കാരണം ഓർമ്മ വച്ച കാലം മുതലേ ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നതാണ്…

? നന്ദന്റെ വേണി ?

Story written by Athira Sivadas

:::::::::::::::::::::::::::::::::::

“എനിക്ക് വേറെ ആലോചന ഒന്നും നോക്കണ്ട അപ്പച്ചി. എന്നെ നന്ദേട്ടൻ കല്യാണം കഴിച്ചാൽ മതി” പറഞ്ഞു തീർന്നതും നന്ദേട്ടന്റെ വലത് കരം എന്റെ ഇടത് കവിളിൽ പതിച്ചിരുന്നു.

അപ്പോഴേക്കും മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നു കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും ബാക്കി വച്ചു ഒരൊറ്റ പോക്കായിരുന്നു നന്ദേട്ടൻ.

അപ്പച്ചിടെ മുഖം കണ്ടാലേ അറിയാം ഞാൻ പറഞ്ഞത് കേട്ട് അപ്പച്ചിക്ക് ഒരുപാട് സന്തോഷം ആയിന്ന്. എന്റെ കവിളത്ത് പടക്കം പൊട്ടിയതൊന്നും പുള്ളിക്കാരി കണ്ടില്ലെന്ന് തോന്നുന്നു. എന്നെ നോക്കി കണ്ണും നിറച്ചു ചിരിച്ചു കൊണ്ടാണ് നിൽപ്പ്. എന്റെ കണ്ണും നിറഞ്ഞിരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അമ്മാതിരി അടി അല്ലാരുന്നോ.

“ഇനി മേലാൽ നീ ഇങ്ങോട്ട് വന്നേക്കരുത്. ആവശ്യമില്പാത്ത മോഹങ്ങളും വേണ്ട. പറഞ്ഞത് കേട്ടല്ലോ” കൈ കഴുകി വന്ന് അതും പറഞ്ഞു നന്ദേട്ടൻ ചാടി തുള്ളി മുകളിലേക്ക് ഒരു പോക്ക്.

അത് കേട്ടപ്പോൾ എനിക്ക് ശെരിക്കും വിഷമം വന്നു. എത്ര നാളായി ആരെയും അറിയിക്കാതെ ഉള്ളിൽ കൊണ്ട് നടന്ന ഇഷ്ടമാണ്. അത് തുറന്ന് പറഞ്ഞിട്ടും നന്ദേട്ടൻ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല ഒരു ദാക്ഷ്യണ്യവുമില്ലാത്ത പ്രതികരണവും. ഓടി ചെന്നു അപ്പച്ചിയെ കെട്ടിപ്പിടിച്ചു ഞാൻ കുറേ കരഞ്ഞു.

“പോട്ടെ മോളെ അവന്റെ ദേഷ്യം നിനക്ക് അറിയാവുന്നതല്ലേ. എന്നാലും എന്റെ കുട്ടീടെ ഉള്ളിൽ നന്ദനോട് ഇങ്ങനെ ഒരിഷ്ടമുണ്ടായിരുന്നോ.” അപ്പച്ചിയുടെ നെഞ്ചിൽ ചേർന്ന് നിന്ന് കരഞ്ഞ എന്റെ മുഖം കൈകളിലെടുത്ത് ചോദിക്കുമ്പോൾ ആ മനസ്സിലെ സന്തോഷം എത്രത്തോളം ആണെന്ന് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.

“ഒരുപാട് ഇഷ്ടാണ് അപ്പച്ചി. പണ്ട് മുതലേ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതാണ് നന്ദേട്ടനെ. പക്ഷേ കണ്ടില്ലേ നന്ദേട്ടന് എന്നോട് ഒരിഷ്ടവും ഇല്ല.” എത്രനേരം അപ്പച്ചിയുടെ തോളിൽ തലവച്ചു പതം പറഞ്ഞ് കരഞ്ഞെന്ന് എനിക്കറിയില്ല.

എങ്കിലും അധികനേരം അവിടെ നിന്നാൽ നന്ദേട്ടൻ വീണ്ടും ഇറങ്ങി വന്ന് ചങ്കിൽ കൊള്ളുന്ന പോലെ വല്ലതും ഒക്കെ പറയും എന്ന് അറിയാവുന്നത് കൊണ്ട് നേരം കളയാതെ ഞാൻ വീട്ടിലേക്ക് പോന്നു.

ചെന്ന് കേറുമ്പോഴേ കണ്ടിരുന്നു ഹാളിൽ തന്നെ എല്ലാവരും കൂടെ കൂട്ടം കൂടി ഇരിക്കുന്നത്.അപ്പച്ചിയോ നന്ദേട്ടനോ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടാവും എന്നത് തീർച്ച. മുഖം കണ്ടാലേ അറിയാം എല്ലാവരും എല്ലാം അറിഞ്ഞിട്ടുണ്ടെന്ന്.

