പഠനം പാതി വഴിയിൽ നിന്നു പോയ ഞാൻ അവളുടെ പഠിത്തം മുടങ്ങാൻ അനുവദിച്ചില്ല…

എന്റെ പെണ്ണ്…

Story written by MANJU JAYAKRISHNAN

::::::::::::::::::::::::::::::

“താലി കെട്ടിയ പെണ്ണ് തള്ളിപ്പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു “

‘നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമ്മൾ സ്നേഹിക്കേണ്ടത് ‘ എന്നൊക്കെ വെറുതെ പറയാം..

ഇഷ്ടം കൂടുതൽ ശക്തമാകുന്നത് ചിലപ്പോൾ ഒരിക്കലും കിട്ടില്ല എന്നു തോന്നുമ്പോൾ ആണ്. പലവട്ടം അവൾ നിരസിച്ച പ്രണയം ആയിരുന്നു എന്റെത്

ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ട ഒരേയൊരു പെണ്ണ് അവളായിരുന്നു…

വെറുമൊരു ‘വർക്ക് ഷോപ്പ് ‘ പണിക്കാരനെ പ്രണയിക്കാൻ മാത്രം വിഡ്ഢിയല്ല അവൾ എന്ന് മുഖത്തു നോക്കി പറഞ്ഞിട്ടു പോലും ആ ഇഷ്ടം മനസ്സിൽ കുഴിച്ചു മൂടാൻ തോന്നിയിരുന്നില്ല

അവളുടെ അച്ഛന്റെ ബിസിനസ് തകർന്നു ജീവിതം ചോദ്യചിഹ്നം ആയപ്പോൾ അവളുടെ വീട്ടുകാർ തന്നെ എന്നെ കൈപിടിച്ചു ഏല്പിച്ചു. എത്ര അഡ്ജസ്റ്റ് ചെയ്തിട്ടും ഒരു ഭർത്താവിനോടുള്ള സ്നേഹമോ ബഹുമാനമോ അവൾ തന്നില്ല.

ജോലി കഴിഞ്ഞു വന്നു അവളെ ചേർത്തു പിടിക്കുമ്പോൾ “നാറുന്നു ” എന്നു പറഞ്ഞു അവൾ ഒഴിഞ്ഞു മാറും

എത്ര വിലകൂടിയ സമ്മാനം കൊടുത്താലും അവൾ അതിൽ കുറ്റം കണ്ടു പിടിക്കും. അവളുടെ പിറന്നാളിന് കൊടുത്ത വെള്ളക്കൽ മൂക്കുത്തി കളഞ്ഞു പോയപ്പോൾ പോലും അവളുടെ മുഖത്ത് ഒരു സങ്കടവും ഇല്ലായിരുന്നു

എന്റെ പിറന്നാൾ അവൾ ഒരിക്കലും ഓർത്തില്ല.. പനി കൂടി വിറച്ചു കിടന്നപ്പോൾ പോലും ഞാൻ ആഗ്രഹിച്ച കരുതൽ എനിക്ക് കിട്ടിയില്ല.യാന്ത്രികമായി ജീവിതം പോകുന്നു എന്നല്ലാതെ ഞാൻ ആഗ്രഹിച്ച ഒരു ജീവിതം എന്നും അകലെ ആയിരുന്നു

അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് അവൾക്ക് വീട്ടിൽ പോകണം.

ഉച്ചക്ക് വീട്ടിൽ വന്നു കഴിക്കുന്നത് പോലും അവൾക്കത്ര പിടിക്കുന്നില്ലായിരുന്നു. പോകുമ്പോൾ ചോറ് കൊണ്ടു പോകാത്തത് ഉച്ചക്ക് അവളുടെ കൂടെ കഴിക്കാൻ ആണെന്ന് പോലും അവൾ മനസ്സിലാക്കിയില്ല

“ഞാൻ പുറത്തു നിന്നും കഴിച്ചോളാം ” എന്നു പറഞ്ഞു .

പഠനം പാതി വഴിയിൽ നിന്നു പോയ ഞാൻ അവളുടെ പഠിത്തം മുടങ്ങാൻ അനുവദിച്ചില്ല . വിദൂര വിദ്യാഭ്യാസം വഴി അവൾ പഠിക്കുന്നുണ്ടായിരുന്നു ..അതു കൊണ്ടു തന്നെ അവളുടെ ഫീസ് അടക്കേണ്ട അവസാന തീയതി ഇന്നായിരുന്നു

ഉച്ചക്ക് എത്തില്ല എന്നു പറഞ്ഞിട്ടും അഡ്മിഷൻ നമ്പറും ക്യാഷും എടുക്കാൻ ഞാൻ വീട്ടിലേക്ക് പൊന്നു

