കൈയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഞാൻ പുച്ഛത്തോടെ നോക്കി. എല്ലാം കഴിഞ്ഞിരിക്കുന്നൂ….

എൻ്റെ രാജകുമാരി

Story written by SUJA ANUP

:::::::::::::::::::::::::::

കൈയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഞാൻ പുച്ഛത്തോടെ നോക്കി. എല്ലാം കഴിഞ്ഞിരിക്കുന്നൂ. ഒരു ജന്മത്തിൻ്റെ എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്.

ഡോക്ടർ എന്നോട് പറഞ്ഞു

“വിഷമിക്കരുത്. നമുക്ക് പരമാവധി ശ്രമിക്കാം..”

അമ്മ എൻ്റെ കൈയ്യിൽ പിടിച്ചൂ. കണ്ണുനീർ ഒഴുകുന്നുണ്ട്. ഞാൻ ഡോക്ടറോട് ചോദിച്ചൂ.

“എന്നെ വെറുതെ ഇനി പറ്റിക്കേണ്ട. എനിക്ക് ഇനി എത്ര സമയം ഉണ്ട്. അത് മാത്രം പറഞ്ഞാൽ മതി.” ഡോക്ടർ അറിയാതെ പറഞ്ഞു പോയി

“ഏറി പോയാൽ മൂന്ന് മാസം. നാളെ തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം. രക്ഷപെടുവാൻ ചിലപ്പോൾ സാധിക്കും. ആ ഒരു വളർച്ച തലച്ചോറിൽ നിന്നും എടുത്തു മാറ്റണം. അത് ക്യാന്സറാണ് എന്ന് ഉറപ്പിക്കേണ്ട. ഓപ്പറേഷൻ കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. ഞാൻ ചെന്നൈയിലുള്ള എൻ്റെ കൂട്ടുകാരനോട് സംസാരിക്കുന്നുണ്ട്. “

ആ നിമിഷം ഞാൻ അറിയാതെ ചിരിച്ചു പോയി. ഒന്നും മിണ്ടാതെ ഞാൻ അമ്മയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഇനി അധികം സമയമില്ല. ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്.

………………………

വീട്ടിൽ എത്തിയതും മോളെ അമ്മയെ ഏല്പിച്ചു ഞാൻ മുറിയിലേയ്ക്കു നടന്നൂ.

“അമ്മേ, ഏട്ടൻ വരുമ്പോൾ ഈ ഒരു രാത്രി എന്നെ ശല്യം ചെയ്യരുത് എന്ന് പറയണം. എനിക്ക് കുറച്ചു നേരം കിടക്കണം. രാത്രിയിൽ എനിക്ക് ഇന്ന് ഒന്നും വേണ്ട..”

അമ്മ പറയുന്നത് കേൾക്കുവാൻ നിൽക്കാതെ ഞാൻ മുറിയിൽ കയറി കതകടച്ചു. ഒത്തിരി കാര്യങ്ങൾ എനിക്ക് ചിന്തിക്കുവാൻ ഉണ്ട്. ഒത്തിരി കാര്യങ്ങൾ എഴുതി വയ്ക്കണം. ഒന്നും പൂർത്തിയാക്കാതെ ഒരു മടക്കം അത് വയ്യ. ആദ്യം ഓഫിസിൽ നിന്നും തുടങ്ങണം. പിന്നെ വീട്..

…………………………

പിറ്റേന്ന് ഓഫീസിലേക്കിറങ്ങിയ എന്നെ അമ്മയും ഏട്ടനും തടഞ്ഞു. ഇന്ന് എൻ്റെ ഓഫീസിലെ അവസാനത്തെ ദിവസ്സം ആണെന്ന് അവർക്കു അറിയില്ലല്ലോ.. അവസാനം ഏട്ടൻ “ഓഫിസിൽ വന്നു കൂട്ടിരിക്കും” എന്ന് പറഞ്ഞു. അങ്ങനെ ഏട്ടനേയും കൂട്ടി ഓഫീസിലേയ്ക്ക് ഞാൻ യാത്രയായി. കാറിൻ്റെ മുൻസീറ്റിൽ ഇരിക്കുമ്പോൾ ആ മുഖത്തേയ്ക്കു ഞാൻ ഒന്ന് നോക്കി. എന്നും തിരക്കാണെന്നു പറയുന്ന ആൾ, ഇന്ന് ലീവ് എടുത്തു എൻ്റെ കൂടെ വരുന്നൂ..ഓഫീസിൽ എത്തിയതും ഏട്ടനെ കഫെറ്റേരിയയിൽ വിട്ടു ഞാൻ പതുക്കെ ഡയറക്ടറുടെ മുറിയിലേയ്ക്കു ചെന്നൂ. അദ്ദേഹം എന്നെ കണ്ടതും സന്തോഷത്തോടെ ഒരു കാര്യം പറഞ്ഞു.

