അവസാനവാചകങ്ങൾ മുഴുമിപ്പിക്കാനാകാതെ അവളുടെ സ്വരമിടറിയത് കേട്ടുനിന്നവരെല്ലാം അറിഞ്ഞു…

Story written by Lis Lona

::::::::::::::::::::::::::::

“നിങ്ങളാരാണ്.. ഇദ്ദേഹത്തിന്റെ ഭാര്യയാണോ ? കരളുണ്ടായിരുന്നെന്ന് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണല്ലോ..എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്..ഇനി ഒരുതവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടിവന്നാൽ ഒരു കോടിമുണ്ട് കൂടെ കരുതിക്കോളൂ പുതപ്പിച്ച് കൊണ്ടുപോകാൻ..”

മെഡിക്കൽ കോളേജ് കാന്റീനിൽ നിന്നും ചൂട് കഞ്ഞിയും ഒന്നുരണ്ട് പാക്കറ്റ് നാരങ്ങാ അച്ചാറും വാങ്ങി പൊള്ളുന്ന വെയിലിലൂടെ തളർന്ന മനസ്സും ശരീരവുമായി അവൾ വാർഡിലേക്ക് വന്നുകയറിയത് റൗണ്ട്സിന് വന്ന സീനിയർ ഡോക്ടറുടെ മുൻപിലേക്കായിരുന്നു..

ആജാനബാഹുവായ ഡോക്ടർ , കയ്യിലിരുന്ന ചാരനിറത്തിലിരുന്ന സ്റ്റെതസ്കോപ്പ് കഴുത്തിലൂടെ ചുറ്റിയിട്ട ശേഷം പോക്കറ്റിൽ നിന്നും പേനയെടുത്ത് കേസ് ഷീറ്റിൽ എന്തോ കുത്തിക്കുറിച്ചു.

തനിക്ക് മുൻപിൽ ഒരു തൂക്കുപാത്രവും കടലാസുപൊതിയും പിടിച്ചു നിൽക്കുന്ന സ്ത്രീയെയും കട്ടിലിൽ ഇരിക്കുന്ന രോഗിയെയും കൂട്ടിരുപ്പുകാരിയായ മകളെയും ഫ്രെയിമില്ലാത്ത കട്ടികണ്ണടക്ക് മുകളിലൂടെ മാറി മാറി അയാൾ നോക്കി..

ജീവനറ്റ മൽസ്യങ്ങളെ പോലെ അവരുടെ കണ്ണുകളിലെ പ്രകാശം കെട്ടിരുന്നു..ജീവിതം കാറും കോളും നിറഞ്ഞതുമാണെന്ന് വിളിച്ചോതി ഒരു ചെറുകാറ്റിനെ പോലും ഭയക്കുന്ന കരിയില പോലെ ചെറുതായി വിറക്കുന്ന ശരീരം.

ദേഹം നിറയെ അടികൊണ്ടതുപോലെയുള്ള കറുത്ത നീണ്ട വരകൾ നിറഞ്ഞിരിക്കുന്നു..പരീക്ഷിച്ചു മതിയാകാത്ത ദൈവത്തിനോട് പരാതിയില്ലെന്ന് പറയാതെ പറഞ്ഞ് തന്റെ കടമകൾ അവൾ നിർവഹിക്കുന്നുവെന്ന് വ്യക്തം.

നിസ്സഹായത മുറ്റിയ ആ വിളറിയ മുഖത്തിലും പ്രതീക്ഷകളറ്റ കണ്ണുകളിലും നോക്കിയതോടെ കാർക്കശ്യം നിറഞ്ഞ നോട്ടം മാറി ഡോക്ടറുടെ മുഖഭാവത്തിൽ അവളോടുള്ള സഹതാപം നിറഞ്ഞു.

ഇന്നോ നാളെയോ ഡിസ്ചാർജ് ഉണ്ടാകുമെന്ന് രാവിലെ വന്ന കുട്ടിഡോക്ടർമാരുടെ കൂട്ടത്തിലൊരുവൻ അവളെ അറിയിച്ചിരുന്നു..നേരം ഉച്ചയോടടുത്തതുകൊണ്ട് ഇന്നിനി വലിയ ഡോക്ടർ വരില്ലെന്ന് കരുതിയാണ് മോളെ ഭർത്താവിനരികിൽ ഇരുത്തി കഞ്ഞി വാങ്ങാൻ പോയതും..

