അപ്പോഴേക്കും അവന്റെ കണ്ണുകളിൽ തന്നെ കാത്തിരിക്കുന്ന അനിയത്തിക്കുട്ടിയുടെ കുഞ്ഞുമുഖം തെളിഞ്ഞു വന്നു…

അനിയത്തി

Story written by Neji Najla

::::::::::::::::::::::::::::::::::::::::::::

അവസാനത്തെ പാത്രവും കഴുകിത്തുടച്ച് റേക്കിൽ കയറ്റിവച്ച് റാസി പോകാൻ ഒരുങ്ങി.

ആ ചെറിയ ഹോട്ടലിൽ പാത്രങ്ങൾ കഴുകുന്ന ജോലിക്കായി എത്തിയതാണ് പതിനാറുകാരനായ റാസി.

നേരം ഏഴു മണിയായിക്കാണും. അവന് പോകാൻ ധൃതിയായി ഹോട്ടലുടമയുടെ മുന്നിൽ ചെന്നുനിന്നു.

അയാൾ ഒരു പൊതി ബിരിയാണി അവന്റെ കയ്യിൽ വച്ച് കൊടുത്തു.

“നാളെ മുതൽ സ്ഥിരമായി വന്നോളൂ കൂലി തരാം”

റാസിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. ആയിക്കോട്ടെ എന്ന് സമ്മതിച്ചു.

“ഏതാണീ ചെക്കൻ”

ആരോ ചോദിച്ചപ്പോൾ ഹോട്ടലുടമ വിശദീകരിക്കുന്നുണ്ട് തന്റെ ചരിത്രം.

റാസി അത് കേട്ടു നിൽക്കാതെ വേഗം നടന്നു.

“ഇപ്പൊ അടുത്ത് മരിച്ചിലെ.. ഇവിടെ പണിക്ക് നിന്നേർന്ന പെണ്ണ് അവൾടെ മോനാ..

തള്ളക്ക് എയ്ഡ്സ് ആയിരുന്നു. ന്നാലും ചാകുന്നത് വരെ മക്കളെ വിശപ്പ് അറിയിച്ചിട്ടില്ല.

എങ്ങു നിന്നോ വന്ന ഒരുത്തൻ കെട്ടി കൂടെ പൊറുപ്പിച്ച് ഒന്നിനെ വയറ്റിൽ ആയപ്പോ ആളു മുങ്ങി. പിന്നെ അതിന് എട്ടു വയസ്സായപ്പോൾ വീണ്ടും വന്നു രണ്ടാമത്തേതിനെയും കൊടുത്ത് വീണ്ടും തടിതപ്പി.

രണ്ട് മക്കളെ കൂടാതെ അവൾക്ക് ആ മാറാ വ്യാധിയും കൂടി കൊടുത്താണ് അങ്ങേരു പോയത് . അറിഞ്ഞപ്പൊഴേക്കും വൈകി. രണ്ട് മക്കളെം വിട്ട് അവള് പോയി. ഈ സൂക്കടായിരുന്നു തള്ളക്ക്‌ എന്നറിഞ്ഞതിൽ പിന്നെ അവറ്റങ്ങളെ ആരും തിരിഞ്ഞ് നോക്കണില്ല.. ഞാനാ പറഞ്ഞ് ഇങ്ങോട്ട് പോരാൻ”.

കേട്ടിരുന്നവർ മൂക്കത്ത് വിരൽ വെച്ചു.

റാസി ബിരിയാണിപ്പൊതി മുറുകെ പിടിച്ച് വീട്ടിലേക്ക് നടന്നു.വിശപ്പിന്റെ കാഠിന്യം മൂലം അവന് കാൽ നിലത്തുറക്കുന്നുണ്ടായിരുന്നില്ല.

മൂന്ന് ദിവസമായി പച്ചവെള്ളവും വീട്ടുമുറ്റത്തെ നെല്ലിക്കയും മാത്രമാണ് രണ്ട് ജീവനുകൾ നിലനിർത്തിയത്.

