മാതൃഭാഷ
Story written by Sebin Boss J
==========
”എന്നാ ചേച്ചീ ? മരുന്നിനാണോ ?കഴിഞ്ഞ ആഴ്ചയല്ലേ മരുന്ന് കൊണ്ടുപോയെ ?”
“‘അതല്ല മോനെ . മരുമോള് വീട്ടിൽ പോയേക്കുവാ . അവൾക്കൊരു എഴുത്തുവന്നിട്ടുണ്ട് , ഇഗ്ളീഷിലാ. വല്ല അത്യാവശ്യം വല്ലതുമാണെൽ കൊണ്ടുപോയി കൊടുക്കണോല്ലോ . ഒന്ന് നോക്കാമോ ?”
മറ്റുള്ളോരുടെ എഴുത്തെങ്ങനെയാ വായിക്കുന്നെ !!
ചേച്ചി സ്ഥിരം മരുന്ന് വാങ്ങുന്നതാണ്. ഉപേക്ഷിക്കാനും വയ്യ, മനസില്ലാ മനസോടെ ഞാനാ എഴുത്തുവാങ്ങി പൊട്ടിച്ചു .
“‘ ഇതൊന്നുമില്ല ചേച്ചീ .. ഇൻഷുറൻസ് വല്ലോം ചേർന്നിട്ടുണ്ടോ ?”’ ഇംഗ്ളീഷിൽ ടൈപ്പ് ചെയ്ത ആ എഴുത്തു വായിച്ചിട്ട് മുഖത്തെ ഭാവമാറ്റം പ്രകടിക്കാതെ ഞാൻ അവരെ നോക്കി .
“‘ അപ്പുറത്തെ മീനാക്ഷീടെ കൂടെ എൽ ഐ സി ഉണ്ട് മോനെ . അതിന്റെ പേപ്പറ് വല്ലോമാണോ . എനിക്കീ കുന്തത്തിന്റെ പൊറകേയോന്നും നടക്കാൻ അറിയത്തില്ലാത്തോണ്ട് മോന്റെ പേരിലാ ചേർന്നേക്കുന്നെ. ”’
“‘ചേച്ചിക്ക് എത്ര മക്കളാ ?”’
“‘ആണും പെണ്ണുമായിട്ടൊന്നെ ഉള്ളൂ . “”
”’ആഹാ … മോനിപ്പോഴെവിടെയാ ? ജോലിയൊക്കെയായോ ?”’ സ്ഥിരം മരുന്ന് വാങ്ങുന്നതാണെങ്കിലും അവരുടെ ഫാമിലി ഡീറ്റയിൽസൊന്നും അറിയില്ലായിരുന്നു
“‘ഹമ് . മോനങ്ങ് ഗൾഫിലാ .അങ്ങേര് മരിച്ചപ്പോ ഞാൻ പശൂനെ വളർത്തിയും കൂലിപ്പണി ചെയ്തുമൊക്കെയാ മോനെ വളർത്തീത് .എന്റെ കഷ്ടപ്പാട് കണ്ടാവും ഈശ്വരൻ അവന്റെ പഠിപ്പ് കഴിഞ്ഞതേ ഗൾഫിൽ ജോലിയുമാക്കി . അത്കൊണ്ട് പെട്ടന്ന് കല്യാണോം കഴിഞ്ഞു . ആ …ഇനി ഉള്ള നാള് അവന്റെ കുഞ്ഞിനേം നോക്കി കഴിയാം “”‘ അവരുടെ മുഖത്ത് അഭിമാനവും പ്രതീക്ഷയും മിന്നിമറഞ്ഞു
“‘ ഹ്മ്മ് ..ശെരി ചേച്ചീ . ഇത് ഇൻഷുറൻസിന്റെ പേപ്പറാ , ചേച്ചീടെ പേർക്കാ വന്നേക്കുന്നെ .മരുമോളെ കാണിക്കണ്ട കാര്യമൊന്നുമില്ല കേട്ടോ . “”
”മോനെ .. അതിന്റെ കാലാവധി ആകാറായോന്നൊന്ന് നോക്കാമോ ? അവന്റെ പഠിപ്പ് തീരുമ്പോ എന്തേലും കച്ചോടത്തിനായിട്ട് തൊടങ്ങീതാ . ജോലി കിട്ടിയ സ്ഥിതിക്ക് ഇനിയത് വേണ്ടല്ലോ . മോന്റെ കൊച്ചിന്റെ ചോറൂണാ . അതിന് എന്റെ വക എന്തേലും കൊടുക്കാല്ലോ “”
“‘ഹമ് .കാലാവധി ആയിട്ടില്ല ചേച്ചീ “”
“‘ ഹമ് ..മോന്റെ കുഞ്ഞിന്റെ പേരിൽ ഒന്ന് ചേരണം . അവനു ജോലിയുള്ളത് കൊണ്ട് പാലിന്റെ പൈസയൊക്കെ മിച്ചമല്ലേ . ഒരു പെൺകുഞ്ഞാ മോന് . അവള് വലുതാകുമ്പോ എന്തെങ്കിലും ഉപകാരത്തിൽ കൊള്ളിക്കാല്ലോ ഇപ്പോഴേ നോക്കിയാൽ . മരുന്ന് ഇനി അടുത്ത മാസത്തേക്ക് മതി , എന്നാ പോയിട്ടുവരാം മോനെ ””.
”” ഫാമിലി വിസ ശെരിയായിട്ടുണ്ട് , നീ പറഞ്ഞ പോലെ അമ്മയെ വൃദ്ധസദനത്തിൽ ആക്കാനുള്ള കാര്യങ്ങൾ ചെയ്തോ “”‘
രക്തം വിയർപ്പാക്കി പഠിപ്പിച്ച സ്വന്തം മകൻ , ആ അമ്മയെ വൃദ്ധസദനത്തിൽ ആക്കുവാനുള്ള തീരുമാനം , അമ്മ വായിക്കാതിരിക്കാനായി ഇംഗ്ളീഷിൽ ഭാര്യക്ക് ടൈപ്പ് ചെയ്തയച്ച എഴുത്തിലെ വാക്കുകൾ ആയിരുന്നു അവർ നടന്നകലുമ്പോൾ എന്റെ മനസിൽ….
-സെബിൻ ബോസ്