കഞ്ഞിപ്പാത്രം കട്ടിലിനോട് ചേർന്ന് കിടക്കുന്ന ഇരുമ്പ് സ്റ്റൂളിലേക്ക് വച്ച് കയ്യിലിരുന്ന ഏതോ സ്വർണക്കടയുടെ പേരെഴുതിയ കുഞ്ഞുപേഴ്‌സ് കയ്യിൽ നിന്നും സാരിത്തലപ്പിലേക്ക് ചുരുട്ടിപിടിച്ച് അവൾ എളിയിലെ ഉറപ്പിലേക്ക് തിരുകികയറ്റി.

” ഞാനും മക്കളും പറയാവുന്നതെല്ലാം പറഞ്ഞു സാറേ..മരുന്നെല്ലാം കൃത്യസമയത്ത് കൊടുക്കുന്നുണ്ട് എന്നിട്ടും ഓക്കാനിക്കുമ്പോൾ ചോര വരുന്നത് കുടി നിർത്താത്തത് കൊണ്ടാകും അല്ലേ ..മരുന്നും മന്ത്രവും ചെയ്താലും കുടി നിർത്തിക്കാനിനി എന്ത് വേണമെന്ന് എനി …എനിക്ക് .. അറിയില്ല..”

അവസാനവാചകങ്ങൾ മുഴുമിപ്പിക്കാനാകാതെ അവളുടെ സ്വരമിടറിയത് കേട്ടുനിന്നവരെല്ലാം അറിഞ്ഞു..അവർ വന്ന അന്ന് മുതൽ അയാളുടെ ചികിത്സ കൈകാര്യം ചെയ്തിരുന്നവരിൽ ഒരുവളായ ജൂനിയർ ഡോക്ടറുടെ കൺകോണിൽ പോലും അവൾക്ക് വേണ്ടി ഒരു നീർത്തുള്ളി പൊടിഞ്ഞു .

കട്ടിലിൽ ഇരുകൈകളാലും കൈലിമുണ്ട് കാലിനിടയിലേക്ക് കൂട്ടിപ്പിടിച്ച് എല്ലാം കേട്ടുകൊണ്ട് തല താഴ്ത്തി കാലുകൾ താഴേക്കാക്കി അവളുടെ ഭർത്താവ് ബാബു ഇരിക്കുന്നുണ്ട്..

അയാൾക്കരികിലായി ,ചുമക്കുമ്പോൾ വാ മറയ്ക്കാനായി കരുതിയ നിറയെ രക്തക്കറ പുരണ്ട ചുരുട്ടിവച്ച പഴയൊരു തോർത്തുണ്ടായിരുന്നു.

“വേറെയൊന്നും പറയാനില്ല ബാബുരാജ്..മറ്റാർക്കും വേണ്ടിയല്ലെങ്കിൽ പോലും തനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തരുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കുക.. കേട്ടല്ലോ ..”

കയ്യിലിരുന്ന പേപ്പറുകൾ അടുത്ത് നിന്ന സിസ്റ്റർക്ക് കൈമാറി ഡോക്ടർ നടന്നു നീങ്ങി.

മൂന്ന് പെങ്ങന്മാർക്കൊരു കുഞ്ഞാങ്ങളയായ ബാബുരാജിന്റെ വീട്ടിലേക്ക് , കുപ്പിവളത്തുണ്ടുകളും കുന്നിക്കുരുച്ചെപ്പും തറവാട്ടിലെ ചാവടിയിൽ ഉപേക്ഷിച്ച് ചെറിയ പ്രായത്തിലെ വിവാഹിതയായി നിർമല കടന്നുവരുമ്പോൾ ഏതൊരു പെണ്ണിന്റെ മനസ്സിലുമുള്ളത് പോലെ ഒരുപിടി സ്വപ്നങ്ങളിൽ വിരിഞ്ഞ വർണശബളമായ മഴവില്ല് അവൾക്കുള്ളിലും ഉണ്ടായിരുന്നു..

പുതുമോടിയിൽ നിന്നും ദിവസങ്ങളും മാസങ്ങളും പോകപ്പോകെ ഒറ്റ മകനെന്ന ചെല്ലപ്പേരിൽ വളർന്നതിന്റെയും ഉത്തരവാദിത്തങ്ങളറിയാതെ അല്ലലില്ലാതെ ജീവിച്ചതിന്റെയും സ്വഭാവദൂഷ്യങ്ങളെല്ലാം ഒന്നും വിടാതെ ഭർത്താവിനുണ്ടെന്ന് അവളറിഞ്ഞുതുടങ്ങി.

