അവൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്നു എന്നും വെച്ച് നിന്നെ അങ്ങനെ കയറൂരിവിടണമെന്നാണോ….

എഴുത്ത്: മഹാ ദേവൻ

:::::::::::::::::::::::::::

രാത്രി കിടക്കുമ്പോൾ അത് മാത്രമായിരുന്നു ചിന്ത. ഒരാളെ ചതിച്ചുകൊണ്ട് എങ്ങനെ മറ്റൊരാളുടെ ഭാര്യയായി ജീവിക്കും. മനസ്സിൽ ആ കുറ്റബോധം എന്നും നീറി നീറി കിടക്കില്ലേ. സ്നേഹിക്കുന്നവന്റെ മുഖം മാനസ്സിൽ വെച്ചുകൊണ്ട് കഴുത്തിൽ താലി ചാർത്തുന്നവനെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമോ… കഴിഞ്ഞില്ലെങ്കിൽ ജീവിതം വെറും അഭിനയമാകില്ലേ. “

എത്ര ആലോചിച്ചിട്ടും വരദയ്ക്ക് ഒരു എത്തും പിടിയും കിട്ടുന്നുന്നില്ലായിരുന്നു.

ഒരിടത് ആറു വർഷമായി കാത്തിരിക്കുന്ന പ്രശാന്ത്. ഇപ്പുറത്ത്‌ 24വർഷമായി വളർത്തി പഠിപ്പിച്ച് ഇങ്ങോളമെത്തിച്ച അച്ഛനും അമ്മയും. ഒരിക്കലും അവരെ ഉപേക്ഷിച്ചൊരു ജീവിതം ആഗ്രഹിച്ചിട്ടില്ല. പലപ്പോഴും പ്രശാന്ത് ചോദിച്ചിട്ടുണ്ട് ” എടി പെണ്ണെ, നമ്മുടെ ഇഷ്ട്ടത്തിനു വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ നീ എന്റെ കൂടെ ഇറങ്ങിവരുമോ ” എന്ന്.

അപ്പോഴെല്ലാം വരദയ്ക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളൂ

“. മോനെ, ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്. ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാ വീട്ടുകാരെ വിഷമിപ്പിച്ചു ഞാൻ വരില്ലെന്ന്. അത് അറിഞ്ഞുകൊണ്ട് പിന്നേം പിന്നേം ഈ ചോദ്യം എടുത്തിട്ടാൽ ഞാൻ എന്റെ പാട്ടിനു പോകും, പറഞ്ഞില്ലെന്നു വേണ്ട “

അത് പറയുമ്പോൾ പ്രശാന്തിന്റെ മുഖം അല്പം മങ്ങിയിട്ടുണ്ടാകുമെങ്കിലും ഒരു ചിരി ഉണ്ടാകും ആ മുഖത്ത്‌ ” ഞാൻ വെറുതെ ചോദിച്ചതല്ലെടി ” എന്നും പറഞ്ഞ്.

പക്ഷേ വരദയ്ക്ക് അറിയാമായിരുന്നു അവന്റ ഉള്ളിൽ തന്നോടുള്ള സ്നേഹത്തിന്റെ തോരാത്ത മഴക്കാലം.

“എടാ ചെക്കാ… ഞാൻ വരില്ലെന്നേ പറഞ്ഞുള്ളൂ, പക്ഷേ, മറ്റൊരാൾക്ക് മുന്നിൽ ഞാൻ കഴുത്തു നീട്ടില്ല, പോരെ? അല്ലെങ്കിൽ തന്നെ എനിക്ക് ഉറപ്പുണ്ട് നമ്മുടെ വിവാഹത്തിന് എന്റെ അച്ഛൻ എതിര് പറയില്ലെന്ന്. നിന്നെ കണ്ടാൽ വേണ്ടെന്ന് ആരാടാ പൊട്ടാ പറയാ “

അതും പറഞ്ഞവൾ അവന്റ കൈയിലൊന്ന് മുറുക്കെ പിടിക്കുമ്പോൾ പ്രശാന്ത് അവലെ നെഞ്ചിലേക്ക് ചേർത്തു പിടിക്കും.

