അവളോർമ്മകൾ
Story written by NIJILA ABHINA
::::::::::::::::::::::::::::::::
പറമ്പിന്റെ മൂലയിലെ കശുമാവ് കുലുക്കി കളിക്കുന്ന കുട്ട്യോളെ നോക്കി നിൽക്കുമ്പോൾ എന്റെ ചിന്തകളിൽ പഴയ ഞാനായിരുന്നു…എന്തിനെന്നറിയാതെ ഒരു കുഞ്ഞു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി പതിയെ പതിയെ അതൊരു കണ്ണുനീർ ചാലായി ഓർമകളെ കീറി മുറിക്കുമെന്നറിയാവുന്നത് കൊണ്ട് തന്നെ വാതിലിൽ കിടന്ന തോർത്തെടുത്തു മുഖമമർത്തി തുടച്ചു.
“ന്താ കുഞ്ഞി കണ്ണൊക്കെ നിറഞ്ഞ്,,,,, തിരിച്ചു പോകാനുള്ള വിഷമം ആണെങ്കിൽ നീ പോണ്ട, രണ്ടൂസം കഴിയട്ടെ”
അമ്മയുടെ വാക്കിനെ ഒരു കുഞ്ഞു പുഞ്ചിരി കൊണ്ട് ഞാൻ ചിരിച്ചു തള്ളി. അമ്മയുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു.
“അവരെ കാണുമ്പോ എനിക്കൊന്നൂടെ കുഞ്ഞാവാൻ തോന്നാ അമ്മേ. പഴയയാ കുഞ്ഞീടെ ചെറുപ്പം അല്ല ഇന്നത്തെ പോലെ ല്ലാരും സ്നേഹിക്കുന്ന എല്ലാർക്കും ഇഷ്ടോള്ള എല്ലാരുo സ്നേഹത്തോടെ മോളേന്ന് വിളിക്കുന്ന കുഞ്ഞാവണം എനിക്കും. ദേ അത് കണ്ടോ അവരെ പോലെ മരം കുലുക്കിയും കുറുമ്പ് കാണിച്ചും പിന്നെ അച്ഛന്റെ മടീലിരുന്നും ആ മീശ പിടിച്ചു വലിച്ചും അങ്ങനെ അങ്ങനെ..
മാളൂട്ടിയും കണ്ണനും സ്വതസിദ്ധമായ നിഷ്കളങ്കത നിറഞ്ഞ മുഖത്തോടെ കുഞ്ഞേച്ചി വാ കളിക്കാലോ എന്ന് പറയുമ്പോൾ, അവരോടൊപ്പം കുഞ്ഞു ചിരട്ട പെറുക്കി കളിക്കുന്നതായഭിനയിക്കുമ്പോൾ ആ കുഞ്ഞു മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരി ന്റെ മനസിനെ കുളിരണിയിപ്പിക്കുന്നുണ്ടായിരുന്നു..
“ഏറെ കാലത്തിനു ശേഷം അല്ലേ അമ്മേ….. പുറത്തിറങ്ങീട്ടും കളിച്ചിട്ടും മനസ്സ് തുറന്നു ചിരിച്ചിട്ടും ഒക്കേം ഒത്തിരിയായി. പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു…
അമ്മയുടെ കണ്ണിലും ഒരുതുള്ളി കണ്ണീരു മൂടിയോ… അകത്തളത്തിൽ നിന്ന് കേട്ട അച്ഛന്റെ ചുമയിൽ നിന്ന് ഞാനും പതിയെ ഓർക്കുകയായിരുന്നു ഒരഞ്ചു വയസുകാരി കുഞ്ഞി പെണ്ണിനെ…ഏറെ ഇഷ്ടത്തോടെ ഓടിച്ചെന്ന് ഒട്ടിപ്പിടിക്കാൻ നോക്കുമ്പോൾ തള്ളി മാറ്റി മുഖം ചുളിച്ചിരുന്ന അച്ഛനെ… അച്ഛന്റെ തോളിലിരുന്ന് ഞാനച്ഛന്റെ മോളാന്ന് ഗമ പറഞ്ഞിരുന്ന കുഞ്ഞനുജത്തിയെ,, അമ്മേടെ മടിയിലും അച്ഛന്റെ വയറിലും മാറി മാറിയിരുന്ന് വായിൽ വിരലിട്ട് കണ്ണടച്ച് കിടക്കുന്ന കുഞ്ഞനിയനെ,, ഇതൊക്കെയും ഒരു സ്വപ്നം മാത്രമായി കണ്ട് കണ്ണുനിറയ്ക്കുന്ന കുഞ്ഞി പെണ്ണിനെ…
ആദ്യത്തെ കണ്മണിക്ക് കിട്ടുന്നൊരു പ്രത്യേക വാത്സല്യം ണ്ട് അതൊക്കെയും അനുഭവിച്ച മൂന്ന് വര്ഷങ്ങളുണ്ട്. ഓർമയിൽ വലുതായൊന്നുമില്ലെങ്കിലും അന്ന് രാജകുമാരിയായിരുന്നു ഞാനും… പിന്നീടെപ്പോഴാണ് ഓരോന്നും മാറി മറിഞ്ഞത്.. നിന്നെപ്പോലല്ല കുഞ്ഞാവകളു രണ്ടും വെളുത്തിട്ടാണല്ലോ കുഞ്ഞി ന്ന് ല്ലാരും പറഞ്ഞു തുടങ്ങുമ്പോ അനിയൻ കുട്ടിയെയും അവന്റെ വാല് പോലെ പിന്നാലെ വന്ന വെളുത്തു ചീർത്ത അനിയത്തി പെണ്ണിനേം ഒട്ടൊരു പകയോടെ ഞാനും നോക്കി തുടങ്ങിയിരുന്നു.. അതോണ്ടാവും അവരെ എടുക്കാനോ ഓമനിക്കാനോ തോന്നിയതുമില്ല.
