്ട് അവൾ ഷോപ്പിൽ പോവാനും ഞാൻ വീട്ടിലെക്കാര്യങ്ങൾ നോക്കാനും ധാരണയായി..
ഇതൊന്നും വലിയ ആനക്കാര്യമൊന്നുമല്ലാന്നും ആർക്കും നിസ്സാരമായി ചെയ്യാവുന്നതേയുള്ളൂന്നുമൊക്കെ തെളിയിക്കാൻ കിട്ടുന്ന അവസരം..അത് കൃത്യമായി ഉപയോഗിക്കണം..
അങ്ങനെ തിങ്കളാഴ്ചയായി..എന്നെക്കാളും മുമ്പെ അലാറം വെച്ചവളുണർന്ന് എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അത്ര നേരത്തെ എഴുന്നേറ്റ് ചെയ്യാൻമാത്രമുള്ള ജോലിയൊന്നുമില്ലാന്നും ഞങ്ങൾക്കിതൊക്കെ നിസ്സാരമാണെന്നും പറഞ്ഞവളുടെ വായടപ്പിച്ചു ഒന്നൂടി പുതപ്പിനുള്ളിലേക്ക് നൂഴ്ന്നിറങ്ങി..
കണ്ണുതുറന്നപ്പോ സമയം ഏഴുമണി..പടച്ചോനെ ഇത്രവേഗം സമയം പോയോ..എഴുന്നെറ്റടുക്കളയിലേക്ക് നടക്കുംപോ അവളുണ്ട് കുളിച്ചു മുടിതുവർത്തിക്കൊണ്ടു എതിരെവരുന്നു..
“ചായ കിട്ടീല..
“അതെങ്കിലും നിനക്കുണ്ടാക്കി കുടിച്ചൂടേടീ.. ദുഷ്ട..
“ആചാരങ്ങൾ തെറ്റിക്കാൻ പാടില്ലാലോ..ചിരിച്ചുകൊണ്ടവളുടെ മറുപടി..
ശരിയാണ്..എന്നും എനിക്കവളുണ്ടാക്കി കൊണ്ടുവരുന്ന ചായയിലൂടെയാരുന്നില്ലേ നേരം പുലരാറ്..എന്തായാലും ചായ റെഡിയാക്കാം..
പാലൊഴിച് ആവശ്യത്തിനു വെളളവും ചേർത്തടുപ്പത്തു വെച്ചു..അതു തിളക്കുമ്പോഴേക്കും ഏത്തപ്പഴം വഴറ്റിയെടുക്കാം..പാനടുപ്പത്തുവെച്ചു നെയ്യൊഴിച്ചു ഏത്തപ്പഴം അരിഞ്ഞിട്ട്…ആഹ് നല്ല മൊരിഞ്ഞ മണം..ഒരെണ്ണമെടുത്തു വായിലെക്കിട്ടു..അണ്ണാക്ക് വരെ പൊള്ളിപ്പൊയി..ഹോ..
അതിനിടെൽ ചായക്കുള്ള പാലു തിളച്ചു തൂവുകയും ചെയ്തു..വല്ലാത്ത ചെയ്ത്തായിപ്പോയി..സാരോല്ല ഇങ്ങനൊക്കെയല്ലേ ശീലാവുന്നേ..
ചായെം പഴവും റെഡിയായപ്പോഴേക്കും നേരം എട്ടാവാറായി..കുടിച്ചുകഴിഞ്ഞുവേണം ബ്രേക്ഫാസ്റ്റ് റെഡിയാക്കാൻ..ചായകുടിച്ചോണ്ടിരിക്കുമ്പോ അവളുടെ ചുണ്ടിലൊരു നിഗൂഢമായ ചിരിയുണ്ടാരുന്നോ..ഏയ് തോന്നിയതാരിക്കും..
