മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
©️ദീപ്തി ദീപ്
“”ഞാൻ പറഞ്ഞിട്ടാ അവൻ ആ കല്യാണം മുടക്കിയത്.””
കേട്ടതും ഗൗരി ഞെട്ടി ശ്യാമിനെ നോക്കി.
“”അതേടോ.പക്ഷേ ഈ സോറി കല്യാണം മുടക്കിയതിനല്ല.തന്റെ കണ്ണീർ വീണതിന്.
എനിക്ക് ഒരു അനിയത്തി കുട്ടിയുണ്ട്. ശില്പ എന്ന എന്റെ അമ്മു.അമ്മ ശ്രീദേവി ഹൈസ്കൂൾ ടീച്ചർ ആയിരുന്നു.അമ്മുവിന് വയ്യാത്തത് കൊണ്ട് ഇപ്പോൾ ജോലി നിർത്തി. എന്റെ അച്ഛനും ഒരു എസ്.ഐ ആയിരുന്നു.രണ്ട് വർഷം മുൻപ് മരിച്ചു. കൊലപാതകമായിരുന്നു……എന്റെ അമ്മുന്റെ മുന്നിൽ വെച്ച് കൊന്നു.കൂടെ എന്റെ അമ്മുനെ അവരെല്ലാരും ചേർന്ന് ഒരു മനസാക്ഷിയും ഇല്ലാതെ….””
ഒന്നു നിർത്തി കൊണ്ട് ശ്യാം നിറഞ്ഞു വന്ന കണ്ണ് തുടച്ചു.
“”അത് അവൾക്കു വല്യ ഒരു ഷോക്ക് ആയിരുന്നു. അച്ഛനുമായി വല്യ കൂട്ടായിരുന്നു അവൾ. എന്തിനും ഏതിനും അച്ഛൻ.ഞങ്ങൾ തമ്മിൽ വഴക്കുണ്ടായാലും അപ്പോൾ വിളിക്കും അച്ഛാന്ന്….അങ്ങനെ ചെറിയ ഇണക്കവും പിണക്കവുമായി പോയി കൊണ്ട് നിൽക്കുമ്പോഴാണ് അച്ഛന്റെ മരണം.അവരൊന്നിച്ചു പുറത്ത് പോയതായിരുന്നു.അവൾക്ക് രാത്രിയൊക്കെ ബൈക്ക് റൈഡിന് പുറത്ത് പോകുന്നതും,പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതൊക്കെ വല്യ ഇഷ്ട്ടമായിരുന്നു.ഞാൻ ആയിരുന്നു സാധാരണ അവളെ കൊണ്ട് പോകാറുള്ളത്.
അന്ന് ഞാൻ സ്ഥലത്തില്ലാത്തത് കൊണ്ട് അച്ഛനായിരുന്നു കൊണ്ട് പോയത്. അവർ റെസ്റ്റോറന്റിൽ നിന്നും ഇറങ്ങാൻ നേരം അച്ഛന് ജോലി സമ്പദ്ധമായി ഒരു ഫോൺ വന്നു.ഒരു ഡ്രഗ് മാഫിയക്കെതിരെ ഉള്ള തെളിവ് അച്ഛന് കൊടുക്കാൻ വിളിച്ചതായിരുന്നു.അയാൾ പറഞ്ഞ ഇടത്ത് ചെന്ന് അതും വാങ്ങി തിരിച്ചു വരുന്ന വഴിയായിരുന്നു. കുറച്ച് പേർ ചേർന്ന് വണ്ടി തടഞ്ഞ അമ്മുവിന്റെ കഴുത്തിൽ കത്തി വെച്ച് അച്ഛനെ ഭീക്ഷണിപെടുത്തി.അവരതു കൈക്കലാക്കിയതിനു ശേഷം അച്ഛനെ അവർ കൊന്നു കളഞ്ഞു.എന്റെ അമ്മുവിന്റെ മുന്നിൽ വെച്ച്….അതിന് ശേഷം എന്റെ അമ്മുവിനെ അവരെല്ലാരും ചേർന്ന് ഒരു ദയയും ഇല്ലാതെ…..അതോടെ മാനസികമായവൾ തകർന്നു. ആ കേസ് പിന്നീട് തെളിവുകളില്ലാതെ ഉന്നതൻമാരുടെ പണത്തിനു മുന്നിൽ തേഞ്ഞു മാഞ്ഞു പോയി.ഞങ്ങൾക്ക് നീതി പോലും കിട്ടിയില്ല….
