Story written by Kavitha Thirumeni
::::::::::::::::::::::::::::::::::::::
” ഏട്ടത്തിയേ… ഇങ്ങു വന്നേ..ഇന്നലെത്തെ മഴയിൽ തൊടിയിൽ മാമ്പഴങ്ങളെല്ലാം വീണിട്ടുണ്ടാകും.. നമുക്ക് പോയി നോക്കാം..”
” ഞാൻ വരുന്നില്ല.. നീ ഒന്ന് പൊയ്ക്കേ മീനൂ..”
“വാ…ഏട്ടത്തി…”
“നീ എന്റെ കൈയ്യിൽ നിന്ന് വിട്ടേ.. ഞാൻ വരുന്നില്ലന്നു പറഞ്ഞില്ലേ… പിന്നെയും എന്താ ഇത്ര ചോദിക്കാൻ ? കുറച്ചു നേരം പോലും മനസ്സമാധാനത്തോടെ ഇരുത്തില്ല.. ശല്യം..”
പെട്ടന്നുതന്നെ മീനൂന്റെ മുഖം വാടി. ഒന്നും മിണ്ടാതെ എന്റെ മുറിയിൽ നിന്നിറങ്ങി പോകുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പക്ഷേ എന്തുകൊണ്ടൊ അതൊന്നു എന്റെ മനസിൽ സ്പർശിച്ചില്ല.
ഏഴാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട എനിക്ക് അച്ഛനായിരുന്നു എല്ലാം…അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതിരിക്കാൻ അച്ഛനൊപ്പം എന്നെയും മുംബൈലേക്ക് കൊണ്ടുപോയി. എല്ലാ സ്വാന്തന്ത്ര്യവും തന്നു വളർത്തി.. എന്റെ താൽപര്യമനുസരിച്ച് പഠിപ്പിച്ചു.. അതുകൊണ്ടാവാം മുംബൈയിലെ ജീവിതം എന്നും എന്നെ ഹരം കൊള്ളിപ്പിക്കുന്നതായിരുന്നു. അവിടുത്തെ എന്റെ സൗഹൃദങ്ങളും അവരോടൊപ്പമുള്ള യാത്രകളും പാർട്ടികളും തുടങ്ങി എല്ലാം എന്നെ വീണ്ടും വീണ്ടും ഭ്രമിപ്പിക്കുന്നവയായിരുന്നു. പക്ഷേ അതിനെല്ലാം ഒരു പരിധി അച്ഛൻ നിശ്ചയിച്ചിരുന്നു. അതുകൊണ്ട് വിവാഹത്തിനു ശേഷമെങ്കിലും മുംബൈയിൽ അടിച്ചുപൊളിച്ച് ജീവിക്കണമെന്നുള്ളത് എന്റെ നിലയ്ക്കാത്ത സ്വപ്നങ്ങളിലൊന്നായിരുന്നു..
പക്ഷേ പണ്ടെപ്പോഴോ അമ്മാവന് കൊടുത്ത വാക്കു പാലിക്കാൻ അച്ഛൻ ശ്യാമേട്ടനെ കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തിച്ചു.. അതോടെ എന്റെ സ്വപ്നങ്ങൾ എന്നിലേക്ക് മാത്രമായ് ഒതുങ്ങി.. അങ്ങനെ മുംബൈ എന്ന മഹാനഗരത്തിൽ നിന്നു ഞാൻ ഈ കുഞ്ഞു ഗ്രാമത്തിലേക്കു പറിച്ചുനടപ്പെട്ടു. അമ്മയും അച്ഛനും രണ്ട് മക്കളും മാത്രമുള്ള ശ്യാമേട്ടന്റെ കുടുംബത്തിലേക്ക് ഞാനും കൂടി ചേർന്നു.
എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായിരുന്നു എന്നെ.. പക്ഷെ എനിക്ക് ആ നാടും നാട്ടുകാരെയും തുടങ്ങി അവിടെയുള്ള ഒന്നിനെയും ഇഷ്ട്ടപ്പെടാനായില്ല. മനസ്സ് നിറയെ മുംബൈ എന്ന നഗരത്തോടുള്ള എന്റെ അടങ്ങാത്ത പ്രണയമായിരുന്നു. അതിനിടയിൽ മീനുവിന്റെ ഏട്ടത്തി എന്നുള്ള വിളി പോലും എന്റെ കാതുകളിൽ അസ്വസ്ഥതയുണ്ടാക്കി.
അന്ന് ഓഫീസിലെ എന്തോ ആവശ്യത്തിനു തിരുവനതപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ശ്യാമേട്ടൻ.. 6, 7 ദിവസത്തിന് ശേഷമേ മടക്ക യാത്രയുണ്ടാകൂ എന്ന് നേരത്തെ പറഞ്ഞിരുന്നു.
“ശ്യാമേട്ടാ… എനിക്കൊരു കാര്യം പറയാനുണ്ട്..”
“എന്താ നീതു….?
