അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിനൊക്കെ അപേക്ഷിക്കാൻ അച്ഛന് ആയിരുന്നു തിടുക്കം…

Story written by MANJU JAYAKRISHNAN

:::::::::::::::::::::::::::::::::::::::::::::

“നിനക്കുള്ളത് നീ ചോദിച്ചുമേടിക്കു… അങ്ങനെയാ ചുണയുള്ള പെണ്ണുങ്ങള് “

ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണല്ലോ.. അലെങ്കിലും

“എനിക്കൊന്നും വേണ്ട “… എന്ന് പറഞ്ഞു വന്നതാണല്ലോ ഹരിയേട്ടൻ…

വീട്ടുകാർ കിട്ടിയത് ഊട്ടി എന്ന് പറഞ്ഞു കാര്യമായി ഒന്നും തന്നതും ഇല്ല

അല്ലെങ്കിലും വീട്ടിലെപ്പോഴും ഞാൻ രണ്ടാമത് ആയിരുന്നു .. ഞാൻ എന്നല്ല ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെ ആണല്ലോ

“ചാകുമ്പോ വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാകൂ “എന്ന് പറഞ്ഞു ഉള്ളതെല്ലാം അനിയന് കൊടുക്കാൻ ആയിരുന്നു വീട്ടുകാർക്ക് താല്പര്യം

പഠിക്കാൻ മിടുക്കി ആയിട്ടും

“പെണ്ണെന്തിനാ പഠിച്ചിട്ട് “

എന്ന് പറഞ്ഞു ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ്.പിന്നെ…… ഗവണ്മെന്റ് ജോലി നോക്കാലോ എന്നൊരു വാഗ്ദാനവും

ഒന്ന് രണ്ടു മാസം നിന്ന് തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ മുറുമുറുപ്പ് തുടങ്ങി

“വല്ലടോം അടിച്ചൊടിക്ക് പെണ്ണിനെ .. അല്ലെങ്കിൽ തിന്ന് വീർത്തു ഇവിടെ ഇരിക്കും.. വല്ല കടേലും പോയി നിൽക്കാൻ പറ “

എന്ന് പറഞ്ഞത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു

അങ്ങനെ ഒരു മരുന്നുകടയിൽ ജോലിക്ക് പോയിത്തുടങ്ങി..

മാസാമാസം കിട്ടുന്നത് വാങ്ങിച്ചെടുക്കാൻ ഒരു ഒളുപ്പും ഉണ്ടായിരുന്നില്ല എന്നതാണ് നേര്..

കൂടെപ്പഠിച്ച പലരും ടീച്ചർ ഒക്കെയായി പോണത് കാണുമ്പോൾ കണ്ണു നിറയും.

അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിനൊക്കെ അപേക്ഷിക്കാൻ അച്ഛന് ആയിരുന്നു തിടുക്കം…

അനിയന് മാസമാസം ഉള്ള ചിലവ് ഒക്കെ അച്ഛൻ അയച്ചു കൊടുക്കും… അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചി ഒക്കെ മേടിക്കും

അല്ലാത്ത ദിവസങ്ങളിൽ കൊതി തോന്നി ചോദിച്ചാൽ അപ്പോൾ അച്ഛൻ പറയും

“ഇവിടെ കഴിക്കാൻ ആളില്ല എന്ന് “

അതൊക്കെ കണ്ടു മടുത്തപ്പോൾ ആണ് കല്യാണം എങ്കിൽ കല്യാണം എന്ന തീരുമാനത്തിൽ എത്തുന്നത്.

