പഠിച്ചു കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്യാണത്തിന് നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഇവർക്ക് ഒരു സമാധാനം ആയേനെ…

കടൽ പോലെ…

Story written by AMMU SANTHOSH

:::::::::::::::::::::::::::::::

“അമ്മ എന്തിനാ ഇതിനെ ഇത്രയും എതിർക്കുന്നത്? ഞാൻ കല്യാണിയെ ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്ക് വേറെ കല്യാണം നടക്കുമമ്മേ ” അവിനാഷ് അമ്മയോട് പറഞ്ഞു

“ഒരു ജോലി കിട്ടിയിട്ട് മതി ” അമ്മ നിർവികാരയായി പറഞ്ഞു

“അമ്മക്ക് ജോലിയുണ്ടല്ലോ? എനിക്ക് ജോലി കിട്ടുന്നത് വരെ അമ്മ ഞങ്ങളെ നോക്കില്ലേ?”

“ഇല്ലല്ലോ. എന്റെ മോനെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം മാത്രമേ എനിക്കുള്ളൂ. നീ മാത്രം അല്ല അവളും പഠിത്തം കംപ്ലീറ്റ് ചെയ്യട്ടെ, ഒരു ജോലി വാങ്ങാൻ പറയ്. “

“എന്നാ പിന്നെ ഞങ്ങൾ വേറെ എവിടെ എങ്കിലും പോകും. മരിക്കാൻ ആരുടെയും സമ്മതം വേണ്ടല്ലോ.”

അമ്മ ഒന്ന് ചിരിച്ചു

“നിന്റെ ഇഷ്ടം പോലെ ചെയ്യ്. പിന്നെ നീ മരിക്കാൻ പോവാന്ന് പറഞ്ഞാലൊന്നും ഒരു സെന്റിമെന്റ്സും എനിക്ക് തോന്നില്ല. കാരണം ആർക്കും എപ്പോ വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഈസി കാര്യമാണ് ആത്മഹത്യ. ജീവിക്കണം എങ്കിൽ ധൈര്യം വേണം..”

അമ്മ കാറിന്റെ താക്കോൽ എടുത്തു

“കോളേജിലേക്കാണെങ്കിൽ എന്റെ കൂടെ പോര്.. ഇല്ലെങ്കിൽ ബസ്..”

അവന് അമ്മയെ ശരിക്കും മനസിലായില്ല.

ഒറ്റ മകനാണ് താൻ

അമ്മ തന്നെ സ്നേഹിക്കുന്നില്ലേ?

പക്ഷെ അമ്മ പറഞ്ഞത് ശരിയായ കാര്യം തന്നെ ആണ്

“അമ്മ എന്നെ ബസ് സ്റ്റോപ്പിൽ വിട്ടേക്കാമോ? “

“അവളുടെ വീട്ടിൽ പോകാനല്ലേ?”

അമ്മ ചിരിച്ചു. അവന്റെ മുഖം വിളറി. സത്യാണ്. അവളുടെ അച്ഛനെ കണ്ടു സംസാരിക്കാൻ തോന്നിയിരുന്നു

കല്യാണിയുടെ വീട്ടിലേക്ക് അമ്മ കാർ ഓടിച്ചു പോകുമ്പോൾ അവൻ അത്ഭുതം തോന്നി. അമ്മക്ക് അവളുടെ വീട് അറിയാമോ?

കല്യാണിയുടെ വീട്…

“എന്റെ പേര് മായ. അഗ്രികൾച്ചർ ഓഫീസർ ആണ്. ഇത് എന്റെ മകൻ അവിനാഷ്. നിങ്ങളുടെ മകളുടെ കൂടെ പഠിക്കുന്നു.ഇവർക്ക് പരസ്പരം ഒരിഷ്ടമുണ്ട്. പഠിച്ചു കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്യാണത്തിന് നിങ്ങൾക്ക് സമ്മതം ആണെങ്കിൽ ഇവർക്ക് ഒരു സമാധാനം ആയേനെ “

അമ്മയെ അവൻ മിഴിഞ്ഞ കണ്ണുകളോടെ നോക്കി. എത്ര ലളിതമായി, എത്ര വ്യക്തമായി അമ്മ അത് പറഞ്ഞു തീർത്തു.

അവളുടെ അച്ഛൻ അവരോടു സംസാരിച്ചു

“എനിക്ക് നിങ്ങളുടെ രീതി ഇഷ്ടം ആയി. പക്ഷെ അവളുടെ വിവാഹം ഉറപ്പിച്ചു പോയി. അവൾ ഇങ്ങനെ ഒരു റിലേഷൻ എന്നോട് പറഞ്ഞിട്ടുമില്ല. പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ “

അവർ അമ്പരന്ന് പോയി

“മോളെ ഒന്ന് വിളിക്കാമോ? “

അമ്മ ചോദിച്ചു

കല്യാണി അവർക്ക് മുന്നിൽ വന്നു

“മോളെന്താ അച്ഛനോട് പറയാതിരുന്നത്? പേടിച്ചിട്ടാണോ?”