അച്ഛൻ കൊണ്ട് വന്നിരുന്ന പലഹാരപ്പൊതികൾ ഊഴം വെച്ച് രണ്ടാളും കൈക്കലാക്കുമ്പോഴും അമ്മയേം അച്ഛനേം എന്റെ എന്റെ എന്ന് പറഞ്ഞ് രണ്ടാളും പങ്കിട്ടെടുക്കുമ്പോഴും ഞാനന്ന് മനസിലാശ്വസിച്ചു. അമ്മ പറയാറുള്ള പോലെ അവര് ചെറ്യേ കുട്ട്യോളല്ലേ അതോണ്ടാ അച്ഛനും അവരെ കൊഞ്ചിക്കണേ എന്ന് ആശ്വസിച്ചു…
പിന്നെ പിന്നെ അച്ഛന്റെ മാറ്റം ഞാനും മനസിലാക്കി തുടങ്ങി മടിയിൽ കേറിയിരിക്കാൻ ചെല്ലുന്നതും പലഹാരപ്പൊതിക്ക് കൈ നീട്ടുന്നതും അത് വേണം ഇത് വേണമെന്ന് പറഞ്ഞു കുറുകുന്നതും പതിയെ നിർത്തി. ഞാനെന്റെതായ ലോകത്തേക്ക് ഒതുങ്ങി തുടങ്ങിയിരുന്നു അപ്പോഴേക്ക്. ….
ഓർമകൾക്ക് വല്ലാത്ത ചൂട് കൂടിയാണ് ദേഹം പൊള്ളിയടരുന്നത് പോലെ. പച്ച മുറിവിൽ വെള്ളം കോരിയൊഴിക്കുന്നത് പോലെ അങ്ങനെ അങ്ങനെ എന്തൊക്കെയോ ഒരു തരം നീറ്റൽ. പേരിട്ടു വിളിക്കാൻ സാധിക്കാത്ത ഉണങ്ങാത്ത ഒരുതരം വേദന… അല്ലെങ്കിലും എന്റെ വേദനകൾക്കൊന്നും കാരണമുണ്ടായിരുന്നില്ലല്ലോ എന്തെന്നോ എന്തിനെന്നോ പേരിട്ടു ചൊല്ലി വിളിക്കാൻ പറ്റാത്ത മുറിവുകൾ…
“നിന്നെ നിന്റച്ഛനെന്താ ഒട്ടും ഇഷ്ടല്ലേ മോളേ??
അന്നത്തെ ശാന്തേടത്തിയുടെ ചോദ്യത്തിൽ തകർന്നു പോയ എന്റെ മനസ്സ് ആരും കണ്ടിരുന്നില്ല കുത്തിയൊഴുകുന്ന തോട്ടുവക്കിൽ കുത്തിയിരുന്ന് കരഞ്ഞു കരഞ്ഞു ശ്വാസം മുട്ടിയപ്പോഴാണ് ആദ്യമായി ആത്മഹത്യ ചെയ്യാൻ തോന്നിയത്.
“കുളിക്കാത്ത ജന്തു ആരെ പറ്റിക്കാനാ തോട്ടു വക്കിലിരിക്കണേ??
ചോദ്യം ഒന്നരയടി പൊക്കമില്ലാത്ത കൂട്ടാരൻ ചെക്കന്റെയായിരുന്നു… ആരോടും മിണ്ടാതെ ഒറ്റയ്ക്ക് നടന്നിരുന്ന ന്നെ കൂടെ കൂട്ടി സംസാരിക്കാൻ പഠിപ്പിച്ച, ഒരു പാത്രത്തിൽ നിന്ന് കയ്യിട്ട് വാരാറുള്ള,,എനിക്ക് വേണ്ടി വഴക്കുണ്ടാക്കി കൂട്ടുകാരെ കല്ല് പെറുക്കി എറിഞ്ഞിട്ടുള്ള കട്ട ചങ്ക്..
എന്റെ നിറഞ്ഞ കണ്ണ് കണ്ടിട്ടാവണം പിന്നീടൊന്നും ചോദിക്കാതെ കയ്യിലെ ഉണ്ണിയപ്പത്തിന്റെ പാതി വായില് വെച്ച് തന്ന് ഒന്നരയടി വെള്ളത്തിൽ ഒലിച്ചു പോവില്ലെന്നും സങ്കടങ്ങൾ ഇറക്കി വെക്കാൻ പറ്റില്ലെന്നും പറഞ്ഞു വീണ്ടും സങ്കടപ്പെടുത്തിയ ചെക്കനെ ഓർക്കുമ്പോൾ ഇന്നും ചുണ്ടിലൊരു പുഞ്ചിരി വിടരുന്നുണ്ട്….
