അയാൾ രക്ഷപ്പെടുമെങ്കിൽ എന്റെ അവസാന തുള്ളിയും എടുത്തോ…അവൾ നിറകണ്ണുകളോടെ പറഞ്ഞു

കനൽ

Story written by AMMU SANTHOSH

:::::::::::::::::::::::::::::::::::::::::::

“നിന്നേ പോലൊരു പെണ്ണിനെയല്ലായിരുന്നു. ഞാനാഗ്രഹിച്ചത്. എന്റെ ജീവിതം നശിച്ചു.. ഇറങ്ങി പോകാമോ ഇവിടെ നിന്ന്? “

അവൾ കൈകൾ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് വീണ്ടും അവന്റെ കൈകൾ ദേഹത്ത് വീഴുന്നത് തടയാണെന്നോണം ഒരു മേശയുടെ പിന്നിലൊളിച്ചു.

“നീ വിചാരിക്കും സ്ത്രീ പീ ഡനം എന്ന് കേസ് കൊടുത്താൽ എന്നെ പോലീസ് കൊണ്ട് പോയി അങ്ങു തൂക്കിക്കൊല്ലുമെന്ന്. എടി.. ഇവിടെ ആത്മഹത്യ ചെയ്ത പെണ്ണുങ്ങളുടെ ഭർത്താക്കന്മാര് ജാമ്യം കിട്ടി പുറത്ത് ഇറങ്ങി രണ്ടാമത്തെ കല്യാണം കഴിഞ്ഞു സുഖമായി ജീവിക്കുന്നു.. ഞാനും നിന്നേ ഒഴിവാക്കിയാൽ വീണ്ടും കെട്ടും അവളെ മടുത്താൽ അടുത്തവൾ. പെണ്ണിനാണോ പഞ്ഞം? .”

അയാൾ സിഗററ്റ് അവളുടെ ദേഹത്ത് കുത്തിക്കെടുത്തി. ഒരു നിലവിളി ഉയർന്നത് ഒരു ചവിട്ടിൽ അമർത്തിയ കരച്ചിലായി മാറി

“എനിക്ക് മടുത്തു നിന്നേ. വീട്ടിലോട്ട് തന്നെ പൊയ്ക്കോ..വീടില്ലല്ലോ? അയാൾ പൊട്ടിച്ചിരിച്ചു “അല്ലെങ്കിൽ തന്നെ നിനക്കാരുണ്ട്?നീ പോയി ചാക്.. കേസ് ഞാൻ നോക്കിക്കൊള്ളാം “

ദേഹത്ത് മുഴുവൻ പൊള്ളിയതിന്റെ വേദന, മർദനങ്ങളുടെ വേദന അസഹ്യമായപ്പോൾ ഇനി ഒരു കണിക പോലും വേദനിക്കാൻ വയ്യെന്ന് തോന്നിയപ്പോൾ അവൾ അവിടെ നിന്ന് ഇറങ്ങി

രാത്രി

മഴ പെയ്യുന്നു

എങ്ങോട്ട് പോകണം

ഒരു അനിയത്തി ഉണ്ടായിരുന്നത് കല്യാണം കഴിഞ്ഞു ഗൾഫിൽ ജീവിക്കുന്നു. അച്ഛന്റെയും അമ്മയുടെയും മരണശേഷം വീട് വിറ്റ് ആ പൈസ കൂടി ഭർത്താവ് എടുത്തു. മൂന്ന് വർഷത്തെ നിരന്തര പീ ഡനങ്ങളുടെ ഒടുവിൽ പോലീസിൽ പരാതിപ്പെടാൻ പോയതാണ്. എസ് ഐ അയാളുടെ സുഹൃത്ത്. തന്റെ നിർഭാഗ്യം.

ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് കേട്ടിട്ടുണ്ട്

തനിക്ക് അതും ഇല്ല. റെയിൽ സ്റ്റേഷൻ ലക്ഷ്യമാക്കി അവൾ നടന്നു തുടങ്ങി. അടുത്ത ട്രെയിനിനു മുന്നിൽ തീരണം എല്ലാം

പെട്ടെന്ന് മുന്നിലേക്ക് ഒരു ബൈക്ക് നിയന്ത്രണം വിട്ടു വന്നത് കണ്ടു അവൾ ഓടി മാറി. നിലത്ത് വീണ ബൈക്കിൽ നിന്ന് തെറിച്ചു വീണ മനുഷ്യൻ റോഡിൽ കിടന്ന് പിടഞ്ഞു തുടങ്ങി. അവൾ പേടിച്ചു ഒരു മരത്തിന്റെ മറവിൽ കണ്ണുകളടച്ചു നിന്നു.

ആരൊക്കെയോ കടന്നു പോകുന്നു. പലരും മൊബൈലിൽ ഫോട്ടോ എടുക്കുന്നു

ആരെങ്കിലും അയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ

അയാളുടെ പിടച്ചിൽ നിന്നു. മരിച്ചു കാണുമോ? അവൾ മെല്ലെ അടുത്ത് ചെന്നു. അയാൾ പെട്ടെന്ന് കണ്ണ് തുറന്നു.

“Help me “

ഒരു ഞരക്കം

കോളേജിൽ പഠിക്കുമ്പോൾ അച്ഛന്റെ ബുള്ളറ്റ് ഓടിക്കുമായിരുന്നത് അവൾ ഓർത്തു. അയാളുടെ ബൈക്ക് നിവർത്തി വെച്ച് സ്റ്റാർട്ട്‌ ആക്കാൻ ശ്രമിച്ചു നോക്കി. വണ്ടി സ്റ്റാർട്ട്‌ ആയി

ഒരു വിധത്തിൽ അയാളെ വണ്ടിയുടെ പുറകിൽ വെച്ചു ചുരിദാറിന്റെ ഷാൾ കൊണ്ട് തന്റെ ശരീരത്തോടു ചേർത്ത് കെട്ടി ആശുപത്രിയിലേക്ക് ഓടിച്ചു പോയി

അതൊരു പ്രൈവറ്റ് ആശുപത്രിയായിരുന്നു.

“ഇവിടെ എടുക്കാൻ പറ്റില്ല. ആക്‌സിഡന്റ് ആണെന്ന് എന്താ ഉറപ്പ്?വല്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പൊ “

അവൾ സിസ്റ്ററിന്റ നേരേ കൈ കൂപ്പി

“ഇപ്പൊ തന്നെ ഒരു പാട് ചോര പോയിട്ടുണ്ട് സിസ്റ്റർ. പ്ലീസ്.. അയാളെ അഡ്മിറ്റ് ചെയ്യു. ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോകുന്ന വരെ അയാൾ ജീവിച്ചിരിക്കില്ല “

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നിയമം നിയമം തന്നെ..”

അവളുടെ ഉള്ളിൽ ഒരു തീ കത്തി. ആൾക്കാർക്ക് ഉപകാരം ഇല്ലാത്ത കുറെ നിയമങ്ങൾ

“നിയമം നിയമം നിയമം.. ഒരു മനുഷ്യന് ഉപകാരപ്പെടാത്തില്ലെങ്കിൽ എന്തിന് ഈ നിയമം? നിങ്ങളുടെ മകൻ ആയിരുന്നു ഈ സ്ഥാനത്തു എങ്കിൽ ഈ നിയമം പറയുമോ? നിങ്ങൾ ദൈവത്തിന്റെ മാലാഖാമാരല്ലേ?ദയവ് ചെയ്തു അയാളെ അറ്റൻഡ് ചെയ്യ്.ഫസ്റ്റ് എയ്ഡ് എങ്കിലും കൊടുക്ക്. എന്നിട്ട് ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പൊക്കോളാം “ഒരു ഭ്രാന്തിയെ പോലെ അവൾ അലറി

പിന്നെ എളുപ്പമായിരുന്നു എല്ലാം

അയാളെ അഡ്മിറ്റ് ചെയ്തു

ഫസ്റ്റ് എയ്ഡ് കൊടുത്തു

“ധാരാളം രക്തം പോയിട്ടുണ്ട്. ഇവിടെ സ്റ്റോക് ഇല്ല.”