“നീമ, യു ആർ ഗോയിങ് ടു ലീഡ് ദ പ്രൊജക്റ്റ് ദിസ് ടൈം..?”

നീണ്ട ആറു വർഷങ്ങൾ ഈ ഓഫീസിൽ ഞാൻ ഉണ്ടായിരുന്നൂ. എത്രയോ പ്രാവശ്യം ഈ വാക്കുകൾ കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചൂ. അന്നൊന്നും എനിക്ക് അത് കിട്ടിയില്ല. എനിക്കും ബോബിക്കും ഇടയിൽ ആയിരുന്നൂ ഈ തവണത്തെ മത്സരം . ടീം ലീഡ് ആകുവാൻ വേണ്ടിയുള്ള മത്സരം. ഇന്നിപ്പോൾ പുതിയ പ്രോജക്റ്റിൻ്റെ ടീം ലീഡ് ആകുവാനുള്ള അവസരം എനിക്ക് ലഭിച്ചൂ എന്നറിഞ്ഞപ്പോഴും സന്തോഷിക്കുവാൻ ആവുന്നില്ല. ഞാൻ അദ്ദേഹത്തോട് പറഞ്ഞു

“സാർ, ഈ അവസരം ബോബിക്ക് നൽകണം. ഞാൻ എൻ്റെ ജോലി രാജി വയ്ക്കുകയാണ്. സാർ മെയിൽ നോക്കണം. എൻ്റെ രാജി ഞാൻ അയച്ചിട്ടുണ്ട്.” അദ്ദേഹത്തിൻ്റെ മുറിയിലേയ്ക്കു കയറും മുൻപാണ് ആ മെയിൽ ഞാൻ അയച്ചത്.. അദ്ദേഹം എന്തെങ്കിലും പറയും മുൻപേ ഞാൻ പുറത്തേയ്ക്കു ഇറങ്ങി.

“കണ്ണുകൾ നനഞ്ഞിരുന്നൂ. അത് ആരും കാണരുത്..” ഓഫീസിൽ ആരോടും ഒന്നും പറയുവാൻ നിൽക്കാതെ ഭർത്താവിനെയും കൂട്ടി വീട്ടിലേയ്ക്കു പോന്നൂ. കാറിൽ ഇരിക്കുമ്പോൾ ഡയക്ടറുടെ കാൾ വന്നൂ.

“നീമ, എന്നോട് ഒന്നും പറയേണ്ട. അസുഖം എന്നുള്ള കാര്യം എന്നോടു മറച്ചു വച്ചല്ലേ. ഞാൻ അത്ര ക്രൂരൻ ഒന്നും അല്ല. നീമ ട്രീറ്റ്മെൻറ് കഴിയും വരെ ജോലിക്കു വരേണ്ട. ശമ്പളം അക്കൗണ്ടിൽ വരും. ഒന്നുകൊണ്ടും വിഷമിക്കരുത്. പിന്നെ ആ ടീം ലീഡ് പോസ്റ്റ് നീമ തിരിച്ചു വരുന്നത് വരെ അങ്ങനെ ഇരിക്കട്ടെ.”

“ഞാൻ ഇനി തിരിച്ചു വരില്ല” എന്ന് അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം അത് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി. ഞാൻ അവിടെ നിന്നും ഇറങ്ങുബോൾ ആലീസ് ആ മുറിയിലേയ്ക്കു കയറുന്നുണ്ടായിരുന്നൂ. അവൾക്കെല്ലാം അറിയാം, എൻ്റെ അടുത്ത കൂട്ടുകാരി. ക്യാമ്പസ് സെലെക്ഷനിൽ ഞങ്ങൾക്ക് ഒരുമിച്ചാണ് അവിടെ ജോലി കിട്ടിയത്. അവൾ അദ്ദേഹത്തെ എല്ലാം അറിയിച്ചു കാണും.