ഇന്നലെവരെ ചായകുടിച്ചോണ്ടിരിക്കുമ്പോ ആസ്വദിച്ചു പത്രം വായനയൊക്കെ ഉണ്ടാരുന്നു..ഇന്നതിനൊന്നും നേരം കിട്ടീല..വേഗം ബ്രെക്ഫാസ്റ്റ് റെഡിയാക്കട്ടെ..
തലേന്നു കുതിർത്തുവെച്ച അരിയും ലേശം ചോറുമൊക്കെ ചേർത്ത് മിക്സീലരച്ചു..നീർദോശയായിരുന്നു ലക്ഷ്യം..ദോഷം പറയരുതല്ലോ ചുട്ടെടുത്ത ദോശക്കെല്ലാം നീർനായയുടെ മുഖത്തിന്റെ ഷെയ്പ്പ്..ഒരണ്ണം ശരിയായി വന്നതാരുന്നു..ചട്ടുകം കൊണ്ടെടുത്തപ്പോ താഴേക്ക് വീണ് അന്ത്യശ്വാസം വലിച്ചു..
തലേന്നത്തെ സാമ്പാറുണ്ടായിരുന്നത്കൊണ്ട് കറിയുടെ കാര്യത്തിൽ കഷ്ടപ്പെടെണ്ടി വന്നില്ല..പണ്ടാരോ പറഞ്ഞതുപോലെ അഞ്ചുമിനിറ്റ് കഴിക്കേണ്ട ദോശയുണ്ടാക്കാനും അതുണ്ടാക്കിയ പാത്രങ്ങളും സ്ഥലവും ക്ളീൻ ചെയ്യാനുമെടുത്ത സമയം ഒരുമണിക്കൂർ..ഭയങ്കരം തന്നെ..
കൃത്യം ഒമ്പതായപ്പോഴേക്കും അവളിറങ്ങി..ഇറങ്ങാൻ നേരം മോളെ വിളിച്ചുണർത്താനും അവൾക്ക് ചെയ്തു കൊടുക്കണ്ടേ കാര്യങ്ങളെപ്പറ്റിയും ചെറിയോരു ക്ലാസെടുത്തു തന്നു..ഒക്കെ തലയാട്ടി അനുസരിച്ചു..വേറെ വഴിയില്ലാലൊ..മോളുടെ കാര്യങ്ങളെല്ലാം ചെയ്തു തീർത്തപ്പോഴേക്കും നേരം പത്തായി..
പണിയൊന്നും തീർന്നതൊന്നുമില്ല..ചോറിന്റൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ചു തല പുകച്ചു..അരികഴുകിയിട്ടു തിളക്കുന്നതിനിടയിൽ പച്ചകറി അരിയാമെന്നുവെച്ചു..നമുക്കൊരു റൈസ് കുക്കർ വാങ്ങിയാലോന്നു ചോദിച്ചപ്പൊൾ കലത്തിലിട്ടു വേവിക്കുന്ന രുചിയോന്നും അതിൽ കിട്ടില്ലെന്നു പറഞ്ഞതോർത്തുപോയി..
അതുണ്ടാരുന്നേൽ ഇപോ എന്തെളുപ്പമായേനെ..ആരോടുപറയാൻ..സ്വയംകൃതാനർത്ഥം..
സാധാരണ ഉച്ചയാവുമ്പോ കയറിവന്ന് മൂക്കുമുട്ടെ തിന്നുന്നതിനിടയിൽ ഇന്നിതെ ഉണ്ടാക്കിയുള്ളൂ…വേറെന്തെലും കറികൂടെ ആവാരുന്നൂന്നൊക്കെ ഒഴുക്കോടെ പറയുമ്പോള് ഇമ്മാതിരി പണിയാവുമെന്നൊരിക്കലും കരുതീരുന്നില്ല…എന്തായാലും അനുഭവിക്കന്ന്യേ..
ഒരുതരത്തിൽ അതൊക്കെ തീർത്തപ്പോഴേക്കും നേരം പന്ത്രണ്ട്..ഇനി അലക്ക് ക്ളീനിങ്..പടച്ചോനെ..ശത്രുക്കൾക്ക് പോലും ഇത്രേം പണികൊടുക്കല്ലേ..
