Written by Ezra Pound
:::::::::::::::::::::::::
പത്തുവർഷമൊക്കെ ഒരു പെൺകുട്ടിയൊന്നും മിണ്ടാതെയും പറയാതെയും കഴിഞ്ഞുകൂടുകാന്നു വെച്ചാ..ആലോചിക്കാനേ വയ്യാ..
ഇവിടൊരാളുണ്ട് പത്തു വർഷം പോയിട്ടു പത്തു മിനുറ്റ് പോലും മിണ്ടാതിരിക്കില്ല..എന്തേലുമൊക്കെ പറഞ്ഞോണ്ടിരിക്കണം അവൾക്ക്..എന്നാപ്പിന്നെ പറഞ്ഞോട്ടേന്ന് വിചാരിച്ചാലും രക്ഷയില്ല..കേൾക്കുന്നുണ്ടെന്നുള്ള അർത്ഥത്തിൽ മൂളണം..അല്ലെങ്കിൽ കൈത്തണ്ടയിലെ ഇറച്ചിയെടുക്കും..അമ്മാതിരി പിച്ചാണ്..
കല്യാണം കഴിഞ്ഞപാടൊക്കെ വഴക്കിനിടയിൽ മാന്തലും കൂടിയുണ്ടായിരുന്നു..ഉപ്പും മുളകും പുരട്ടി വറുത്തെടുക്കുന്ന മാന്തലല്ലാ..ഡ്രാക്കുളയെപ്പോലെ നഖം കൊണ്ടുള്ള മാന്തല് ..
ഒരു ദിവസം വഴക്കങ്ങട് മൂത്ത്..ഞാനും വിട്ടുകൊടുത്തീല…അവസാനമെന്തായി..അലൻസൊളിടെ ഷർട്ടിന്റെ അഞ്ചാറു ബട്ടൻസും നെഞ്ചിൻകൂടിനിടയിലെ കൊറെ രോമങ്ങളും അവളുടെ കൈപ്പിടിയിലായി..
അതിനു ശേഷം അവളുടെ കൈവിരലിലെ നഖം വളരുന്നുണ്ടോയെന്നു നോക്കുന്നതും അതു കൃത്യമായി വെട്ടിവൃത്തിയാക്കുന്നതും എന്റെ ജോലിയായി..
എല്ലാ രണ്ടുദിവസം കൂടുമ്പൊഴും വർക്കേരിയയിലെ പടിമ്മലിരുന്നു നഖം വെട്ടിക്കൊടുക്കുന്നത് കാണുമ്പൊൾ അയല്പക്കത്തുള്ളവരുടെ ധാരണ ഞാനൊരു സ്നേഹസമ്പന്നനായ ഭർത്താവാണെന്നാരുന്നു..
ആ ധാരണ വെച്ചു അവരുടെ ഭർത്താക്കന്മാർക്കും പണികിട്ടിക്കോട്ടേന്നുള്ള ശുദ്ധ മനസ്ഥിതി കാരണം ഞാനതു തിരുത്താനും പോയീലാ..
അമ്മാവന്റെ മോളുടെ ഓപ്പറേഷന് വേണ്ടി രക്തം കൊടുക്കാൻ ഒരിക്കൽ ആശുപത്രീൽ ചെന്നതായിരുന്നു..
ഷർട്ടൂരിയപ്പോ തോളിലും നെഞ്ചത്തും മാന്തിയ അടയാളങ്ങൾ കണ്ടു അമ്പരന്ന് നിന്ന നഴ്സിനോട് വിരാജ്പേട്ടക്ക് പോവുന്ന വഴി പുലിയോടേറ്റു മുട്ടേണ്ടിവന്ന കഥ പറഞ്ഞുകൊടുത്തപ്പോൾ അത്ഭുതം ആരാധനയിലേക്ക് വഴിമാറുന്നത് കണ്ടു ഞാൻ നിർവൃതി പൂണ്ടു..
അല്ലാതെ ഭാര്യ മാന്തിയതാണെന്ന് പറയാൻ പറ്റോ..ചെ നാണക്കേട്..
ആയിടക്കാണ് അവൾക്ക് കൈമുട്ടിനൊരു വേദന തുടങ്ങിയത്…..
ചാക്ക് കെട്ടുപോലത്തെ ഇങ്ങടെ ജീൻസലക്കിയതോണ്ടാണ് കൈവേദന വന്നതെന്നും ഇനിതൊട്ടു തന്നത്താനെ ചെയ്‌തോണ്ടാ മതീന്നവളും എന്നേ മാന്തിയതോണ്ട് ദൈവം തന്ന ശിക്ഷയാണിതെന്നു ഞാനും തർക്കിച്ചു..
