രാവിലെ എഴുന്നേറ്റാൽ ഉണ്ണ്യേട്ടൻ വന്നോമ്മേ പാലും കൊണ്ട് എന്നായിരുന്നു ചോദിച്ചിരുന്നത്…..

ദേവാമൃതം

Story written by NIJILA ABHINA

::::::::::::::::::::::::::::::::::::::::::::

ഇന്നായിരുന്നു ആ ദിനം….എന്റെ കല്യാണം…

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉണ്ണ്യേട്ടനെന്റെ കഴുത്തിൽ വരണമാല്യമണിയിച്ച ദിവസം…

ഉണ്ണി ദേവേടെ ആണെന്ന് കേട്ടാണ് വളർന്നത്‌… അതുപോലെ ദേവ ഉണ്ണീടെയും……

പാടത്തും പറമ്പിലും ഓടി ചാടി നടക്കുമ്പോഴും സ്കൂളിൽ പോകുമ്പോഴും ഉണ്ണ്യേട്ടന്റെ പിന്നാലെ കൂടാനായിരുന്നു എനിക്കും താല്പര്യം….

രാവിലെ എഴുന്നേറ്റാൽ ഉണ്ണ്യേട്ടൻ വന്നോമ്മേ പാലും കൊണ്ട് എന്നായിരുന്നു ചോദിച്ചിരുന്നത്…..

ഇല്ല നിന്റെ ഉണ്ണ്യേട്ടനേ വേറെ പെണ്ണ് കെട്ടി…. അവൾടോരു ഉണ്ണ്യേട്ടൻ എന്ന് ചൊല്ലി ഏട്ടത്തി കളിയാക്കുമ്പോഴും മുറ്റത്തെ അലക്ക് കല്ലിന്റെ മേളിൽ കേറി നിന്ന് ഉണ്ണ്യേട്ടനെ എത്തി നോക്കാറുണ്ടായിരുന്നു ഞാൻ…..

ഉണ്ണ്യേട്ടന്റെ അടുത്തിരുന്നു എന്ന് ചൊല്ലി കൂട്ടുകാരി നീനയെ കൂർപ്പിച്ച പെൻസിൽ കൊണ്ട് കയ്യിൽ കുത്തിയതറിഞ്ഞു ഉണ്ണ്യേട്ടന്റെ അച്ഛനാണ് സ്നേഹത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞത്

“ഇനി ആരേലും ഇവന്റെ അടുത്തു വന്നിരുന്നാ ന്റെ കുട്ടി ദാ ഇവന്റെ കണ്ണ് കുത്തി പൊട്ടിച്ചോ ന്ന്‌ “

ശെരിയമ്മാവാ എന്ന് ചൊല്ലി ഓടുമ്പോൾ പുറകിൽ നിന്നുയരുന്ന ചിരി ഞാൻ കേൾക്കുന്നുണ്ടായിരുന്നു അന്ന്..

അതേ അമ്മാവൻ തന്നെ ഞങ്ങളുടെ കാര്യത്തിൽ വില്ലനായി അവതരിക്കുംന്ന്‌ ഒരിക്കലും കരുതിയില്ല…

“രാഘവാ കുട്ട്യോൾടെ മനസ്സിൽ അങ്ങനെ ഒരാഗ്രഹം വളര്തിയത് നമ്മൾ തന്നെയാ പക്ഷെ വെറും പ്ലസ്‌ ടൂ കാരി പൊട്ടി പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പറ്റോ ഉണ്ണിയെ…ഒന്നൂല്ലേലും അവന്റെ സ്റ്റാറ്റസ് നോക്കണ്ടേ “

നെഞ്ചിൽ കത്തി കേറ്റിയ ഭാവത്തിൽ അച്ഛനും ഒന്നും ഉരിയാടാനാവാതെ അമ്മയും തറഞ്ഞു നിൽക്കുമ്പോഴും ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ്‌ ചെയ്ത് ഞാൻ തന്നെയാണന്ന് അമ്മാവനോട് പറഞ്ഞത് ഉണ്ണ്യേട്ടന്റെ ജീവിതത്തിൽ ഒരു നിഴലായി പോലും താൻ ഉണ്ടാവില്ലെന്ന്…

“ഉണ്ണ്യേട്ടനെ ആരെങ്കിലും നോക്കിയാൽ പോലും അതെനിക്ക് സഹിക്കാൻ പറ്റില്ല പക്ഷെ ഉണ്ണ്യേട്ടനെ ആരെങ്കിലും കളിയാക്കിയാൽ അതെനിക്ക് ഒട്ടും സഹിക്കാനാവില്ല ഏട്ടന്റെ സന്തോഷം അതാ ഈ പൊട്ടിപ്പെണ്ണിന് വേണ്ടത്”

പിന്നീട് കണ്ടപ്പോഴൊക്കെ പിന്തിരിഞ്ഞു നടക്കാനാണ് ശ്രമിച്ചത്… അമ്പലത്തിൽ നിന്ന് വരുന്ന വഴി മുന്നിൽ കേറി വഴി തടഞ്ഞു കയ്യിൽ പിടിച്ചു നിർത്തിയ ഉണ്ണ്യേട്ടനെ ബലമായി തള്ളി മാറ്റി പറഞ്ഞിരുന്നു ഇനിയെന്നെ കാണാൻ വരണ്ട എനിക്കിഷ്ടല്ല അതെന്ന്……

ആ നെഞ്ചു വിങ്ങുന്നതും ആ കണ്ണുകൾ നിറയുന്നതും കാണുന്നുണ്ടായിരുന്നു…. കണ്ടില്ലെന്നു നടിച്ചു…

കാണാനുള്ള അവസരങ്ങൾ മനപൂർവ്വം ഇല്ലാതാക്കി…

രണ്ടു മാസത്തിനു ശേഷം ഉണ്ണ്യേട്ടന്റെ കല്യാണമാണെന്നും കൂടെ വർക്ക്‌ ചെയ്യുന്ന ഡോക്ടറാണ് കുട്ടിയെന്നും അമ്മ പറഞ്ഞപ്പോൾ ഒരാശംസ അറിയിക്കാനാണ് തോന്നിയത്….