” നമുക്ക് മുംബൈലേക്ക് പോകാം… ഇവിടെ എനിക്ക് ആരുമില്ല.. ചെയ്യാനും ഒന്നുമില്ല..ഈ മുറിയിൽ എത്ര ദിവസം ഞാനിങ്ങനെ ഇരിക്കും…? മടുത്ത് തുടങ്ങി…”
ശ്യാമേട്ടൻ ചെറുതായിട്ട് ഒന്നു പുഞ്ചിരിച്ചു. ഡ്രസ്സ് എടുത്ത് വെയ്ക്കുന്നത് പാതിയിൽ നിർത്തിയിട്ട് എന്റെയടുത്ത് വന്നിരുന്നു.
” ഇവിടെ നിനക്ക് ആരുമില്ലേ…? പിന്നെ ഞാൻ ആരാ.. എന്റെ അച്ഛനും അമ്മയും അനുജത്തിയുമോ… അവര് നിന്റെയും കൂടിയല്ലേ…”
” അതൊക്കെ ശരിയായിരിക്കാം.. പക്ഷെ എനിക്കിവിടെ തീരെ പറ്റുന്നില്ല…അവിടെയാണെങ്കിൽ നമ്മുടെ ജീവിതം മുഴുവൻ ഹാപ്പിയായിരിക്കും..”
” എടീ…. പെണ്ണേ… ഈ നാടിന്റെയത്ര ഭംഗി വേറെവിടെയുണ്ടെടീ.. മനസ്സ് നിറയെ സ്നേഹം മാത്രമുള്ള കുറേ പാവം മനുഷ്യരാ ഇവിടെയുള്ളത്.. കാവിലെ പൂരവും അമ്പലക്കുളത്തിലെ കുളിയും തുടങ്ങി തൊടിയിലെ മാമ്പഴം പെറുക്കുന്നതിൽ പോലും സന്തോഷം കണ്ടെത്തുന്നവര്…. മീനുവിന്റെയൊപ്പം നീയും ഒന്നു ചേർന്ന് നോക്കിയേ.. അവള്‍ പറയുന്ന കുഞ്ഞ് കാര്യങ്ങൾ പോലും ഒരുപാട് സന്തോഷം തരുന്നവയായിരിക്കും.. അതൊരു പക്ഷെ നിനക്കിപ്പോൾ മനസ്സിലായെന്നു വരില്ല. കണ്ടാലും കണ്ടാലും മതിവരാത്ത അനവധി കാഴ്ച്ചകൾ ഇവിടെയുമുണ്ട്…”
” കാവിലെ പൂരത്തിന് പോകാനും കുളത്തില് നീരാട്ട് നടത്താനും തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഈ നാട്ടിൽ നിന്നൊന്ന് രക്ഷപെട്ടാൽ മതി…”
” നിന്നോട് പറഞ്ഞിട്ടൊരു കാര്യവുമില്ല. മോള് എന്നാലെ വേഗം പോയി മുംബൈയ്ലേക്കുള്ള അടുത്ത ഫ്ലൈറ്റ് പിടിക്ക്. എനിക്ക് വേറേ പണിയുണ്ട്.. എന്റെ അമ്മയെയും പെങ്ങളെയും ഒന്നും വിട്ട് എന്തായാലും ഞാൻ വരില്ല…”
ദേഷ്യപ്പെട്ട് ശ്യാമേട്ടൻ പോയതിന്റെ അമർഷവും എന്റെ സ്വപ്നങ്ങളെല്ലാം തല്ലി ഉടച്ചതിന്റെ സങ്കടവുമെല്ലാം ഞാൻ വീട്ടിലുള്ള എല്ലാവരോടും കാണിച്ചു. ഒരു കാരണവുമില്ലാതെ തന്നെ ഞാൻ അമ്മയോടും തട്ടികയറി… ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും പോകാതെ ഞാൻ മുറിയിൽ കിടന്നു.
പതിവ് തെറ്റിയുള്ള കാലവർഷത്തിന്റെ വരവിനാലായിരിക്കാം അന്ന് രാത്രി മുതൽ എനിക്ക് നന്നായി പനിച്ചു തുടങ്ങി.. ആദ്യമൊക്കെ ഞാനത് അത്ര കാര്യമാക്കിയില്ല. പക്ഷെ പിറ്റേന്ന് അമ്മ വന്ന് വിളിച്ചിട്ടും എനിക്ക് എഴുന്നേൽക്കുവാനായില്ല. ശരീരമാകെ ചുട്ടുപൊള്ളുന്ന പോലെ.. എന്റെ നെറ്റിയിൽ കൈ വെച്ചു നോക്കിയ അമ്മ നാന്നായി പരിഭ്രമിച്ചു കാണണം. വേഗം തന്നെ നനഞ്ഞ തുണി എന്റെ നെറ്റിയിൽ വെച്ചു , കൂട്ടിനായി മീനൂട്ടിയെയും പിടിച്ച് അടുത്തിരുത്തിയിട്ട് അമ്മ കഞ്ഞി എടുക്കാൻ പോയി..