ഡോക്ടറെ കാണിച്ചതോടെ ആ കാര്യത്തിനൊരു തീരുമാനമാവുകയും ചെയ്തു..ഭാരമുള്ള ജോലികളൊന്നും ചെയ്യണ്ടാന്നും മൂന്നുമാസത്തേക്ക് നല്ല പോലെ റെസ്റ്റെടുക്കണമെന്നുമുള്ള ഡോക്ടറുടെ നിർദ്ദേശത്തോടെ മാന്തലിന് ശമനമുണ്ടായെങ്കിലും അലക്കുക തേങ്ങാ ചിരവുക തുടങ്ങിയ കൈപ്പണികളൊക്കെ മ്മടെ തലയിലായി..
അതൊടെ അയല്പക്കത്തുള്ള സ്ത്രീകൾക്കെന്നോടുള്ള ആരാധന ഒന്നുടെ വർദ്ധിക്കുകയും തന്മൂലം അവരുടെ ഭർത്താക്കന്മാർക്ക് സമധാനക്കേടുണ്ടാവുകയും ചെയ്തു..
മാന്തല് ശമിച്ചെങ്കിലും സംസാരം നിർബാധം തുടർന്നുകൊണ്ടേയിരുന്നു..കൈക്കു പകരം നാക്കുളുക്കിയെങ്കിൽ എത്രനന്നായേനേ എന്നുപോലും തോന്നിപ്പോയി..
എന്റെ കേൾവിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ചു കൈത്തണ്ട ചുവക്കുകയും ചോരപൊടിയുകയും ചെയ്യുന്നത് പതിവായി..
എന്റെ കൈ കാണുമ്പോൾ ഒക്കെ വീട്ടിൽ ഇത്രെം കൊതുകുണ്ടായിട്ടും ഒരു കൊതുകുതിരി വാങ്ങാത്ത ഇയ്യൊക്കെ ഏജ്‌ജാതി മൻഷനാണിഷ്ട എന്നൊക്കെയുള്ള കൂട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യങ്ങൾക്ക് മുമ്പിൽ മറുപടിയെന്നും പറയാതെ തലകുനിച്ചിരിക്കാനെ കഴിഞ്ഞുള്ളു..ഈ കൊതുകു അങ്ങനൊന്നും പോവുല്ലാന്ന് അവർക്കറിയില്ലാലോ..
ഡൈവോഴ്സ് ചെയ്യാമെന്നു വെച്ചപ്പോ വാലിഡ് റീസൺ വേണമെന്നു വക്കീല്..മാർജാരനെപ്പോലും ഏഴയലക്കത്തടുപ്പിക്കാത്ത അവൾക്കൊരു ജാരനെങ്ങിനെ ഉണ്ടാവാനാണ്..ഉണ്ടെങ്കിൽത്തന്നെ അവളുടെ കൈപ്പിടിയിൽ ഒതുങ്ങി മയ്യത്താവുകയേ ഉളളൂ..
അങ്ങനെയിരിക്കെയാണ് ക്ലബ്ബ് ഹൗസ് എന്ന പുതിയ ആപ്പിനെക്കുറിച്ചു കേൾക്കാനിടയായതു..കേട്ടിടത്തോളം സംഗതി കൊള്ളാമല്ലോയെന്നെനിക്കും തോന്നി..അങ്ങനെയാണ് ഞാനവൾക്ക് ക്ലബ് ഹൌസ് സജസ്റ്റ് ചെയ്യുന്നത്..അതൊടെ സംസാരം മുഴുവനും അവിടേക്ക് കയറ്റി അയച്ചുതുടങ്ങി..അവളെ സഹിക്കാൻ വയ്യാണ്ടു പലരും എക്സിറ്റായെന്നൊക്കെ അപശ്രുതിയും കേൾക്കുന്നുണ്ട്..
എന്തു തന്നെയായാലും ഇപ്പോഴെനിക്ക് നല്ല ആശ്വാസമുണ്ട്..കൈത്തണ്ടയിലെ പാടുകളൊക്കെ മാഞ്ഞു തുടങ്ങി..
അലക്കുന്നതും തേങ്ങാ ചിരവുന്നതുമൊക്കെ ഇച്ചിരി പാടാണെങ്കിൽ തന്നെയും മാന്തിനേക്കാളും സുഖപ്രദം.