ആ മുഖം ഒരിക്കൽ കൂടി എന്നെങ്കിലും കാണുകയാണെങ്കിൽ മനസ്സിൽ കരുതിവെച്ച ഒരു ചോദ്യമുണ്ട്…

എഴുത്ത്: മഹാ ദേവൻ

” വേലി ചാടിയ തള്ളയുടെ അല്ലെ വിത്ത്.. നാളെ മതില് ചാടില്ലെന്ന് ആര് കണ്ടു “

വയസ്സറിയിച്ച കാലം മുതൽ മുത്തശ്ശിയുടെ വായിൽ നിന്നും സ്ഥിരം പല്ലവി കണക്കെ കേട്ടുതുടങ്ങിയതായിരുന്നു പുച്ഛത്തോടെ ഉള്ള ആ വാക്ക്.

തനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മറ്റൊരുത്തന്റെ കൂടെ പോയതാണെന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. അത്‌ ചില സമയങ്ങളിൽ തനിക്ക് നേരെയുള്ള കുത്തുവാക്കായി മുത്തശ്ശി ഉപയോഗിക്കുമ്പോൾ ആയിരുന്നു അമ്മ എന്ന വാക്കിനോട് പുച്ഛം തോന്നിതുടങ്ങിയത്.

അന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒന്നുമറിയാത്ത പ്രായത്തിലുള്ള തന്നെയും ഉപേക്ഷിച്ച് എന്തിനാണ് അമ്മ പോയതെന്ന്.. തനിക്ക് കിട്ടേണ്ട അമ്മയുടെ സ്നേഹത്തെ നിഷേധിക്കാൻതക്കവണ്ണം താൻ എന്ത് തെറ്റാണ് അമ്മയോട് ചെയ്തതെന്ന്..കിട്ടാതെ പോയ സ്നേഹത്തിനു വേണ്ടി കൊതിച്ചിരുന്നു അന്നൊക്കെ പലപ്പോഴും.

പക്ഷേ, ഇപ്പോൾ അമ്മ എന്ന വാക്കിനോട് തന്നെ പുച്ഛമാണ്. !

ആ മുഖം ഒരിക്കൽ കൂടി എന്നെങ്കിലും കാണുകയാണെങ്കിൽ മനസ്സിൽ കരുതിവെച്ച ഒരു ചോദ്യമുണ്ട് ” എന്തിനായിരുന്നു ഒൻപത് മാസം വയറ്റിൽ ചുമന്ന് ഒരു ഔദാര്യം കണക്കെ സ്നേഹം കാണിച്ച് പറക്കമുറ്റും മുന്നേ പായിൽ ഉറക്കിക്കിടത്തി ഒരുനാൾ ഉപേക്ഷിച്ചുപോയതെന്ന്. ! ഇങ്ങനെ പെറ്റിട്ട് പറയിപ്പിക്കാൻ നിൽക്കാതെ പിറന്നു വീഴും മുന്നേ പറഞ്ഞുവിടാമായിരുന്നില്ലേ എന്ന്. അങ്ങനെ ആണെങ്കിൽ ഒന്നുമറിയാതെ മരണം കൊണ്ട് തീർന്നേനെ എല്ലാം. ഇതിപ്പോ കുത്തുവാക്കുകളും പരിഹാസവുമായി കൊല്ലാതെ കൊല്ലുകയാണ് എല്ലാവരും. എന്തിനായിരുന്നു ഇത്രയും ക്രൂരത എന്ന് “

” എടി അമ്പിളി,…..അമ്പിളി….എവിടെ പോയി കിടക്കാ ഈ പെണ്ണ്. അതെങ്ങനാ ആ പെ ഴച്ചവൾക്കുണ്ടായ വിത്തല്ലേ. അതിന്റ കൊണമല്ലേ കാണിക്കൂ. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട്‌ പോകുന്ന ഒരുമ്പട്ടവൾ ” എന്നും പറഞ്ഞ് നിർത്തുമ്പോൾ പിന്നിൽ അതെല്ലാം കേട്ട് കണ്ണുനനയിച്ചുകൊണ്ട് അവൾ നിൽപ്പുണ്ടായിരുന്നു .. അമ്പിളി.

