എന്നാ പിന്നെ താനെന്റെ മടിയിലോട്ട് കേറിയിരിക്ക്, ഇനി ഇവിടെ തുല്യത കിട്ടിയില്ലന്നു വേണ്ട…

Story written by Kavitha Thirumeni

::::::::::::::::::::::::::::::::::::

” എന്നാ പിന്നെ താനെന്റെ മടിയിലോട്ട് കേറിയിരിക്ക്… ഇനി ഇവിടെ തുല്യത കിട്ടിയില്ലന്നു വേണ്ട… “

ചിറയിൻകീഴ് മുതല് ഇതിപ്പോ മൂന്നാമത്തെ സ്റ്റേഷനിലാ ട്രെയിൻ പിടിച്ചിടുന്നത്‌. അതിന് അവറ്റകളുടെ പിതാമഹാന്മാരെ മനസ്സിൽ വാഴ്ത്തികൊണ്ട് ഇരിക്കുമ്പോഴാ ഈ പെൺപടകളുടെ കടന്നുകയറ്റം…

” താങ്ക്സ് ചേട്ടാ… ഇത് നേരത്തെ പറയണ്ടേ… ” എന്റെ സംസാരം മുഴുവിപ്പിക്കുന്നതിനു മുന്നേ ആ പെണ്ണെന്റെ മടിയിൽ കേറിയിരുന്നു..

” അയ്യേ…. ഇയാളെന്തുവാ ഈ കാണിക്കുന്നേ.. ? എണീക്ക് കൊച്ചേ…. “

” പറ്റില്ല… !

” ഏഹ്… ?

” പറ്റില്ലാന്നു… ചെവി കേട്ടൂടെ.. ?

” ശാസ്താംകോട്ട മുതലേ ഒരേ നിൽപ്പാ… മണിക്കൂർ എത്രയായിന്നാ വിചാരം.. “

“അതിന് ഞാനെന്ത് വേണം.. സൂചി കുത്താൻ പോലും ഇടയില്ലാത്ത ഈ ട്രെയിനിൽ വലിഞ്ഞു കേറാൻ ഞാൻ പറഞ്ഞോ… ? നോക്കിട്ടൊക്കെ കേറരുതോ..

” റെയിൽവേ എനിക്ക് തീറെഴുതി തന്നിട്ടൊന്നുമില്ല ചേട്ടാ.. എന്റെ ഇഷ്ടത്തിന് ഓടാൻ..അതിപ്പോഴും കേന്ദ്രത്തിന്റെയാ… അവർക്ക് തോന്നുമ്പോൾ പിടിച്ചിടും..ചിലപ്പോൾ ഓടിയില്ലെന്നും വരും..ഹർത്താലും പൂജവെയ്പ്പ് അവധിയും ഒരുമിച്ച് വരുമെന്ന് മുൻകൂട്ടി അറിയാൻ എനിക്ക് മഷിനോട്ടമൊന്നുമില്ല…. “

ഉരുളയ്ക്ക് ഉപ്പേരി പോലെ അതിന്റെ വായിൽ നിന്ന് മറുപടി വന്നോണ്ടിരുന്നു.. ‘ ഹോ…ഇതിനെയൊക്കെ സഹിക്കുന്ന വീട്ടുകാരെ പൂവിട്ടു പൂജിക്കണം.. വെറുതെയാണോ ഹോസ്റ്റലിലേക്ക്‌ തട്ടിയത്.. മടുത്തുകാണും.

ബാഗിന്റെ ഇടയിലൂടെ യാത്രക്കാരെ എല്ലാം ഒരുവിധത്തിൽ വകഞ്ഞു മാറ്റി ഞാൻ എബിയെ നോക്കി. എന്റെ നിസ്സഹായ അവസ്ഥ അവനൂടെ കാണുന്നുണ്ടോന്ന് അറിയണ്ടേ…2, 3 ബാഗും കൂട്ടത്തിൽ ഏതോ അമ്മച്ചിടെ മോനേം മടിയിലിരുത്തി ഞെരുങ്ങി അമർന്നുള്ള അവന്റെ ദയനീയമായ നോട്ടം കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി പോയി..

ഇങ്ങനാണേൽ തൃശ്ശൂര് എത്തുന്നതിന് മുൻപ് ഇവിടൊരു ജാലിൻ വാലാബാഗ്‌ നടക്കും.. അതിൽ നിന്ന് എന്നെ എങ്കിലും കാത്തോളണെ ഈശ്വരാ..മനസ്സിൽ ഓരോന്ന് ആലോചിച്ച് ഞാൻ തലയാട്ടി..

” എന്തോന്നാ… എന്തോന്നാ… ?”

” എന്റെ പൊന്നോ… അങ്ങോട്ട്‌ ഒന്നും മൊഴിഞ്ഞില്ലേയ്… ഞാൻ എന്നോട് തന്നെ പറഞ്ഞതാ… “

” ആഹ്.. ഇങ്ങനെ ഒറ്റയ്ക്ക് സംസാരിക്കുന്നവർക്ക് ഞങ്ങളടെ നാട്ടിൽ പ്രാന്ത് എന്നാ പറയാ..”