“വേണി. നീ ഭദ്രേടത്തിയുടെ അടുത്ത് പോയിരുന്നോ.” അമ്മയാണ് ചോദ്യം ചെയ്യൽ തുടങ്ങി വച്ചത്.

“മ്മ്…” ഒന്ന് മൂളുകയെ ചെയ്തുള്ളു എങ്കിലും തലയുയർത്തിപിടിച്ചു അമ്മയുടെ കണ്ണിൽ നോക്കിത്തന്നെയാണ് ഞാൻ നിന്നത്.

“അവിടെ ചെന്ന് എന്ത് തോന്ന്യാസാ നീ വിളിച്ച് പറഞ്ഞത് ഏഹ്. എന്തും ആകാം എന്നായോ”

“എനിക്ക് നന്ദേട്ടനെ ഇഷ്ടാണ്. അത് ഞാൻ പറഞ്ഞു അതിലെന്താ തോന്ന്യാസം”

“നിനക്ക് ഭ്രാന്താണോ വേണി.” അടുത്ത ഊഴം ചേച്ചിയുടേത് ആയിരുന്നു.

“ഒരാളെ ഇഷ്ടപ്പെടുന്നത് ഭ്രാന്താണോ. അങ്ങനെ ആണെങ്കിൽ അതെ എനിക്ക് ഭ്രാന്താണ്.”

“നീ എന്താ വേണി പറയുന്നത്. നിനക്ക് നന്ദേട്ടനെയാണോ ഇഷ്ടപ്പെടാൻ കിട്ടിയത്. നിന്റെയീ പക്വതയില്ലാത്ത തീരുമാനം കാരണം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാവും അവസാനിക്കാൻ പോകുന്നത്”

“എന്താ എനിക്ക് നന്ദേട്ടനെ ഇഷ്ടപ്പെട്ടാൽ. നന്ദേട്ടന് എന്താണൊരു കുറവ്.” അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കിക്കൊണ്ടാണ് ചോദ്യം.

“വേണി നന്ദന്റെ പ്രായം. അവൻ നിന്നെക്കാൾ എത്ര വയസ്സ് മൂത്തതാണ്. അതുമല്ല അവൻ ഒരിക്കൽ ഒരു വിവാഹം കഴിച്ചതുമാണ് ” ഈ തവണ അമ്മയുടെ സ്വരം താണിരുന്നു.

“അത് എത്ര വർഷം മുൻപാണ്. ആ ബന്ധം നിയമപരമായി അവസാനിപ്പിച്ചതുമാണ്. അച്ഛാ.. അച്ഛൻ എന്താണ് ഒന്നും പറയാത്തത്. എനിക്ക് നന്ദേട്ടനെ അത്രക്ക് ഇഷ്ടം ആയോണ്ട് അല്ലേ അച്ഛാ”അത്രയും നേരം അമ്മയുടെയും ചേച്ചിയുടെയും ആക്രോശങ്ങളൊക്കെ നോക്കി സോഫയിലിരുന്ന അച്ഛന്റെ അരികിൽ ചെന്ന് മുട്ടുകുത്തി ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു.

“നിനക്ക് ഇപ്പൊൾ വന്ന ആലോചനയാണ് എന്തുകൊണ്ടും നല്ലത്. നന്ദേട്ടൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനാ. പക്ഷേ ഇപ്പൊ വന്ന പ്രൊപോസൽ ഒരു ബിസ്സിനെസ്സുകാരനാണ്. ഫാമിലി മുഴുവൻ സ്റ്റെറ്സിൽ ആണ്.” അച്ഛൻ എന്തെങ്കിലും പറയും മുൻപേ ചേച്ചി ഇടയിൽ കയറിയിരുന്നു.

“നിങ്ങളൊക്കെ എന്ത് പറഞ്ഞാലും എനിക്ക് നന്ദേട്ടനെ മതി. ഞാനാരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ മാത്രം” അതും പറഞ്ഞു ആരുടേയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ മുറിയിലേക്ക് കയറി വാതിലടച്ചു കാട്ടിലിലേക്ക് വീണു.

നന്ദേട്ടൻ… ചെറുപ്പം മുതലേ മനസ്സിൽ കൊണ്ട് നടക്കുന്നതാണ് ഞാൻ ആ മനുഷ്യനെ. എന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അനന്തൻ എന്ന എല്ലാവരുടെയും നന്ദൻ. എന്റെ നന്ദേട്ടൻ.

എപ്പോൾ മുതലാണ് നന്ദേട്ടൻ എന്റെ നെഞ്ചിൽ കയറിയതെന്ന് എനിക്ക് അറിയില്ല. കാരണം ഓർമ്മ വച്ച കാലം മുതലേ ആ മനുഷ്യനെ ഞാൻ പ്രണയിക്കുന്നതാണ്.