” ഓഹ്, ഇവിടെ ഉണ്ടായിരുന്നോ പി ഴച്ചവളുടെ സന്തതി. ഞാൻ കരുതി അമ്മയെ പോലെ കണ്ടവന്റെ കൂട് ക ഴപ്പ് മൂത്ത് ഇറങ്ങിപ്പോയെന്ന്. തള്ള കാണിച്ചത്തിന്റെ ഒരു ചുവട് മുന്നിൽ അല്ലെ മകളും കാണിക്കൂ.. ” എന്നും പറഞ്ഞ് പുച്ഛത്തോടെ നോക്കുന്ന മുത്തശ്ശിക്ക് മുന്നിൽ നിറഞ്ഞ കണ്ണുകൾ തുടക്കാൻ പാടുപെടുമ്പോൾ ഏങ്ങലടിച്ച ചുണ്ടുകൾ വിറച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു

” ന്തിനാ മുത്തശ്ശി എന്നോട് ഇതും പറഞ്ഞതിങ്ങനെ നെഞ്ചിൽ കുത്തന്നത്. അമ്മ പോയതിന് ഞാൻ എന്ത് പിഴച്ചു. ഒന്നുമറിയാത്ത പ്രായത്തിൽ ഉപേക്ഷിച്ചുപോയ അമ്മയെ ഞാൻ ഓർത്തെടുക്കാൻ പോലും ശ്രമിക്കാതിരിക്കുമ്പോൾ അതെല്ലാം കുത്തുവാക്കുകൾ കൊണ്ട് ഓർമ്മിപ്പിക്കാൻ നിൽക്കുന്നത് എന്തിനാണ് മുത്തശ്ശി ” എന്ന്.

അപ്പോഴും മുത്തശ്ശിയുടെ മുഖത്തു പുച്ഛം ആയിരുന്നു.

” നിന്റെ തള്ള കണ്ടവന്റെ കൂടെ പോയത് കൊണ്ട് നശിച്ചത് എന്റെ മകന്റെ ജീവിതം ആണ്. കണ്ടില്ലേ, എന്നും കേറിവരുന്നത് നാലുകാലിൽ ആണ്. അതുവരെ ഒരു തുളളി കൈകൊണ്ട് തൊടാത്തവൻ ഇന്നിപ്പോൾ നിലം തൊടാതെ ആണ് വരുന്നത് തന്നെ. എല്ലാം നീ കാരണമാ.. നിന്റെ കാല് ഈ ഭൂമിയിൽ എന്ന് കുത്തിയോ അന്ന് തുടങ്ങിയതാ ഈ വീടിന്റ നാശം. ആദ്യം തന്തയും തള്ളയും തമ്മിൽ തെറ്റി.പിന്നെ ഒരു രാത്രി തള്ള വേറെ ഒരുത്തന്റെ കൂടെ പോയി. അന്ന് മുതൽ ഒരുത്തൻ കുടിച്ച് കുടിച്ചു നശിക്കുന്നു. ഇനി ഈ വീടിന്റ അസ്ഥിവാരം കൂടി തോണ്ടിയാൽ നിന്റെ ജന്മം പൂർത്തിയാകും…. കുടുംബം മുടിക്കാൻ ഉണ്ടായ സന്തതി ” എന്നും പറഞ്ഞ് ഒന്ന് നീട്ടി കാർക്കിച്ചുതുപ്പികൊണ്ട് മുത്തശ്ശി വീടിനകത്തേക്ക് കയറുമ്പോൾ ഒന്നുകൂടി പറഞ്ഞു ” നേരം സന്ധ്യയായി, നിന്റെ തന്ത കുടിച്ച് എവിടേലും കിടപ്പുണ്ടാവും കുന്തംമറിഞ്ഞ്. പോയി കൂട്ടികൊണ്ട് വാ… അല്ലെങ്കിൽ പേരിനു പറയാൻ നാളെ തന്തയും ഇല്ലാതാകും ” എന്ന്.

അതോടൊപ്പം ” ഇനി ആർക്ക് അറിയാം ഇതിന്റെ വിത്ത് വേറെ ആരുടെയെങ്കിലും ആണോ എന്ന്. ” എന്നും പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോകുന്ന മുത്തശ്ശിയെ നോക്കി പതിയെ പിൻതിരിഞ്ഞു പുറത്തേക്ക് നടക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഇങ്ങനെ വാക്കുകളിൽ കിടന്ന് ആയിരം തവണ മരിച്ചു ജീവിക്കാതെ ആരുടേയും കുത്തുവാക്കുകളോ പരിഹാസമോ ഇല്ലാത്ത ലോകത്തേക്ക് ഒരു മരണത്തെയും കൂട്ട് പിടിച്ച് രക്ഷപ്പെടാമായിരുന്നില്ലേ ” എന്ന്.