‘ഒന്നും വേണ്ട ‘ എന്ന് പറഞ്ഞു ഹരിയേട്ടൻ വന്നപ്പോൾ രക്ഷപെട്ടല്ലോ എന്നു വിചാരിച്ചു

“പെട്ടെന്ന് ഗർഭിണിയായിട്ടൊന്നും ഇങ്ങോട്ടേയ്ക്ക് വന്നേക്കരുത് “

എന്ന് ഉപദേശവും തന്ന് വീട്ടുകാർ പടിയടച്ചു പിണ്ഡവും വെച്ചു

ഇനിയെങ്കിലും ജീവിതം പച്ചപിടിക്കുവല്ലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ഹരിയേട്ടന്റെ ജാതകദോഷം കൊണ്ടാണ് ‘ഒന്നും വേണ്ട ‘ എന്ന നിലപാടിലേക്ക് ഹരിയേട്ടൻ എത്തുന്നത് എന്നറിയുന്നത്

പെണ്ണും കാശും ഒത്തു വരുമ്പോൾ ജാതകം അമ്പിനും വില്ലിനും അടുക്കില്ല…അങ്ങനെ എല്ലാം ഒത്തു വന്നാൽ പെണ്ണിന് പ്രേമം അല്ലെങ്കിൽ മറ്റെന്തെങ്കിലും…

ജാതകവും പെണ്ണും ഒക്കെയായ ഞാൻ ക്യുവിൽ അവസാനം ആയിട്ടും നറുക്ക് വീണത് എനിക്കായിരുന്നു

ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഹരിയേട്ടന്റെ ഉള്ളിരിലിപ്പ് പുറത്തു വന്നു

“പണ്ടാരം പിടിച്ച ജാതകം കാരണാ…. അല്ലെങ്കിൽ എടുപ്പത് കിട്ടിയേനെ “

എന്ന് കേട്ടപ്പോൾ ചങ്ക് പൊടിഞ്ഞു

പട പേടിച്ചു കെട്ടിയോന്റെ വീട്ടിൽ ചെന്നപ്പോ അവിടെ പന്തത്തിൽ പെട്രോൾ ഒഴിച്ചു കത്തിക്കുന്ന അവസ്ഥ

കെട്ടിയോന്റെ അമ്മ ആണെങ്കിൽ ഒന്ന് മിണ്ടീട്ടു കൂടി ഇല്ല..

“ഇനി കാര്യായിട്ട് കിട്ടാത്തത് കൊണ്ട് ആവുമോ ഈ നിശബ്ദ സമരം “

ഞാൻ ഓർത്തു……….

‘വേണ്ട.. മിണ്ടണ്ട.. ഇനി അമ്മായിയമ്മപോര് കൂടി ആയാൽ കൂനിന്മേൽ കുരു എന്ന അവസ്ഥ ആകും’ എന്ന് ഞാൻ ഓർത്തു

“നിനക്കുള്ളത് നീ ചോദിച്ചു മേടിക്ക് ” എന്ന ലെവലിൽ ആയിരുന്നു കെട്ടിയോന്റെ സംസാരം…

“ആരോട് ചോദിക്കാൻ ” എന്ന് ആത്‍മഗതം പറഞ്ഞു എങ്കിലും അവിടെ അത്‌ കാണിക്കാൻ നിന്നില്ല

പതിയെ പതിയെ കെട്ടിയോന്റെ സംസാരവും രീതികളും മാറി വന്നു..

എന്തെങ്കിലും പറഞ്ഞാൽ ഉടനെ വരും ഡയലോഗ്

” ഒന്നും ഇല്ലെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല “

ഇടയ്ക് വീട്ടിൽ ചെല്ലുമ്പോൾ പലപ്പോഴും ആ വീട്ടിലെ അവസ്ഥ പറയാൻ നാവ് പൊങ്ങാറുണ്ട്. പക്ഷെ അവിടുത്തെ പെരുമാറ്റം കാണുമ്പോൾ ഒന്നും മിണ്ടാറില്ല

“ഞങ്ങൾക്ക് ഒന്നും തന്നില്ലേലും വല്ലോം തിന്നിട്ടു പൊക്കോ “

എന്ന് ഒരിക്കൽ പോയപ്പോൾ അമ്മ പറഞ്ഞു…..