നാളുകൾക്ക് ശേഷമാ പടി കടന്നു ചെല്ലുമ്പോൾ കാലുകൾ വിറച്ചിരുന്നു….

ദേവാ ഒരവസരം അതെ ഇനി ബാക്കീള്ളൂ നിനക്ക് വന്നൂടെ ഈ ഉണ്ണീടെ പെണ്ണായിട്ട്….. നിന്റെ ഉണ്ണ്യേട്ടനെ ഇങ്ങനെ വെറുക്കാൻ മാത്രം ഞാനെന്തു തെറ്റാ നിന്നോട് ചെയ്തെ….

കല്യാണത്തിന് കാണാമെന്നു ചൊല്ലിയാ പടി ഇറങ്ങുമ്പോൾ അമ്മാവൻ ദീർഘനിശ്വാസം വിടുന്നത് കണ്ടിരുന്നു…

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മുന്നോട്ടു നടക്കുമ്പോൾ അടുത്ത ജന്മമെങ്കിലും എന്റെ ഉണ്ണ്യേട്ടനെ എനിക്ക് തന്നെ തരണേ എന്ന പ്രാര്ഥനയായിരുന്നു എനിക്ക്…

നീ വരണ്ട ദേവൂ കല്യാണത്തിനെന്നമ്മ പറഞ്ഞപ്പോഴും ഉണ്ണ്യേട്ടനെ സ്വന്താക്കാൻ പോണ കുട്ടിയേ ഒന്ന് കാണണംന്ന്‌ കരുതി…

ഇന്നലെ വൈകുന്നേരം കുളക്കടവിൽ വെച്ചു കണ്ടപ്പോഴും തന്നോട് ചിന്തിക്ക് ദേവൂ ഒരുവട്ടം കൂടിയെന്ന് പറഞ്ഞ ഉണ്ണ്യേട്ടന്റെ മുഖത്ത് ഇന്ന് കണ്ട സന്തോഷം കണ്ടപ്പോൾ എന്റെ ചങ്ക് തകരുന്നുണ്ടായിരുന്നു…..

മുഹൂർത്ത സമയമായിട്ടും പെണ്ണും കൂട്ടരുമെത്താത്ത പരിഭ്രമത്തിൽ നെട്ടോട്ടമോടുന്ന അമ്മാവനോടും മറ്റും ഒരു നേർത്ത പുഞ്ചിരിയോടെ അവര് വരില്ലച്ഛാ ശ്രീ എന്നോട് നേരത്തെ സംസാരിച്ചിരുന്നു അവള്ടെ സമ്മതം ഇല്ലാതെ തീരുമാനിച്ചതാ ഈ വിവാഹംന്ന്‌ ഉണ്ണ്യേട്ടൻ പറയുമ്പോൾ എന്താണ് നടക്കുന്നതെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ…

അച്ഛാ നമ്മടെ ദേവൂട്ടിയെ ഇങ്ങ് വിളിച്ചോളു അവൾക്കുള്ള പുടവേം അത്യാവശ്യം സ്വർണോം ന്റെ റൂമിൽ വെച്ചിട്ടുണ്ടെന്ന് ഉണ്ണ്യേട്ടൻ പറയുമ്പോൾ നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാത്ത അവസ്ഥയായിരുന്നെനിക്ക്..

അമ്മാവൻ വന്നച്ഛനോട് സംസാരിക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

**************

“എന്താടി പെണ്ണേ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ ന്താ പറ്റിയെ ന്റെ ദേവയ്ക്ക്….

“ന്നാലും ഇങ്ങനൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ന് ഇവിടെ വേറെ ആളാരുന്നില്ലേ ഉണ്ണ്യേട്ടാ ഇരിക്കാ എന്ന എന്റെ ചോദ്യത്തിന് ഉണ്ണി ചെറുപ്പത്തിലെ കേട്ടത് ഉണ്ണീടെ പെണ്ണ് ദേവയാന്നാ…. ഇനിയതെന്നും അങ്ങനെ ആയിരിക്കും…

എന്റെ സ്റ്റാറ്റസ് അതിനു ചേരാത്തവളാ നീയെന്ന് ആരാ പറഞ്ഞെ ദേവാ….

ഞാൻ കുറിച്ച് കൊടുക്കുന്ന മരുന്നിൽ പോലും നീയടങ്ങിയിട്ടുണ്ട് ദേവാ……

നിന്റെ സ്നേഹം അതാണ് അതാണെന്റെ മരുന്ന്, എന്നെ മുന്നോട്ട് നയിക്കുന്ന ഊര്ജമെന്ന് ചൊല്ലുമ്പോൾ എന്റെ കൈ നെഞ്ചോട്‌ ചേർത്തു പിടിക്കുമ്പോൾ ഞാനറിയുന്നുണ്ടായിരുന്നു ഉണ്ണ്യേട്ടന്റെ മനസ്സിലീ പൊട്ടി പെണ്ണിന്റെ സ്ഥാനം എന്താണെന്ന്‌…

നിജില