ആ കൂറ്റാക്കൂരിരുട്ടിലേക്ക് ഒരു വെട്ടം പോലും കയ്യിൽ കരുതാതെ അച്ഛനെ തിരഞ്ഞിറങ്ങുമ്പോൾ പിന്നിൽ ഒരു കരിയിലഅനക്കം പോലും അവളെ വല്ലാതെ ഭയപ്പെടുത്തി. പക്ഷേ, അതിനേക്കാൾ ഭയം മുത്തശ്ശിയുടെ വിഷം തീണ്ടിയ വാക്കുകൾക്ക് ഉണ്ടെന്ന് ഓർക്കുമ്പോൾ ഭയത്താൽ പിന്നോട്ട് വലിയുന്ന കാലിനെ മുന്നോട്ട് വലിച്ചുവെച്ചുകൊണ്ട് അവൾ നടന്നു അച്ഛനെ തിരഞ്ഞുകൊണ്ട്. !

—————————————-

അന്നും കോളേജിൽ എത്തുമ്പോൾ ക്ലാസ്സ് തുടങ്ങിയിരുന്നു. ഇനി കേറിയാലും മനസ്സിനെ അവിടെയൊന്നും പിടിച്ച് നിർത്താൻ അവൾക്ക് കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് അടുത്ത അവർ കേറാം എന്ന് കണക്ക് കൂട്ടി കോളേജിലെ വാകമരത്തിന്റെ തണലോരം ചേർന്നിരിക്കുമ്പോൾ ആരോ പിന്നിൽ നിന്നും പറയുന്നുണ്ടായിരുന്നു ” ദേ, ഇന്നും ലേറ്റ് ആണല്ലോ പിഴച്ച തള്ളയുടെ പഠിപ്പിസ്റ്റ് മോള് ” എന്ന്.

അവൾക്കറിയാമായിരുന്നു അത്‌ അരുൺ ആയിരിക്കുമെന്ന്. അവൻ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും കളയില്ല എന്നും. അതുകൊണ്ട് തന്നെ ശബ്ദം കെട്ട ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ അവൾ തലയും താഴ്ത്തി ഇരിക്കുമ്പോൾ ” പി ഴച്ചവൾ എന്ന വാക്കിനേക്കാൾ അങ്ങനെ ഒരു അമ്മയുടെ മകളായി ജനിക്കുന്നതിനോളം മോശമായ ഒന്ന് ഈ ലോകത്ത് ഒരു പെണ്ണിനും വരാനില്ല ” എന്ന് മനസ്സിലോർത്തു.

സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി പോകുമ്പോൾ അതിന്റ പഴി കേൾക്കേണ്ടത് ഉദരത്തിൽ ചുമന്ന കുഞ്ഞായിരിക്കുമെന്ന് അമ്മമാർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ. !

ഒരു ദിവസം നിങ്ങൾക്ക് തോന്നുന്ന ചാപല്യങ്ങളുടെ പരിണിതഫലം ഒരു ജീവിതം മുഴുവൻ അനുഭവിക്കുന്നത് മക്കൾ ആണെന്ന് ഒന്ന് ഓർത്തിരുന്നെങ്കിൽ. !

അങ്ങനെ ഓർത്തിരുന്നെങ്കിൽ താനടക്കം എത്രയോ കുട്ടികൾ ഒരു പേരുദോഷത്തിൽ നിന്നും രക്ഷപ്പെടുമായിരുന്നു ” പി ഴച്ചവൾക്കുണ്ടായ സന്തതി. “

അത്‌ പിന്നെയും ഓർക്കുമ്പോൾ അവൾക്ക് ചിരിയാണ് വന്നത്. ശരിക്കും ഇങ്ങനെ വാക്കുകൾ കൊണ്ട് കുത്തിനോവിക്കുന്നവർക്ക് കിട്ടുന്ന സുഖം എന്തായിരിക്കും, അല്ലെങ്കിൽ പരിഹസിച്ചു ചിരിക്കുമ്പോൾ മനസ്സിന് എന്ത് സന്തോഷം ആണ് കിട്ടുന്നത്.