” എല്ലാം നാട്ടിലും അങ്ങനെ തന്നെയാ പറയുന്നത്… “

” ഓഹ്… അപ്പോൾ സ്വബോധം ഉണ്ടല്ലേ… ?

” എന്ത്… ?”

” അല്ല.. പ്രാന്താണെന്ന്… “

” ഇത് വല്യ കഷ്ടായല്ലോ.. താനൊന്ന് കുറച്ചു നേരം മിണ്ടാതിരിക്കുവോ….കേറിയപ്പോൾ തൊട്ട് സഹിക്കുവാ… ശല്യം… “

എന്റെ ചൂടാവല് ഏറ്റെന്നാ തോന്നുന്നത്… പിന്നീട് ആള് ഒന്നും മിണ്ടിയതെയില്ല…

ഓരോ സ്റ്റേഷൻ കഴിയുന്തോറും കംപാർട്ട്‌മെന്റിലെ തിരക്ക് കുറഞ്ഞു തുടങ്ങി..

തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിട്ടിയപ്പോൾ ലോട്ടറി അടിച്ച സന്തോഷത്തിലാണവൾ പെട്ടിയും കിടക്കയും എടുത്ത്‌ മാറിയിരുന്നത്..കൂടെ ഉണ്ടായിരുന്ന വാനരപടയിലെ അംഗങ്ങൾ പല പല സ്റ്റേഷനിലായി ഇറങ്ങി പോകുന്നുണ്ടായി…

“ഇന്ദു… ഞാൻ ഇറങ്ങുവാ.. നീ സൂക്ഷിച്ചു പോണേ… “

അവസാനത്തെ ആളും യാത്ര പറഞ്ഞ് പോയപ്പോൾ മുതൽ അവൾ വല്ലാതെ അസ്വസ്ഥമായി…..

” തനിക്ക് എവിടെയാ ഇറങ്ങണ്ടെ.. ?” സഹതാപം തോന്നിയപ്പോൾ അറിയാതെ ഞാൻ ചോദിച്ചുപോയി…

രൂക്ഷമായിട്ട് ഒന്ന് നോക്കിട്ട് അവൾ പുച്ഛം വാരിവിതറി..

ഇതിപ്പോ ഞാൻ എന്ത് ചെയ്തിട്ടാണാവോ… “ഇയാളോടാ ചോദിച്ചത്… ?

” അറിഞ്ഞിട്ടെന്തിനാ.. ? വീട്ടിൽ കൊണ്ട് ചെന്ന് ആക്കിതരുവോ… ?”

” ഇല്ല… ചോദ്യം തിരിച്ചെടുത്തു പെങ്ങളേ…. മാപ്പാക്കണം…”

കൂടുതൽ വാക്ക് തർക്കത്തിന് നിൽക്കാതെ ഞാനെന്റെ കാര്യം നോക്കി അടങ്ങി ഒതുങ്ങിയിരുന്നു..

” അല്ലെങ്കിലും ഈ കാലത്ത് ഒരു മനുഷ്യനേം സഹായിച്ചുടാ…..ഞാൻ എന്നെ തന്നെ പഴിച്ചു..

” നിനക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഹരി… ആ സാധനത്തിനോട്‌ പോയി മിണ്ടാൻ..?

“പറ്റിപോയി അളിയാ… ഏത് പോലീസ്കാരനും ഒരബദ്ധം പറ്റില്ലേ….കൈ കൂപ്പിക്കൊണ്ട് ഞാൻ എബിയെ നോക്കി…

തൃശ്ശൂര് ഞങ്ങൾക്കൊപ്പം തന്നെയാണ് അവളും ഇറങ്ങിയത്.. നേരം നന്നേ വൈകിയതു കൊണ്ട് എബി നേരെ വീട്ടിലേക്ക് തിരിച്ചു… ഞാനും പോവാൻ തുടങ്ങുമ്പോഴാണ് ഇന്ദുവിനെ ഓർമ വന്നത്.. കാര്യം അഹങ്കാരിയാണെങ്കിലും ഒറ്റയ്ക്കായിരുന്നത് കൊണ്ട് ഒന്ന് അന്വഷിക്കാമെന്ന് കരുതി.

രാത്രിയിൽ ആൾസഞ്ചാരമില്ലാത്ത വഴികളാണ് അവിടെ കൂടുതലും. പേരിന് മാത്രം ചിലയിടത്ത് വഴിവിളക്കും… സ്റ്റേഷനിൽ നിന്ന് മാറി ഒരു ഓട്ടോ സ്റ്റാൻഡിൽ അവൾ നിൽക്കുന്നത് ചെറിയ മഞ്ഞവെട്ടത്തിൽ എനിക്കും കാണാമായിരുന്നു..പുക പറത്തികൊണ്ട് അകലെ നിന്ന് കുറച്ചുപേര് വരുന്നത് കണ്ടിട്ടാവണം അവൾ ആകെ പരിഭ്രമിച്ചു.. ചുറ്റും നോക്കുന്നുണ്ട്. സമീപത്ത് വേറെ ആരെയും കാണാത്തതിനാൽ ഭയത്തിന്റെ തീവ്രത അവളിൽ കൂടി വന്നിരുന്നു.

” ഇന്ദു…. വാ… !

പിന്നിലൂടെ ചെന്ന് ആ കൈ പിടിച്ചപ്പോൾ ഒരു ഞെട്ടലോടെയാണവൾ തിരിഞ്ഞ് നോക്കിയത്‌.

നെറ്റിത്തടങ്ങളിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരിക്കുന്നു.. എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“ഹരി… ഹരിയേട്ടനോ…? ഞാൻ ഓർത്തു വേറെ…. ചെറിയ വിക്കലോടെ അവൾ പറയാൻ തുനിഞ്ഞു…

“മ്മ്.. നീ പലതും ഓർക്കും.. നടക്ക്… ഞാൻ വീട്ടിൽ കൊണ്ട്ചെന്ന് ആക്കാം…”

ഇരുട്ടിലൂടെ തനിക്കൊപ്പം നടക്കുമ്പോൾ ട്രെയിനിലിരുന്നു ചിലച്ച വായാടിയെ ഞാൻ കണ്ടതേയില്ല. വീട് എത്തുന്നതുവരെ മൗനമായിരുന്നു അവളിൽ..ഉമ്മറത്തെ പടിയിൽ അവളേം കാത്തു മാതാശ്രീ ഉണ്ടായിരുന്നു.. ഞങ്ങളെ കണ്ടതും അവര് ഓടി അരികിലെത്തി.

” ഇതെവിടെയായിരുന്നു മോളെ ഇത്രയും സമയം… ഞാൻ പറഞ്ഞതല്ലേ ഇന്ന് വരണ്ടാന്ന്.. നീ കേട്ടില്ലല്ലോ… ?

അവളെ തൊട്ടും തലോടിയും അമ്മ ഓരോന്നായി ചോദിച്ചു… എന്നിലേക്ക്‌ ശ്രദ്ധ തിരിഞ്ഞപ്പോൾ ആ കണ്ണിൽ സംശയമാണ് നിഴലിച്ചത്‌..

“ഇതാരാ… ?

” ആഹ്… അമ്മേ ഞാൻ പറയാൻ മറന്നു.. ഇത് ഹരിയേട്ടൻ… ട്രെയിനിൽ വെച്ചു പരിചയപ്പെട്ടതാ… ഏട്ടനാ എന്നെ ഇവിടെ എത്തിച്ചത്‌.. “

” ട്രെയിനിൽ വെച്ചോ… ഈ പാതിരാത്രിക്ക് എന്ത് വിശ്വസിച്ചാ ഇന്ദു നീ ഇവന്റെ കൂടെ വന്നത്… ഇത്രയ്ക്ക് ബോധമേയുള്ളോ നിനക്ക്…. !

കാര്യം അറിയാതെ അവളെ ശകാരിക്കാൻ തുടങ്ങിയപ്പോൾ കേട്ടുനിൽക്കാൻ എനിക്കായില്ല.

“അമ്മ പേടിക്കണ്ട.. ഇന്ദുനെ ഈ രാത്രിയിൽ ഇവിടെ കൊണ്ടുവന്നു ആക്കിയത്‌ വേറൊന്നും കൊണ്ടല്ല… ഇതുപോലെ ഒരെണ്ണം എന്റെ വീട്ടിലുമുണ്ട്.. അതേ മുഖം ഇവളിലും കണ്ടപ്പോൾ തനിച്ചാക്കാൻ തോന്നിയില്ല… പിന്നേ ഈ അമ്മേം പെങ്ങളേം കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്ട്ടോ…”

എല്ലാത്തിനുമുളള ഉത്തരം കിട്ടിയതിനാലാവാം അമ്മ തിരിച്ച് ഒന്ന് പറഞ്ഞില്ല.

” ഞാൻ ഇറങ്ങുവാ ഇന്ദു.. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കണ്ട.. പഴയ വായനശാലയുടെ ഓപ്പോസിറ്റ് കാണുന്നതാ എന്റെ വീട്.. ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്ക്‌ വന്നാലും മതി… കയറ്റി വിട്ടില്ലേൽ ധൈര്യമായിട്ട് പറഞ്ഞോ എസ്. ഐ. യുടെ പെങ്ങളാണെന്ന്…”

കണ്ണടച്ച് കൊണ്ട് അവളെ നോക്കി ചിരിക്കുമ്പോഴും ഒന്നും മനസ്സിലാവാതെ അമ്മ എന്നെയും അവളേം മാറി മാറി നോക്കുന്നുണ്ടായിരുന്നു….