മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആരോ വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടാണ് ഗൗരി വാതിൽ തുറന്നത്. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അറിയാതെ കണ്ണുനിറഞ്ഞു പോയി.ഓടി പോയി ആ നെഞ്ചിലേക്ക് വീണു കരഞ്ഞു.
“”കരയല്ലേ മോളെ എന്റെ കുട്ടിക്ക് സുഖല്ലേ?””
അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് സുഭദ്ര ചോദിച്ചു. അവരുടെ ചോദ്യത്തിന് കരച്ചിലിനിടയിലും ഒരു പുഞ്ചിരിയായിരുന്നു മറുപടി.
“”ഹലോ.. ഞാൻ അപ്പോൾ ഔട്ട് ആയോ?””
അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ദേവു ചോദിച്ചു.
“”നീ ഏത് നേരോം ഇവിടെ തന്നെ അല്ലേ ഏട്ടനെ പറ്റിച്ച്. സ്പെഷ്യൽ ക്ലാസ്സ്,ബുക്ക് വാങ്ങാനും, ലൈബ്രറി എന്നും പറഞ്ഞ് ഓരോ കാരണോം പറഞ്ഞല്ലേ ഇറങുന്നത്. പാവം എന്റെ ഏട്ടൻ “”
ദേവുവിന്റെ ചെവിക്കു പിടിച്ചു സുഭദ്ര അത് പറഞ്ഞതും ദേവു ചുണ്ട് കൂർപ്പിച്ചു.
“”ഓ അങ്ങളയോട് സ്നേഹം ഉള്ള ഒരു സഹോദരി. എന്നിട്ടാണല്ലോ എന്റെ അച്ഛനെ പറ്റിച്ച് മോളേം, മരുമകനേയും കാണാൻ ഒളിച്ചും പാത്തും വന്നത്.?ഹും””
അതും പറഞ്ഞ് കൊണ്ട് ദേവു വേഗം വീടിനുള്ളിലേക്ക് കയറി പോയി.
“”ദേവനെവിടെ മോളെ. പണിക്ക് പോയോ?””
സുഭദ്ര ചോദിച്ചതും അവൾ തലയാട്ടി.
“”അവനിപ്പോൾ കുടിക്കാറുണ്ടോ?തല്ലു പിടിയോ?””
സുഭദ്രയുടെ വെപ്രാളത്തോടെ ഉള്ള ചോദ്യം കേട്ടതും അവളവരെ വിളിച്ചു കൊണ്ട് നടുമുറിയിൽ ഇട്ട കസേരയിലിരുത്തി.
“”ദേവേട്ടൻ പാവാണമ്മേ. ഇപ്പോൾ കുടിയും, തല്ലുപിടിയൊന്നും ഇല്ല.””
എല്ലാം സന്തോഷത്തോടെ ഗൗരി പറയുന്നത് കേട്ടതും സുഭദ്രക്ക് സമാധാനം കിട്ടി. ഉള്ളിൽ ഉണ്ടായിരുന്ന പേടിയെല്ലാം പോയത് പോലെ. അപ്പോഴേക്കും അടുക്കളയിലെ ബേക്കറി പാത്രവും എടുത്ത് കൊണ്ട് വരുന്നുണ്ട് ദേവു.
“”ടി പാറു ഇതിൽ മുഴുവൻ നിനക്കിഷ്ട്ടപെട്ട ബേക്കറികൾ ആണല്ലോ. വേറെ ആർക്കും ഒന്നും തിന്നണ്ടേ?കുഴലപ്പവും കയ്യിൽ പിടിച്ചു വിഷമം പറയുകയാണ് ദേവു.””
“”വന്നപാടെ തുടങ്ങിയോ പെണ്ണേ നിന്റെ ഈ അടുക്കളയിൽ തപ്പി തിരയൽ? “””
സുഭദ്ര ദേഷ്യപെട്ടതും ദേവു അത് കാര്യമാക്കാതെ അതും കഴിച്ചു കൊണ്ടിരുന്നു.