വീണു കിടക്കുന്ന മരത്തിലേക്ക് ഓടിക്കയറുമ്പോൾ കിട്ടുന്ന ഒരു സുഖം.

ആ സുഖം അനുഭവിക്കട്ടെ എല്ലാവരും.

അവൾ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് തണൽ ചേർന്ന് കുറച്ചു നേരത്തേക്കെങ്കിലും ഒരു സമാധാനം കൊതിച്ചിരിക്കുമ്പോൾ അരുൺ ഒരു വഷളൻ ചിരിയുമായി അരികിൽ നിൽപ്പുണ്ടായിരുന്നു.

” എന്തോ പറ്റി മാലാഖകുട്ടിക്ക്. ഒളിച്ചോടിയ അമ്മയുടെ കത്ത് വല്ലതും വന്നോ തള്ളയുടെ ജോലി മകളോട് ഏറ്റെടുക്കാൻ പറഞ്ഞുകൊണ്ട്. തള്ളക്ക് വയസ്സായില്ലേ. ഇപ്പോൾ നീ ആകുമ്പോൾ ഒറ്റ രാത്രി കൊണ്ട് സമ്പാദിക്കാലോ. ” എന്നും പറഞ്ഞ് ചിരിക്കുന്ന അരുണിനെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നനവിനോടൊപ്പം ഒരു തീപ്പൊരി ചിതറുന്നുണ്ടായിരുന്നു.

” മോനെ അരുണേ.. ഇതിന് മറുപടിയായി ഞാൻ നിന്റെ അമ്മയെ പറയാത്തത് വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറയിപ്പിക്കാൻ ആയിട്ട് ഇതുപോലെ മക്കൾ ഇറങ്ങുമ്പോൾ അത്‌ പറയാൻ നമുക്ക് ഇച്ചിരി വിഷമം ഉള്ളത് കൊണ്ടാണ്.

എന്നും വെച്ച് എന്തും കേറിയങ്ങ് പറയാമെന്നു മോന് തോന്നുന്നുണ്ടെങ്കിൽ അത്‌ എന്റെ അടുത്തോട്ടു വേണ്ട. എനിക്ക് പോകാൻ ഇനി ഒന്നുമില്ല. ഞാൻ പി ഴച്ചവൾക്ക് ഉണ്ടായവൾ ആണ്. ഇനി എങ്ങിനെ ഒക്കെ ജീവിച്ചാലും സമൂഹം ചാർത്തിത്തന്ന ആ പേര് മരിക്കുവോളം നിലനിൽക്കും. സമൂഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പെറ്റെന്ന അവകാശം മാത്രമുള്ള എന്റെ തള്ള ചാർത്തിത്തന്ന പേര് എന്ന് പറയുന്നതാണ് ശരി. അപ്പൊ പറഞ്ഞ് വന്നത്, നീയൊക്കെ എന്തും പറയുമ്പോൾ കേട്ട് നിൽക്കുന്നത് പെണ്ണായത് കൊണ്ട് പ്രതികരിക്കില്ല എന്ന് കരുതിയിട്ടാണെങ്കിൽ തെറ്റി. ഏറെ കുത്തിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ.? അതുകൊണ്ട് പറയുവാ…. നിന്നെ പോലെ ഉള്ളവരാൽ അളം മുട്ടിനിൽക്കുന്ന ചേരയാണ് ഞാൻ. വെറുതെ വായിൽ വിരലിട്ട് കടിപ്പിക്കരുത്. ദോഷം നിനക്ക് തന്നെയാ… പ്ലീസ് ” എന്നും പറഞ്ഞ് ബാഗുമെടുത്തുകൊണ്ട് ക്ലാസ്സിലേക്ക് കയറാതെ അവൾ കോളേജ് ഗേറ്റ് കടന്നു പുറത്തേക്ക് നടക്കുമ്പോൾ തൊട്ടപ്പുറത്തെ കടയിൽ ഒരു കുഞ്ഞിനെ ചായയിൽ ബൻ മുക്കി കൊടുക്കുന്ന സ്ത്രീയെ കണ്ട് ഒരു നിമിഷം അവിടേക്ക് നോക്കിനിന്നുപോയി അവൾ.