അതു കൂടി കേട്ടപ്പോൾ ഇനി വീട്ടിലേക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു

ഒരിക്കൽ എനിക്ക് നേരെ ഹരിയേട്ടൻ കൈ ഓങ്ങിയപ്പോൾ അറിയാതെ ഞാൻ കയ്യിൽ പിടിച്ചു. അന്ന് എനിക്ക് പൊതിരെ തല്ലു കിട്ടി… അന്നാദ്യമായി അമ്മയെ ഞാൻ ഞങ്ങളുടെ മുറിയിൽ കണ്ടു

“എവിടുത്തെ ആണാടാ നീ..ഇനി അവളെ തൊട്ടാൽ നിന്റെ കൈ അവിടെ ഉണ്ടാവില്ല ” അമ്മ ശരിക്കും അലറുകയായിരുന്നു

“നിന്നെ ഉപദ്രവിച്ചാൽ നീയും തിരിച്ചു കൊടുത്തേക്കണം…അനുവദിച്ചു കൊടുത്താൽ ശീലമാവും മോളെ..”

അമ്മയുടെ ഉപദേശം കേട്ടു ഞാൻ വാ പൊളിച്ചു നിന്നു. കേട്ട പാതി കേക്കേണ്ട പാതി

യോദ്ധയിലെ ലാലേട്ടനെ മനസ്സിൽ വിചാരിച്ചു ഓതിരം കടകം മറിഞ്ഞു ഹരിയേട്ടനിട്ട് ഒറ്റയിടി..

വെട്ടിയിട്ട ചക്ക പോലെ ഹരിയേട്ടൻ ദാണ്ടേ കിടക്കുന്നു..

ആള് കാഞ്ഞു പോയെന്നു ഞാൻ ആദ്യം പേടിച്ചു.. മൂക്കിൽ കൈ വെച്ച് നോക്കിയപ്പോൾ ആള് അത്യാവശ്യം നല്ല രീതിയിൽ ശ്വാസം വലിക്കുന്നു

ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഹരിയേട്ടൻ തന്നെ എല്ലാവരും പറയുന്ന ആ കള്ളം പറഞ്ഞു

“ബാത്‌റൂമിൽ വീണതാണെന്ന് “

അങ്ങനെ ആളൊന്നു ഓക്കേ ആയപ്പോൾ എന്നോട് ചോദിച്ചു

“നീ ഈ കളരി ഒക്കെ പഠിച്ചിട്ടുണ്ടല്ലേ എന്ന് “

ആ വാക്ക് പോലും പറയാൻ അറിയാന്മേല്ലാത്ത ഒരാളാണ് എന്ന് ഞാൻ മിണ്ടാനേ പോയില്ല… കളരി മാത്രം അല്ല കരാട്ടെയും കുങ്ഫുവും ഒക്കെ പഠിച്ചിട്ടുണ്ടെന്നു വെച്ചങ്ങു കാച്ചി

അങ്ങനെ ഹരിയേട്ടനെ ഒടിച്ചു മടക്കി റെഡിയാക്കി

പെണ്ണിന്റെ ഇടി കൊള്ളാൻ നാണക്കേട് കൊണ്ടോ എന്തോ ഹരിയേട്ടന് പിന്നെ സ്ത്രീധനം എന്ന് കേൾക്കുന്നതേ അലർജി ആയി

‘അമ്മ പുറമെ ശാന്തമെന്ന് തോന്നുന്ന ഒരു അഗ്നിപർവതം ആയിരുന്നല്ലേ..’

ഞാൻ ചോദിച്ചു……..

ഒരു ചെറിയ ചിരിയോടെ അമ്മ പതിവു സ്ഥലമായ അടുക്കളയിലേക്ക് പോയി

പിന്നെ എന്റെ ഇഷ്ടസ്ഥലം അടുക്കള ആയി മാറി..