“”ഇതാ മോളെ വീട്ടിൽ ഉണ്ടാക്കിയ പാലട പായസവും ഉണ്ണിയപ്പവുമാണ്.പിന്നെ കുറച്ച് ബേക്കറിയുമുണ്ട്.””
ഗൗരിയുടെ കയ്യിലേക്ക് എല്ലാം ഏൽപ്പിച്ചു കൊണ്ട് സുഭദ്ര പറഞ്ഞു.
“””അമ്മാവൻ ചോദിച്ചില്ലേ അമ്മേ ഇതൊക്കെ കൊണ്ട് എവിടെക്കാ എന്ന്?””
ഗൗരി കൈകളനക്കി ചോദിച്ചതും അവർ ഒന്ന് ചിരിച്ചു.
“”ഏട്ടനവിടെ ഇല്ല.അമ്പലത്തിൽ ഉത്സവം തുടങ്ങല്ലേ. അതിന്റെ തിരക്കൊക്കെയായതു കൊണ്ട് അമ്മാവന്മാർ അവിടേക്ക് പോയതാ.അപ്പോൾ വീട്ടിൽ ഉണ്ടാക്കി കൊണ്ട് വന്നതാ….നിന്റെ പിറന്നാളിനോ ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല. ഇപ്പോഴെങ്കിലും എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരണം എന്ന് തോന്നി.””
ചിരിച്ചു കൊണ്ടവർ അത് അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നിന്നപ്പോഴാണ് ദേവൻ ചോറുണ്ണാനായി ഉച്ചക്ക് വീട്ടിലേക്കു വന്നത്. പെട്ടെന്ന് അപ്പച്ചിയെ കണ്ടപ്പോൾ ദേവൻ ഒന്ന് വല്ലാതെ ആയി. തെറ്റു ചെയ്ത കുഞ്ഞിനെ പോലെ സുഭദ്രയുടെ മുന്നിൽ നിന്നു.
“”അപ്പച്ചി എപ്പോ വന്നു?””
വിക്കി വിക്കി അവൻ ചോദിച്ചതും അവർ ഒന്ന് ചിരിച്ചു.
“”കുറച്ച് സമയമായി. രണ്ടുപേരെയും കാണാൻ തോന്നി അതുകൊണ്ട് വന്നതാ.””
ദേവൻ വേഗം വന്നു സുഭദ്രയുടെ കാലിൽ വീണു.
“”അപ്പച്ചി എന്നോട് ക്ഷെമിക്കണം.ആരോടും ഉള്ള വാശിക്കോ ദേഷ്യത്തിനോ എന്നുമല്ല ഞാൻ ഇവളെ വിവാഹം ചെയ്തത്. അത്രയ്ക്ക് ഇഷ്ട്ടമായിട്ടാ……എന്റെ പ്രണാനായിട്ടാ…..കൈവിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് അങ്ങനെ ചെയ്യാനാ തോന്നിയത്. വീട്ടുകാരുടെ എല്ലാരുടേം സമ്മതത്തോടെ ഞങ്ങടെ വിവാഹം നടക്കണം എന്നുണ്ടായിരുന്നു അങ്ങനെ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല.അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു. അവനെ വിവാഹം കഴിച്ചാൽ ഇവളുടെ ജീവിതം തകർന്നു പോകും. അവൻ അത്രക്കും മോശമായൊരാളാണ്. കാരണം മാത്രം എന്നോട് ചോദിക്കരുത്. ഇപ്പോൾ എനിക്കതു പറയാൻ പറ്റില്ല. പക്ഷേ വൈകാതെ നിങ്ങൾ എല്ലാരും അറിയും “”
അത്രയും പറഞ്ഞ് ദേവൻ അവരുടെ മുഖത്തേക്ക് നോക്കി.