പക്ഷേ, ഇന്നിപ്പോൾ അവന് കൊടുത്ത വാക്ക് കാറ്റിൽ പറത്തി മറ്റൊരാൾക്ക് ഭാര്യ ആവേണ്ട അവസ്ഥയാണ്. തന്റെ ഇഷ്ട്ടങ്ങൾക്ക് വീട്ടുകാർ സമ്മതം മൂളുമെന്നുള്ള അമിത പ്രതീക്ഷ വെള്ളത്തിൽ വരച്ച വര പോലെ മാഞ്ഞുപോകുമ്പോൾ ഒരിക്കൽ ഏട്ടൻ പ്രണയിച്ചുകെട്ടിയതല്ലേ എന്നുള്ള കച്ചിത്തുരുമ്പ് ആയിരുന്നു ഒരു പിടിവള്ളി.

” അവൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്നു എന്നും വെച്ച് നിന്നെ അങ്ങനെ കയറൂരിവിടണമെന്നാണോ? എന്റെ മോള് അ മോഹം അങ്ങ് മറന്നേക്ക്. അവൻ ആണ്കുട്ടിയല്ലേ, നീയോ.?

ഒരു പെൺകുട്ടി ഇറങ്ങിപോയാൽ ആ വീട്ടിലെ അവസ്ഥ എന്താകുമെന്ന് അറിയോ? അതുകൊണ്ട് ഇവിടെ ഉള്ളവർക്ക് താല്പര്യം ഇല്ലാത്ത ഒരു ബന്ധം മോള് വെറുതെ മനസ്സിലിട്ട് നടക്കേണ്ട. അതല്ല, ഇനി ഏട്ടന് ചെയ്തല്ലോ എന്നും പറഞ്ഞ് അതുപോലെ ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ അന്ന് രണ്ട് ശവം കൂടി മോള് കാണും, അമ്മേടേം അച്ഛന്റേം. “

അമ്മ വീറോടെ പറയുമ്പോൾ ഒന്നും മിണ്ടാതെ ഇരുന്ന അച്ഛൻ അമ്മയുടെ അവസാനവാചകം കേട്ട് ഒന്ന് ഞെട്ടി ” അത്രയ്ക്ക് വല്യ തീരുമാനങ്ങൾ ഒക്കെ വേണോ ഭാരതി ” എന്ന ചിന്തയോടെ അമ്മയെ നോക്കുമ്പോൾ അമ്മ ഒരു കൂസലുമില്ലാതെ അച്ഛനന് നേരെ ചാടുകയായിരുന്നു ” നിങ്ങളിത് കേട്ടിട്ട് ഒന്നും മിണ്ടാതിരിക്കുകയാണോ മനുഷ്യ ” എന്നും ചോദിച്ചുകൊണ്ട്.

അമ്മയുടെ സംസാരം കേട്ടപ്പോൾ ചോദിക്കണമെന്ന് ഉണ്ടായിരുന്നു ” ഏട്ടൻ കെട്ടിക്കൊണ്ടുവന്നത് ഇതുപോലെ അച്ഛനും അമ്മയും ഉള്ള ഒരു വീട്ടിലെ പെണ്ണിനെ അല്ലെ, അപ്പൊ ആ വീട്ടിലുള്ളവരുടെ സങ്കടം നിങ്ങളൊന്നും ഓർത്തില്ലല്ലോ. അപ്പൊ മകന്റെ കൂടെ കല്യാണത്തിന് പോസ് ചെയ്തിട്ട് ഇപ്പോൾ മകളുടെ കാര്യം വന്നപ്പോൾ നേരെ തിരിച്ചാണല്ലോ ” എന്ന്.

പക്ഷേ, ചോദിച്ചില്ല. ചോദിച്ചിട്ടും കാര്യമില്ല. മുന്നിൽ ഭീക്ഷണിയുടെ സ്വരം ഉയർന്നുകഴിഞ്ഞു.

