Story written by NIJILA ABHINA
:::::::::::::::::::::::::::::::::::::::::::
പ്ലസ് ടു കഴിഞ്ഞു എന്ട്രൻസ് എഴുതി പൊട്ടി നിൽക്കുന്ന സമയം വരെ നഴ്സിംഗ് എന്നാൽ പുച്ഛമായിരുന്നു…. അല്ലെങ്കിൽ നേഴ്സ് എന്നാൽ ചങ്കത്തി മറിയാമ്മ പറയാറുള്ളത് പോലെ ഡോക്ടർടെ പിന്നാലെ ട്രേയും പിടിച്ചു നടക്കുന്ന, സിനിമയിൽ കാണാറുള്ള പോലെ വെള്ളയും വെള്ളയുമിട്ടു നടക്കുന്നയാൾ…. അതായിരുന്നു സങ്കല്പം….
നഴ്സിംഗ്ന് പോവാണെന്ന് പറഞ്ഞപ്പോൾ നാട്ടുകാരും വീട്ടുകാരും ഒന്നടങ്കം പറഞ്ഞു മോളെ വേണ്ടായെന്ന്… അന്നത് കേട്ടില്ല…. അല്ല കേൾക്കില്ലല്ലോ…. പണ്ടേ അങ്ങനെയല്ലേ എന്തെങ്കിലും മനസ്സിൽ കയറിക്കൂടിയാൽ അതിനു പിന്നാലെയിങ്ങനെ….
നേഴ്സ് എന്നാൽ ഡോക്ടർടെ പിന്നാലെ ട്രേയുമായി നടക്കുന്നയാൾ മാത്രമല്ലെന്ന് മനസിലാക്കാൻ ആദ്യവർഷത്തെ പോസ്റ്റിങ്ങ് വരെയേ കാത്തിരിക്കേണ്ടി വന്നുള്ളൂ…
വാർടെതാ റൂമേതാ സിറിഞ്ചേതാ എന്നറിയാതെ പകച്ച് നിന്നപ്പോഴും ചേർത്തു പിടിക്കാനും അറിയാത്തതോരോന്നായി പറഞ്ഞു തരാനും വെള്ളയുടുപ്പിട്ട മാലാഖമാർ മറന്നിരുന്നില്ല….
മാലാഖ….. ആ പേരെത്ര മാത്രം യോജിച്ചതാണെന്ന് മനസിലാക്കാൻ പിന്നീടുള്ള ഓരോ നിമിഷവും അവസരം ലഭിക്കുകയായിരുന്നു…..
അലറിക്കരയുന്ന പിഞ്ചു കുഞ്ഞിനെ നോക്കി അതിനെക്കാൾ നിഷ്കളങ്കമായി പുഞ്ചിരിച്ചാ കുഞ്ഞി കവിളിൽ തലോടുമ്പോൾ ആ കുഞ്ഞു മുഖത്തും ഒരു പാൽപുഞ്ചിരി വിടരുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്….
പൊതുവേ കുഞ്ഞുങ്ങളോട് അടുക്കാത്ത ഞാൻ ഇതേ അത്ഭുതം പീഡിയാട്രിക് വാർഡിൽ വെച്ച് സ്വയം കാണിക്കുമ്പോൾ കയ്യില് ക്യാനുലയും തളര്ന്ന മുഖവുമുളള കുഞ്ഞുങ്ങളെന്നെ നോക്കി പുഞ്ചിരി തൂകുമ്പോൾ, ഒരിക്കൽ കണ്ട പരിചയത്താൽ ഓരോരുത്തരും വന്നു കയ്യിൽ പിടിച്ചു സംസാരിക്കുമ്പോൾ പണ്ടി പ്രൊഫഷണനെ പുച്ഛിച്ചതോർത്ത് സ്വയം കുറ്റബോധം തോന്നിയിട്ടുണ്ട്….
ഞങ്ങൾ ലീവിന് നാട്ടിൽ പോവാണെന്നാ സിസ്റ്റർമാരോട് പറയുമ്പോൾ നിങ്ങൾ പോയാഘോഷിച്ചു വായെന്ന് പറഞ്ഞവർ യാത്രയാക്കുമ്പോൾ അവരിലുണ്ടാകുന്ന ധീര്ഘനിശ്വാസം മാസങ്ങളായി നാടും വീടും വീട്ടുകാരെയും കാണാൻ പറ്റാത്തതിന്റെതായിരുന്നു…
ആഘോഷനിമിഷങ്ങളിൽ പോലും രാവെന്നോ പകലെന്നോയില്ലാതെ രോഗികൾക്ക് മുമ്പിൽ തന്റെ സങ്കടങ്ങൾ മറച്ചു പിടിച്ച് അവരുടെ വേദനകളിൽ കൂടെ നിന്ന് ആ കണ്ണീരോപ്പുന്ന ചേച്ചിമാരെന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്…..
