ടാർജറ്റ്
Story written by Praveen Chandran
::::::::::::::::::::::::::::::::::
“ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ ഡോക്ടർ” നഴ്സിന്റെ ആ പരവശം ഡോക്ടർക്ക് മനസ്സിലായെന്നോണം അയാൾ ഉടൻ തന്നെ ലേബർ റൂമിലേക്ക് പാഞ്ഞു…
കുറച്ച് സമയം മുമ്പ് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്.. ഏതു നിമിഷവും ജീവൻ പോകാം…
“ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റൂ” ഡോക്ടർ അവർക്ക് നിർദ്ദേശം കൊടുത്തു..
“എന്തു പറ്റി എന്റെ കുട്ടിക്ക്?” ആ അമ്മയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ ദൈവത്തിന്റെ സ്വന്തം മാലാഖമാർ കുഴങ്ങി…
“ഒന്നും പറ്റിയിട്ടില്ല..വിഷമിക്കാതിരിക്കൂ” പലപ്പോഴായി പറഞ്ഞു പഴകിയ അതേ വാചകം കൊണ്ട് നഴ്സുമാർ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
എന്തൊ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന തോന്നൽ ആ അമ്മയെ അലട്ടുവാൻ തുടങ്ങി…
ലേബർറൂമിന് പുറത്ത് നിൽക്കുന്ന അവരുടെ ഭർത്താവിന്റെ അവസ്ഥ അതിലും ദയനീയമായിരുന്നു.. തന്റെ കുട്ടിയെ ഒരു നോക്ക് കാണാനുളള ആകാംക്ഷയിൽ ആ ഹൃദയം വെമ്പൽ കൊണ്ടു…
വികാരനിഭരമായ നിമിഷങ്ങൾക്കൊടുവിൽ കുട്ടിയുടെ മരണം ഡോക്ടർ സ്ഥിതീകരിച്ചു..
ആ വാർത്ത അറിഞ്ഞതും ആ മാതാവ് തളർന്നു വീണു..
ആ അച്ഛനോട് എന്ത് പറയും എന്ന വിഷമാവസ്ഥയിൽ ഡോക്ടർ പുറത്ത് വന്നു…
ഡോക്ടറെ കണ്ടതും അയാൾ ആകാംക്ഷയോടെ അടുത്തേക്ക് വന്നു..
ആ സമയത്താണ് ഡോക്ടറുടെ ഫോണിൽ മെസ്സേജ് റിംഗ് വന്നത്..
ഫോൺ നോക്കിയതിന് ശേഷം ഡോക്ടർ ആ അച്ഛനോടായി പറഞ്ഞു.. “ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിച്ചു.. പക്ഷെ അമ്മയുടെ ജീവൻ മാത്രമേ ഞങ്ങൾക്ക് രക്ഷിക്കാനായുളളൂ.. ഐയാം സോറി..”
എന്തുപറയണമെന്നറിയാതെ ആ പിതാവ് മരവിച്ചപോലെ നിന്നു…
അയാളെ ആശ്വസിപ്പിച്ചതിന് ശേഷം റൂമിലേക്ക് പോകുന്നതിനിടെ ഡോക്ടർ ആ മെസ്സേജ് വീണ്ടും ഒന്ന് വായിച്ചു..
“യുവർ സിസേറിയൻ ടാർജറ്റ് ഹാസ്ബീൻ അച്ചീവ്ഡ്”
ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു…
തന്റെ മുറ്റത്ത് വരാൻ പോകുന്ന പുതിയ ബെൻസ് കാറിനെക്കുറിച്ച് ഡോക്ടർ സ്വപ്നം കാണാൻ തുടങ്ങി..
അപ്പോഴാണ് ഡോക്ടറുടെ ഫോൺ റിംഗ് ചെയ്തത്..
ഡോക്ടറുടെ ഭാര്യയായിരുന്നു അത്..
രാവിലെമുതൽ അവളുടെ കോൾ വന്നുകൊണ്ടിരിക്കുന്നു. തിരക്ക് കാരണം എടുക്കാൻ പറ്റിയില്ല…
ആ സന്തോഷവാർത്ത അവളെ അറിയിക്കാനായി അയാൾ തിടുക്കത്തോടെ ഫോണെടുത്തു..
“അച്ചായാ.. എവിടെ ആടന്നു ഈ സമയം വരെ!” അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി…
“എന്ത് പറ്റി ആലീസ്? കരയാതെ കാര്യം പറ” ഡോകടർ ടെൻഷനിലായി..
“അച്ചായാ.. ഞാൻ ഇന്ന് ബാത്ത്റുമിൽ ഒന്ന് വഴുക്കി വീണു.. നമ്മുടെ കുഞ്ഞ്!!!” മുഴമിക്കാനാവാതെ അവൾ വീണ്ടും കരയാൻ തുടങ്ങി..
ഫോൺ കട്ട് ചെയ്ത് കൊണ്ട് ഡോക്ടർ വരാന്തയിലെ ബഞ്ചിൽ തളർന്നിരുന്നുപോയി…
ആ വരാന്തയുടെ മറ്റൊരറ്റത്ത് ക്യാഷ് കൗണ്ടറിൽ കലങ്ങിയ കണ്ണുകളോടെ ബില്ലടക്കാനായി നിൽക്കുന്ന ആ അച്ഛന്റെ വേദന അന്നാദ്യമായി അയാളറിഞ്ഞു…
ടാർജറ്റ് അച്ചീവ് ചെയ്യാനുളള ഓട്ടത്തിനിടെ ഡോക്ടററിഞ്ഞിരുന്നില്ല ദൈവത്തിനുമുണ്ടായിരുന്നു ഒരു ടാർജറ്റ് എന്ന്..