“എനിക്ക് ഇഷ്ട്ടപ്പെട്ട ആളെ കെട്ടാൻ നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ വേണ്ട. പക്ഷേ, വേറെ ഒരാളെയും എനിക്ക് വേണ്ടി ആരും കണ്ടുപിടിക്കണ്ട. ” എന്ന് വാശിയോടെ പറയുമ്പോൾ ” ഇപ്പോൾ നിന്റ കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ അച്ഛനും അമ്മയും ഉണ്ട്, ഞങ്ങൾ ചത്തു കഴിഞ്ഞിട്ട് നീ സ്വന്തം ഇഷ്ട്ടപ്രകാരം എന്താച്ചാ ചെയ്‌തോ ” എന്ന് അമ്മ കണിശമായി പറയും. അതിലുമുണ്ടായിരുന്നു മരണത്തെ മുന്നിൽ നിർത്തിയുള്ള ഭീക്ഷണി.

അന്ന് ഭക്ഷണം കഴിക്കാതെ വാശി പിടിച്ചു കിടക്കുമ്പോൾ അരികിലെത്തി അച്ഛൻ വാത്സല്യത്തോടെ മുടിയിൽ തലോടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു

” മോളെ ഒരാളെ ഇഷ്ട്ടപ്പെടുന്നതിൽ തെറ്റില്ല. പക്ഷേ, പിനീട് ജീവിതത്തിൽ എടുത്തുപോയ തീരുമാനം തെറ്റായെന്ന് തോന്നരുത്. ജീവിതം ഒന്നേ ഉളളൂ. നിന്നെ നല്ല ഒരാളുടെ കയ്യിൽ പിരിച്ചേല്പിക്കണം എന്നെ അച്ഛന് ആഗ്രഹമുള്ളൂ. നാളെ വിഷമിക്കുന്നത് കാണാനുള്ള ഇട വരരുത്. അതുകൊണ്ടാണ് അമ്മ ഇപ്പോൾ വന്ന വിവാഹത്തിന്…… ഒന്നല്ലെങ്കിൽ അമ്മേടെ അകന്ന് ബന്ധത്തിൽ ഉള്ളവരല്ലേ, പരസ്‍പരം അറിയാവുന്നവർ ആണ്. പയ്യനെ കുറിച്ച് ആർക്കും മോശമായ ഒരു അഭിപ്രായമില്ല. എല്ലാം തികഞ്ഞ ഒരു ബന്ധം മുന്നിൽ കൈ നീട്ടി നിൽകുമ്പോൾ……..മോള് ആലോചിക്ക്. ചിലത് നഷ്ട്ടപ്പെടുത്തിയാൽ ചിലപ്പോൾ നേടാൻ പോകുന്നത് അതിനേക്കാൾ ഉയർന്ന മറ്റു പലതും ആയിരിക്കും. ഇനി ഇതിന്റെ പേരിൽ നിരാഹാരം ഒന്നും വേണ്ട. വന്ന് ഭക്ഷണം കഴിക്ക്. എന്നിട്ട് മോളെ സമയമെടുത്തു ആലോചിക്ക്. “

അച്ഛൻ ഒരിക്കൽകൂടി വാത്സല്യത്തോടെ മുടിയിലൂടെ തലോടിക്കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു വരദ.

പിറ്റേ ദിവസം പ്രശാന്തിനെ കാണുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു. അവനോട് എന്ത് പറയും എന്നറിയാതെ മനസ്സ് ചാഞ്ചാടുന്നു.

ഒരു വാക്ക് കൊണ്ട് ഒരു ആയുഷ്ക്കാലം കൊതിച്ച സ്നേഹത്തെ വേണ്ടെന്ന് വെക്കണം. അല്ലെങ്കിൽ……അവൾ കടൽക്കാറ്റിനൊപ്പം വിദൂരതയിലേക്ക് നോക്കി ഇരിക്കുമ്പോൾ അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ ചോദിക്കുന്നുണ്ടായിരുന്നു ” നമുക്ക് പിരിയാനുള്ള സമയമായി അല്ലെ ” എന്ന്. അവൾ ഞെട്ടലോടെ മുഖം തിരിക്കുമ്പോൾ അവന്റ മുഖത്ത്‌ പുഞ്ചിരി ആയിരുന്നു..