കൂട്ടുകാരോടൊത്ത് ചേർന്ന് നേരമ്പോക്കിനായി തുടക്കം കുറിച്ച മ ദ്യപാനവും പു കവലിയും തുടർച്ചയായപ്പോൾ അതൊന്ന് ഒഴിവാക്കാനായി കരഞ്ഞും കെഞ്ചിയും അവളയാളുടെ കാൽക്കൽ വീണു.

ഒന്ന് പറഞ്ഞ് മനസിലാക്കിക്കാൻ ഓരോ പെങ്ങന്മാരോടും സഹായം അഭ്യർത്ഥിച്ചു..

ആണുങ്ങളായാൽ ഇത്തിരി കുടിയും വലിയും ഉണ്ടാകുമെന്നും..അവൻ വേറെ പെണ്ണ് പിടിക്കാൻ പോകുന്നില്ലല്ലോയെന്നും…നിന്റെ അച്ഛന്റെ മുതലെടുത്തല്ല ഞങ്ങടെ അനിയൻ കുടിക്കുന്നതെന്നുമാണ് പെങ്ങന്മാർ ആങ്ങളക്ക് പിന്തുണയേകിയത്..

കുഞ്ഞുകുഞ്ഞു പരാതികളും പരിഭവങ്ങളും വഴി മാറി ഇനിയുമെനിക്ക് വയ്യ ഞാൻ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അച്ഛന്റെയും അമ്മയുടെയും മുൻപിൽ പതം പറഞ്ഞു കരഞ്ഞവളോട് ഇളയ കുട്ടികളുടെ വർത്തമാനവും അടിവയറ്റിൽ മുള പൊട്ടിയ കുരുന്നുജീവന്റെ ഭാവിയും അക്കമിട്ട് ഓർമിപ്പിച്ച് സ്വന്തം വീട്ടുകാരും മടക്കിയയച്ചു..

നാലുകാലിൽ വരുന്നത് വല്ലപ്പോഴുമെന്നത് മാറി ദിനേനയായി മാറിയപ്പോഴും കുറ്റം അവൾക്കായിരുന്നു.. കെട്ടിക്കൊണ്ട് വന്നവൾ ചൊവ്വല്ലെങ്കിൽ ഇങ്ങനെയാകും ചെറുക്കന്റെ യോഗമെന്ന് ഭർതൃവീട്ടിൽ ഉള്ളവർ തീർപ്പ് കല്പിച്ചു.

മ ദ്യപിച്ച് ലക്ക് കെട്ട് ഗർഭിണിയെന്ന് പോലും നോക്കാതെ ഉപദ്രവിക്കുന്നവനെ ഒന്നു തടയാതെ നിനക്കൊന്ന് നോക്കിയും കണ്ടും നിന്നൂടെയെന്ന ചോദ്യത്തിലായിരുന്നു അവൾക്ക് നൊന്തത്.

പ്രസവത്തിന് ഏഴാം മാസത്തിൽ കൊണ്ടുചെന്നാക്കുന്ന ചടങ്ങ് പേരിന് നടത്തിയെങ്കിലും മൂന്നാം ദിവസം മടക്കിക്കൊണ്ടുവരുമ്പോൾ വയ്യാതെ കിടക്കുന്ന അമ്മയ്ക്കും കെട്ടിച്ചുവിട്ട പെങ്ങന്മാർക്കും കുടിച്ചു കൂത്താടി വരുന്നവന്റെ ശർദിൽ കോരാൻ വയ്യെന്നായിരുന്നു കാരണം പറഞ്ഞത്.

കടിഞ്ഞൂൽ പേറിന്റെ പേടിയേക്കാൾ ഭർത്താവിന്റെ വഴിവിട്ട പോക്കും തകർന്നടിഞ്ഞുവീഴുന്ന ജീവിതവും അവളെ ആധി പിടിപ്പിച്ചു..

മകൻ ജനിച്ചപ്പോഴെങ്കിലും മാറ്റം വരുമെന്ന് ദിവാസ്വപ്നം കണ്ടത് വെറുതെയായെന്ന് തെളിയിച്ച് കുഞ്ഞിന്റെയും അവളുടെയും പൊന്നിന്റെ തിളക്കങ്ങൾ ഒന്നൊന്നായി വിറ്റും പണയമായും മടക്കമില്ലാതെ പൊയ്ക്കൊണ്ടിരുന്നു.