വീടിനു മുന്നിൽ കിടക്കുന്ന ഇന്നോവ എന്റെ കണ്ണിൽ പെട്ടു… അകത്തു നിന്നും പൊട്ടി ചിരിയും. ചെന്നു കേറിയപ്പോൾ അവളും കൂട്ടുകാരിയും ഭർത്താവും ഇരിക്കുന്നു. അവൾ തല താഴ്ത്തി ഇരുന്നു

ബിസിനസ് ആണെന്ന് പറഞ്ഞിട്ട് …. അവളുടെ കൂട്ടുകാരി മുഴുവനാക്കിയില്ല

“നാണം കെടുത്താൻ ആയിരിക്കും അല്ലേ ഇപ്പോൾ കേറി വന്നത്. ഗതികേട് കൊണ്ട് ആണ് നിങ്ങളെപ്പോലെ ഒരാളെ കെട്ടേണ്ടി വന്നത്.. എന്റെ തലവര”

എന്നു പറഞ്ഞു തീർന്നതും അവളുടെ കൂട്ടുകാരി ദേഷ്യത്തിൽ അവളെ നോക്കി

“ഏതു തൊഴിലിനും മാന്യതയുണ്ട് “..

എല്ലാവരും നോക്കുമ്പോൾ ഞങ്ങൾ ദുബായിൽ ആണ്. അവിടെ ഡ്രൈവർ ആണ് ഇദ്ദേഹം. ഒരിക്കലും അതൊരു കുറവായി എനിക്ക് തോന്നിയിട്ടില്ല

ഇവിടെ മാത്രമേ ജോലി നോക്കി ആൾക്കാരെ വിലയിരുത്തൂ. ഏതു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്

അവർ അവളോട്‌ യാത്ര പോലും പറയാതെ ഇറങ്ങി..

“ശരിയാവും ” എന്ന് എന്നോട് പറഞ്ഞു

മനഃപൂർവം അവളെ അപമാനിച്ചു എന്നു പറഞ്ഞു അവൾ വീട്ടിലേക്ക് പോയി. അവളുടെ ചേട്ടനു ജോലി കിട്ടിയപ്പോൾ സാമ്പത്തികമായി അവർ കുറച്ചു മെച്ചപ്പെട്ടു

ഞാൻ ചെന്നു വിളിച്ചാലും വരില്ല എന്നുറപ്പുള്ളത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല

അവളില്ലാത്ത ശൂന്യതയിൽ നെഞ്ചു പൊട്ടി എങ്കിലും ഞാൻ കടിച്ചു പിടിച്ചു നിന്നു

ഒരു വൈകുന്നേരം അവൾ എന്നെ കാണാൻ വന്നു…

അവൾ പോയിട്ട് അന്നത്തേക്ക് ഒരു മാസം തികഞ്ഞിരുന്നു… അവൾ വെറുത്ത നാറുന്ന കുപ്പായത്തിൽ മുഖം ചേർത്തു അവൾ കരഞ്ഞു… ‘എല്ലാവരും കാണുന്നു’ എന്ന് ഞാൻ പറഞ്ഞിട്ടു പോലും അവൾ പിടി വിട്ടില്ല

സ്വന്തം വീട്ടിലെ അനുഭവം അവളെ അത്രക്ക് മാറ്റി..

കുറച്ചു നാൾ കൊണ്ട് തന്നെ വേലക്കാരിയാക്കി അവളെ അവർ മാറ്റി.

ഒടുവിൽ ഭാരമാകും എന്നു പറഞ്ഞു ചേട്ടന്റെ ഭാര്യയുടെ അകന്ന ബുദ്ധിമാദ്യം ഉള്ള ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ വരെ ആലോചിച്ചു. ഒടുവിൽ രക്ഷപെട്ടു എന്റെ അടുക്കൽ എത്തി

“അവർ അപ്പോൾ നോക്കിയിരുന്നു എങ്കിൽ നീ എന്നെ ഒഴിവാക്കുവായിരുന്നു അല്ലേ “

എന്റെ ചോദ്യത്തിന് അവൾ നിറകണ്ണുകളോടെ കൈകൂപ്പി.

മാണിക്യം കുപ്പയിൽ എറിഞ്ഞ കാക്കയുടെ കഥ പഠിച്ചിട്ടും ജീവിതത്തിൽ എനിക്ക് മനസ്സിലായില്ലല്ലോ എന്ന് അവൾ പറഞ്ഞു.

വീട്ടിൽ ചെന്നു ഞാൻ മാറിയ കുപ്പായത്തിൽ മുഖം ചേർത്തു അവൾ കരഞ്ഞു കൊണ്ട് ഉമ്മ വെച്ചു . പിന്നിൽ നിന്നും അവളെ എന്റെ നെഞ്ചോടു ചേർക്കുമ്പോൾ അവൾ വെറുത്ത എന്റെ വിയർപ്പിന്റെ ഗന്ധം അവളിൽ പടർന്നിരുന്നു.