തെറ്റിനെതിരെ പ്രതികരിച്ചാൽ പ്രീതികരിച്ചവർ തെറ്റുകാരാവുന്നതും,നീതീക്കുവേണ്ടി പോരാടിയാൽ അവന് നീതി കിട്ടാത്തതും, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമെല്ലാം ഈ സമൂഹത്തിൽ ഇന്ന് നടക്കുന്ന ഒന്നല്ലേ…അതിന്റെ വാശിക്കാണ് ഞാനീ യൂണിഫോം കഷ്ട്ടപെട്ടു നേടിയെടുത്തത്.പിന്നീട് ഞാനാ കേസിന്റെ പിന്നാലെയായിരുന്നു.എന്റെ അച്ഛനുവേണ്ടി, അമ്മുവിന്റെ നീതിക്ക് വേണ്ടി.കഷ്ട്ടപെട്ടു ഞാൻ ഓരോരുത്തരെയും കണ്ടു പിടിച്ചു. ആ കേസിലെ മുഖ്യ പ്രതിയാണ് ഈ സൂര്യ നാരായണൻ.കേട്ടതും ഗൗരി ഞെട്ടി കൊണ്ട് ശ്യാമിനെ നോക്കി.
“”അതേടോ അവൻ ഒരു ഒന്നാന്തര ഫ്രോഡാണ്. പെണ്ണും, പണവും അവനെന്നും ഒരു ലഹരിയാണ്.ഇയാളെ വിവാഹം കഴിക്കാൻ പോകുന്നയാളാണെന്ന് എനിക്ക് അറിയില്ലായിരുന്നു.കേസിന്റെ ഭാഗമായി അവന്റെ ഓരോ നീക്കങ്ങളും വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ.അതിനിടയിലാണ് മേലെടത്തെ ശേഖരന്റെ പെങ്ങളുടെ മോളെ വിവാഹം കഴിക്കാൻ ഇവൻ നിൽക്കുന്ന കാര്യം അറിഞ്ഞത്. അങ്ങനെയാണ് ഞാൻ ദേവനെ വിളിച്ചത്. അപ്പോഴാണ് അവൻ തന്റെ കല്യാണകാര്യം തന്നെ അറിഞ്ഞത്.അവനോടു സുര്യനെ കുറിച്ചുള്ള സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. അവനെ കുറിച്ച് തന്നോട് തുറന്നു പറയാൻ ഞാൻ അവനോടു പറഞ്ഞു.പക്ഷേ ശിവനും ദേവന്റേം കള്ളുകുടിയുടെ ഇടയിൽ ശിവനും ഈ കല്യാണ കാര്യം ദേവനോട് പറഞ്ഞു. സങ്കടവും ദേഷ്യവും ഒക്കെ കൊണ്ടാണ് പാതിരാത്രി കുടിച്ച് തന്റെ മുറിയിൽ കയറി വന്നത്.ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ ഒന്നിച്ചായിരുന്നു. അപ്പോൾ തന്നെ കുറിച്ച് ഒരുപാട് ദേവൻ പറഞ്ഞ് കേട്ടിട്ടുണ്ട്. ഫോട്ടോയും കാണിച്ചു തന്നിട്ടുണ്ട്. അവന് ജീവനാടോ തന്നെ.