നന്ദേട്ടനെ കാണാനും അടുത്തിരുന്ന് സംസാരിക്കാനും ഒക്കെ മാത്രമായി ഇടയ്ക്കിടെ സംശയം ചോദിക്കാനെന്ന് പറഞ്ഞു ഞാൻ അവിടേക്ക് ചെല്ലുമായിരുന്നു. നന്ദേട്ടൻ പറഞ്ഞു തരുന്നതൊന്നും ഞാൻ കേട്ടിട്ടേയില്ല. കാരണം ആ ശബ്ദം കേൾക്കുമ്പോഴേ ഞാൻ അതിൽ അലിഞ്ഞില്ലാതാവും… പിന്നെയൊരു മായാലോകത്തായിരിക്കും…

പലപ്പോഴും ഞാൻ നോക്കി നിൽക്കുന്നത് കണ്ട് നീ സ്വപ്നം കാണുവാണോ എന്നും ചോദിച്ചു എന്റെ ചെവിയിൽ നല്ല കിഴുക്ക് തരും നന്ദേട്ടൻ. അതിന് വേണ്ടി പോലും മനഃപൂർവം അന്നൊക്കെ ഞാനോരോ കുസൃതി കാണിക്കാറുണ്ടായിരുന്നു.

നന്ദേട്ടന് കൊമെഴ്സിൽ ആയിരുന്നു താല്പര്യം. സയൻസ് എടുത്താൽ നന്ദേട്ടന്റെ അടുത്ത് സംശയം ചോദിക്കാൻ ചെല്ലാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് പേടിച്ചാണ് ഞാനും പ്ലസ് വണ്ണിന് കൊമേഴ്‌സ് എടുത്തത്.

പക്ഷേ എന്റെ ഹൃദയത്തെ തകർത്തുകൊണ്ടായിരുന്നു ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ നന്ദേട്ടന്റെ വിവാഹം ഉറപ്പിച്ചത്.

അന്നെനിക്ക് വയസ്സ് പതിനേഴും നന്ദേട്ടന് ഇരുപത്തിയേഴും. ജാതകപ്രകാരം ആ സമയത്തായിരുന്നു നന്ദേട്ടന് മംഗല്യയോഗം.

പ്രായപൂർത്തി പോലും ആവാത്ത ഞാൻ അന്നെന്തെങ്കിലും തുറന്ന് പറഞ്ഞാൽ തന്നെ ആരും കാര്യമാക്കില്ല എന്നത് ഉറപ്പായിരുന്നു. നന്ദേട്ടനും സന്തോഷം ആണെന്ന് കണ്ടപ്പോൾ ഒടുവിൽ ഒക്കെ മറക്കാം എന്ന തീരുമാനത്തിലെത്തി.പക്ഷേ കഴിയുന്നുണ്ടായിരുന്നില്ല.

നന്ദേട്ടനെ മുൻപിൽ കാണുമ്പോഴൊക്കെ നെഞ്ചിലെ വേദന താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. പേടിയായിരുന്നു നിയന്ത്രിക്കാൻ കഴിയാത്ത മനസ്സ് എന്റെ പിടിവിട്ട് പോകുമോ എന്ന്.

അന്നൊക്കെ ഓരോ രാത്രിയും തലയിണയിൽ മുഖമമർത്തി ഞാൻ കരയുമായിരുന്നു. ആ ദിവസങ്ങളിലൊക്കെ നന്ദേട്ടനെ തന്നെ സ്വപ്നവും കാണും. സ്വപ്‌നങ്ങളിലൊക്കെ ഞാൻ ഇഷ്ടം പറയുമ്പോൾ നന്ദേട്ടൻ എന്നെ ഇറുകെ പുണരും… ആ മനുഷ്യന്റെ മനസ്സിലും ഞാനായിരുന്നുവെന്ന് എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് മെല്ലെ കാതോരം ചേർന്ന് നിന്ന് പറയും. കാലത്ത് ഉറക്കമുണർന്നു കഴിഞ്ഞാൽ പിന്നെ ഏറെ വേദനിപ്പിക്കുന്നത് ആ സ്വപ്നങ്ങളാവും.

ആദ്യമൊക്കെ എന്നെ കാണുമ്പോൾ എന്താ ഇപ്പൊ നിനക്ക് സംശയമൊന്നുമില്ലേ അങ്ങോട്ടൊന്നും കാണുന്നില്ലല്ലോയെന്ന് നന്ദേട്ടൻ ചോദിക്കാറുണ്ടായിരുന്നു. ഒറ്റവാക്കിൽ മറുപടി കൊടുത്ത് ഞാൻ മുഖം തിരിക്കും. പിന്നെ പിന്നെ രാത്രി മുഴുവൻ കരഞ്ഞു തീർത്തു പകലൊക്കെ എല്ലാവർക്കും മുൻപിൽ ചിരിച്ചു കളിച്ചു നടക്കുന്നതായി ശീലം.

എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ മനസ്സിൽ നിന്നും എനിക്കെന്റെ നന്ദേട്ടനെ ഇറക്കി വിടാൻ കഴിയുന്നുണ്ടായിരുന്നില്ല.

എനിക്ക് പ്ലസ്ടു ബോർഡ്‌എക്സാം നടക്കുന്ന സമയത്തായിരുന്നു നന്ദേട്ടന്റെ വിവാഹം. അവരെ ഒരുമിച്ചു കാണുമ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട് ഗായത്രിചേച്ചി തന്നെയാണ് നന്ദേട്ടന് ചേർച്ചയെന്ന്.

പ്ലസ്ടു കഴിഞ്ഞ് ഞാൻ ഡിഗ്രി ചെയ്തത് പൂനെയിലെ ചെറിയച്ഛന്റെ വീട്ടിൽ നിന്നായിരുന്നു. അവിടെ ആകുമ്പോൾ നാട്ടിലേക്കാൾ നല്ല കോളേജ് ഉണ്ടെന്നൊക്ക പറഞ്ഞാണ് പോയതെങ്കിലും നന്ദേട്ടനെയും ഗായത്രിചേച്ചിയെയും ഒന്നിച്ചു കാണാനുള്ള ശക്തിയില്ലാഞ്ഞിട്ടായിരുന്നു അങ്ങനൊരു പറിച്ചുനടൽ.

ആ മനുഷ്യൻ എന്റെ മനസ്സിൽ എത്രത്തോളം വേരാഴ്ന്നിരുന്നു എന്ന തിരിച്ചറിവായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. എവിടെ ചെന്നാലും എന്ത് ചെയ്താലും നന്ദേട്ടൻ മാത്രമായിരുന്നു മനസ്സിൽ. കാണാൻ കഴിയാത്തതിന്റെ വേദന മറുവശത്തും.

ഇടയ്ക്കൊക്കെ നാട്ടിൽ വരുമ്പോൾ നന്ദേട്ടൻ ജോലിക്ക് പോകുന്ന വഴിയിൽ എവിടെ വച്ചെങ്കിലും നന്ദേട്ടൻ അറിയാതെ ഞാനാ മനുഷ്യനെ കാണും.

തിരികെ പോകുന്നതിനു മുൻപ് ഒരുതവണ വഴിയിൽ എവിടെ എങ്കിലും കാത്ത് നിന്ന് അമ്പലത്തിലേക്കെന്ന് വല്ലതും കളവ് പറഞ്ഞു ഞാനും നന്ദേട്ടന്റെ കൂടെ കാറിൽ കയറും. അമ്പലം വരെയുള്ള യാത്രയിൽ അടുത്ത അവധിക്കാലം വരെ ഓർത്തിരിക്കാനുള്ള ഓർമ്മകൾ ആ മനുഷ്യനിൽ നിന്നും പിടിച്ചു വാങ്ങാൻ.

മറ്റൊരവകാശിയുള്ള നന്ദേട്ടനെ ഞാൻ സ്നേഹിച്ചുകൂടാ എന്ന് പലപ്പോഴും മനസ്സിനെ പറഞ്ഞു പാകപ്പെടുത്താൻ ശ്രമിക്കാറുണ്ടായിരുന്നെങ്കിലും നഷ്ടമായി എന്ന സത്യം എന്റെ മനസ് അംഗീകരിച്ചിരുന്നില്ല.

ഞാൻ സെക്കന്റ്‌ ഇയറിൽ പഠിക്കുമ്പോഴാണ് നന്ദേട്ടനും ഗായത്രിചേച്ചിയും ഡിവോഴ്സ് ആകുന്നത്. എല്ലാവരെയും വിഷമിപ്പിച്ച ആ വാർത്ത എനിക്ക് മാത്രം സന്തോഷം ആയിരുന്നു.

പിന്നെ എത്രയും പെട്ടന്ന് ഡിഗ്രി കഴിഞ്ഞു നാട്ടിൽ തിരികെ വന്നാൽ മതിയെന്നായിരുന്നു. എങ്ങനെയൊക്കെയോ രണ്ട് വർഷം കൂടെ തള്ളി നീക്കി ഞാൻ നാട്ടിൽ വന്നപ്പോഴേക്കും നന്ദേട്ടൻ ആകെ മാറിയിരുന്നു.

ഗായത്രി ചേച്ചി പോയ വിഷമം ആണതെന്ന് എല്ലാവരും പറഞ്ഞ് കേട്ടപ്പോഴാണ് ഞാൻ വീണ്ടും വേദനിച്ചത്.

നന്ദേട്ടൻ വഴക്ക് പറയുമെങ്കിലും അപ്പച്ചിയെ കാണാനെന്ന ഭാവേന ഞാനെപ്പോഴും ചെല്ലുമായിരുന്നു അവിടേക്ക്.

ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും കാര്യത്തിന് നന്ദേട്ടന്റെ വായിന്ന് കണക്കിന് കേൾക്കുകയും ചെയ്യും.

അപ്പച്ചിയോട് പോലും പഴയത് പോലെയല്ല… ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്…

ചേച്ചിയുടെ വിവാഹം കഴിഞ്ഞത് മുതൽ എനിക്കും പല ആലോചനകളും വന്നു തുടങ്ങിയതാണ്. എം. ബി. എ കഴിഞ്ഞത് മുതൽ വീട്ടിലും കാര്യമായി ആലോചനയൊക്കെ നോക്കി തുടങ്ങി.

ഇപ്പോൾ വന്ന ബിസ്സിനെസ്സ്കാരനെക്കൊണ്ട് കെട്ടിക്കുമെന്ന് ഉറപ്പായപ്പോഴാണ് രണ്ട് തല്ല് കിട്ടിയാലും കുഴപ്പമില്ല നന്ദേട്ടനോട് ഒക്കെ തുറന്ന് പറയാമെന്നു കരുതി അവിടേക്ക് ചെന്നത്. അപ്പോൾ ദേ അപ്പച്ചിയും വിവാഹക്കാര്യം തന്നെ പറയുന്നു.

അങ്ങനെ മനസ്സ് പിടിവിട്ടു പോയപ്പോഴാണ് ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.

നന്ദേട്ടന് എന്നോട് ഇഷ്ടം ഉണ്ടാവില്ല. ഇപ്പോഴും മനസ്സിൽ ഗായത്രിചേച്ചി തന്നെയാവും. ഓർക്കുന്നതോറും നെഞ്ചിലെ ഭാരം കൂടി കൂടി വരുന്നത് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു.

അമ്മയും ചേച്ചിയുമൊക്കെ വാതിലിൽ മാറി മാറി മുട്ടി വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ഒടുവിൽ അച്ഛൻ വന്ന് വിളിച്ചപ്പോഴാണ് വാതിൽ തുറന്നത്. അച്ഛനൊപ്പം അമ്മയും റൂമിലേക്ക് കയറി വന്നു.

“എന്നിട്ട് നന്ദൻ എന്ത് പറഞ്ഞു മോളെ” അച്ഛന്റെതായിരുന്നു ചോദ്യം.

“ആവശ്യമില്ലാത്ത മോഹങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞു തല്ലി അച്ഛാ… പക്ഷേ അപ്പച്ചിക്ക് നല്ല സന്തോഷം ആയിരുന്നു” അത് കേട്ടതും എന്റെ മുഖം കയ്യിലെടുത്തു കവിളത്തെ പാടിലൂടെ അച്ഛൻ മെല്ലെ വിരലോടിച്ചു.

“ഏടത്തി വിളിച്ചതും നല്ല സന്തോഷത്തോടെയാ. ഏടത്തിയോട് ഞാനിനി എന്ത് പറയും ഈശ്വരാ” എന്നെ വേദനിപ്പിക്കും വിധം അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

“മോളെ നന്ദന് താല്പര്യം ഇല്ലാത്ത സ്ഥിതിക്ക്”

“അച്ഛാ… ഒരു വിവാഹം ബന്ധം തകർന്ന മനുഷ്യന് പിന്നെ അങ്ങനെയൊരു ബന്ധത്തിനു പേടിയായിരിക്കും. അതാവും നന്ദേട്ടന്റെയും പ്രശ്നം. വേറെ ആരെയും എനിക്കങ്ങനെ കാണാൻ കഴിയില്ലാച്ചാ… മറക്കാൻ മാത്രം പറയല്ലേ.” അതും പറഞ്ഞു അച്ഛന്റെ നെഞ്ചിലേക്ക് വീണ് ഞാൻ കുറേ കരഞ്ഞു.

നന്ദേട്ടനോട് ആർക്കും ഇഷ്ടക്കുറവ് ഉണ്ടായിരുന്നില്ല. ഒരിക്കൽ വിവാഹിതനായിരുന്നതും പിന്നെ ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവുമായിരുന്നു എല്ലാവരുടെയും പ്രശ്നം. എങ്കിലും അച്ഛന് പാതിമനസ്സുള്ളത് പോലെ തോന്നി ഞങ്ങളുടെ കാര്യത്തിൽ.

കാലത്ത് കുളി കഴിഞ്ഞിറങ്ങുമ്പോൾ കേട്ടിരുന്നു അപ്പച്ചിയുടെ ശബ്ദം. ഒരാഴ്ചയായി എന്നെ അവിടേക്ക് കാണാതിരുന്നത് കൊണ്ട് വന്നതാവണമെന്ന് ഞാനൂഹിച്ചു.