“”എനിക്ക് ഇപ്പോൾ ഒരു വിഷമോം ഇല്ല ദേവാ.വെറുപ്പുമില്ല. എല്ലാം വിധിയാണ്.ഇവൾക്ക് വിധിച്ചത് നീയാ…അതുകൊണ്ടാണ് നീ തന്നെ വിവാഹം കഴിച്ചത് പാറൂനെ.പക്ഷേ നീ എനിക്കൊരു വാക്ക് തരണം. എന്തൊക്കെ പ്രതിസന്ധി വന്നാലും എന്റെ കുഞ്ഞിനെ തള്ളി കളയരുത് നീ. “”
സുഭദ്ര കൈകൾ നീട്ടി പിടിച്ചു പറഞ്ഞതും ദേവനും ആ കൈകളിൽ കൈചേർത്ത് സത്യം ചെയ്യ്തു കൊടുത്തു്. പിന്നീട് ഗൗരിയും ദേവനും സുഭദ്രയുടെ കാലുകളിൽ വീണനുഗ്രഹം വാങ്ങി. അമ്മക്ക് ഭക്ഷണം വിളമ്പി കൊടുത്തപ്പോൾ ഗൗരിക്ക് എന്നുമില്ലാത്ത ഒരു വെപ്രാളമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് അമ്മക്ക് ഇഷ്ട്ട പെട്ട കറികൾ ഒന്ന് രണ്ടെണ്ണം പെട്ടെന്നുണ്ടാക്കിയിരുന്നു.ആദ്യത്തെ ഒരുരുള ചോറ് ആ മകൾക്കു നീട്ടിയപ്പോഴും അത് വാങ്ങികഴിച്ചപ്പോഴും ആ അമ്മയുടെയും മകളുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അതെല്ലാം കൗതുകത്തോടെ നോക്കി കാണുകയായിരുന്നു ദേവനും ദേവുവും. ഒരു നിമിഷം അവർക്കു രണ്ടുപേർക്കും അവരുടെ അമ്മയെ ഓർമവന്നു പോയി.അവരുടെ നോട്ടം കണ്ടിട്ട് സുഭദ്ര രണ്ടുപേർക്കും കൂടി ഓരോ ഉരുള ചോറ് വീതം അവർക്കും കൊടുത്തിരുന്നു. ദേവന്റെ കണ്ണുകൾ അവന്റെ അമ്മക്ക് വേണ്ടി ഒരു നിമിഷം നിറഞ്ഞു.
?????????
രാത്രി ജനലഴികളിൽ പിടിച്ചു കൊണ്ട് മാനത്തെ തിളക്കമുള്ള നക്ഷത്രത്തെ നോക്കി നിന്നു ദേവൻ.ആ നിമിഷത്തിലാ നക്ഷത്രത്തിൽ അവന്റെ അമ്മയുടെ മുഖം പോലെ തോന്നിച്ചു.
“”ഞാനാണോ അമ്മേ അമ്മയുടെ മരണത്തിനു കാരണക്കാരൻ. ഞാൻ സത്യമല്ലേ അമ്മേ പറഞ്ഞത്….. പ്രവർത്തിച്ചത്…. പക്ഷേ അതിന്റെ പേരിൽ എന്റെ അമ്മയുടെ ജീവൻ നഷ്ട്ടമാകുമെന്ന് കരുതിയില്ല. എനിക്ക് പകരം എന്റെ അമ്മ പെട്ടു പോകുമെന്നറിഞ്ഞിരുന്നില്ല. അച്ഛൻ പറയുന്നത് സത്യമായിരുന്നു.അറിഞ്ഞു കൊണ്ടെല്ലെങ്കിലും എന്റെ അമ്മയുടെ മരണത്തിനു കാരണം ഞാൻ മാത്രമായിരുന്നു.””