സ്വന്തം വീട്ടിൽ നടക്കുന്ന ആഘോഷങ്ങൾ വീഡിയോ രൂപത്തിൽ കാണേണ്ടി വരുമ്പോഴും നാട്ടിലെ ആഘോഷങ്ങൾ കേട്ടുകേൾവികൾ ആകുമ്പോഴും പരാതി പറയാൻ പോലും സാധിക്കാതെ പണിയെടുക്കുന്നവർ…..
ചോര കണ്ടാൽ തലകറങ്ങിയിരുന്ന ഞാൻ, മുറിവും വൃണവും കണ്ടാൽ അറപ്പോടെ നോക്കിയിരുന്ന ഞാൻ അവയെ അറപ്പിന്റെ മുന്നോടിയില്ലാതെ നോക്കാൻ തുടങ്ങിയത് എപ്പോൾ മുതലാണ്….. അവരോട് സ്വന്തം വീട്ടുകാരോടെന്ന പോലെ പെരുമാറാൻ തുടങ്ങിയത് എന്ന് മുതലാണ്…… എനിക്ക് മുന്നിൽ വരുന്ന ഓരോ രോഗിയെയും എന്റെ അച്ഛനായിരുന്നെങ്കിലൊ അമ്മയായിരുന്നെങ്കിലൊ സഹോദരങ്ങളായിരുന്നെങ്കിലൊ എന്ന് കരുതാൻ തുടങ്ങിയതെന്ന് മുതലാണ്…
അമ്മയോടുണ്ടായിരുന്ന സ്നേഹം ബഹുമാനം കൂടിയായ് മാറാനും എനിക്കി വെള്ളക്കുപ്പായമിടേണ്ടി വന്നു….. ആദ്യമായ് ലേബർ റൂമിൽ കിട്ടിയ ഡ്യൂട്ടിയിൽ തലമുടി വലിച്ചുപറിച്ചെടുക്കാൻ ശ്രമിക്കുന്ന ചേച്ചിയുടെ കൈ പിടിച്ചു വെക്കാൻ കൂടെയുണ്ടായിരുന്ന സിസ്റ്റർ പറയുമ്പോൾ ഭയമായിരുന്നു…. അന്നാ കൈ പിടിച്ചു വെക്കുമ്പോൾ, പതിയെയവരുടെ തലമുടിയിൽ തലോടുമ്പോൾ, അവരുടെ നിലവിളിയിൽ, ആ പിറുപിറുക്കലിൽ അവരനുഭവിക്കുന്ന വേദന ഞാനറിയുന്നുണ്ടായിരുന്നു… അവരിൽ ഞാൻ കണ്ടത് എന്റമ്മയെ തന്നെയായിരുന്നു….
ആ സങ്കടനിമിഷങ്ങൾ അവസാനിച്ചത് ഞങ്ങളുടെയെല്ലാരുടെയുമൊപ്പമാ അമ്മയുടെ കാതിലുo കുഞ്ഞിളം കരച്ചിൽ കേട്ടപ്പോഴായിരുന്നു….. ഓരോ ജീവനും എത്ര വിലപ്പെട്ടതാണെന്ന് അതിന്റെ മൂല്യമെന്തെന്ന് എന്നെ പഠിപ്പിച്ച നാളുകൾ….
പിന്നീടും കണ്ടു….. ജീവന് വേണ്ടി പിടയുന്നയോരോ രോഗികളെ, അതിലേറെ റിസ്കകെടുത്ത് അവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്ന ഡോക്ടർമാരെ…… അവര്ക്കൊപ്പമോടുന്നയെന്റെ കൂടപ്പിറപ്പുകളെ……..
പലപ്പോഴും ചീത്ത വിളി കേട്ടിട്ടുണ്ട്…. ചീത്ത വിളിക്കുന്നത് കേട്ടിട്ടുണ്ട്, ഒരു നിമിഷം വൈകിയതിന്, രോഗികൾ കൊടുക്കുന്ന പരാതിക്ക്, എന്തിന് മറ്റാരുടെയെങ്കിലും കൈപ്പിഴയ്ക്ക് പോലും…..
