എൻ്റെ ചേട്ടാ..പ്രായമായെന്ന് വച്ച് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് കൂടെന്നുണ്ടോ, അല്ലെങ്കിൽ തന്നെ…

Story written by Saji Thaiparambu

:::::::::::::::::::::::::::::::::::::::

എൻ്റെ ബിന്ദൂ… നീയിപ്പോൾ പഴയത് പോലെ ചെറുപ്പക്കാരിയൊന്നുമല്ല , വയസ്സ് നാല്പത്തിയഞ്ചായി, എന്ന് വച്ചാൽ മദ്ധ്യവയസ്ക, ഇനിയെങ്കിലും നീ കൊച്ച് പെമ്പിള്ളേരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാൻ നോക്കല്ലേ, പ്രായമാകുമ്പോൾ കുറച്ചൊക്കെ ഒതുങ്ങാൻ നോക്ക്

ടെക്സ്റ്റൈൽ ഷോപ്പിലെ ചുരിദാർ സെക്ഷനിൽ നിന്നും, ലേറ്റസ്റ്റ്മോഡൽ ചുരിദാർ ഒരെണ്ണമെടുത്ത്,ദേഹത്ത് വച്ചിട്ട്, ഭർത്താവിനോട് അഭിപ്രായം ചോദിച്ചതിനാണ് , സുരേഷ് അങ്ങനെയൊക്കെ പറഞ്ഞത്

എൻ്റെ ചേട്ടാ.. പ്രായമായെന്ന് വച്ച് ,ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ച് കൂടെന്നുണ്ടോ ?അല്ലെങ്കിൽ തന്നെ, വസ്ത്രങ്ങളെയൊക്കെ അങ്ങനെ പ്രായത്തിനൊത്ത് തരംതിരിച്ചിട്ടുണ്ടോ?

പിന്നെയില്ലേ? നിന്നെ കല്യാണം കഴിച്ചോണ്ട് വരുമ്പോൾ, എൻ്റെ അമ്മയ്ക്ക്, നിൻ്റെ ഇപ്പോഴത്തെ പ്രായമായിരുന്നു, അന്നവര് ധരിച്ചിരുന്നത് എന്താണെന്ന് നിനക്കോർമ്മയുണ്ടല്ലോ ? മുണ്ടും നേര്യതും, എന്തിനധികം പറയുന്നു, കുഞ്ഞായിരുന്നപ്പോൾ ഞാനും നീയുമൊക്കെ ജെട്ടിയുമിട്ടല്ലേ നടന്നിരുന്നത്, എന്ന് വച്ച് ,ഇപ്പോൾ അങ്ങനെ പറ്റുമോ, അത് കൊണ്ടാണ് പറഞ്ഞത്, പ്രായമാകുംതോറും ആ മാറ്റം ,നമ്മൾ വസ്ത്രധാരണത്തിലും കാണിക്കണമെന്ന്

എൻ്റെ ചേട്ടാ… നിങ്ങടെ അമ്മ മുണ്ടും നേര്യതും ധരിച്ചിരുന്ന കാലഘട്ടത്തിലല്ല ,നമ്മളിപ്പോൾ ജീവിക്കുന്നത്, ഈ കാലത്ത് പതിനെട്ട്കാരിയും എൻപത്തൊന്ന്കാരിയും ചുരിദാറ് ധരിക്കും, ശരീരം മറയുന്ന ഏത് ഫാഷനിലുള്ള വസ്ത്രവും ധരിക്കുന്നതിൽ എന്താ തെറ്റ്

ബിന്ദൂ.. നീ ഞാൻ പറയുന്നത് കേൾക്ക് ,നിൻ്റെ കയ്യിലിരിക്കുന്ന മോഡൽ ചുരിദാറ് വേണമെങ്കിൽ, ഒരെണ്ണമെടുത്തോ, അത് നമ്മുടെ മോൾക്ക് കൊടുക്കാം, എന്നിട്ട് നിനക്കുടുക്കാൻ ആ സാരി സെക്ഷനിൽ പോയി വല്ല കോട്ടൺ സാരിയും സെലക്ട് ചെയ്യ്

ഭർത്താവിൻ്റെ കടുംപിടുത്തത്തിന് മുന്നിൽ ഉള്ളിലെ ആഗ്രഹങ്ങളെ ബിന്ദു കടിഞ്ഞാണിട്ട് നിർത്തി.