തന്നെയും കാത്ത് അക്ഷമയോടെ ഉമ്മറത്തിരിക്കുന്ന സഹ്റമോളുടെ കുഞ്ഞുമുഖം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ അവൻ നടത്തത്തിന് വേഗത കൂട്ടാൻ ശ്രമിച്ചു.

പക്ഷേ വിശപ്പിന്റെ കാഠിന്യം അതിനു സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവൻ നടത്തം നിർത്തി വഴിയരികിലെ ഒരു ചെറിയ പാറക്കല്ലിൽ ഇരുന്ന്‌ ബിരിയാണിപ്പൊതി തുറന്നു.

തനിക്കും സഹ്റ മോൾക്കും ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് കരുതിയാണ് അവൻ വേഗം വീട്ടിലേക്ക് നടക്കാൻ തുടങ്ങിയത്.

പക്ഷേ കഴിയുന്നുണ്ടായിരുന്നില്ല.

ബിരിയാണിപ്പൊതി തുറന്ന് റാസി വേഗം പാതി കഴിക്കാനിരുന്നു.

അപ്പോഴേക്കും അവന്റെ കണ്ണുകളിൽ തന്നെ കാത്തിരിക്കുന്ന അനിയത്തിക്കുട്ടിയുടെ കുഞ്ഞുമുഖം തെളിഞ്ഞു വന്നു.

തുറന്ന പൊതി ഭദ്രമായി തന്നെ പൊതിഞ്ഞ് കയ്യിൽ പിടിച്ച് റാസി വീണ്ടും നടക്കാൻ തുടങ്ങി.

ഉമ്മച്ചി പോയെ പിന്നെ വിശപ്പ് മാറീട്ടില്ല… സഹ്റമോൾ കഴിക്കാതെ കാത്തിരിക്കുമ്പോൾ ഒറ്റയ്ക്ക് കഴിക്കാൻ ആവില്ലല്ലോ.

അവൻ ഓരോന്ന് ഓർത്ത് വീട് എത്താറായി.

അകലെ നിന്നുതന്നെ കാണുന്നുണ്ടായിരുന്നു ഇക്കാക്കാനെയും കാത്തിരുന്ന് വിശന്നു തളർന്ന് ഉമ്മറത്തെ തിണ്ണയിൽ കിടന്നുറങ്ങിപ്പോയ സഹ്‌റമോളെ.

അവൻ ഓടിച്ചെന്നു ബിരിയാണിപ്പൊതി അവളുടെ അരികിൽ വച്ച് കിണറ്റിൻ കരയിലേക്ക് നടന്നു.

കയ്യും കാലും മുഖവും കഴുകി തിരിച്ച് സഹ്‌റമോളുടെ അടുത്തേക്ക് വന്നപ്പോഴും അവൾ എണീറ്റിരുന്നില്ല.

ബിരിയാണിപ്പൊതി എടുക്കാൻ കൈ നീട്ടിയപ്പോൾ റാസി ഞെട്ടിപ്പോയി.

ബിരിയാണിപ്പൊതി കടിച്ചു വലിച്ച് തുറന്ന് ബിരിയാണി പകുതിയോളവും പൂച്ച തിന്നിരിക്കുന്നു.

റാസിയുടെ കരൾ പിടഞ്ഞുപോയി. ഇനി സഹ്‌റമോളോട് എന്തുപറയും..

സഹ്റമോൾ ഉണർന്നിട്ടില്ല.ഉണർന്നാൽ അവള് ആദ്യം ചോദിക്കുക ബിരിയാണിയായിരിക്കും. അത്രമേൽ പറഞ്ഞ് ആശിപ്പിച്ചാണ് താൻ പോയത്..

അവള് വിശക്കുന്നു എന്ന് പറഞ്ഞിട്ടായിരുന്നു എല്ലാവരും കയ്യൊഴിഞ്ഞപ്പോൾ ഉമ്മ പോയിരുന്ന ഹോട്ടലിൽ പോകാൻ തീരുമാനിച്ചതും.