ചെന്ന് നോക്കുമ്പോൾ ഉമ്മറത്തു അപ്പച്ചിയിറങ്ങിവന്ന കാറിൽ നിന്നും മറ്റൊരാളു കൂടെ വരുന്നു. നന്ദേട്ടൻ…എന്നെ മാത്രം നോക്കുന്നതേയില്ല. ബാക്കി എല്ലാവരോടും സന്തോഷത്തോടെ സംസാരിക്കുന്നു.

പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല. തിരികെ മുറിയിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആ വിളി വന്നത്.

“വേണി… ഒന്ന് വാ നമുക്കൊന്ന് പുറത്ത് പോകാം” എന്നെ തന്നെയാണോ നന്ദേട്ടൻ വിളിച്ചതെന്ന് അറിയാൻ ഞാനെല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി. എല്ലാവരുടെയും കണ്ണുകൾ എന്റെ നേർക്കാണ്.

“ഞാൻ പുറത്തുണ്ടാവും” അതും പറഞ്ഞു നന്ദേട്ടൻ പുറത്തേക്ക് ഇറങ്ങി.

പോകും വഴി നന്ദേട്ടൻ നിശബ്ദനായി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം പടപടാന്ന് ഇടിക്കുന്നത് എനിക്ക് നല്ലത് പോലെ കേൾക്കാമായിരുന്നു.

കുറേദൂരം കഴിഞ്ഞാണ് കാർ നിർത്തിയത്. ശാന്തമായ അന്തരീക്ഷം. വലിയൊരു മരത്തിന്റെ തണലിലായി കാർ നിർത്തിയിട്ട് അതിൽ ചാരി കയ്യും കെട്ടി എന്നെ നോക്കി നിൽക്കാണ് നന്ദേട്ടൻ. എനിക്കാ നോട്ടത്തെ അഭിമുഖികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. നന്ദേട്ടനിൽ മാത്രമാണ് എന്റെ ശ്രദ്ധ എങ്കിലും ആ നോട്ടം അവഗണിക്കുന്നത് പോലെ എങ്ങോട്ടോ നോക്കി നിന്നു.

“എന്താ ഉദ്ദേശം” കയ്യും കെട്ടി അതെ നിൽപ്പ് നിന്ന് കൊണ്ടാണ്.

“ഏഹ്..?”

“ങേ ന്ന് അല്ല എന്താ ഉദ്ദേശം ന്ന്”

“അത് നന്ദേട്ടാ… എനിക്ക് ഇഷ്ടാണ് നന്ദേട്ടാ.. ഒത്തിരി ഒത്തിരി” വളരെ പാട് പെട്ടാണ് ഞാൻ അത്രയും പറഞ്ഞൊപ്പിച്ചത്.

“നമ്മൾ തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്. ഒരിക്കൽ ഒരു വിവാഹം കഴിച്ചു പിരിഞ്ഞതാണ്. ഇതൊക്ക എല്ലാവരും പലതവണ പറഞ്ഞിട്ടുണ്ടാകുമല്ലോ. ഒരിക്കലും നിനക്ക് യോജിക്കാത്ത ആളാണ് ഞാൻ. പിന്നെ എന്റെ സ്വഭാവം കണ്ടില്ലേ. എന്നെ ഒളിച്ചു നീ അമ്മയോട് ഇപ്പോഴും പറയുന്നതുപോലെ ഞാനൊരു മുരടനാണ്.”

“പക്ഷേ ഈ നന്ദേട്ടനെ ആണ് ഞാൻ സ്നേഹിക്കുന്നത്.”

“ആണൊ.” മറുപടി ഒന്നും പറഞ്ഞില്ല.

“ആണോ വേണി” നന്ദേട്ടന്റെ നാവിൽ നിന്നും എന്റെ പേര് കേൾക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്തൊരു സന്തോഷമാണ്‌. എല്ലാവരും വിളിക്കുന്നത് പോലെയല്ല. നന്ദേട്ടൻ വിളിക്കുമ്പോൾ അതിനെന്തോ പ്രേത്യേക ഭംഗിയാണ്.

“അല്ല ഇങ്ങനൊക്ക ആവും മുൻപേ എനിക്കിഷ്ടാരുന്നു നന്ദേട്ടനെ”

“മുൻപേയെന്ന് പറഞ്ഞാൽ…?”

“ഓർമ്മ വച്ച കാലം മുതൽ… അന്ന് തൊട്ടേയുണ്ട് ഈ ഉള്ളിൽ നന്ദേട്ടൻ. തുറന്ന് പറയുന്നതിനെ പറ്റി ഞാൻ ചിന്തിക്കും മുൻപേ നന്ദേട്ടൻ വിവാഹിതൻ ആയിരുന്നു. പിന്നെയൊക്ക മറക്കാമെന്ന് കരുതി. പക്ഷേ കഴിഞ്ഞില്ല. ഇക്കാലമത്രയും. ദേ ഈ ഞാൻ ജീവിക്കുന്നത് പോലും നന്ദേട്ടനെ ഓർത്താ. എങ്ങനെ പറയണമെന്നറിയില്ല നന്ദേട്ടാ… ഇഷ്ടമാണെനിക്ക്… പ്രാണനാണ്.”