തങ്ങൾക്ക് അവകാശപെട്ടത്കൂടി ആങ്ങള വിറ്റ് ക ള്ളുകുടിക്കാൻ തുടങ്ങിയെന്നറിഞ്ഞതോടെ പൊന്നാങ്ങളയോട് വഴക്കും വക്കാണവുമായി സ്വത്ത് വീതം വെപ്പിച്ച് അവനവന്റെ പങ്കും കൊണ്ട് പെങ്ങന്മാർ അവരുടെ വഴിക്ക് പോയി..

മ ദ്യപരായ സുഹൃത്തുക്കൾ കാണിച്ച വഴിയിലൂടെ പിച്ചവച്ച് നടന്ന് ,ഇരിക്കുന്ന വീടും ഏഴ് സെന്റ്‌ സ്ഥലവുമൊഴിച്ച് ബാക്കിയെല്ലാം ശീട്ട് കളിച്ച് പോയെന്ന് കുളിമുറിയിലെ നനഞ്ഞ തറയിലെ വഴുവഴുപ്പുള്ള ശർദിലിനിടയിൽ കിടന്ന് കുഴഞ്ഞുപോയ ശബ്ദത്തിൽ അയാൾ പിറുപിറുക്കുമ്പോഴാണ് രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് അവൾക്ക് മനം പിരട്ടിയത്..

“നീ എന്താ മനക്കണക്ക് കൂട്ടി ആലോചിച്ചു നിക്കുന്നെ..ഒരു വണ്ടി വിളിക്ക് ..വീട്ടിൽ പോകണ്ടേ..കഞ്ഞിയിനി വീട്ടിൽ ചെന്ന് കുടിക്കാം..”

ഡോക്ടർ പോയതും ബാബു മെല്ലെ എഴുന്നേറ്റ് വസ്ത്രം മാറി ..ബട്ടൻസിടുമ്പോഴും ചോരത്തുള്ളികൾ തെറിച്ച ഷർട്ടിന്റെ കൈകൾ കൈമുട്ടിനൊപ്പം തെറുത്ത് കയറ്റുമ്പോഴും അയാളുടെ വിരലുകൾ വിറക്കുന്നത് അവൾ കണ്ടു.

വീട് വരെയെത്താനുള്ള വണ്ടികൂലിക്ക് പൈസ തികയുമോയെന്ന ചിന്തയോടെ ഇടുപ്പിലെ സാരികുത്തഴിച്ച് അതിനുള്ളിൽ ഭദ്രമായി വച്ച പേഴ്സിലേക്ക് അവളുടെ കണ്ണുകൾ ഊളിയിട്ടു…

മരുന്ന് കുറിപ്പടികളും ബില്ലുകളും പണയച്ചീട്ടുകളും അതിനിടയിൽ ഒളിച്ചിരിക്കുന്ന ചുരുട്ടിയ കുറച്ചു നോട്ടുകളും ചില്ലറകളും നിറഞ്ഞ് ഗർഭിണിയായ പേഴ്സിന്റെ സിബ്ബ് മുഴുവൻ അടഞ്ഞിരുന്നില്ല..

” നീയാ കാശിന്ന് ഒരു ഇരുനൂറ് ഉറുപ്പ്യ ഇങ്ങു തന്നേ എന്റെ കയ്യിൽ ഒന്നുമില്ല..”

വീർത്തുനിൽക്കുന്നത് മുഴുവൻ പൈസയാണെന്ന് കരുതി കൈനീട്ടികൊണ്ട് നിൽക്കുന്ന ഭർത്താവിനെ നോക്കുമ്പോൾ നിർമ്മലയുടെ മനസ്സ് വെന്തുരുകുന്നുണ്ടായിരുന്നു.

പണിക്ക് പോകുന്ന റേഷൻ കടയിലെ മുതലാളി ആശുപത്രികേസ് ആയതുകൊണ്ട് മാത്രം കടം തന്ന പൈസയാണ്..വാങ്ങിയത് മടക്കികൊടുക്കാൻ ഇനിയും എത്രയോ ബാക്കിയാണ്..!കൊടുത്തുതീർക്കാനുള്ളത് തീരാനായി കടയോട് ചേർന്നുള്ള അവരുടെ വീട്ടുജോലികൾ കൂടി ചെയ്തുകൊടുക്കുന്നുണ്ടവൾ.