തന്റെ കത്തുന്ന വയറിലേക്ക് ഒരുപിടി വാരിയിടാതെ തന്നെ കാത്തിരിക്കുന്ന സഹ്റമോൾടെ അടുത്തേക്ക് ഓടി വന്നതും ആദ്യം അവള് വിശപ്പ് മാറി ചിരിക്കട്ടെ എന്നോർത്തായിരുന്നു.

റാസിയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. അവൻ വേഗം പൊതിയിലും പുറത്തുമായി ചിതറിക്കിടക്കുന്ന ബാക്കി ചോറ് ഒരു പാത്രത്തിലേക്ക് പെറുക്കിയെടുത്ത് കിണറിന്റെ അരികിൽ ചെന്ന് കഴുകി വൃത്തിയാക്കി. എന്നിട്ട് അടുക്കളയിൽ പോയി കുറച്ച് ഉപ്പെടുത്ത് ചോറിൽ വിതറി കുഴച്ച് സഹ്റമോൾടെ അടുത്ത് വന്നു അവളെ എണീപ്പിച്ചു.

കഴുകി മസാലയും ഉപ്പും പോയ ചോറിൽ ഉപ്പ് കൂട്ടി കുഴച്ച് ഉരുളകളാക്കി അവളുടെ വായിൽ വച്ച് കൊടുക്കുമ്പോൾ പരാതിയില്ലാതെ അവള് സ്വാദോടെ കഴിക്കുന്നത് കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴു കിക്കൊണ്ടെയിരുന്നു.

കുറച്ച് കഴിച്ച് അവള് പറഞ്ഞു.

“ഇക്കാക്കാ.. എന്റെ വയറ് നിറഞ്ഞു.ഇനി ഇക്കാക്ക കഴിക്ക്‌..”

ഒരുപാട് നിർബന്ധിച്ചിട്ടും സഹ്റമോൾ പിന്നെ കഴിച്ചില്ല.

റാസി വിശപ്പും സങ്കടവും കാരണം കണ്ണുകാണാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. അവൻ വേഗം ബാക്കി ചോറ് വാരിത്തിന്നു. ഇന്നേ വരെ താൻ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും രുചി ഈ ചോറിനാണ് എന്ന് അവൻ തിരിച്ചറിഞ്ഞു.

റാസി പാത്രം കഴുകി വച്ച് സഹ്റയുടെ അടുത്ത് വന്നു കിടന്നു.

“ഇക്കാക്ക… ആ പൂച്ചയെ നോക്ക് ഉമ്മച്ചി ഉണ്ടായിരുന്നപ്പോൾ അയ്‌നും തിന്നാൻ കൊടുത്തിരുന്നു.. ഇപ്പൊ നമ്മളെപ്പോലെ അയ്‌നും വെശന്ന് കാണും അതാ അത് ചോറ് എടുത്ത് തിന്നത്.. ഞാൻ കണ്ടെർന്ന്.. മിണ്ടാണ്ടെ ഇരുന്നതാ..”

സഹ്റമോളുടെ വാക്കുകൾ കേട്ട് റാസിക്ക്‌ സ്വയം നിയന്ത്രിക്കാനായില്ല. അവൻ പൊട്ടിക്കരഞ്ഞു.

“…നാളെ ഇക്കാക്ക കൊറേ ചോറ് കൊണ്ട് വാരാട്ടോ…”

“ഉം… ന്നിട്ട് നമുക്ക് മൂന്ന് പേർക്കും വയറു നിറയെ തിന്നാം”

റാസി സഹ്‌റയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

വിശപ്പ് മാറിയ പൂച്ച അപ്പോൾ സുഖമായി ഉറങ്ങുകയായിരുന്നു.

ന ജ്‌ ല .സി

പ്രിയ വായനക്കാരെ…കുറച്ച് സമയം കൊണ്ട് എഴുതിയതാണ്. തെറ്റുകൾ ക്ഷമിച്ചാലും…

Cover pic courtesy