അമ്മയോട് മനസ്സിൽ ഒരായിരം തവണ മാപ്പ് പറഞ്ഞ് കൊണ്ടവൻ ആ ജനലഴികളിൽ തല ചായ്ച്ചിരുന്നു. കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. അവന്റെ വയറിലൂടെ ചുറ്റി പിടിച്ച് പുറത്തേക്ക് ചാരി കിടന്നു ഗൗരി.അവന്റെ കണ്ണുനീരിനൊരു മാറ്റം വരുന്നത് വരെ. കുറച്ച് സമയത്തിന് ശേഷം അവനവളെ പിടിച്ച് നെഞ്ചിലേക്ക് ഇട്ടു പൊട്ടികരഞ്ഞു കൊണ്ടവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു. അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ ഗൗരി അവന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു. കരച്ചിലിനൊരു കുറവ് വന്നപ്പോൾ അവനെ അടർത്തി മാറ്റി കട്ടിലിൽ അവൻ വെച്ച അമ്മയുടെ ഫോട്ടോ എടുത്ത് മേശയുടെ മുകളിലേക്കു തന്നെ വെച്ചു. അവന്റെ കയ്യും പിടിച്ച് കട്ടിലിലേക്ക് വന്നതും അവനവളെ പിടിച്ച് നിർത്തി.
“”നമ്മുക്ക് കുറച്ച് നേരം പുറത്തിരിക്കാം ഗൗരി.ഇരുട്ട് നോക്കി ഇരിക്കാം.എന്റെ അമ്മയെ കുറച്ച് നേരം നോക്കി കിടക്കണമെനിക്ക്.””
അവളെയും വിളിച്ചു കൊണ്ട് ദേവൻ പുറത്തെ തിണ്ണയിലേക്ക് ഇരുന്നു. അവളുടെ മടിയിൽ തലചായ്ച്ച് കിടന്നു.
“””ഞാനൊരു നശിച്ച ജന്മമാണല്ലേ ഗൗരി. അച്ഛൻ പറയുന്നത് പോലെ കുടുംബത്തെ പറയിപ്പിക്കാൻ ഉണ്ടായ സന്തതി. ആദ്യം അച്ഛനെതിരായി എന്റെ ഇഷ്ടങ്ങളെ കൂട്ടുപിടിച്ചു. പക്ഷേ സത്യസന്ധമായി തന്നെയായിരുന്നു അതിൽ പ്രവർത്തിച്ചത്. തെറ്റുകളെ ചൂണ്ടി കാണിച്ചത്. പക്ഷേ അതിന്റെ പേരിൽ അമ്മയുടെ ജീവൻ പോലും നഷ്ട്ടമായി. പിന്നെ വീട്ടിലും നാട്ടിലും കള്ളും കുടിച്ചു തല്ലും കൂടി നടന്നു.അച്ഛന്റെയും കുടുംബത്തേയും മാനം കെടുത്തി. പിന്നെ നിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തല്ലി ഉടച്ചു. സത്യത്തിൽ ഞാൻ ഒരു സ്വാർത്ഥനാണല്ലേ?എന്റെ ഇഷ്ട്ടത്തെ മാത്രം നോക്കി നടന്നൊരു സ്വാർത്ഥൻ.. “”
കരഞ്ഞു പറഞ്ഞ് ദേഷ്യത്തോടെയ വളുടെ മടിയിൽ നിന്നെഴുന്നേറ്റതും ഗൗരി അവനെ പിടിച്ചു വെച്ചു.
“””പണ്ട് ആ ആക്‌സിഡന്റിൽ തന്നെ ഞാനും ചത്തിരുന്നേൽ എല്ലാർക്കും സമാധാനം കിട്ടിയേനെ.ഒരു നശിച്ച ജന്മമല്ലേ?””””
പറഞ്ഞതും ഗൗരിയവന്റെ വാ പൊത്തി പിടിച്ചു.പറയരുതെന്ന് തലയാട്ടി വിലക്കി. അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ രണ്ടിലും ചുംബിച്ചു. അവനെ സ്നേഹത്തോടെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തിയവന്റെ നെറ്റിമേലും ഒന്ന് ചുംബിച്ചു.