നന്ദേട്ടനെ നോക്കാതെ നിൽക്കുന്നത് കൊണ്ട് അപ്പോൾ ആ മുഖത്തെന്ത് ഭാവമായിരുന്നുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. അത്ഭുതപ്പെട്ടിരിക്കണം… അല്ലെങ്കിൽ ദേഷ്യം കൊണ്ട് മുഖമാകെ വലിഞ്ഞുമുറുകിയിരിക്കണം.

“വേണി”അത്രയും നേർമ്മയോടെയാണ് വിളിച്ചത് ഒരുപക്ഷെ അതിനേക്കാൾ പ്രണയത്തോടെയും… തലയുയർത്തി നോക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു.

“പറയാമായിരുന്നില്ലേ പണ്ടേ… എന്നാൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഗായത്രി എന്റെ ജീവിതത്തിലേക്ക് പോലും വരില്ലായിരുന്നു.”അത് പറയുമ്പോൾ ആ ശബ്ദം ഒന്നിടറിയിരുന്നു.

“അംഗീകരിക്കുമോ എന്നറിയില്ലായിരുന്നു നന്ദേട്ടാ… എത്രത്തോളം ഞാൻ സ്നേഹിച്ചിരുന്നുവെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത് നന്ദേട്ടന്റെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞാണ്” ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“അറിയോ നിനക്ക്. നിന്നെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. ജീവനായിരുന്നെനിക്ക്. പക്ഷേ അത് നിന്നോടായി തുറന്നു പറയണമെന്ന് ചിന്തിച്ചിരുന്നേയില്ല. വീട്ടിൽ വന്ന് ചോദിക്കണം എന്ന് കരുതിയിരുന്നതാ. പക്ഷേ അപ്പോഴാണ് എന്റെ തന്നെ ജാതകം എന്റെ ജീവിതം മാറ്റി എഴുതിയത്.

ഗായത്രിയെ ആദ്യമൊന്നും ഞാൻ സ്നേഹിച്ചിരുന്നില്ല വേണി. ഒരിക്കലെങ്കിലും നീ തുറന്ന് പറഞ്ഞിരുന്നെങ്കിലെന്നു ആശിച്ചിരുന്നു.

പക്ഷേ പിന്നീട് നിന്നെ കാണുന്നത് പോലും വിരളമായിരുന്നു. നീ നിന്റേതായ തിരക്കുകളിൽ സന്തോഷവതിയാണെന്ന് തോന്നി… ആ മനസ്സിൽ ഞാനില്ലെന്ന് തോന്നി. എനിക്ക് മുഖം പോലും തരാതെ നീ മാറി നടക്കുമ്പോൾ എന്ത് മാത്രം വേദനിച്ചിട്ടുണ്ടെന്ന് അറിയൊ ഞാൻ. പിന്നീട് നീ ഇവിടുന്ന് പൂനെയിലേക്ക് മാറി നിന്നത് എനിക്കും ഒരാശ്വാസം ആയിരുന്നു. ഗായത്രിയെ സ്നേഹിക്കാൻ ഇടയ്ക്കെപ്പോഴോ ന്റെ മനസ്സിനെ ഞാൻ തന്നെ പാകപ്പെടുത്തിയിരുന്നു ആ നേരങ്ങളിൽ.

പക്ഷേ രണ്ട് ധ്രുവങ്ങളിൽ ഉള്ളവർ എങ്ങനെ ഒന്നിച്ചു ജീവിക്കാനാണ്. അവൾ ജീവിക്കുന്നത് അവളുടെ ഇഷ്ടത്തിനോ താല്പര്യത്തിനോ ആയിരുന്നില്ല. അവളുടെ അമ്മയുടെ ഉപദേശം കേട്ടായിരുന്നു.

അവരുടെ ആഞ്ജയ്ക്കനുസരിച്ചു ഞങ്ങളുടെ ജീവിതവും മുന്നോട്ട് കൊണ്ട് പോകണമെന്ന് അവൾ വാശി പിടിച്ചു. അങ്ങനെയായിരുന്നു പൊട്ടിത്തെറികളുടെ തുടക്കം. ഇടയ്ക്കൊക്കെ ഒരാശ്വാസം നാട്ടിലെത്തുന്ന നിന്നെ കാണുന്നതായിരുന്നു.

