ഒന്നര കൊല്ലം പുറകേ നടന്ന് അവസാനനിമിഷം തോറ്റെന്നു കരുതി പിന്തിരിഞ്ഞു നടന്നപ്പോഴാന്റെ അച്ചൂട്ടി ആദ്യായി പറഞ്ഞത്…

Story written by Nijila Abhina

:::::::::::::::::::::::::::::::

“പെണ്ണിന്റെ കൂടെയിരുന്ന്‌ കള്ളുകുടിക്കെ നീയെന്തു ഭ്രാന്താ പറേന്നെ കണ്ണാ… “

വട്ടുകൾ പലതരത്തിൽ കണ്ടിട്ടുണ്ട് ഇങ്ങനെയൊന്ന്‌ ആദ്യായിട്ട് കാണാ…ഇത് നിന്റെ ബാംഗ്ലൂരുo അവിടുത്തെ ലൈഫും അല്ലാട്ടോ…

ഹഹ ഇതെന്നെയാടാ ഭ്രാന്ത്‌…. എനിക്കെ ഒരിത്തിരി പ്രാന്തിഷ്ടാ എന്റെ പെണ്ണുമ്പിള്ളയ്ക്കും എന്ന് പറയുമ്പോൾ ഇവനെന്ത് കോക്കനട്ടാ ഈ പറേന്നതെന്ന് ആത്മാർഥ സുഹൃത്ത് പിറുപിറുക്കുന്നുണ്ടായിരുന്നു….

ന്യൂ ഇയർ ആയിട്ടെന്താ പരുപാടിന്നവൻ ചോദിക്കുമ്പോൾ പണ്ടത്തെ പോലെ ഗോപാലേട്ടന്റെ വാറ്റു ചാരായം കുടിച്ചു മത്തു പിടിച്ചു റോഡിൽ കെടന്ന് പാട്ടു പാടിയാർമാദിച്ച് ന്യൂയെർ ആഘോഷിച്ചതിന്റെ ഓർമ്മകളും ഒരു കുഞ്ഞു പ്രതീക്ഷയും അവന്റെ കണ്ണുകളിലുണ്ടായിരുന്നു….

അതൊക്കെയും തെറ്റിച്ചു കൊണ്ടുള്ള എന്റെയി പ്രസ്താവന കേട്ടപ്പോൾ എന്റെ നെഞ്ചിൻ കൂടു തല്ലി പൊളിക്കാനുള്ള ദേഷ്യം ഞാനാ മുഖത്ത് കണ്ടെങ്കിലും മനപൂർവ്വം കണ്ടില്ലെന്നു നടിച്ചു..

ഒന്നര കൊല്ലം പുറകേ നടന്ന് അവസാനനിമിഷം തോറ്റെന്നു കരുതി പിന്തിരിഞ്ഞു നടന്നപ്പോഴാന്റെ അച്ചൂട്ടി ആദ്യായി പറഞ്ഞത്..

”ഈ മരമോന്ത സഹിക്കാൻ ഞാൻ റെഡി ആണ് പക്ഷെ കണ്ണേട്ടൻ കുടി നിർത്താൻ തയ്യാറാവണംന്ന്‌…

ഒരേയൊരു ദിവസം എന്റെ കൂടെയിരുന്ന് വെള്ളമടിക്കാമോ എന്ന ചോദ്യത്തിന് മോന്തയ്ക്കിട്ടൊരടിയാണ് പ്രതീക്ഷിച്ചത് കൂടെ മുഖമടച്ചൊരാട്ടും എന്നാൽ എന്നെത്തന്നെ ഞെട്ടിച്ചു കൊണ്ടെന്റെയച്ചൂട്ടൻ സമ്മതം പറഞ്ഞപ്പോൾ എവറസ്റ് കീഴടക്കിയ സന്തോഷമാണെനിക്ക് തോന്നിയത്..

രാവിലെ കുളിച്ചു കുറി തൊടാതെ ബാർ ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സിൽ അമ്പലത്തിൽ പോകുന്നതിനേക്കാൾ സന്തോഷമായിരുന്നു…

അല്ലെങ്കിൽ തന്നെ ഈ ബാ റിനേക്കാൾ പരിപാവനമായ സ്ഥലം വേറേതാ ല്ലേ.. അവടെപ്പോ ജാതീല്ല മതോല്ല നിറ വ്യത്യാസം ഇല്ല.. ടോട്ടൽ പറഞ്ഞാ മനുഷ്യൻ മാത്രം…. ആഹാ ഈ ലോകത്ത് ബാർ മാത്രം ആയിരുന്നെങ്കിൽ ആളൊളിങ്ങനെ തമ്മിൽ തല്ലോ ന്റെ കുപ്പി ഭഗോതി…

പിറുപിറുത്തത് ലേശം ഉച്ചത്തിലായെന്ന് മനസിലായത് റോഡിൽ കൂടി പോകുന്ന അമ്മച്ചി വല്ലാത്തൊരു നോട്ടത്തോടെ ഇവനൊക്കെ എവിടുന്നു വരുന്നു എന്ന് പിറുപിറുക്കുന്നത് കേട്ടപ്പോഴാണ്….