റേഷൻ കടയിൽ അരിയും മണ്ണെണ്ണയും മറ്റും എടുത്ത് കൊടുക്കാനും തൂത്തു തുടക്കാനും ഒരാളെ വേണമെന്ന് അയൽപക്കത്തെ സുന്ദരേശൻ പറഞ്ഞപ്പോൾ പട്ടിണി കിടക്കേണ്ടല്ലോ എന്ന ആശ്വാസത്തിലാണ് അവിടെ ചെന്ന് കയറിയത്..പക്ഷേ കിട്ടുന്ന ശമ്പളത്തിലെ പകുതിയും ബാബു വഴക്കിട്ട് വാങ്ങിക്കൊണ്ട് പോകും..തരില്ലെന്നെങ്ങാനും ബലം പിടിച്ചാൽ തല്ലിയിട്ടാണെങ്കിലും വാങ്ങിച്ചെടുക്കും.

“പൈസ തരാം നിങ്ങളിനി ദയവ് ചെയ്ത് കുടിക്കരുത് ബാബുവേട്ടാ ..കടം തരാൻ ഇനിയൊരാളില്ല.. ഈ നശിച്ച കുടി കാരണം ആയുസ്സെത്താതെ മോനോ പോയി..ഇനി ഈ പെങ്കൊച്ചിനെയും കൊണ്ട് ഞാനും അവസാനിപ്പിക്കണോ??..”

പേമാരി പെയ്യുന്ന ഒരു രാത്രിയിൽ ജ്വരം മൂർച്ഛിച്ച മകനെ എവിടെയും കൊണ്ടുപോകാൻ ആരുമില്ലാതെ നെഞ്ചോട് ചേർത്തിരുന്നതും രാത്രിയുടെ ഏതോ യാമത്തിൽ ആ കുഞ്ഞിളം നെഞ്ചിലെ ചൂടും തുടിപ്പും നിലച്ചപ്പോൾ ഭ്രാന്തിയെപ്പോലെ അലമുറയിട്ടതും…ചുട്ടുപൊള്ളിക്കുന്ന ഓർമ്മകൾ പതക്കുന്ന നോവോടെ അവളുടെ ഇടനെഞ്ചിൽ കൊളുത്തിപിടിച്ചു..

ആശുപത്രിയിലായതുകൊണ്ട് മാത്രം മറുത്തൊന്നും പറയാതെ അയാൾ തറച്ചുനോക്കി അവൾ കയ്യിൽ മുറുക്കെപിടിച്ച ചുരുട്ടിയ നോട്ടുകൾ വലിച്ചെടുത്തു..

ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് നല്കിയവൻ മടക്കയാത്രയിൽ ഓട്ടോ പാതിവഴിയിൽ നിർത്തിച്ച് ഇറങ്ങിപോകുന്നതും നോക്കി നിസ്സഹായയായി മകളെയും ചേർത്തുപിടിച്ച് ഇരിക്കുമ്പോഴും പൈസ തട്ടിപ്പറിക്കാൻ നേരം കയ്യിൽ അയാളേല്പിച്ച നഖക്ഷതങ്ങൾ നീറ്റലോടെ രക്തം പൊടിയുന്നുണ്ടായിരുന്നു.

കാന്റീനിൽ നിന്നും വാങ്ങിയ കഞ്ഞി അമ്മയും മകളും പങ്കിട്ടെടുക്കുമ്പോൾ അവളുടെ കയ്യിൽ നിന്നും പിടിച്ചുപറിച്ച പൈസക്ക് ഷാപ്പിലെ തലക്കറി തോണ്ടി ക ള്ള് വലിച്ചു കയറ്റുന്നുണ്ടായിരുന്നു ബാബു..

ആരുടേയും വാക്കുകൾക്ക് കാതോർക്കാതെയും കണ്ണീരിനെ അവഗണിച്ചും അയാൾ അയാൾക്കിഷ്ടമുള്ളതുപോലെ നടക്കുമ്പോഴും മകളെ പഠിപ്പിക്കാനും വീട്ടുചിലവുകൾക്കും അയാളുടെ മരുന്നുകൾക്കുമായി പരിഭവങ്ങളും സങ്കടങ്ങളും പറയാതെ അവൾ അഹോരാത്രം ജോലിചെയ്തു.

സ്വപ്‌നങ്ങൾ ഏറെയുണ്ടായിരുന്നൊരുവളിൽ നിന്നും മനസ്സ് കല്ലിച്ചുപോയൊരു സ്ത്രിയിലേക്കുള്ള ദൂരത്തിന്റെ കഥ നെഞ്ചുരുകി കുതിർന്ന തലയിണക്കും കണ്ണുനീർ നനവുള്ള രാത്രികൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂ.