…………………………….
അകത്തളത്തിൽ നിന്നുയരുന്ന ചുമയ്‌ക്കൊപ്പം അച്ഛന്റെ തേങ്ങല് കൂടി ഉയർന്നു എന്ന് തോന്നിയിട്ടാണോ എന്തോ അമ്മ ഒരു ദീർഘ നിശ്വാസത്തോടെ അകത്തേക്ക് വലിഞ്ഞത്.
“ഞാനവളോട് ചെയ്തത് കുറച്ചു കൂടിപ്പോയിരുന്നോ ശാരദേ,,
അമ്മയിൽ നിശബ്ദദ.
“അല്ലെന്ന് നിനക്ക് പോലും പറയാൻ പറ്റുന്നില്ല ല്ലേ. അച്ഛാ അച്ഛാ ന്ന് വിളിച്ചു പിന്നാലെ നടന്നിട്ടുണ്ട് ന്റെ കുഞ്ഞ് അപ്പഴൊക്കെ ഞാൻ ആട്ടി അകറ്റി ല്ലേ അതൊക്കെ ഇത്രമാത്രം അവളെ കുത്തി നോവിച്ചു എന്ന് ഇന്നാടോ ഞാൻ മനസിലാക്കിയത്…”
“ഏട്ടനതൊന്നും ഓർക്കണ്ട മോൾക്കിപ്പോ ഒരു വിഷമോം ല്ല “
“മറക്കാൻ പറ്റണില്ല. ചങ്ക് പൊടിയുന്നു ന്റെ… അച്ഛന്റെ മക്കള് ന്ന് പറഞ്ഞു കൊഞ്ചിച്ച രണ്ടും ഈ മുറിയിലേക്ക് കേറീട്ട് കാലങ്ങൾ കൊറേയായി. ആഴ്ചയിൽ ആഴ്ചയിൽ ഓടി വരാൻ ഇന്നെന്റെ കുഞ്ഞി മാത്രേ ള്ളൂ.
എന്റെ കുഞ്ഞി….. അച്ഛന്റെ വായില് നിന്നത് കേൾക്കാൻ കൊറേയെറെ കൊതിച്ചിട്ടുണ്ട് ഇന്നത് കേട്ടപ്പോ എന്തോ നെഞ്ച് വിങ്ങി..
തിരിച്ചു പോവാട്ടോ അച്ഛാ എന്ന് പറഞ്ഞു മുറിയിലേക്ക് കയറുമ്പോൾ കണ്ണ് തുടയ്ക്കുകയായിരുന്നു അച്ഛൻ. ഒന്നും മിണ്ടിയില്ല ആ കൈയെടുത്തമർത്തി പിടിക്കുമ്പോൾ ഞാനാ പഴയ കുഞ്ഞാവുകയായിരുന്നു ആ പണ്ടത്തെ മൂന്നുവയസ്സുകാരി.. അന്നത്തെ പഴയ രാജകുമാരി…
“അച്ഛനോട് ക്ഷമിക്കാൻ പറ്റോ മോൾക്ക്;
അതിനു പകരം ഞാനൊന്നു പുഞ്ചിരിച്ചു.
” തെറ്റ് ചെയ്തോരോടല്ലേ അച്ഛാ ക്ഷമിക്കണ്ടേ.. എന്റച്ഛൻ എനിക്കെന്നും ശെരിയായിരുന്നു.. അച്ഛനറിയോ നമ്മൾ ഏറ്റോം കൂടുതൽ വേദനിപ്പിക്കുന്നതെ ഒത്തിരി ഇഷ്ടോള്ളോരെയാ അപ്പൊ അച്ഛനെന്നെ അന്നും ഒരുപാടിഷ്ടാരുന്നു അങ്ങനെ വിശ്വസിക്കാനാ ഈ കുഞ്ഞിക്കിഷ്ടം”
വാതിലിനു മറവിൽ അപ്പോഴും അമ്മയുടെ രണ്ട് നരച്ച കണ്ണുകൾ പെയ്തൊഴിയുന്നുണ്ടായിരുന്നു. കാലം തെറ്റി പെയ്ത മഴ കണക്കെ ആർത്തലച്ചു ഞാനും.
അച്ഛന്റെ കണ്ണുനീര് വീണെന്റെ തല നനയുമ്പോഴും ചേർത്ത് പിടിച്ചെന്റെ നെറുകയിൽ ചുംബിക്കുമ്പോഴും ഞാനാ നെഞ്ചിലേക്ക് കൂടുതൽ ഒട്ടി ചേർന്നു… കിട്ടാതെ പോയ പഴയ സ്നേഹം മുഴുവൻ ഒരുമിച്ച് പിടിച്ചെടുക്കാൻ തക്കവണ്ണം.
നിജില