അത്രക്കും ഇഷ്ട്ടാണ്.സൂര്യന്റെ കാര്യം കുറെ തന്റെ അമ്മാവനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം വിശ്വസിച്ചില്ല. നല്ല ആലോചന മുടക്കാൻ ദേവൻ പറഞ്ഞിട്ട് കള്ളത്തരം ഉണ്ടാക്കി പറയുകയാണെന്ന് പറഞ്ഞ് വിശ്വസിച്ചില്ല.ഞാൻ ദേവന്റെ കൂട്ടുകാരനുമല്ലേ….പക്ഷേ കല്യാണം മുടക്കാനേ ഞാൻ പറഞ്ഞുള്ളു തന്നെ കയറി കെട്ടുമെന്ന് കരുതിയില്ല.അവൻ ചെയ്തത് തെറ്റു തന്നെയാണ് തന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതും, പാതിരാത്രി വീട്ടിൽ കയറിയതുമെല്ലാം തെറ്റാണ്. പക്ഷേ അവനത് ചെയ്തത് കൊണ്ട് തന്റെ ലൈഫ് രക്ഷപെട്ടു. പിന്നെ അവന്റെ ഇപ്പോഴത്തെ സ്വഭാവം അതവന്റെ ജീവിതമാണ് അവനെ ഇങ്ങനെ ആക്കിയത്. അവന്റെ ഒറ്റപ്പെടൽ, പിന്നെ അവൻ കാരണമാണ് അമ്മയുടെ മരണമെന്ന് അവന്റെ അച്ഛന്റെ കുത്തുവാക്കും,അച്ഛനവനോടുള്ള വെറുപ്പുമെല്ലാം അവൻ ഇങ്ങനെ തമ്മിൽ തല്ലി കള്ളും കുടിച്ച് നടക്കാൻ കാരണമായത്.അവൻ നന്നാകും താൻ അവന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അവന്റെ ഈ ഒറ്റപ്പെടലെല്ലാം കുറയും. അവനെ ഒന്ന് മനസിലാക്കി സ്നേഹിച്ചു നോക്കു. ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യയും, കാമുകിയുമെല്ലാം താൻ തന്നെ ആയിട്ടിക്കും. പഠിക്കുന്ന കാലത്ത് അവനെ കുറെ പെൺകുട്ടികൾ ഇഷ്ട്ടം പറഞ്ഞ് വന്നിരുന്നു. അപ്പോഴും അവൻ പറയും അവന് അന്നും, ഇന്നും, എന്നും അവന്റെ ഗൗരി മാത്രമേ ഉള്ളു എന്ന്.അത് പറഞ്ഞ് കൊണ്ട് ശ്യാം ഗൗരിയെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു.
“”താൻ കരയാണോ വേണ്ടെടോ. സുര്യനെ നഷ്ട്ടമായപ്പോൾ താൻ അനുഭവിച്ച ഒരു വേദന ഉണ്ടെല്ലോ. അതിനേക്കാൾ തന്നെ നഷ്ടപെടും എന്ന് കണ്ടപ്പോൾ അവൻ കരഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും രണ്ട് പേരും സന്തോഷമായിട്ട് ജീവിക്ക്. എന്നിട്ട് രണ്ടുപേരും വീട്ടിലേക്കു വരണം. “”അത് പറഞ്ഞ് കൊണ്ട് ശ്യാം ഒന്ന് ഗൗരിയെ നോക്കി ചിരിച്ചു.
എന്നാൽ ശെരിയെടോ ഞാൻ പോവാ.ഇനി വൈകിയാൽ ശെരിയാകില്ല.എന്തുണ്ടെങ്കിലും ഒരു മെസ്സേജ് മതി. “”
യാത്ര പറഞ്ഞ് പോകുന്ന ശ്യാമിനെ നോക്കി കുറച്ച് നേരം നിന്നു ഗൗരി.കുറച്ച് നേരം കൊണ്ട് അറിഞ്ഞ കാര്യങ്ങൾ അവൾക്ക് വല്ലാത്ത ഒരു ഞെട്ടൽ തന്നെയായിരുന്നു.
????????