അല്ലേലും നല്ലത് പറഞ്ഞാ നായയ്ക്കും പിടിക്കൂലന്നാണല്ലോ ഇവരൊക്കെ ന്താ ഈശ്വരാ ഇങ്ങനെ…

നാലു കൊല്ലത്തെ ബാംഗ്ലൂർ ജീവിതത്തിൽ കണ്ടത് മുഴുവനും ജീന്സും ടോപ്പും വലിച്ചു കേറ്റി അടിച്ചു പൊളിച്ചു നടക്കുന്ന പെണ്കുട്ടികളെ ആയോണ്ട് തന്നെ കെട്ടുന്നെങ്കിൽ ഒരു നാട്ടിൻ പുറത്ത് കാരി ശാലീന സുന്ദരിയെ മതിയെന്ന് ഒറ്റക്കാലിൽ വാശി പിടിച്ചപ്പോ അമ്മ പറഞ്ഞത് നാട്ടിൻ പുറത്ത് കാരിയൊക്കെ ഓക്കേ ആണ് നിന്റെ മോന്തയ്ക്ക് അനുസരിച്ച് കിട്ടുന്ന സുന്ദരിയെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം ന്ന്‌…

അന്നമ്മ പറഞ്ഞത് മോന്ത വീര്പ്പിച്ചു തള്ളിക്കളഞ്ഞുവെങ്കിലുo പെണ്ണുകാണാൻ കോലം കെട്ടിയിറങ്ങി തുടങ്ങിയപ്പോൾ മുതൽ മനസിലായി ന്റെ മോന്തേടെ സൌന്ദര്യം….

പതിനാലാമത്തെ പെണ്ണ് കാണലും വെള്ളത്തിൽ വരച്ച വര പോലെ ആയപ്പോഴാണ് പറമ്പിൽ വീണ മൂവാണ്ടൻ മാങ്ങ പെറുക്കിയെടുത്ത് അമ്മയോട് കിന്നാരം പറഞ്ഞു നിക്കുന്ന അച്ചൂട്ടിയെ കാണുന്നത്…

എന്റെ പതിനാല് പെണ്ണ് കാണലും മുങ്ങി പോയത്‌ എന്താന്നറിയ്യോ അമ്മേ എന്ന് ചോദിച്ചു ഞാൻ അമ്മയെ നോക്കിയതും അമ്മ പറഞ്ഞു…

‘ന്റെ കണ്ണാ നിന്റെ തോന്ന്യാസം പിടിച്ച സ്വഭാവം നന്നായറിയാ ആ കുട്ടിക്കും ദാസേട്ടനും അതോണ്ട് ആ പൂതി ന്റെ മോൻ മാറ്റി വെച്ചോന്ന്‌.. ‘

“അല്ലേലും ഇങ്ങനാ ഒരു നല്ല കാര്യം ചെയ്യാൻ ആർക്കും താല്പര്യം ഇല്ല… അമ്മ പറ്റില്ലേ പറ ഞാൻ പോയി ചോദിക്കാൻ പോവാ “

” ഉവ്വ് രാത്രീലു ചീവീട് ചിലയിയ്ക്കുന്നത് കേട്ടാ പുതപ്പിനുള്ളിൽ കേറുന്ന നീയാ ഒന്ന് പോടാ ചെക്കാ “

അമ്മേടെ ആ വാക്കുകൾ അഭിമാനപ്രശ്നം ആയതു കൊണ്ടും അച്ചൂട്ടി ഒറ്റ കാഴ്ച്ചയിലെന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കാണോ അതോ പടിഞ്ഞാറാണോ എന്നറിയാത്ത ഭാഗത്ത് കേറി ഇരിപ്പുറപ്പിച്ചതോണ്ടും നടക്കില്ലെന്നറിഞ്ഞിട്ടും അവളോട്‌ പോയി ഇഷ്ടം പറഞ്ഞത്…

പ്രതീക്ഷിച്ച മറുപടി ആണെങ്കിലും അവള് പറ്റില്ലെന്ന് പറഞ്ഞപ്പോ അന്ന് കണ്ണിൽ കൂടി അറിയാതെ വെള്ളം വന്നു…… അതുകൊണ്ട് തന്നെയാവും കേട്ടുന്നുണ്ടെ ഇവളെ മാത്രം എന്ന് ഒറ്റക്കാലിൽ നിന്നത്…

നീണ്ട ഒന്നര വര്ഷത്തെ പുറകെ നടക്കലിൽ നിന്ന് പാവം തോന്നീട്ടാണോ അതോ സ്നേഹം തോന്നീട്ടാണോ അറിയില്ല ഈ കുടി നിർത്തിയാ നിക്ക് സമ്മതം എന്നവൾ അറിയിച്ചത്…

നീണ്ട ഒന്നര വര്ഷത്തെ പ്രേമം പൂവണിഞ്ഞ സന്തോഷത്തിൽ പെണ്ണ് പറഞ്ഞത് കേട്ട് ന്റെ കുപ്പിയെ ഞാൻ മറന്ന് കണ്ണും പൂട്ടിയത് സമ്മതിച്ചപ്പോൾ കെട്ടി കഴിഞ്ഞവളെ കുപ്പിയിലാക്കാമെന്ന ചിന്തയായിരുന്നു…

കാലത്തേ വന്നാൽ പെട്ടന്ന് വാങ്ങി വീട്ടിലെത്താലോ എന്ന് കരുതി തന്നെയാണ് ചായ പോലും കുടിക്കാതെ വെറും വയറോടെ ഓടി പിടിച്ചു വന്നതും….

സ്കൂൾ അസെംബ്ലിക്ക് പോലും ഇത്ര മാത്രം ആൾക്കാരെ അതും ