എഴുത്ത്: സനൽ SBT
::::::::::::::::::::::::::::::::
അർത്തുങ്കൽ പള്ളീലെ കുരുത്തോല പെരുന്നാളും കഴിഞ്ഞ് അമ്മച്ചിയെയും കൊണ്ട് പള്ളി മുറ്റത്ത് നിൽക്കുമ്പോഴാണ് പിറകിൽ നിന്ന് ഒരു വിളി കേൾക്കുന്നത്.
“ഡാ മോനെ ഡേവിഡേ ..”
“ഹാ ആരിത് മേരി അമ്മച്ചിയോ ? കുറെ ആയല്ലോ കണ്ടിട്ട് കഴിഞ്ഞ കൊല്ലം അമ്പു പെരുന്നാളിന് കണ്ടതല്ലേ. എന്നാ പറ്റി മേരിയമ്മച്ചി ആകെയങ്ങ് ക്ഷീണിച്ചല്ലോ?”
“അതെ നീ എന്ന് വന്നെടാ നാട്ടിൽ ? നീ വരുന്ന കാര്യം കഴിഞ്ഞ ഞായറാഴ്ച പള്ളീല് വെച്ച് കുറുബാനയ്ക്ക് കണ്ടപ്പോൾ നിൻ്റെ അമ്മച്ചിയും പറഞ്ഞില്ല .”
” മേരി അമ്മച്ചീ ഒരു പത്ത് ദിവസം ഷിപ്പ് കൊച്ചിയിൽ ഉണ്ടാവും ഞാൻ ആ ഗ്യാപ്പിന് ഇങ് ചാടിയതല്ലേ അത് കഴിഞ്ഞാൽ എനിക്ക് അങ്ങോട്ട് തിരിച്ച് പോണം. പിന്നെ അടുത്ത വർഷം വരാം ഒരു രണ്ട് മാസം ലീവിന് .”
” ഹാ. അങ്ങിനെ”
” മേരിയമ്മച്ചീ ഞാൻ ഇതാ വരണേ നിങ്ങള് സംസാരിച്ചോണ്ടിരിക്ക് എൻ്റെ ഫ്രണ്ടിനെ ഒന്ന് കാണട്ടെ .”
” ശരിമോനെ . എടീ ആനി കൊച്ചെ ഇവനെ ഇങ്ങനെ നിർത്തിയാൽ മതിയോ നല്ലൊരു കുടുംബത്ത് ഒരു പിടിവള്ളി ആക്കിക്കൊടുക്കണ്ടേ.”
” എന്ത് ചെയ്യാനാ അവൻ അതിന് പറഞ്ഞാൽ കേൾക്കണ്ടായോ ഇപ്പം വേണ്ട ഇപ്പം വേണ്ടാന്ന് പറഞ്ഞ് വയസ്സ് തള്ളി നീക്കുവാ.”
” എന്നായാവും ഞാൻ അന്ന് പറഞ്ഞ കാര്യം മറക്കണ്ട ഏതായാലും കൊച്ചൻ ഇപ്പോ നാട്ടിൽ ഉള്ളതല്ലേ ഒന്ന് പോയി നോക്ക് പിന്നെ അവര് പാലായിലെ വലിയ തറവാട്ടുകാരാണ് അറിയാലോ മാളിയേക്കൽ തറവാട് എന്ന് പറഞ്ഞാൽ കോട്ടയം ജില്ല മുഴുവൻ ഫേമസാ .ദോഷം പറയരുതല്ലോ നല്ല കൊച്ചാ ഞാനൊരിക്കൽ കണ്ടിട്ടുള്ളതാ നന്മുടെ എടത്വാ പള്ളിയിൽ വെച്ച് അവന് ചേരും .ഇപ്പോ എന്തോ നേഴ്സിംങ്ങ് എങ്ങാണ്ട് കഴിഞ്ഞ് നിൽക്കുവാ എന്നാ തോന്നണേ. “
” നാളെ എന്തായാലും അവൻ്റെ അപ്പനും എളേപ്പനും കൂടെ ഒന്ന് രണ്ട് പേരെ കാണാൻ ഇറങ്ങുന്നുണ്ട് ആ കൂട്ടത്തിൽ ഈ കാര്യവും ഞാൻ പറഞ്ഞേക്കാം. “
” എന്നാ ശരി ആനിക്കൊച്ചെ ഞാൻ ഇറങ്ങട്ടെ ഇച്ചിരി തിരക്കുണ്ട് അടുത്ത ആഴ്ച പള്ളിയിൽ വെച്ച് കാണാം”
” ആ ശെരി എന്നാൽ.”