……………………..

വീട്ടിൽ എത്തിയതും അമ്മ എല്ലാം പാക്ക് ചെയ്ത് ഇരിക്കുകയായിരുന്നൂ. ഇനി നേരെ ആശുപത്രിയിലേയ്ക്ക്..അത് മാത്രം വയ്യ. തളർന്നു സെറ്റിയിലേയ്ക്ക് ഇരുന്നൂ..ജോലിതിരക്കുകൾക്കിടയിൽ മോളെ നോക്കുവാൻ മറന്നു പോയി. അമ്മമ്മയുടെ ചക്കരയായി അവൾ വളരുകയായിരുന്നൂ..

“ഏട്ടാ, എനിക്ക് ആശുപത്രി വേണ്ട. ഞാൻ വീട്ടിലിരുന്നു മരുന്ന് കഴിച്ചോളാട്ടോ. ഇനിയുള്ള കുറച്ചു ദിവസ്സങ്ങൾ എനിക്ക് ജീവിക്കണം, നല്ലൊരു അമ്മയായി, ഭാര്യയായി..” ഏട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം ഒന്നും പറഞ്ഞില്ല.

“ഹരി ഏട്ടാ, എനിക്ക് netfilx വേണം. കുറച്ചു സിനിമകൾ കാണാനുണ്ട്..” കുട്ടിക്കാലം മുതൽ എല്ലാറ്റിലും ഞാൻ ഒന്നാമത് ആവണം എന്ന വാശിയായിരുന്നൂ അമ്മയ്ക്കും അച്ഛനും. ഡാൻസ്, പാട്ട്, വര എല്ലാം പഠിപ്പിച്ചൂ. ഇതിനിടയിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യുവാൻ ഞാൻ മറന്നൂ. പത്താം തരം കഴിഞ്ഞതോടെ എൻട്രൻസ് പഠനവും പ്ലസ് ടു പഠനവും, എൻട്രൻസിൽ നല്ല റാങ്ക് വാങ്ങി എൻജിനീയറിങ് കോളേജിലേയ്‌ക്ക്‌. പിന്നെ അച്ഛനും അമ്മയും ആഗ്രഹിച്ച പോലെ നല്ലൊരു ജോലി, വിവാഹം..”

ഇതെല്ലാം ഞാൻ ചെയ്തത് അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നൂ. ഇന്നിപ്പോൾ തോന്നുന്നൂ ഇരുപത്തെട്ടാം വയസ്സിൽ മരിക്കുവാൻ ആയിരുന്നെങ്കിൽ എന്തിനായിരുന്നൂ ഇതെല്ലാം.. കോളേജിൽ വച്ച് ഒരു പ്രണയം തോന്നിയെങ്കിലും മനസ്സിൽ അതിനെ കുഴിച്ചു മൂടി, മാതാപിതാക്കൾക്ക് വേണ്ടി

“അമ്മാ എൻ്റെ മോളെ അമ്മ വളർത്തണം, അവളും മിടുക്കി ആയി വളരണം. പക്ഷേ എന്നെ പോലെ അവളെ സകലകലാ വല്ലഭയായി വളർത്തേണ്ട. പഠനത്തോടൊപ്പം അവൾക്കിഷ്ടമുള്ളതൊക്കെ അവൾ ചെയ്‌തോട്ടെ…” പെട്ടെന്ന് ഹരി ഏട്ടൻ പറഞ്ഞു.. “നീ ഇങ്ങനെ തളരല്ലേ. ഓപ്പറേഷൻ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞില്ലേ. എനിക്ക് ഇനിയും പ്രതീക്ഷ ഉണ്ട്. ആശുപത്രിക്കു അടുത്തുള്ള ഒരു ഫ്ളാറ്റിലേയ്ക്ക് നമ്മുക്ക് മാറാം. മോളുടെ സ്കൂൾ അങ്ങോട്ട് മാറ്റാം. ഞാൻ കുറച്ചു ദൂരം കൂടുതൽ യാത്ര ചെയ്യണം ഓഫീസിലേയ്ക്ക് എന്നല്ലേ ഉള്ളൂ..” ഞാൻ ഒന്നും പറഞ്ഞില്ല.