അമ്മ അവളോട് ചോദിച്ചു. കല്യാണി ചിരിച്ചു.

“ഹേയ് അല്ല ആന്റി.ഞാൻ ഇത് അത്ര സീരിയസ് ആയി എടുത്തില്ല. കോളേജ് ടൈം അല്ലെ വെറുതെ ഒരു ഫൺ അത്രേം ഉള്ളു. ഞാൻ അവിനാഷിനു വാക്കൊന്നും തന്നിട്ടില്ലല്ലോ? ഉവ്വോ അവി?” അവൾ നിഷ്കളങ്കത തോന്നിപ്പിക്കുന്ന കണ്ണുകൾ വിടർത്തി

അവൻ പെട്ടെന്ന് എഴുന്നേറ്റു.

“പോകാം അമ്മേ “

കാർ ഓടിക്കൊണ്ടിരുന്നു. അവന്റെ മുഖം അവരുടെ ചുമലിൽ തളർന്നമർന്നു

“വിശക്കുന്നു. ഒരു ഹോട്ടലിൽ കയറിയാലോ?”

അമ്മ ചോദിച്ചു

“രണ്ടു ചിക്കൻ ബിരിയാണി ” അമ്മ ഓർഡർ ചെയ്തു

“ഷവായ് വേണോടാ?”

അവൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി സാധാരണ പോലെ തന്നെ

“ഒരു ഹാഫ് ഷവായി.. രണ്ടു ഫലൂഡാ “

ഓർഡർ എടുത്തു പയ്യൻ പോയി

“അമ്മയെന്താ ആഘോഷിക്കുകയാ?” അവൻ ദേഷ്യത്തിൽ ചോദിച്ചു

അമ്മ പൊട്ടിച്ചിരിച്ചു

“എടാ മണുക്കൂസ നീ രക്ഷപ്പെട്ടില്ലേ? രാത്രി മുഴുവൻ ഫോൺ, വീഡിയോ കാൾ, സമ്മാനങ്ങൾ, ഇടക്കൊക്കെ മൂന്നാർ ടൂർ, അമ്മ അറിഞ്ഞിട്ടില്ലെന്നാ വിചാരം? പിന്നെ നിന്നേ നിയന്ത്രിച്ചാൽ, എന്തെങ്കിലും ചോദിച്ചാൽ നീ കള്ളമേ പറയു.. ഇത്രയും ചെയ്തു കൂട്ടിയിട്ട് അവൾ ചോദിക്കുന്നു ഞാൻ വാക്ക് തന്നിട്ടുണ്ടോ അവി? ജീവിതത്തിൽ വിശ്വസിക്കാൻ കൊള്ളാമോ അങ്ങനെ ഉള്ള മനുഷ്യരെ?എന്താ ല്ലേ പെർഫോമൻസ്?”

“We were in love.അവൾ എനിക്ക് വാക്ക് തന്നിരുന്നു അമ്മേ.. മരണം വരെ കൂടെയുണ്ടാകുമെന്നൊക്ക പറഞ്ഞിരുന്നു.പക്ഷെ അത് പൊള്ളയായിരുന്നു. I am cheated “

അവന്റെ കണ്ണ് നിറഞ്ഞു

അമ്മ ചിരിച്ചു

“എന്റെ കൊച്ചേ എന്ത് ചീറ്റിംഗ്..? ഒന്നുല്ല. അവളുടെ പേരെന്റ്സ് ആലോചിച്ച പയ്യനെ അവൾ ഓക്കേ പറഞ്ഞു. ഇത് അവൾ സീരിയസ് ആയി എടുത്തില്ല. ഇരുപത്തി ഒന്ന് വയസ്സ് അല്ലെ ഉള്ളു നിനക്ക്? ജോലിയില്ല. ഇനി എന്ന് കിട്ടും? ഉറപ്പില്ല. അച്ഛൻ ആലോചിച്ച പയ്യൻ കാനഡയിൽ ഡോക്ടർ. അവൾ ഓക്കേ പറയും സ്വാഭാവികം” അമ്മ ചിരിച്ചു

“ശവത്തിൽ കുത്തല്ലേ “

“ഇല്ല.. കുത്തില്ല.. ബിരിയാണി കഴിക്ക്.. എന്നിട്ട് ഉച്ച കഴിഞ്ഞു കോളേജിൽ പൊ..പഠിച്ചു ഒരു ജോലി വാങ്ങ്. നിനക്കുള്ളത് ദൈവം നിന്റെ മുന്നിൽ കൊണ്ട് തരും”

അവൻ വേദനയോടെ ചിരിച്ചു

“അത്ര ഈസി അല്ല അമ്മേ ഇതൊന്നും?”