” അമ്മേ ” എന്ന് വിളിച്ചുകൊണ്ട് കൊഞ്ചിച്ചിരിക്കുന്ന ആ കുഞ്ഞുമുഖത്തേക്ക് നോക്കി കൊഞ്ചലോടെ ഉമ്മകൾ വെക്കുന്ന ആ നാടോടി സ്ത്രീയിലെ അമ്മയെ മിഴിവെട്ടാതെ നോക്കിനിൽക്കുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു

” ഇതും ഒരു അമ്മയാണ്. പെറ്റ വയറിന്റ വേദന അറിഞ്ഞ ഒരമ്മ ! ഒന്നുമില്ലായ്മയിലും മക്കളെ ചേർത്തുപിടിക്കാൻ മനസുള്ള ഒരു അമ്മ. ഒരു കൂരയുടെ ഉറപ്പുപോലുമിലാത്ത ജീവിതത്തിൽ മാതൃത്വത്തിന്റെ, കരുതലിന്റ കരുത്തുണ്ട് ആ കുഞ്ഞിന് ! അവർ തെരുവിന്റെ മക്കളാവാം. മറ്റുള്ളവർക്ക് മുന്നിൽ ഭിക്ഷ എടുക്കുമ്പോഴും ഒരു കാര്യം ഉറപ്പാണ്…നാളെ ആ കുട്ടി ” പി ഴച്ചവൾക്ക് ഉണ്ടായ സന്തതി ” എന്ന വാക്കിനാൽ പരിഹസിക്കപ്പെടില്ലെന്ന്.”

കുറച്ച് നേരം മറ്റേതോ ലോകത്തെന്ന പോലെ നിന്ന അവൾ മുന്നിൽ വന്ന് നിൽക്കുന്ന ബസ്സിലേക്ക് യാന്ത്രികമായി കയറുമ്പോൾ അവളുടെ നോട്ടം മുഴുവൻ ആ അമ്മയിലും കുഞ്ഞിലുമായിരുന്നു.

അതുപോലെ ഏതോ ഒരു നിമിഷത്തിലാണ് ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ അവൾ ഞെട്ടിയതും. കാത്തിരിക്കുന്ന കുറ്റപ്പെടുത്തലുകൾക്ക് മുന്നിൽ പകച്ചു നിൽക്കാൻ വിധിക്കപ്പെട്ട ഒരു പെണ്ണായിരുന്നു അപ്പോൾ മനസ്സിൽ.

ബസ്സ് ഇറങ്ങി തിരികെ വീടിന്റ പടി കയറുമ്പോൾ കാർക്കിച്ചു തുപ്പുന്ന മുത്തശ്ശി. കണ്ടവന്റെ കൂടെ നിരങ്ങി വന്നല്ലോ ഒരുമ്പട്ടോൾ എന്നും പറഞ്ഞ് തുപ്പുന്നത് മുറ്റത്തേക്ക് ആണെങ്കിലും അത്‌ വന്ന് വീഴുന്നത് മുഖത്തായിരുന്നു.

സഹിക്കാം.. ഇനിയും….

ഒരു നാൾ വരും എന്ന വിശ്വാസത്തോടെ…..അമ്മ മകൾക്കായി കരുതിവെച്ച സ്നേഹം ഏറ്റുവാങ്ങേണ്ടത് മകളുടെ കടമയല്ലേ…എന്റെ അമ്മ കരുതിവെച്ചത് ഇതാണ്…എന്നും കാത്തുസൂക്ഷിക്കാൻ “പി ഴച്ചവളുടെ മകൾ “എന്ന സൽപ്പേര്….

ഓരോന്നും മനസ്സിലിട്ട് ആലോചിച്ചുകൊണ്ട് തല താഴ്ത്തി അകത്തേക്ക് കയറുമ്പോഴും എന്നത്തേയും പോലെ മുത്തശ്ശിക്ക് പുച്ഛത്തോടെ പറയാൻ ഒന്ന് മാത്രം ഉണ്ടായിരുന്നു

” അമ്മ വേലി ചാടിയാൽ പിന്നെ മകള് മതില് ചാടുമല്ലോ ” എന്ന്….

✍️ ദേവൻ