********************

ബിന്ദൂ… എൻ്റെ പാൻ്റ്സും ഷർട്ടും ഇസ്തിരിയിട്ടില്ലേ

പിറ്റേന്ന് ഓഫീസിൽ പോകാൻ റെഡിയാകുന്ന സുരേഷ്, ഭാര്യയെ വിളിച്ച് ചോദിച്ചു.

ഇല്ല

അതെന്താ ?

അതൊന്നും വാഷ് ചെയ്തിട്ടില്ല

അതെന്താ വാഷ് ചെയ്യാതിരുന്നത് ?

വാഷിങ്ങ് മെഷീൻ കേടായിരുന്നു

എൻ്റെ ബിന്ദൂ … വാഷിങ്ങ് മെഷീൻ കേടാണെങ്കിൽ നിനക്കതൊക്കെയെടുത്ത് കല്ലിൽ അലക്കിയിടാമായിരുന്നില്ലേ…ഈ മിഷ്യനൊക്കെ വരുന്നതിന് മുമ്പ് നീയങ്ങനെയല്ലേ ചെയ്തിരുന്നത്

അതേ ,പക്ഷേ അന്നൊക്കെ എനിക്ക് പ്രായം മുപ്പതിൽ താഴെയായിരുന്നു ,നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരിയായിരുന്നു ഞാൻ ,ഇന്നിപ്പോൾ വയസ്സ് നാല്പത്തിയഞ്ചായി, എന്ന് വച്ചാൽ മദ്ധ്യവയസ്ക , മുപ്പത് വയസ്സ് കഴിയുമ്പോഴെ എല്ലുകൾക്കൊക്കെ ബലക്കുറവുണ്ടാകുമെന്നാ ഡോക്ടർമാര് പറയുന്നത്, അത് കൊണ്ട് ,ഈ പ്രായത്തിൽ അങ്ങനെയുള്ള കട്ടിപ്പണിയൊന്നും എടുക്കാൻ എനിക്ക് വയ്യ ,പിന്നെയൊരു കാര്യം, ഇനി മുതൽ നിങ്ങടെ വസ്ത്രങ്ങളൊക്കെ നിങ്ങള് തന്നെ അലക്കി തേച്ചാൽ മതി, എനിക്ക് പഴയത് പോലെയൊന്നും ശരീരമാങ്ങാൻ വയ്യ ,വയസ്സ് നാല്പത്തിയഞ്ചായി ,പ്രായം കൂടുമ്പോൾ വസ്ത്രധാരണത്തിൽ മാത്രം മിതത്വം പാലിച്ചാൽ പോരാ, സ്വന്തം ആരോഗ്യം കൂടി നോക്കണ്ടേ?

ഭാര്യ തന്നോട് പ്രതികാരം ചെയ്യുവാണെന്ന് സുരേഷിന് മനസ്സിലായി.

എൻ്റെ പൊന്ന് ബിന്ദൂ.. ചതിക്കല്ലേ, വൈകുന്നേരം ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട്, ഒന്ന് കൂടി ഷോപ്പിങ്ങിന് പോകാം, എന്നിട്ട് നീയന്ന് കാണിച്ച അതേ ചുരിദാറ് തന്നെ വാങ്ങിച്ചോ, എനിക്ക് ഒരു പരാതിയുമില്ല ,തല്ക്കാലം ഞാൻ ഇന്നലെ ഇട്ട ഡ്രസ്സ് തന്നെ ഇന്നുമിടാം, പിന്നേ … ഒന്നും ചെയ്യാതെ മടി പിടിച്ചിരുന്നാൽ, നീ പെട്ടെന്ന് കിഴവിയായി പോകും ,അത് കൊണ്ട് ,ഞാൻ പോയി കഴിയുമ്പോൾ, ഡ്രെസ്സെല്ലാമെടുത്ത് കഴുകിയിട്ടേക്കണേ

ഭർത്താവ് പത്തി മടക്കി ,തിരിഞ്ഞ് പോയപ്പോൾ ബിന്ദു ഊറിച്ചിരിച്ചു.