മാലാഖമാർ…. വിശേഷണം അതാണ്……. എന്നാൽ പലപ്പോഴുമത് വെറും വിളിയിൽ മാത്രമൊതുങ്ങാറുണ്ട്….പുച്ഛം പലരിലും കാണാറുണ്ട്, അതുപോലെ ഒരു മാലാഖയുടെയതേ പരിഗണന നൽകി ചേർത്തു പിടിക്കുന്നവരെയും കണ്ടിട്ടുണ്ട്…….
ട്യൂബുകൾക്കും വയറുകൾക്കുമിടയിൽ ആശുപത്രിക്കിടക്കയിൽ കിടന്നാൽ മാത്രം മാലാഖമാരുടെ വില തിരിച്ചറിയുന്ന ചിലരുമുണ്ട്…. അപ്പോഴും ഇതൊന്നുമാലോചിക്കാതെ രാവും പകലും മുഖത്തൊരു പുഞ്ചിരി നിറച്ച് ഓരോരുത്തർക്കും ആശ്വാസമേകാറുണ്ട്…..
ഉണ്ണാനെടുത്തു വെച്ച ചോറിന് മുന്നിൽ നിന്ന് റീന സിസ്റ്ററെ വിളിച്ചോണ്ട് പോകുമ്പോൾ പാത്രമെന്തിനാ സിസ്റെരെ അടച്ചത് വന്നിട്ട് കഴിക്കാലൊ എന്നയെന്റെ ചോദ്യത്തിന്
‘ഇനിയിന്ന് വരാൻ പറ്റില്ലാന്ന് എന്നെപ്പോലെ നിനക്കുമറിയില്ല കുട്ടി ‘ എന്ന മറുപടിക്ക് എനിക്കും ഉത്തരമുണ്ടായിരുന്നില്ല….
അപ്പോഴും റീനേച്ചിയുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു, ദിവസങ്ങളായി മറന്നു വെച്ച ഉറക്കവും വിശപ്പും മറച്ചു വെച്ചുകൊണ്ടുള്ള പുഞ്ചിരി….. ആ പുഞ്ചിരി തന്നെയാണ് ഓരോരുത്തർക്കും കൊടുക്കാനുള്ള ഏറ്റവും വലിയ പരിചരണമെന്ന് എനിക്കും മനസിലായിരുന്നു….
നീയെന്തിനാ നഴ്സിംഗ് ന് പോയതെന്ന് ചോദിക്കുന്നവരോട് ഞാൻ പണ്ട് പറയാറുണ്ടായിരുന്നു പെട്ടന്ന് ജോലി കിട്ടാൻ എന്ന്….. അന്നതെന്നെ തിരുത്താറുള്ളത് അച്ഛനായിരുന്നു… ഒരു ജോലിക്കും പണത്തിനുമപ്പുറo കുറച്ചു ജീവന്റെ ശ്രേഷ്ഠത ആ വാക്കിനുണ്ടെന്ന് ചൊല്ലി……
അച്ഛൻ…. അച്ഛൻ മാത്രമായിരുന്നു എന്നും ശെരി…. ആ വാക്കുകളായിരുന്നു എന്നും ഊര്ജവും…. അതുകൊണ്ട് തന്നെ ഇന്നറിയാം ഇതൊരു പ്രൊഫഷണൻ മാത്രമല്ലെന്ന്….. ഒരുപാട് പേരുടെ കണ്ണീരോപ്പാൻ കഴിയുന്ന വേദനകൾക്കിടയിൽ പോലും പുഞ്ചിരിക്കാൻ സാധിക്കുന്നൊരു വഴി കൂടിആണെന്ന്…..
ഏറെ പ്രതീക്ഷകൾ, ഒരൽപം ഭയം അതിലേറെ എനിക്കും എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസം അതൊക്കെയുണ്ട് നാളെ പുതിയൊരു മേഖലയിലേക്ക് കാലെടുത്തു കുത്തുമ്പോൾ……
സമർപ്പണം : വരുന്ന ദിനങ്ങളില് പുതുവഴി തേടി ജീവിതയാത്രയ്ക്ക് ഒരുങ്ങുന്ന എന്റെ പ്രിയപ്പെട്ട മാലാഖക്കുട്ടികൾക്ക്..
നിജിലഅഭിന