” ഡാ ജോമോനൊ .”
” എൻ്റെ കുരുശുപള്ളി മാതാവേ ആരിത് ഡേവിഡോ .”
” എന്നാ ഉണ്ടെഡാ വിശേഷം.”
” നമുക്ക് ഒക്കെ എന്ന് വിശേഷം നിനക്ക് അല്ലേ വിശേഷം നീ വലിയ നേവിക്കാരൻ അയില്ലേ . അല്ല നീ എന്ന് ലാൻറ് ചെയ്തു.”
” രണ്ട് ദിവസം ആയെടാ.”
” ആഹാ എന്താ എന്നിട്ട് പരിപാടി ഫ്രീ ആണേൽ വാടാ പള്ളിത്തോട്ടിലെ ഷാപ്പിൽ പോയി നല്ല മുന്തിരിക്കള്ളും പള്ളത്തിയും അടിക്കാം.”
“ഇല്ലെടാ അമ്മച്ചിയുണ്ട് കൂടെ ഞാൻ അമ്മച്ചിയെ വീട്ടിൽ കൊണ്ടാക്കിയിട്ട് അങ്ങോട്ട് ഇറങ്ങാം.”
” ഒക്കെ ഡാ നീ വിളിച്ചാൽ മതി ഞാൻ ഷാപ്പിൽ കാണും. നോക്കെടാ ദേ പോണൂ നിൻ്റെ പണ്ടത്തെ മാലാഖ നീനു വെട്ടു പറമ്പൻ ജോസ് .”
” ഒന്ന് പോയെടാ അതൊക്കെ വിട്ടിട്ട് കാലം എത്രയായി .”
” എന്നാലെ ലവൾ നിന്നെ വിട്ടിട്ടില്ല എന്ന് തോന്നുന്നു ഹാ നോട്ടം കണ്ടില്ലേ.”
” ഒഞ്ഞ് പോയേടാ അവൾ ഒരു അഡാറ് തേപ്പുപെട്ടിയാണ് അത് എനിക്ക് അറിഞ്ഞൂടെ .”
” ഹാ എന്തായാലും അത് വിട് ഞാൻ അമ്മച്ചിയെ കൊണ്ടു വിട്ടേച്ചും വരാം”
” എന്നാൽ പിന്നെ അങ്ങിനെയാവട്ടെ “
” ശെരിയെടാ.”
” ബാ അമ്മച്ചി പോയേക്കാം.”
” ആരാടാ അത്”
” ഹോ അത് മാപ്രാണം മത്തായീടെ ഇളയമോനാ ജോമോൻ. ഞങ്ങൾ പ്ലടുവരെ ഒരു മിച്ച് പഠിച്ചതാ”
” ഹാ പോകുന്ന വഴിക്കെ നമ്മുക്ക് ലിസി ആൻ്റീടെ വീട്ടിൽ ഒന്ന് കേറണേ.”
” അത് പിന്നെ എങ്ങാനും പോകാം അമ്മച്ചീ എനിക്ക് വെറെ ഇച്ചിരി പരിപാടി ഉണ്ട്-“
” ഹാ ഇനി ഒള്ള ലീവെല്ലാം നീ കൂട്ടുകാരുമൊത്ത് കറങ്ങി നടന്ന് തീർത്തോ ?”
” ഇല്ലമ്മച്ചീ .”
” ഹാ എന്നാൽ നിനക്ക് കൊള്ളാം.”
” അമ്മച്ചി ഇറങ്ങിയെ ദേ വീടെത്തി ഞാൻ ദാ ഇപ്പം വരാം.”
” ഡാ കാപ്പി കുടിച്ചേച്ചും പോടാ.”
” വേണ്ട അമ്മച്ചീ . ഞാൻ വന്നിട്ട് കഴിച്ചോളാം. “
” ഡാ ഡേവിഡേ…”
” കർത്താവേ ഇതാര് പേപ്പനോ ? ഇതെപ്പം ലാൻറ് ചെയ്തു. “
” ദാ ഇപ്പം വന്ന് കയറിയതെയുള്ളൂ.”
” ഹാ അടിപൊളി .”
” ഒന്ന് കയറിയേച്ചും പോടാ .”
” ദാ വര്ണ് പേപ്പാ .ഹാ വന്ന് കയറിയതും അപ്പഛനും പേപ്പനും അടി തുടങ്ങിയോ?”
” ഇന്ന് പെരുന്നാൾ അല്ലെടാ രണ്ടെണ്ണം കയറ്റി പിടിക്കാം എന്ന് വിചാരിച്ചു.”
” അടിയൊക്കെ കൊള്ളാം എൻ്റെ പൊന്നു പേപ്പാ കല്യാണക്കാര്യം പറയാനുള്ള വരവാണേൽ അത് വേണ്ട.”
” ആദ്യം നീ ഒരു 10 ML അങ്ങ് പിടിപ്പിച്ചേ എന്നിട്ട് ബാ പേപ്പൻ ചോച്ചിക്കട്ടെ ?എന്തൂട്ടാ നിൻ്റെ പ്രശ്നം എടാ കൊച്ചനെ നിൻ്റെ പ്രായത്തിൽ എനിക്ക് പിള്ളേര് മൂന്നാ ഇതിപ്പം നിനക്ക് വയസ് പത്ത് മുപ്പത് ആയില്ല്യേ?”
” അതല്ല പേപ്പാ എന്നാലും ഒരു രണ്ടു കൊല്ലം കൂടി കഴിയട്ടെ.”
” ഹാ ബെസ്റ്റ് അതെ നാളെ നന്മൾ ഒരിടം വരെ പോകുന്നു നിനക്ക് പെണ്ണിനെ ഇഷ്ട്ടപ്പെട്ടാൽ ഒന്നോ രണ്ടോ കൊല്ലത്തിന് ശേഷം കല്ല്യാണം ഉറപ്പിച്ചിടാലോ മറുത്ത് നീ ഒന്നും പറയണ്ട. അല്ലാതെ നിനക്ക് കല്ല്യാണം കഴിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.”
” ഈ പേപ്പൻ്റെ ഒരു കാര്യം’ ആ എന്നാൽ പോകാം പക്ഷേ എനിക്ക് ഇഷ്ട്ടായില്ലേൽ പിന്നെ നിർബദ്ധിക്കരുത്.”
” ആ എന്നാൽ പിന്നെ നിൻ്റെ പരിപാടി നടക്കട്ടെ അപ്പോ നാളെ പത്ത് മണിക്ക് ഇറങ്ങാം കേട്ടോ .”
” ങ്ങാ ശരി പേപ്പാ അപ്പോ കാലത്ത് കാണാം.”
വെള്ളമടിയും ബിയർ അടിയൊക്കെയായിട്ട് സമയം പോയതറിഞ്ഞില്ല നേരം വൈകിയാണ് വീട്ടിൽ വന്ന് കിടന്നത് അതുകൊണ്ട് രാവിലെ അമ്മച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.
” ഡാ എണീറ്റ് റെഡിയാവാൻ നോക്ക് പേപ്പൻ പിള്ളേരും ഒക്കെ എത്തി. “
” ശ്ശോ ഇത്ര പെട്ടെന്ന് നേരം വെളുത്തോ .? ഇതാ വരുന്നമ്മച്ചി ഒരു പത്ത് മിനിറ്റ് . “
അങ്ങനെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ഒരുങ്ങിക്കെട്ടി ഞങ്ങൾ ഒരു അഞ്ചാറ് പേര് പെണ്ണ് കാണാനങ്ങ് ഇറങ്ങി. ദോഷം പറയരുതല്ലോ കണ്ട രണ്ട് പെൺകൊച്ചിനെയും എനിക്ക് അങ്ങ്ട് ബോധിച്ചില്ല എന്ന് വേണം പറയാൻ.
” ഞാൻ പറഞ്ഞില്ലേ അമ്മച്ചീ ഇതാന്നും ശരിയാവത്തില്ല എന്ന്. ബാ ഇനി വീട്ടിലോട്ട് പോകാം” .
“നിക്കെടാ ഏതായാലും ഇറങ്ങിയതല്ലേ നമുക്ക് ആ മേരിയമ്മച്ചി പറഞ്ഞിടം വരെ ഒന്ന് പോയി നോക്കാം ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ പറയാറ്.”
“ദേ അമ്മച്ചി ഇത് അവസാനത്തെ പോക്കാണേ ഇനി മേലാൽ എന്നെ വിളിച്ചേക്കരുത് പറഞ്ഞേക്കാം ‘ “
” ഡാ നീ ഇങ്ങനെ കിടന്ന് പിടയ്ക്കാതെ എല്ലാം നന്മക്ക് ശരിയാക്കാം എന്ന് പേപ്പനല്ലേ പറയണേ “.
” പേപ്പൻ ആരോടേലും വഴി ചോദിച്ചേ. ഇതിപ്പം മണിക്കൂർ ഒന്നായി പാലാ ടൗണിൽ കിടന്ന് കറങ്ങുന്നു. “
” എന്നാൽ നീ വണ്ടി നിർത്തി ആ നിൽക്കുന്ന പയ്യന്മാരോട് ചോദിക്കാം.”
” ഡാ മോനെ ഈ ജേക്കബിൻ്റെ വീട്ടിലേക്ക് എങ്ങനാ പോണേ. “
” ഏത് ജേക്കബ് ആണ് ചേട്ടാ.”
” ഈ മാളിയേക്കലെ ജേക്കബ്”
” ആ നന്മുടെ ജൂനിയർ നയൻതാരയുടെ വീട്.”
” ങ്ങേ ജൂനിയർ നയൻതാരയോ?”
” അത് ചേട്ടാ ആ കാണുന്ന വളവിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ രണ്ടാമത്തെ വീട്.”
” ഓക്കെ തേങ്ങ്സ് മോനെ.”
” നീ വണ്ടിയെടുക്കെടാ .”
ദേ പേപ്പാ അതാ വീട് വീട്ട് പേര് കണ്ടില്ലേ മാളിയേക്കൽ എന്ന്. “
“മോനെ ഡേവിഡേ ഇത് വീടല്ല ഇതാണ് കൊട്ടാരം “
“എൻ്റെ പൊന്നു പേപ്പാ ഇതൊക്കെ സെറ്റാവോ അവരൊക്കെ വലിയ ടീംസ് ആണ് വീടൊക്കെ കണ്ടില്ലേ. “
“നീ മിണ്ടാതിരിയെടാ ചെറുക്കാ ഇത്രം ദൂരം വണ്ടി ഓടിച്ച് വന്നതും പോരാ ആ കൊച്ചിനെ ഒന്നും കണ്ടേച്ചും പോരാതെ.”
” ങ്ങാ എന്ത് കോ പ്പേലും ആവട്ടെ ബാ പോകാം.”
” വീടിൻ്റെ അകത്ത് കയറിയതും ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. എൻ്റെ പൊന്നു കർത്താവേ ഇതെന്നാ താജ്മഹലോ അതോ പള്ളിപ്പെരുന്നാളിന് ലൈറ്റ് ഇട്ടേക്കുന്നതോ?”
” ഹാ വരൂ കയറി ഇരിക്കൂട്ടോ ഞാൻ ഇച്ചായനെ വിളിക്കാം'”
” ദേ ഇച്ചായാ ആരാണ്ടൊക്കെ കാണാൻ വന്നിരിക്കുന്നു.”
“ഹാ എനിക്കണ്ട് മനസ്സിലായില്ല കേട്ടോ”
” അല്ല ഞങ്ങൾ ഇവിടൊരു കൊച്ചുണ്ട് എന്ന് പറഞ്ഞപ്പോൾ ഒന്ന് കണ്ടേച്ചും പോകാൻ വന്നതാ.”
” അതോണോ കാര്യം . എമിലീ നീ ഇച്ചിരി ചായ ഇട്ടേച്ചും കൊച്ചിൻ്റെ കൈയിൽ കൊടുത്തു വിട്ടേ . “
” ഇവനോണോ പയ്യൻ.”
” അതെ ഡേവിഡ്.”
” മോൻ എന്ത് ചെയ്യുന്നു”
” ഞാൻ നേവിയിൽ ആണ്.”
“ആഹാ അവൾ നഴ്സിംങ് കഴിഞ്ഞ് നിക്കുവാ ഇനി എൻ്റെ കൂടെ ജർമ്മയിലോട്ട് വരാൻ നോക്കുന്നുണ്ട്. നല്ലൊരു ആലോചന വന്നാൽ പിന്നെ അവൾ ഇവടെ തന്നെ അങ്ങ് കൂടും കേട്ടോ ഞാൻ പറഞ്ഞന്നെയൊള്ളൂ.”
“ഹാ അതിനെന്താ കാര്യങ്ങൾ തുറന്ന് പറയാലോ ആദ്യം ഞങ്ങൾ കൊച്ചിനെ ഒന്ന് കാണട്ടെ.”
” എമിലീ ചായ ഇട്ടില്ലായോ കൊച്ചിനെ ഇങ്ങോട്ട് വിളിച്ചേ.”
” ദാ വരണ് ഇച്ചായാ . മോളെ നീ ഈ ചായ അത് കൊണ്ടു കൊടുത്തെ”
” ഉം.”
” ഡാ മോനെ ചായ എടുക്കെടാ .”
” ആ അമ്മച്ചീ .”
ചായ കൈയ്യിൽ എടുത്തതും ഞാൻ പയ്യേ തല പൊക്കി അവളുടെ മുഖത്തോട്ട് ഒന്ന് നോക്കി ചായ കപ്പ് ചുണ്ടിൽ വെച്ചു.
പ്പ് …….
കുടിച്ച ചായ വായിൽ നിന്നും പാതി പുറത്തോട്ട് വന്നു. എൻ്റെ മാതാവേ നടാഷ .
അവളാണേൽ കയ്യിൽ ട്രൈയും പിടിച്ച് എന്നെയും നോക്കി അന്തം വിട്ട് നിൽപ്പാണ്.
“പേപ്പാ ബാ പോകാം ചായ കുടിച്ചത് മതി . “
“എന്താടാ “
“പ്രശ്നം ഒണ്ട് അതൊക്കെ ഞാൻ പോണ വഴിക്ക് പറയാം ഇനി ഇവിടെ ഇരുന്നാൽ കുടിച്ച ചായ പുറത്തോട്ട് വരും. “
“അല്ല പിള്ളേർക്ക് എന്തേലും സംസാരിക്കാനുണ്ടേൽ. “
“ഹേയ് എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല. “
“എന്നാൽ എനിക്ക് ഉണ്ട്.”
അവളുടെ മറുപടി കേട്ട് ഞാൻ ഞെട്ടി.
” ചെല്ലടാ ചെന്ന് ഒന്ന് സംസാരിക്ക് ‘”
” ഈ അമ്മച്ചീനെ ഞാൻ .പുണ്യാളാ നീ തന്നെ കാത്തോണേ.”