“ഏതാ ഗ്രൂപ്പ്‌?”

“Rare ഗ്രൂപ്പ്‌.. Ab നെഗറ്റീവ് “

അവൾ വികലമായി ഒന്ന് ചിരിച്ചു

“അയാൾക്ക് ഭാഗ്യം ഉണ്ട് എന്റെ ഗ്രൂപ്പ്‌ അതാ. എത്ര വേണേൽ എടുത്തോ… ചാകും മുന്നേ അത് എങ്കിലും നടക്കട്ടെ “

ഇക്കുറി ആ നഴ്സ് അവളെ സഹതാപത്തോടെ നോക്കി

അവളുടെ മുഖത്ത് കാണുന്ന കരിനീലിച്ച പാടുകളിലേക്ക്

കഴുത്തിലെ തീ പൊള്ളലി
ലേക്ക്

സർവോപരി ശൂന്യമായ കണ്ണുകളിലേക്ക്

“അയാൾ രക്ഷപ്പെടുമെങ്കിൽ എന്റെ അവസാന തുള്ളിയും എടുത്തോ “അവൾ നിറകണ്ണുകളോടെ പറഞ്ഞു

“മോളുടെ പേരെന്താ? “

രക്തം കൊടുത്തു കിടക്കുമ്പോൾ നേഴ്സ് ചോദിച്ചു

“ലക്ഷ്മി “

“മോളുടെ ആരാ ഇയാൾ? “

“ആരുമല്ല വഴിയിൽ കിടന്ന് കിട്ടിയതാ “

അവൾ തെല്ലുറക്കെ ചിരിച്ചു. ഭ്രാന്ത് പിടിച്ച ഒരാളുടെ മുഖഭാവങ്ങൾ..

നേഴ്സ് ആ ശിരസ്സിൽ തലോടി. രക്തം കൊടുത്തു കഴിഞ്ഞു അവൾ എഴുന്നേറ്റു. ഒരു നിമിഷം നിന്നു

“ഞാൻ അന്നേരെത്തെ വിഷമം കൊണ്ട്.. ഒരാൾ മരിച്ചു പോകുമല്ലോ എന്നോർത്ത്. ആധി പിടിച്ചപ്പോ ദേഷ്യപ്പെട്ടു പോയതാ.. . ക്ഷമിക്ക്.. പോട്ടെ “

നേഴ്സ് പെട്ടെന്ന് അവളുടെ കൈ പിടിച്ചു നിർത്തി

“ബ്ലഡ്‌ എടുത്തു കഴിഞ്ഞാൽ കുറച്ചു റസ്റ്റ്‌ വേണം. ഇരിക്ക് ” അവർ കൊടുത്ത ചൂട് കാപ്പി ഊതിക്കുടിക്കുമ്പോഴാണ് രണ്ടു ദിവസമായി വയറ്റിൽ ഒന്നും ചെന്നിട്ടില്ലല്ലോ എന്നോർത്തത്.

“വിശക്കുന്നു സിസ്റ്ററെ എനിക്ക് എന്തെങ്കിലും കഴിക്കാൻ മേടിച്ചു തരുവോ? “

സിസ്റ്റർ നിറകണ്ണുകൾ തുടച്ചു. പിന്നെ സെക്യൂരിറ്റിയേ വിട്ടു ദോശ വാങ്ങിപ്പിച്ചു

അവൾ ആർത്തിയോടെ അത് കഴിക്കുന്നത് അവർ നോക്കിയിരുന്നു

“ഏത് വരെ പഠിച്ചു?”

“ഡിഗ്രി പാസ്സായി “

“കമ്പ്യൂട്ടർ അറിയാമോ?”

“ഉം “

“ഇവിടെ ഓഫീസിൽ ഒരു കൊച്ചിനെ വേണമെന്ന് ഡോക്ടർ പറയുന്നത് കേട്ടായിരുന്നു. വലിയ ശമ്പളം ഒന്നുമില്ല.ലക്ഷ്മി നിൽക്കുന്നോ?”