മനസ്സിലെവിടെയോ കുഴിച്ചിട്ട പ്രണയം പിന്നെയും പുറത്തേക്ക് വരും പോലെ തോന്നി. പക്ഷേ ഇനിയൊരു പ്രതീക്ഷയില്ലായിരുന്നത് കൊണ്ടും ഞാൻ വിവാഹിതനാണെന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ടുമാണ് കാണാനിയുണ്ടായിരുന്ന സന്ദർഭങ്ങൾ പോലും മനഃപൂർവം ഒഴിവാക്കിയത്. പക്ഷേ പോകും മുൻപ് വഴിയിലെവിടെയെങ്കിലും വച്ചു കണ്ടുമുട്ടുന്ന നീ എനിക്കൊരു നോവേകുന്ന ആശ്വാസമായിരിന്നു.

ഒക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു ഒരു വർഷത്തോളം. പിന്നെ രണ്ടാളും ചേർന്നാണ് ഡിവോഴ്സ് ആകാമെന്ന തീരുമാനത്തിലെത്തിയത്.

സുഹൃത്തുക്കളെപോലെയാണ് പിരിഞ്ഞത്. പരസ്പരം അറിഞ്ഞു ഒന്നായവർ ആയിരുന്നില്ലല്ലോ ഞങ്ങൾ. ആരുടെയൊക്കെയോ വിശ്വാസങ്ങൾ കൂട്ടി ചേർത്തവർ ആയിരുന്നില്ലേ.അച്ഛനോടും അമ്മയോടുമൊക്കെ ആദ്യം നല്ല ദേഷ്യമുണ്ടായിരുന്നു. അവർ കാരണമല്ലേ ഒക്കെ സംഭവിച്ചത്.

അല്ലെങ്കിൽ നീ പ്രായമാകും വരെ ഞാൻ കാത്തിരുന്നേനേം. നിനക്ക് ആലോചനകൾ നോക്കുമ്പോഴൊക്കെ വേദനിച്ചിരുന്നത് ഞാനാ വേണി. പക്ഷേ പിന്നീട് ചിന്തിച്ചു എന്നെ പോലൊരു രണ്ടാം കെട്ടുകാരനല്ല നിനക്ക് വേണ്ടതെന്നു. ഒക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞപ്പോഴായിരുന്നു നിന്റെയാ തുറന്നു പറച്ചിൽ. നിയന്ത്രണം വിട്ടു പോയി എന്റെ. വേദനിച്ചോ ഒത്തിരി.” എന്റെ മുഖം കയ്യിലെടുത്തുകൊണ്ട് നന്ദേട്ടൻ ചോദിക്കുമ്പോഴേക്കും കരഞ്ഞുപോയിരുന്നു ഞാൻ.

ആ നെഞ്ചിലേക്ക് വീണു ഷർട്ടിനു മുകളിലൂടെ നെഞ്ചിലൊന്നമർത്തി ചുംബിച്ചു. നന്ദേട്ടനും എന്നെ പൊതിഞ്ഞുതന്നെ പിടിച്ചിരുന്നു. സുരക്ഷിതമായ ആ നെഞ്ചിൽ ആദ്യമായി ചേർന്ന് നിൽക്കുമ്പോൾ ആ ഹൃദയമിടിപ്പിന്റെ താളം പോലും എന്നിൽ പ്രണയം നിറയ്ക്കുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

തിരികെയുള്ള യാത്ര ഒരു തുടക്കമായിരുന്നു ഒന്നിച്ചുള്ള വരാനിരിക്കുന്ന ഒരുപാട് യാത്രകളുടെ അത്രയും പ്രിയപ്പെട്ട തുടക്കം.

തിരികെ ചെല്ലുമ്പോൾ പോകും മുൻപ് ഞാൻ കണ്ട അമ്മയും ചേച്ചിയും ഒന്നുമായിരുന്നില്ല അവിടെ കണ്ടത്. സമ്മതമറിയിക്കും വിധം ഒരു ചിരിയാലെയായിരുന്നു അവർ ഞങ്ങളെ സ്വീകരിച്ചത്.

പക്ഷേ ഞാനാദ്യം ചെന്ന് വീണത് അച്ഛന്റെ നെഞ്ചിലായിരുന്നു. എന്നും എന്റെ ഇഷ്ടങ്ങൾക്കും വാശികൾക്കുമൊക്കെ കൂട്ടുനിന്നിരുന്ന അച്ഛന്റെ നെഞ്ചിൽ.

കാലചക്രം പിന്നെയുമുരുണ്ടു… എന്റെ ഓരോ അണുവിലും ആ മനുഷ്യനോടുള്ള പ്രണയം നിറച്ചു കൊണ്ട്…ഇനിയും ജീവിക്കണം… ഒരുപാട് കാലം മതിവരാതെ പ്രണയിച്ചു കൊണ്ട്…അനന്തന്റെ മാത്രം കൃഷ്ണവേണിയായി…

അവസാനിച്ചു…

ആതിര?