“”ഗൗരി….””
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ദേവനവളെ വിളിച്ചു.
“”എനിക്ക് വല്ലാത്ത ആശ്വാസം തോന്നുന്നുണ്ട് ഗൗരി. എനിക്ക് ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നുണ്ട്.ജീവിതത്തിൽ ഏറ്റവും കൂടുതൽ മനസിന് വേദന തോന്നുന്നത് എപ്പോഴാണെന്ന് അറിയുമോ നിനക്ക്.?അതൊറ്റപെടുമ്പോഴാണ്. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ വരുമ്പോഴാണ്.ഈ രുദ്രദേവനും ഉണ്ടായിരുന്നു അങ്ങനെ ഒരു അവസ്ഥ. സങ്കടം കൊണ്ട് ഉള്ളു പൊട്ടി കരഞ്ഞ ഒരുപാട് രാത്രികൾ. അന്ന് എനിക്ക് കൂട്ട് ആ മ ദ്യമായിരുന്നു.എന്റെ വേദനകളെ മറക്കാൻ…..കുറച്ച് നേരമെങ്കിലും ഒന്നുറങ്ങാൻ…..ഈ വീട്ടിൽ ഞാൻ എന്നും ഒറ്റക്കായിരുന്നു ഗൗരി. എന്റെ അമ്മയുടെ ഒരു ഫോട്ടോ മാത്രം കൂട്ടിനുള്ള ഒറ്റപെട്ട ഒരു ദേവനായിരുന്നു. പക്ഷേ അപ്പോഴും എന്റെ ഉള്ളറിഞ്ഞു കുറച്ച് നേരത്തേക്ക് എങ്കിലും കൂടെ ഉണ്ടായിരുന്നത് എന്റെ ശിവനായിരുന്നു. അവനും പോയിക്കഴിഞ്ഞാൽ തീർത്തും ഒറ്റപ്പെടുന്ന ഒരവസ്ഥ.അങ്ങനെ ഒരിക്കൽ രാത്രി കുടിച്ചു കൊണ്ട് വരുന്ന വഴിയിലായിരുന്നു ഇവനെ എനിക്ക് കിട്ടിയത്. ഒരു മൂലയിൽ ഉറങ്ങി കിടക്കുന്ന കുട്ടുവിനെ ചൂണ്ടി കാണിച്ചു കൊണ്ടാണത് പറഞ്ഞത്. പിന്നെ എനിക്ക് സംസാരിക്കാൻ കൂട്ടിന് അവനായിരുന്നു ഉണ്ടായിരുന്നത്.തിരിച്ച് സംസാരിക്കാൻ കഴിയില്ലെങ്കിലും അവന്റെ ഭാഷയിൽ അവനെന്നോട് സംസാരിക്കാറുണ്ട്. എനിക്ക് വേണ്ടി കാത്തിരിക്കാൻ പിന്നീട് അവനുണ്ടായിരുന്നു. ചോറ് കൊടുക്കുന്നതിന്റെ നന്ദി അതിൽ ഇരട്ടി കാണിച്ച് അവൻ എനിക്ക് കൂട്ടുണ്ടായിരുന്നു. മനുഷ്യനേക്കാൾ സ്നേഹം ഉണ്ട് മൃഗങ്ങൾക്ക്.അത് ഒരിക്കലും കൂടെ നിന്നു ചതിക്കില്ല. പക്ഷേ കൂടെ നിന്നും ചതിച്ച ഒരുത്തനാണ് എന്റെ ജീവിതം ഇങ്ങനെ ആകാൻ കാരണം. ദേവൻ മിഴികളടച്ചു കിടന്നു. ഇന്നലെ എന്നപോലെ പഴയ കാര്യങ്ങൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു
തുടരും….
©️copyright protected