അവൾ ചവച്ചു കൊണ്ടിരുന്ന ദോശ ഇറക്കാൻ കഴിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവരെ നോക്കിക്കൊണ്ടിരുന്നു..അവരൊന്നും ചോദിച്ചില്ല.

അല്ല ചോദിക്കണ്ട

മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്. ശരിക്കും മനുഷ്യൻ ആകുന്ന നിമിഷങ്ങൾ. അപ്പൊ അവന് സഹജീവിയുടെ ഉള്ളറിയാം, വേദന അറിയാം, എല്ലാം മനസിലാകും.ഒന്നും ചോദിക്കാതെ തന്നെ ചേർത്ത് പിടിക്കും

“കഴിക്ക്.ഞാൻ വാർഡിൽ ഒന്ന് പോയി വരാം “

ആശുപത്രിയിൽ തിരക്ക് അധികം ഉണ്ടാകാറില്ല. ഉച്ചക്ക് രണ്ടു വരെയാണ് ഷിഫ്റ്റ്‌. അത് കഴിഞ്ഞുള്ള സമയം അവൾ പഠിക്കാൻ തുടങ്ങി. ഒരു ദിവസം ആ ചെറുപ്പക്കാരനും മാതാപിതാക്കളും അവളെ കാണാൻ വന്നു. അമേരിക്കയിൽ നിന്ന് ഒരവധിക്ക് വന്നതായിരുന്നു എന്നും ഉടനെ തിരിച്ചു പോകുമെന്നും പറഞ്ഞു. അയാളുടെ പേര് വിവേക്,അച്ഛൻ ഡിജിപി അനിൽ മേനോൻ, അമ്മ ഡോക്ടർ സീത..അവർ അവളോരുപാട് സംസാരിച്ചു.. കുറെ നന്ദി വാക്കുകൾ. അവൾ നേർത്ത ചിരിയോടെ കേട്ട് നിന്നു

പിന്നേ ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം ഭർത്താവ് ഫോണിൽ വിളിച്ചു ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ടു അവൾ സമ്മതിച്ചു

“വെറുതെ അങ്ങനെ ഒപ്പിട്ട് കൊടുത്തു ഫ്രീ ആക്കാനാണോ ഉദ്ദേശം?”

സിസ്റ്റർ അവളെ ചിരിയോടെ നോക്കി “പിന്നല്ലാതെ.. രക്ഷപെട്ടു എന്നെ വിചാരിക്കുന്നുള്ളു. മൂന്ന് വർഷം ആയി ഞാൻ ഇപ്പോഴാ ശരിക്കും ഉറങ്ങുന്നത്. ഇപ്പോഴാ സമാധാനം എന്താ എന്നറിയുന്നത് .. മതി “

“അതല്ല. ഇങ്ങോട്ട് തന്നത് കുറച്ചെങ്കിലും കൊടുക്കണ്ടേ “

അവൾ അമ്പരന്ന് നോക്കി

“ഞാൻ. ഞാൻ എങ്ങനെ..?”

“ഇത്രയും നാൾ അനുഭവിച്ചത് rewind ചെയ്തു നോക്ക് “

സിസ്റ്റർ പോയി.

ദിവസങ്ങൾ അവൾ ഇത് തന്നെ ആലോചിച്ചു കൊണ്ടിരുന്നു. ഉള്ളിൽ അണഞ്ഞുവെന്ന് തോന്നിയ കനൽ വീണ്ടും ജ്വാലിക്കാൻ തുടങ്ങി

അയാളുടെ വീട്

“നീ സമ്മതിക്കില്ല എന്നാ ഞാൻ വിചാരിച്ചത്..”അയാൾ പറഞ്ഞു

അവൾ ഒന്നും പറഞ്ഞില്ല. കാണിച്ചു കൊടുത്ത സ്ഥലത്തു ഒക്കെ ഒപ്പിട്ട് കൊടുത്തു.