ഹരിയേട്ടന്റ അച്ഛന്റെ ക്രൂരതകളും അമ്മായിയമ്മയുടെ പോരും ഒക്കെ അമ്മ പറഞ്ഞു…

“എന്റെ ശരീരത്തിൽ ചതയ്ക്കാൻ ഇനി ഒരിഞ്ചു സ്ഥലം ഇല്ല മോളെ. അത്രക്കും ക്രൂരൻ ആയിരുന്നു”

എന്നോട് പറഞ്ഞത് അമ്മയ്ക്ക് ചെയ്തു കാണിച്ചിരുന്നു എങ്കിൽ… ഞാൻ ആലോചിച്ചു…………. അതുമനസ്സിലാക്കിയെന്നോണം അമ്മ പറഞ്ഞു

“ചിലതിനുള്ള ധൈര്യം നമുക്ക് ജീവിതത്തിൽ നിന്നെ കിട്ടുള്ളു ” എന്ന്

അങ്ങനെ ഇരിക്കുമ്പോൾ ദാ വീട്ടിൽ നിന്നും ഒരു വിളി…

കാള വാലുപോക്കുന്നത് എന്തായാലും വെറുതെ ആയിരിക്കില്ലല്ലോ…?

വീട്ടിലെ കുറച്ചു സ്ഥലം വില്പനക്ക് വന്നപ്പോൾ എന്റെ കൂടി ഒപ്പ് വേണമായിരുന്നു…തിരിഞ്ഞു നോക്കാതിരുന്ന വീട്ടുകാർ വീണ്ടും തലപൊക്കി തുടങ്ങി…

“അവൾ ഒന്നും മേടിക്കാതെ ഒപ്പിട്ട് തരുമെന്നേ… അല്ലെങ്കിലും ഇത്രേം വളർത്തി കെട്ടിച്ചു നമ്മൾ അല്ലേ വിട്ടത് “

തേൻ പുരട്ടിയ സ്വരത്തിൽ പറയുന്നത് അമ്മയാണ്…. കൂടാതെ ‘ക്ഷീണിച്ചല്ലോ ‘ എന്ന സ്ഥിരം സോപ്പും

എന്റെ ദയനീയാവസ്ഥ അപ്പോളേക്കും ഹരിയേട്ടനും അമ്മയ്ക്കും മനസിലായി..

“അവസാനം നീയേ കാണൂ.. നിന്റെ അടുക്കൽ വരും… ഒന്നും വേണ്ടടോ “

ഹരിയേട്ടൻ പറഞ്ഞു..

പക്ഷെ അറിഞ്ഞു കൊണ്ടു സ്വയം വിഡ്ഢിയായി എങ്ങനെ ഇനിയും….

“എന്റെ ക്യാഷ് അപ്പോ എങ്ങനെയാ ചെക്കോ കാശോ… “

ചോദ്യം കേട്ട ഉടനെ ഇഞ്ചി തിന്ന കൊരങ്ങനെപ്പോലെ അമ്മയും അനിയനും അച്ഛനും

“ക്യാഷ് ഉണ്ടായിട്ടും പഠിപ്പിച്ചില്ല… ഒഴിവാക്കി… എനിക്ക് പഠിക്കണം…സ്വന്തം കാലിൽ നിൽക്കണം…

ഹരിയേട്ടൻ എല്ലാം മനസ്സിലാക്കി നേരെ ആയില്ല എങ്കിൽ ഞാനും കയറോ മണ്ണെണ്ണയോ അന്വേഷിക്കേണ്ടി വന്നേനെ…മനുഷ്യനാണ് ഇനിയും മാറാം മറിയാം.. അവകാശപ്പെട്ടത് അല്ലേ..ഇങ്ങ് തന്നേക്ക്‌ “

അങ്ങനെ തേയ്ക്കാൻ വന്നവരെ വാർത്ത് വിട്ട് ഞാൻ പുതിയ കോഴ്സിനും ചേർന്നു….

NB: ഭർത്താവിനെ കണ്ടും വീട്ടുകാരെ കണ്ടും കൊതിക്കരുത്.. അവനവനു ഉണ്ടായാൽ അവനവനു കൊള്ളാം