അങ്ങിനെ രണ്ടും കൽപിച്ച് ഞാൻ അവളുടെ പുറകെ ബാൽക്കണിയിലേക്ക് നടന്നു. അവളാണേൽ ബാൽക്കണിയിൽ എത്തിയതും രണ്ടും കൈയ്യും കെട്ടി ഒരൊറ്റ നിൽപ്പാ.
“ഹലോ താൻ ഇത് എന്തിനുള്ള പരിപാടിയാ”
” എൻ്റെ പൊന്നു നടാഷ ഇത് തൻ്റെ വീടാണ് എന്ന് അമ്മച്ചിയാണേ ഞാൻ അറിഞ്ഞിട്ടില്ല.”
” ഇത് ഞാൻ വിശ്വസിക്കണം അല്ലേ.
“സത്യം അതാണ് എടോ തൻ്റെ പുറകെ കുറെ നടന്ന് ഞാൻ ശല്യം ചെയ്തിട്ടുണ്ട് അത് തന്നെ കെട്ടാൻ വേണ്ടി തന്നായിരുന്നു. ഇപ്പോഴും എനിക്ക് ഒരു വിവാഹത്തിന് സമ്മതം അല്ല ഇത് അമ്മച്ചിയും പേപ്പനും നിർബന്ധിച്ച് കൊണ്ടുവന്നതാ ഇന്ന് ഇത് മൂന്നാമത്തെ പെണ്ണ് കാണലാണ് ഒന്ന് വിശ്വസിക്കരുതോ. “
” എങ്ങനെ ഇത്ര കറക്ട് ആയി ഇവിടെ തന്നെ എത്തി “
” എടോ കർത്താവിൻ്റെ തീരുമാനം ആണ് അത്. സത്യം പറഞ്ഞാൽ തന്നെ കെട്ടാനാണ് ഞാൻ ഇത്രം കാലം പെണ്ണ് കെട്ടാതെ ഇരുന്നത്. “
” ഇതും ഞാൻ വിശ്വസിക്കണം അല്ലേ.”
” എന്നെ പൊന്നെ നീ താഴെ ചെന്ന് പറഞ്ഞേ എന്നെ ഇഷ്ടം ആയില്ല എന്ന് .ഇനി ഇതെക്കുറിച്ച് വിവരിക്കാൻ നമ്മളില്ലേയ്.”
ഞാൻ തിരിഞ്ഞ് നടന്നു.
” ഹലോ മിസ്റ്റർ ഡേവിഡ് ഒന്ന് അവിടെ നിന്നെ താൻ ഈ പറഞ്ഞതൊക്കെ നേരാണേൽ അടുത്ത ഞായറാഴ്ച ഒരു മിന്നും കൊണ്ട് പാലാ പള്ളിയിലോട്ട് നേരെ പോര് പെണ്ണ് അവിടെ റെഡിയായിട്ട് ഉണ്ടാവും കേട്ടോ ഞാൻ എൻ്റെ അപ്പനോട് പറഞ്ഞേക്കാം.”
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ അവളുടെ മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി നിന്നു. ഞായറാഴ്ചയും പള്ളിപ്പെരുന്നാളും ഒരു മിച്ച് കണ്ട ഒരു അനുഭൂതിയാണ് എനിക്ക് തോന്നിയത്. എൻ്റെ പൊന്നു കർത്താവേ ഈ കോംബോ എവർഗ്രീൻ ഹിറ്റാക്കി കയ്യിൽ തരണേ ഞാൻ മലയാറ്റൂർ പള്ളിയിലേക്ക് ഒരു സ്വർണ്ണക്കുരിശ് നേർന്നേക്കാം.
അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.
പുണ്യാളൻ്റെ മുന്നിൽ ഒരായിരം മെഴുതുതിരി ഒരുമിച്ച് കത്തിച്ച് വെച്ച വെട്ടം ആയിരുന്നു അപ്പോൾ അവളുടെ മുഖത്ത്.
ശുഭം