” സ്നേഹിക്കുന്ന പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയുന്നവനല്ലേ യഥാർത്ഥ കാമുകൻ. പക്ഷേ, മനസ്സിലാക്കിവന്നപ്പോൾ നഷ്ടങ്ങളുടെ കണക്കിൽ പെടുത്താൻ ഒന്നുകൂടി. !

അവൻ സംസാരിക്കുന്നത് പുഞ്ചിരിയോടെ ആണെങ്കിലും ആ ഉള്ള് വിങ്ങുന്നത് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു..

” ടാ…. നിനക്ക് കഴിയോ എന്നെ മറക്കാൻ “

അവൾ അവന്റ മുഖത്തേക്കൊന്ന് നോക്കി. അവൻ എസ് എന്ന് പറഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു അവൾ ഏറെ കൊതിച്ചത്. അവൻ പറഞ്ഞതും അത് തന്നെ ആയിരുന്നു

” YES?” !!!

അവൾ ആഗ്രഹിച്ച ഉത്തരം ആയിട്ട് കൂടി പെട്ടന്നുള്ള അവന്റ വാക്ക് അവളെ വല്ലാതെ അമ്പരപ്പിച്ചു.

” അതേടോ, ഞാൻ മറക്കും. അല്ലെങ്കിൽ തന്നെ ഇന്ന് നഷ്ട്ടപ്പെട്ടതിനെ ഓർത്ത് ഒരു ആയുഷ്‌ക്കാലത്തെ ജീവിതം കൂടി നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഈ ഓർമ്മകൾ എന്ന് പറയുന്നത് ഒരു ക്യാൻസർ ആണ്. മനസ്സിനെയും ജീവിതത്തെയും കാർന്നു തിന്നുന്ന ക്യാൻസർ. അങ്ങനെ ഒരു രോഗിയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു. അതുപോലെ നിന്റെയും. പക്ഷേ, ജീവിക്കാൻ കഴിയണമെന്ന് ഇല്ലല്ലോ. വിധി…. അത് സഞ്ചരിക്കുന്ന വഴി നാം നടക്കും. “

അവന്റ വാക്കുകളിലെ പോസിറ്റിവ് ചിന്തകള് അവളെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ശരിക്കും ഇവനെ നഷ്ട്ടപെടുന്നിടത്താണ് താൻ തോറ്റുപോകുന്നതെന്നും.

ഒരുപാട് നേരം ആ കടലിന്റെ പ്രണയത്തിനു സാക്ഷിയായി ഇരുന്നു അവർ. പിന്നെ കാണും എന്ന വാക്കോടെ പിന്തിരിയുമ്പോൾ അവൻ പിറകിൽ നിന്ന് വിളിക്കുന്നുണ്ടായിരുന്നു. !

” ടോ, ഞാൻ കുറച്ചു മുന്നേ പറഞ്ഞ ആ വിധി ഉണ്ടല്ലോ…. YES. ആ വിധി ഒന്ന് മാറിയാലോ…. നിന്റ കഴുത്തിൽ താലി വീഴും വരെ കാത്തിരിക്കും. അതുവരെ നീയും നിന്റ ഓർമ്മയും ഇവിടെ തന്നെ ഉണ്ടാകും. ആ താലി നിന്റ കഴുത്തിൽ വീഴും വരെ..

അഥവാ വീണില്ലെങ്കിൽ, ഞാൻ ഒരു താലി പണിതിട്ടുണ്ട്. പിന്നെ അതെ നിന്റ കഴുത്തിൽ വീഴൂ…. “

അതും പറഞ്ഞ് അവൻ പുഞ്ചിരിയോടെ നിൽക്കുമ്പോൾ വരദ വല്ലാത്ത സന്തോഷത്തോടെ അവന്റെ നേർക്ക് കൈവീശി കാണിച്ചു,

എല്ലാം പോസിറ്റിവ് ആയി മാറാൻ കൊതിച്ചുകൊണ്ട് !!

✍️ദേവൻ