ദേഹം മുഴുവനും കുമിളകൾ പോലെ പൊങ്ങാൻ തുടങ്ങിയപ്പോഴാണ് എനിക്ക് രോഗം മനസ്സിലായത്. പേടിച്ച് മാറി നിൽക്കുമെന്ന് കരുതിയവരാരും എന്നെ തനിച്ചാക്കിയില്ല. ചേർത്ത് പിടിച്ചതേയുള്ളു. ഒരു നിമിഷം പോലും എന്റെരുകിൽ നിന്നു മാറാതെ പരിചരിച്ചും മരുന്ന് തന്നും മീനൂട്ടി എന്നെ പറ്റിച്ചേർന്ന് നിന്നു.
” മീനൂ…..”
” എന്താ ഏട്ടത്തീ…..?
” നിനക്ക് പേടിയില്ലേ കുട്ടീ… ?
” എന്തിന്…
“ഇങ്ങനെ എന്റെയടുത്ത് വന്നിരുന്നാൽ നിനക്കും അസുഖം വരില്ലേ..”
” ഇല്ല ഏട്ടത്തീ… ഇങ്ങനെ പേടിച്ചാലാ അസുഖം ഉണ്ടാവുക എന്ന് കാവനേടത്തെ നാരായണിയമ്മ പറഞ്ഞല്ലോ.. അതുകൊണ്ട് ഞാൻ പേടിക്കില്ല.. ഇനി വന്നാലും സാരമില്ല.. അപ്പോൾ ഏട്ടത്തിയുണ്ടാവൂല്ലേ മീനൂനെ നോക്കാൻ..”
മറുപടി നിൽകാനാവാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകി…10 , 15 വർഷത്തോളം എനിക്ക് അന്യമായി തീർന്ന എന്റെ അമ്മയുടെ സ്നേഹം ആ കുറച്ച് ദിവസം കൊണ്ട് ശ്യാമേട്ടന്റെ അമ്മ എനിക്കായ് നൽകി.. വഴക്ക് കൂടിയും പരിഭവം കാണിച്ചും അമ്മയ്ക്ക് മുന്നിൽ ഞാനൊരു ചെറിയ കുഞ്ഞായി മാറി.
ശ്യാമേട്ടൻ വരുന്നതിനു മുന്നേ എന്റെ അസുഖം പാടെ മാറിയിരുന്നു… ഒപ്പം ഞാനും….സന്ധ്യയ്ക്ക് മീനൂന്റെ കൂടെ കാവില് വിളക്കിടാൻ പോയിട്ട് തിരിച്ചു വരുമ്പോഴാണ് ഏട്ടൻ വന്ന വിവരം ഞാനറിയുന്നത്.. എന്നിലെ മാറ്റം ശ്യാമേട്ടനെ അത്ഭുതപ്പെടുത്തുമെന്ന് കരുതിയ എനിക്കു തെറ്റി.. ശ്യാമേട്ടനിൽ യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. എന്നോട് ഒന്നുംതന്നെ ചോദിച്ചതുമില്ല.
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ ഏട്ടനോട് പലതും പറയാൻ തുനിഞ്ഞതാണ്. പക്ഷേ കഴിഞ്ഞില്ല.
” നീതുവേ….”
” എന്താ ഏട്ടാ….?
” മുംബൈലേക്ക് എന്നാ പോകണ്ടേ…?
കളിയാക്കികൊണ്ടാവാം ശ്യാമേട്ടൻ എന്നോട് അങ്ങനെ ചോദിച്ചത്.
” പോകണ്ട… എനിക്ക് ഇവിടെയാ ഇഷ്ടം.. തെറ്റ് പറ്റിപ്പോയി ശ്യാമേട്ടാ…ഞാൻ…”
വാക്ക് മുഴുവനാക്കാനാവാതെ ഞാൻ പൊട്ടികരഞ്ഞു.. എല്ലാം എനിക്കറിയാമെന്ന ഭാവത്തിൽ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു.. അന്ന് രാത്രിയിലും മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. എന്റെ മനസ്സിനെയും ഒപ്പം നനച്ചുകൊണ്ട്…
അകത്തളത്തിലിരുന്ന് മീനു തന്റെ പുസ്തകങ്ങളുമായി മൽപ്പിടുത്തത്തിലേർപ്പെടുന്നത് കണ്ടാണ് കോവണിപ്പടി ഇറങ്ങി ഞാൻ താഴേക്ക് വന്നത്.
” മീനൂട്ടിയേ…. “
” എന്താ ഏട്ടത്തീ…?
” ഇന്നലെ രാത്രി നല്ല മഴയായിരുന്നില്ലേ… നമുക്ക് തൊടിയിൽ മാമ്പഴം നോക്കാൻ പോയാലോ..?
“ഏഹ്…”
ആശ്ചര്യത്തോടെ അവള്‍ എന്റെ മുഖത്തേയ്ക്കു നോക്കി..
” പോകാം….? ഞാൻ ഒന്നൂടെ ചോദിച്ചു.
” ആഹ് ഏട്ടത്തീ… പോകാം….”
അവള്‍ എന്റെ കൈയ്യിൽ പിടിച്ച് തെക്കേ തൊടിയിലേക്ക് ഓടുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു നന്മ മാത്രം വിളയുന്ന ആ മണ്ണിന്റെ മഹത്വം…മനുഷ്യരുടേയും….