ഓഫീസിനടുത്തു വീട് വേണം എന്നുള്ളത് ഏട്ടൻ ആഗ്രഹിച്ചിരുന്ന കാര്യം ആണ്. രാവിലെ പോയാൽ പാതിരാത്രി വരെ ഓഫീസിൽ ആണ്. അത്രയ്ക്ക് തിരക്കുണ്ട്. എനിക്കും മോൾക്കും അല്പം സമയം തരണം എന്നുള്ളത് കൊണ്ടാണ് ഓഫീസിനടുത്തു തന്നെ വീട് എടുത്തത്. ഏതായാലും വീടെല്ലാം മാറി. ട്രീട്മെന്റും തുടങ്ങി.

ഓപ്പറേഷൻ ഞാൻ തന്നെ പറഞ്ഞാണ് രണ്ടാഴ്ച വൈകിച്ചത്. ആ രണ്ടാഴ്ച സത്യത്തിൽ ഞാൻ ജീവിക്കുകയായിരുന്നൂ. കടുത്ത തലവേദനക്കിടയിലും മകളുടെ കുസൃതികൾ ഞാൻ ആസ്വദിക്കുകയായിരുന്നൂ. ഒരു ടെൻഷൻ പോലും ഇല്ലാതെ അവളോടൊപ്പം അവളുടെ അമ്മയായി മാത്രം കുറച്ചു ദിവസ്സങ്ങൾ, അല്ലെങ്കിലും ഇനി ആരോടും മത്സരിക്കുവാൻ ഇല്ലലോ. എല്ലാം ഇവിടെ തീരുന്നൂ….

……………………………

ഇനി രണ്ടു ദിവസ്സം കഴിഞ്ഞാൽ തീയേറ്ററിലേയ്ക്ക്..പിന്നെ തിരിച്ചു വരുമെന്ന് ഉറപ്പില്ല..മോൾ റൂമിൽ ഉണ്ടായിരുന്നൂ. അമ്മയോടൊപ്പം കളിക്കുന്നൂ.

“നീമ, നാളെ ഞാൻ അവളെ കൊണ്ട് വരില്ല. അവൾക്കു അത് താങ്ങുവാൻ ആകില്ല.”

“എനിക്ക് മനസ്സിലാകും ഹരിയേട്ടാ…”

” എൻ്റെ അച്ഛനും അമ്മയും എത്തിയിട്ടുണ്ടല്ലോ. മോളെ അവർ നോക്കിക്കൊള്ളും. ഞാൻ മോളെ വീട്ടിലാക്കി തിരിച്ചു വരാം..”

“മോളെ അമ്മയ്ക്ക് ഒരു ഉമ്മ കൊടുക്ക്…” അവൾ ഉമ്മ തന്നതും എൻ്റെ കണ്ണ് നിറഞ്ഞു

“അമ്മ കരയുകയാണോ, അപ്പ പറഞ്ഞല്ലോ അമ്മയ്ക്ക് സുഖമില്ല. നാളെ എല്ലാം ശരിയാകും എന്ന്. അമ്മയ്ക്ക് മോളെ പോലെ ഇൻജെക്ഷൻ പേടി ആണല്ലേ. അതോണ്ടല്ലേ കരയണേ. അമ്മ വന്നിട്ട് വേണം മോൾക്ക് മാജിക് പഠിക്കാൻ. ഈ അച്ചമ്മയ്ക്കും അച്‌ഛനും ഒന്നും ആ മാജിക് ബോക്സ് ഉപയോഗിക്കുവാൻ അറിയില്ല. മോൾ ടീച്ചറോട് പറഞ്ഞിട്ടുണ്ട് ശിശുദിനത്തിനു മാജിക് ഷോ കാണിക്കാമെന്നു..അമ്മ വേഗം വരണോട്ടോ…” ടാറ്റാ തന്നു തിരിഞ്ഞു എന്നെ തന്നെ നോക്കി അവൾ പോകുന്നതും നോക്കി ഞാൻ നിന്നൂ..ആ നിമിഷം ഞാൻ മനസ്സിൽ പ്രാർത്ഥിചൂ.