“ഫുഡ് അടിപൊളി ആയിട്ടാ..കഴിച്ചെഴുന്നേൽക്കാൻ നേരം അവളുടെ കമന്റ്..കേട്ടപ്പോൾ സന്തോഷം തോന്നി..കുറ്റബോധവും..വേറൊന്നും കൊണ്ടല്ല ഇത്രേം കാലം മൂക്കുമുട്ടെ കഴിക്കുന്നതിനിടെൽ ഉപ്പ് കൂടി..എരിവുകുറഞ്ഞു എന്നൊക്കെ കുറ്റം പറയുന്നതല്ലാതെ നല്ലൊരുവാക്ക് പറയാൻ ശ്രമിചിട്ടില്ല..
ഒരുവക പണിയെല്ലാം തീർത്തുകഴിഞ്ഞപ്പോഴേക്കും നേരം മൂന്നുമണി..
ഇനി വൈന്നേരത്തെ ചായ രാത്രീല് ഡിന്നർ..സത്യത്തില് നമ്മള് ജീവിക്കുന്നതന്നെ തിന്നാൻ വേണ്ടിയാണെന്ന് തോന്നിപ്പോകും..അമ്മാതിരി ഐറ്റംസാണ് ഡെയിലി ഉണ്ടാക്കേണ്ടത്..
അങ്ങനെ വൈകുന്നേരത്തെ കാര്യങ്ങളൊക്കെ തീർത്തു ഒന്നുകുളിച്ചു ഫ്രഷാവാമെന്നു കരുതിയപോഴേക്കും അവളെത്തി..
കയ്യിലൊരു കവറുമുണ്ടായിരുന്നു..തുറന്നു നോക്കിയപ്പൊ മനസിലായി..എനിക്കുള്ള പണിയാണ്..നല്ല കിടുക്കാച്ചി നെത്തോലി..
‘ഈ സമയത്താണോ മീനും കൊണ്ടുവരുന്നേ..എന്നുചോദിക്കാൻ തുനിഞ്ഞതായിരുന്നു..അപ്പോഴാ ഓർമവന്നത്..ഞാനും ഇടക്കിടെ ഇതുപോലാരുന്നു..എന്നിട്ടൊരു കമന്റും പാസാക്കും..നല്ല തേങ്ങയരച്ചു വച്ചാൽ പൊളിക്കും..കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് മനസിലായി..
എന്തായാലും ഏറ്റെടുത്ത പണിയല്ലേ..കുത്തിയിരുന്നു വൃത്തിയാക്കി..നെത്തോലി ചെറിയ മീനല്ലെന്നു മനസിലായി..വീട്ടുജോലി നിസ്സാരമല്ലെന്നും..
കിടക്കാൻ നേരം ഞാനവളോടു പറഞ്ഞു..”ശമ്പളം എത്രയാ വേണ്ടതെന്നു പറഞ്ഞൊളീ..
“എനിക്ക് ശമ്പളമൊന്നും വേണ്ടിക്കാ..വല്ലപ്പഴും അടുത്തുവന്ന് നീയൊറ്റക്ക് ഇതൊന്നും ചെയ്യണ്ട..ഞാൻകൂടെ സഹായിക്കാമെന്നൊരു വാക്കുകേട്ടാൽ മതി..എന്തുജോലിയും ചെയ്യാനുള്ള പ്രേരണയാവുമത്..
അവളുടെ മറുപടി ശരിക്കും മനസ്സിൽക്കൊണ്ടു..
സത്യമാണത്..സമത്വമെന്ന വാക്ക് ആദ്യം പ്രയോഗികമാക്കേണ്ടത് സ്വന്തം വീട്ടിലെ അടുക്കളയിലാവണം..വൈകിയാണെങ്കിലും ആ സത്യം തിരിച്ചറിയാൻ കഴിഞ്ഞതിനവളോട് നന്ദിപറഞു.