മുറിയിൽ ചെന്ന ഗൗരി കട്ടിലിൽ കിടക്കുന്ന ദേവനെ ഒരു നിമിഷം നോക്കി നിന്നു.എന്തോ എന്നും കാണുമ്പോൾ വെറുപ്പ് മാത്രം തോന്നിയിരുന്ന മനുഷ്യനോട് ഇപ്പോൾ എന്തെന്നറിയാത്ത ഒരിഷ്ടം തോന്നുന്നു.പെട്ടെന്നാണ് ദേവൻ കണ്ണ് തുറക്കുന്നതായി തോന്നിയത്. വേഗം അവിടെ ഇട്ടിരിക്കുന്ന ചെയറിൽ ചെന്നിരുന്നു.
?????????
വീട്ടിൽ എത്തിയപ്പോൾ രാത്രിയായിരുന്നു.ശിവനായിരുന്നു അവരെ വീട്ടിലാക്കി കൊടുത്തത്.
“”പാറു ഇതാ മരുന്ന്. ഇവൻ കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ആ മുറിവിൽ കയറി ഒന്ന് ഞെക്കിയേക്ക്. അപ്പോൾ അവൻ കഴിച്ചോളും.””
ദേവനെ നോക്കി പാറുവിനോട് പറഞ്ഞിട്ട് ശിവൻ ഇറങ്ങി.ഹോസ്പിറ്റലിൽ നിന്നും കഴിച്ചായിരുന്നു വന്നത്.കൂട്ടുവിനു രാവിലെ വെച്ച ചോറെടുത്തു കൊടുത്തു മുറിയിലേക്ക് വന്ന ഗൗരി കണ്ടത് മുറിയിൽ വെച്ച പായയും കൊണ്ട് ഹാളിലേക്ക് കിടക്കാൻ വരുന്ന ദേവനെയാണ്. ശരീരത്തിനു നല്ല വേദന ഉണ്ടെന്നു നടത്തത്തിൽ നിന്നും മനസിലാക്കാം. ഗൗരി ഓടി പോയി. അവനെ പിടിച്ചു നിർത്തി.
“”എവിടെക്കാ?””
കൈകൾ കൊണ്ട് ചോദിച്ചതും ദേവൻ അവളെ ഉറ്റു നോക്കി. കുറെ കാലത്തിനു ശേഷം ആദ്യമായി അവനോട് സംസാരിച്ചത് കണ്ടപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.ചോദിച്ചതിന് ഉത്തരം പറയാത്ത അവനെ ഒന്ന് കൂടി കുലുക്കി വിളിച്ചതും ഞെട്ടി കൊണ്ട് ദേവൻ അവളെ നോക്കി.
“”ഞാൻ എന്നും കിടക്കുന്നയിടത്തു കിടന്നോളാം “”
ദേവൻ പറഞ്ഞതും ഗൗരി പായ വലിച്ചു പറിച്ചു വാങ്ങി കട്ടിലിൽ പോയി കിടക്കാൻ പറഞ്ഞു.
“”ഞാൻ അവിടെ കിടന്നോളാം “”
അവളുടെ കയ്യിൽ നിന്നും അത് വാങ്ങാൻ നിന്നതും അവന്റെ മുറിവിലേക്ക് അവളുടെ കൈകൾ നീണ്ടും. അവൻ വേഗം തല വലിച്ചു മാറ്റി .അവളവനെ പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തി മരുന്ന് എടുത്ത് കൊടുത്തു.ഗൗരിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോളാണ് കട്ടിലിനു ചുവട്ടിൽ പായ വിരിച്ചു മുറിയിൽ കിടക്കുന്ന ഗൗരിയെ ദേവൻ കണ്ടത്. കുറച്ച് നേരം ആ മുഖത്തേക്ക് നോക്കി കിടന്നു. പെട്ടന്നാണ് കണ്ണിൽ വെളിച്ചം തട്ടിയത് കാരണം ഗൗരി കണ്ണ് തുറന്നത്.
തുടരും