“എനിക്ക് ഒരു ചാൻസ് കൂടെ തന്നൂടെ ഈശ്വരാ… ഇതു വരെ ഒരു തെറ്റും ഞാൻ ജീവിതത്തിൽ ചെയ്തിട്ടില്ല. എൻ്റെ മകൾക്കു അമ്മ വേണം. ഹരി ഏട്ടൻ ഞാൻ ഇല്ലാതെ തളർന്നു പോകും..”

……………………………..

“ഹരി ഓപ്പറേഷൻ കഴിഞ്ഞു. ഇനി 48 മണിക്കൂർ കഴിഞ്ഞേ എന്തും പറയുവാൻ കഴിയൂ. ഇതു വരെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ആ വളർച്ച എടുത്തു ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വരുമ്പോൾ അറിയാം.”

……………………………

“ഞാൻ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നൂ. ചുറ്റും മാലാഖമാർ. പതിയെ അവർ എനിക്ക് വഴി കാണിച്ചു തരികയായിരുന്നൂ. അവരോടൊപ്പം പോകുമ്പോൾ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല..പെട്ടന്ന് ആണ് ആരോ കൈയ്യിൽ പിടിച്ചത്.

“അമ്മ, വാ വീട്ടിൽ പോണം. വാ അമ്മേ, വാ.. എനിക്ക് അമ്മയെ വേണം..”

“എൻ്റെ മോൾ. അവൾ കരയുകയാണോ..”

“മോളെ..” ഞാൻ തിരിച്ചോടി..

“എല്ലാവരും മാറു…വേഗം.. നഴ്‌സ്‌… പിന്നെ എന്തൊക്കെയോ ശബ്ദങ്ങൾ..”

കണ്ണ് തുറക്കുമ്പോൾ ഹരിയേട്ടനും മകളും അടുത്തുണ്ടായിരുന്നൂ.

………………….

ഒരു മാസം ആശുപത്രിയിൽ കിടന്നൂ . വീട്ടിൽ എത്തി കഴിഞ്ഞപ്പോഴാണ് ഹരിയേട്ടൻ എല്ലാം പറഞ്ഞത്. ഓപ്പറേഷന് ശേഷം രണ്ടാം ദിവസ്സം പെട്ടെന്നു എൻ്റെ നില വഷളായി. വെന്റിലേറ്ററിലേയ്ക്ക് മാറ്റി. അഞ്ചു ദിവസ്സം അങ്ങനെ കിടന്നൂ. എല്ലാവരും പ്രതീക്ഷ കൈ വിട്ടൂ.

“വെന്റിലേറ്ററിൽ നിന്നും മാറ്റാം, ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ല” എന്ന് ഡോക്ടർ പറഞ്ഞു.

അങ്ങനെ അവസാനമായി മോളെ കാണിക്കുവാൻ കൊണ്ട് വന്നപ്പോൾ ആണ് എനിക്ക് ചെറിയ മാറ്റം ഉണ്ടായതത്രെ.

“എന്തോ, എന്നെ കണ്ടപ്പോൾ മോൾ വല്ലാതെ കരഞ്ഞു പോലും.”

അത്രയും മെഷീനുകൾക്കിടയിൽ എന്നെ കണ്ടപ്പോൾ അവൾ പേടിച്ചു കാണും. ഞാൻ മരിച്ചുപോകുമെന്നു അവൾ ഭയന്നിരിക്കണം.ആ കരച്ചിൽ എന്നിൽ മാറ്റം ഉണ്ടാക്കിയത്രേ…” ഞാൻ മോളെ നോക്കി..

“അല്ലെങ്കിലും അവൾക്ക് ഞാൻ വാക്ക് കൊടുത്തിരുന്നല്ലോ, മാജിക് പഠിപ്പിക്കാമെന്നു. വാക്ക് പാലിക്കാതെ അങ്ങനെ പോകുവാൻ പറ്റുമോ. ഏതു അമ്മയാണ് മക്കൾക്ക് കൊടുത്ത വാക്ക് പാലിക്കാതെ ഇരിക്കുന്നത്. എൻ്റെ രാജകുമാരി അവളെ ഈ ലോകത്തിൽ ഞാൻ ഒറ്റക്കാക്കില്ല..”

എൻ്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി അടർന്നു വീണൂ…

……………………സുജ അനൂപ്