അവൾ ഇടവഴി തിരിഞ്ഞപ്പോൾ പോലീസ് ജീപ്പ് അയാളുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു. ചുണ്ടിൽ നേർത്ത ചിരിയോടെ അവൾ നടന്നു

ജയിൽ

“നിനക്ക് ഒരു വിസിറ്റർ ഉണ്ട് ” പോലീസ് വന്നപ്പോൾ അയാൾ എഴുനേറ്റു

വിസിറ്റിംഗ് റൂമിൽ അവൾ .

“നീ ആയിരുന്നു അല്ലെ ഇതൊക്കെ ചെയ്തത് ?”അയാൾ കത്തുന്ന കണ്ണുകളോടെ ചോദിച്ചു

“അതേ. ഞാനാണ്. പെണ്ണിനെ നോവിക്കുന്നവന്മാരൊക്കെ ഓർത്തോണം. ഇത് പോലെ അനുഭവിക്കേണ്ടി വരുമെന്ന്. കെട്ടിയിട്ട് പട്ടിയെ തല്ലും പോലെ തല്ലി,ചവിട്ടി.. കൊല്ലാക്കൊല ചെയ്യുമ്പോൾ നിന്നേ പോലൊള്ള സകല അവന്മാരും ഓർക്കണം ഇങ്ങനെ ഒരു ദിവസം. നീ എന്താ പറഞ്ഞത് സ്ത്രീ പീഡനത്തിന് നിനക്ക് ജാമ്യം കിട്ടുംമെന്ന് അല്ലെ?ജാമ്യത്തിൽ ഇറങ്ങി നീ വേറെ കല്യാണം കഴിക്കും. മടുക്കുമ്പോൾ അവളെയുപേക്ഷിച്ചു മറ്റൊരുവളെ. അല്ലേടാ? നീയിപ്പോ ഡ്ര ഗ്ഗ്സ് കേസിലാ അകത്ത് കിടക്കുന്നത്. അതിന് ജാമ്യമില്ല.. നീ ഇതിനുള്ളിൽ കിടക്കും. ജീവിതം മുഴുവൻ…അവിടെ കിടക്ക് “

ലക്ഷ്മി വേഗം പുറത്തേക്ക് നടന്നു.

പുറത്ത് കാറിൽ വിവേക് ലക്ഷ്മിയെ കാത്തിരിക്കുന്നുണ്ടായിരുന്നു…

“നന്ദിയുണ്ട് “അവൾ മെല്ലെ പറഞ്ഞു

“ജീവൻ രക്ഷിച്ചതിനേക്കാൾ വലിയ ഉപകാരം ഒന്നും ഞാൻ ചെയ്തിട്ടില്ല..”

“എനിക്ക് വേണ്ടി എടുത്തത് വലിയ റിസ്ക് ആണ്. സോറി “

വിവേക് ചിരിച്ചു

“അവസാന തുള്ളി രക്തവും എനിക്ക് തരാൻ തയ്യാറായ ഒരാൾക്ക് വേണ്ടി ഇതിനപ്പുറം റിസ്ക് എടുക്കാനും ഞാൻ തയ്യാറാണ്.”

“ഇനി തമ്മിൽ കാണണ്ട “അവൾ മെല്ലെ പറഞ്ഞു

“ഇല്ല.ഞാൻ നാളെ യുഎസിലേക്ക് തിരിച്ചു പോകും. എന്താവശ്യത്തിനും ഒരു ഫോൺ കാൾ മതി. അല്ലെങ്കിൽ ഒരു മെസ്സേജ്.അത് എന്നായാലും. ഞാൻ ഉണ്ടാവും “

അവൾ നിറകണ്ണുകളോടെ തലയാട്ടി.

കാർ സ്റ്റാർട്ട്‌ ആയി

ഒപ്പം ഉണ്ടാകുമെ ന്ന് പറയാനൊരാൾ…അത് ആരോ ആകട്ടെ

അത് ഒരു സന്തോഷം ആണ്

വെറുതെ ഒരു സന്തോഷം