പഠിക്കാൻ മിടുക്കിയായ മകൾ എൻട്രൻസ് എഴുതി കിട്ടിയപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കിയോ ലോണെടുത്തോ അവളെ പഠിപ്പിക്കാൻ ദൃഢനിശ്ചയമെടുത്തത് തന്നെപോലെ മകളുടെ ജീവിതം ഇരുളടഞ്ഞു പോകരുതെന്ന് അവളുറപ്പിച്ചത് കൊണ്ടായിരുന്നു.

അച്ഛൻ അലമാരി തപ്പി ഷിമ്മികൂടിലിരുന്ന കടലാസ് കെട്ടുമെടുത്ത് ഇറങ്ങിപ്പോയെന്ന് മകൾ പറഞ്ഞപ്പോഴാണ് അരക്കെട്ടിന് താഴേക്ക് കരിപുരണ്ട, കക്ഷം കീറിയ ഉടുപ്പ് പോലും മാറാതെ കയ്യിൽ തടഞ്ഞ വാക്കത്തിയുമായി അവൾ അയാളെയും അന്വേഷിച്ച് ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിലേക്ക് ശീട്ട് കളിക്കാരെയും തേടി ഓടിയത്..

വട്ടം ചുറ്റി ഇരിക്കുന്ന ആളുകൾക്കിടയിൽ കുടിച്ച് ബോധമില്ലാതെ ചുവന്ന കണ്ണുകളുമായി തലയിൽ കടലാസ്സ് തൊപ്പിയും കാതിൽ അച്ചിങ്ങയും തൂക്കിയിട്ടിരിക്കുന്ന അയാളെ കണ്ടതും ഉള്ളിലെ വേവും വേദനയും ആളിക്കത്തി ദേഹം മുഴുവൻ ചൂട് പടരുന്നതും നിസ്സഹായതയുടെ കണ്ണീരുപ്പ് ചുണ്ടുകളിലേക്ക് അരിച്ചിറങ്ങുന്നതും അവളറിഞ്ഞു..

കയ്യിൽ കിട്ടിയ വലിയൊരു ഉരുളൻ കല്ല് പെറുക്കിയെടുത്ത് ആഞ്ഞെറിയുമ്പോൾ വീടിന്റെ ആധാരം വച്ച് എടുക്കാനുള്ള ലോണും മകളുടെ പഠിപ്പും മാത്രമായിരുന്നു അവൾക്ക് മുൻപിൽ..

തലക്ക് ഏറുകൊണ്ട് ബാബു പുറകോട്ട് മറിഞ്ഞുവീണതും കളിയിൽ മുഴുകിയിരുന്നവർ ഞെട്ടിയെഴുന്നേറ്റു. വാക്കത്തിയും വീശി പാഞ്ഞടുക്കുന്ന നിർമലയെ കണ്ട് കയ്യിലിരുന്ന ശീട്ടുകൾ വലിച്ചെറിഞ്ഞ് പലവഴിക്ക് അവരോടി..

അന്നുവരെ കാണാത്ത തന്റേടത്തോടെ മുൻപിൽ നിൽക്കുന്ന ഭാര്യയുടെ കണ്ണുകളിലെ കോപാഗ്നിയിൽ താൻ ദഹിച്ചു പോയേക്കുമെന്ന് തോന്നിയ നിമിഷം മുൻപിൽ വിരിച്ചിട്ട പേപ്പറിന്റെ അരികിൽ ഇരുന്ന പ്ലാസ്റ്റിക് കൂട് അയാളെടുത്ത് അവൾക്ക് കൊടുത്തു..

സഹനത്തിന്റെ അങ്ങേയറ്റത്തിൽ അഗ്നിപർവതമായി പൊട്ടിത്തെറിക്കുന്നവളാണ് പെണ്ണെന്ന് അയാളുടെ മുഖത്തിന് നേരെ നീട്ടിയൊന്ന് കാർക്കിച്ചു തുപ്പി അവൾ.

നാട്ടുകാരുടെ മുൻപിൽ കഴുത്ത് വെട്ടാൻ വന്ന ഭാര്യയുമായി തനിക്കിനി ബന്ധവും നാണം കെട്ട ജീവിതവും വേണ്ടെന്നുറപ്പിച്ച് അവളെയൊരു പാഠം പഠിപ്പിക്കാൻ തന്റെ മരണത്തിന് കാരണം ഭാര്യയാണെന്ന് എഴുതിവച്ച് ബാബുരാജ് ട്രെയിനിന് മുൻപിലേക്ക് ചാടി ആത്മഹത്യ ചെയ്തു.