“അല്ലല്ലോ..എനിക്ക് അറിയാം. നിന്നേ വയറ്റിൽ മൂന്ന് മാസമുള്ളപ്പോ എനിക്ക് മരുന്ന് വാങ്ങാൻ പോയതാ നിന്റെ അച്ഛൻ. ആക്‌സിഡന്റ് ആയിരുന്നു.. കൂടെ മരിക്കാൻ തോന്നിയതാ. സ്നേഹിച്ചു കൊതി തീർന്നിരുന്നില്ല. പക്ഷെ എന്റെ വയറ്റിൽ നീ.. നിന്നെ ഒന്ന് കണ്ടിട്ട് മരിക്കാമെന്ന് കരുതി. നിന്റെ മുഖം കണ്ടപ്പോൾ മരിക്കണമെന്ന് പിന്നെ തോന്നീട്ടേയില്ല. അദ്ദേഹത്തെ ദൈവം കൊണ്ട് പോയപ്പോൾ എനിക്ക് നിന്നേ തന്നില്ലേ? അത് പോലെ ഒരാളെ അകറ്റുമ്പോൾ മറ്റൊരാളെ കൂട്ട് തരും.. അത് പ്രപഞ്ചസത്യം ആണ്..”

അവൻ കുനിഞ്ഞിരുന്നു

പിന്നെ മെല്ലെ ഭക്ഷണം വാരിക്കഴിക്കാൻ തുടങ്ങി

“ആരും ആർക്കും പകരമാവില്ല. പക്ഷെ ചിലർ ചിലരെക്കാൾ ബെറ്റർ ആവും. നമ്മൾ കാണാഞ്ഞിട്ടാണ് നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ മുന്നിൽ വരും അവര് സമയം ആകുമ്പോൾ…. അല്ലെങ്കിലും പ്രണയം തമാശയാക്കുന്നവരെ വിശ്വസിക്കരുത്. അവർ ചതിക്കും. ആരെ വേണമെങ്കിലും, എപ്പോ വേണമെങ്കിലും.നീ ചതിക്കപ്പെട്ടു എന്ന് ചിന്തിക്കേണ്ട. രക്ഷപെട്ടു. അത് മതി. “

അവനു പെട്ടെന്ന് ഒരു ആശ്വാസം തോന്നി. അതേ രക്ഷപെട്ടു.. ശരിയാണ്..

അവൻ മെല്ലെ ഫലൂഡ നുണഞ്ഞിറക്കി

അമ്മ മൊബൈലിൽ സംസാരിക്കുകയാണ്..

അവൻ ഇമ വെട്ടാതെ അമ്മയെ നോക്കിയിരുന്നു.

“ഒരു മീറ്റിംഗ് ഉണ്ട്. മിനിസ്റ്റർ വരുന്നു. രണ്ടു മണിക്ക് ” അമ്മ ഫോൺ കട്ട് ചെയ്തു പറഞ്ഞു

“അമ്മയെ ഞാൻ നാണം കെടുത്തി അല്ലെ? സോറി “

“ബെസ്റ്റ്. എന്റെ ചെക്കാ നീയത് കളഞ്ഞില്ലേ? പിന്നെ ഞാൻ വൈകുന്നേരം ലേറ്റ് ആകുമെ. നീ പച്ചക്കറി മീൻ ഒക്കെ വാങ്ങി വേണം വീട്ടിൽ പോകാൻ. ലിസ്റ്റ് ഞാൻ വാട്സാപ്പ് ചെയ്യാം.. പോകാം “അമ്മ എഴുന്നേറ്റു

കാറിൽ ഇരിക്കുമ്പോൾ അവൻ പിന്നെയും അമ്മയെ നോക്കി

ഈ വർഷങ്ങളിലത്രയും അച്ഛന്റെ ഓർമയിൽ ജീവിച്ച അമ്മ. ഒരു പക്ഷെ ഇനിയും അങ്ങനേ തന്നെ ജീവിച്ചേക്കാം അമ്മ

“അമ്മക്ക് ഒരാളോടും പിന്നെ സ്നേഹം തോന്നിട്ടില്ലേ? അച്ഛൻ പോയതിന് ശേഷം?”

അമ്മ ഇടതു കൈ കൊണ്ട് അവന്റെ ശിരസ്സിൽ തൊട്ട് ചിരിച്ചു

“അതിന് അച്ഛൻ പോയിട്ടില്ലല്ലോ. ദേ ഈ നെഞ്ചിൽ അങ്ങനെ തുളുമ്പി നിൽക്കുവല്ലേ..?”

അവൻ നിറകണ്ണുകൾ അമ്മ കാണാതിരിക്കാൻ വെളിയിലേക്ക് മുഖം തിരിച്ചു

അച്ഛനോട് അവന് അസൂയ തോന്നി

അച്ഛൻ എത്ര ഭാഗ്യവാനാണ്

ഒരു പക്ഷെ ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്ത പുരുഷൻ..

മരണത്തിനപ്പുറവും പ്രണയിച്ച പെണ്ണിന്റെ ഓർമകളിൽ വസന്തമാവാൻ കഴിയുന്നവൻ, കടൽ പോലെ പ്രണയം അനുഭവിച്ചവൻ..

പുണ്യം ചെയ്തവൻ….