ഛിന്നഭിന്നമായിപ്പോയ ബാബുവിന്റെ ശരീരം പോസ്റ്റ്മോർട്ടം കഴിഞ്ഞ് കെട്ടിപൊതിഞ്ഞ് നടുമുറിയിൽ കൊണ്ടുവന്ന് വച്ചപ്പോഴും അലമുറയിട്ട് കരഞ്ഞ പെങ്ങന്മാർക്ക് നാത്തൂന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ജീവിതം അവസാനിപ്പിച്ച ആങ്ങളയുടെ സ്നേഹത്തിന്റെ കണക്കേ പറയാനുണ്ടായിരുന്നുള്ളൂ..

കുടിച്ച് കുടിച്ച് ദ്രവിച്ചുപോയ അയാളുടെ കരളിനെ രക്ഷിച്ചെടുക്കാൻ അവൾ ഓടിനടന്നപ്പോഴൊന്നും കാണാത്തവരെന്ന് നടിച്ചവർക്ക് മുൻപിൽ അവൾ കണ്ണും കരളും ഇല്ലാത്തവളായി..

ഒരായുഷ്കാലത്തേക്കാൾ അനുഭവിക്കേണ്ട നരകയാതന വിവാഹശേഷം അവൾ അനുഭവിക്കുന്നത് നേർക്ക് നേരെ കണ്ടിട്ടും സ്വത്ത് മോഹിച്ച് ഭർത്താവിനെ ചുട്ടു തിന്നവളെന്ന് നാട്ടുകാർ വിധിയെഴുതി.

ഉണ്ടായിരുന്ന പൊന്നും സ്വത്തും വിറ്റുമുടിച്ചു ഭാര്യയെയും മക്കളെയും ഉപദ്രവിച്ച് ആഭാസനായി നടന്നിരുന്നവന് മരണശേഷം നല്ലവനായിരുന്നെന്ന സ്വഭാവസര്ടിഫിക്കറ്റ് നൽകാനും ആരും മറന്നില്ല..

ആത്മഹത്യ പ്രേരണാക്കുറ്റവും കേസും കൂട്ടവുമായി തകർന്നുപോയ ദിവസങ്ങൾ..ഇവിടെ വീണുപോയാൽ ഇനിയൊരിക്കലുമൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ.

ഭാര്യയുടെ സ്വഭാവദോഷം കൊണ്ടായിരിക്കും അയാൾ കള്ളുകുടിയൻ ആയതെന്നും മനസ്സ് മടുത്തിട്ടാകും അയാൾ ജീവിതം അവസാനിപ്പിച്ചതെന്നും അവൾക്ക് പിന്നിൽ പറഞ്ഞവരോട് വിശദീകരിക്കാൻ നിന്നില്ലവൾ..പുറകെ പറയുന്നവരോട് തർക്കിക്കാനും തിരുത്താനും നേരം കളയുന്നതിനേക്കാൾ അവൾക്കവളുടെ ലക്‌ഷ്യമുണ്ടായിരുന്നു.

അവളെ അറിയുന്നവർ സത്യമറിയുന്നവർ അവളെ ഒറ്റപെടുത്തിയില്ല..ചേർത്ത് നിർത്താൻ മടിച്ചുമില്ല.

തകർന്നുപോയവൾക്ക് മുൻപിൽ താങ്ങനാരുമില്ലെന്ന തിരിച്ചറിവിൽ ഉയിർത്തെഴുന്നേൽക്കേണ്ടത് തന്റെ മാത്രമല്ല താൻ ജന്മം കൊടുത്തവളുടെ കൂടി ആവശ്യമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് മുന്നോട്ടുള്ള ദിവസങ്ങൾ..

ആധാരം ഈടായി വച്ച് കിട്ടിയ പൈസക്ക് മകളെ അവളുടെ സ്വപ്‌നങ്ങളിലേക്ക് പറന്നുയരാനായി മെഡിക്കൽ കോളേജിൽ ചേർത്തത് ജനിച്ച സാഹചര്യത്തിന്റെയോ ജനിപ്പിച്ചവരുടെയോ പോരായ്മകൾ അവളുടെ ജീവിതത്തെ ബാധിക്കരുതെന്ന് ഉറപ്പിക്കാനായിരുന്നു.

ഹോസ്റ്റലുകളിൽ നിൽക്കാൻ ഇഷ്ടമില്ലാതെ പേയിങ് ഗസ്റ്റായി താമസിക്കാൻ വീടുകൾ അന്വേഷിക്കുന്ന കുട്ടികളുണ്ടെന്ന് മകൾ വഴി അറിഞ്ഞതും വീടിന്റെ അല്ലറ ചില്ലറ മിനുക്ക് പണികൾ നടത്തി വീട്ടിൽ രണ്ട് മൂന്ന് പെൺകുട്ടികൾക്ക് കൂടി വാടകയ്ക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കാൻ അവൾ അമാന്തിച്ചില്ല..

അവർക്ക് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുത്തും പുറത്തെ മറ്റ്‌ ജോലികൾ ചെയ്തും ഒരു നിമിഷം പോലും തളരാതെയുള്ള അധ്വാനം..

അവളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ കുട്ടികൾ കൂട്ടുകാരോട് പങ്കുവച്ച പൊതിച്ചോറിന്റെ സ്നേഹക്കൂട്ടിനും രുചിക്കൂട്ടിനും ആവശ്യക്കാർ കൂടിയതോടെ മാസം മുഴുവനുമുള്ള മെസ്സിനും ആളുകൾ കൂടി..

തന്നെപോലെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി തനിക്കൊപ്പം അവർക്കൊരു വരുമാനമാർഗമൊരുക്കി അവരെ കൂടെ കൂട്ടി തളർന്നുപോകുമെന്നും അവസാനിച്ചുവെന്നും വിധിയെഴുതിയവരുടെ മുൻപിൽ തകർത്ത് കളയാൻ ശ്രമിച്ചവരെ ഒരു പുഞ്ചിരിയോടെ നേരിട്ട് ലക്ഷ്യങ്ങൾ ഒന്നൊന്നായി അവൾ നേടിയെടുത്തു..

ചൂത് കളിക്കാനായി ബാബുരാജ് വിറ്റുകളഞ്ഞ വീടിനോട് ചേർന്നുള്ള സ്ഥലത്തോടൊപ്പം കുറച്ച്കൂടി വാങ്ങിയെടുത്ത് ചെറിയൊരു ഹോട്ടലും മെസ്സും തുടങ്ങുമ്പോഴേക്കും വീടിന്റെ മുൻഭാഗത്തായി ഡോക്ടറായ മകൾക്ക് വേണ്ടി അവളൊരു ചികിത്സാമുറി കൂടി ഒരുക്കിയിരുന്നു.

വിത്തു മുളക്കാൻ ഒരു ബീജം നല്കിയതുകൊണ്ട് അച്ഛനാകാനോ മകൾക്കൊരു മാർഗദർശിയാകാനോ കഴിയില്ലെന്ന് വ്യക്തമാക്കി അച്ഛനെന്ന് വിളിച്ചവൻ കൂരിരുട്ടിലേക്ക് തങ്ങളെയും തള്ളിയിട്ട് ജീവിതം അവസാനിപ്പിച്ചപ്പോൾ തളർന്നുപോകാതെ കരുത്തുറ്റ ഒരമ്മ വളർത്തിയതിനാൽ ഞാനും കരുത്തയാണെന്ന വിശ്വാസം മകളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കാൻ അവൾക്കായി.

ഒരുമുഴം കയറിലോ ഒരു നുള്ള് വിഷത്തിലോ ജീവിതം അവസാനിപ്പിക്കാതെ സാഹചര്യങ്ങളോട് യുദ്ധം ചെയ്ത് പ്രതിസന്ധികളെ തരണം ചെയ്ത അപരാജിതയായ അമ്മയുടെ മകളെന്ന് ലോകത്തോട് അഭിമാനത്തോടെ അറിയിച്ച് വീടിന് പുറത്ത്‌ സ്വർണലിപികളാൽ ആലേഖനം ചെയ്ത നെയിം ബോർഡ് മകൾ തൂക്കിയിട്ടത് നോക്കി സമ്മതമില്ലാതെ ഒരു നീർത്തുള്ളി പെയ്യാൻ വിതുമ്പി നിർമ്മലയുടെ മിഴിക്കോണിൽ ഊറികൂടി.

Dr നിവേദ നിർമല MBBS …ബോർഡിലേക്ക് നീണ്ടുകൊലുന്ന വിരലുകൾ കൊണ്ട് ഹൃദയം നിറഞ്ഞു തലോടുമ്പോൾ അവളുടെ തോളിലേക്ക് തല ചായ്ച്ച് മകളുമുണ്ടായിരുന്നു.

ലിസ് ലോന ✍️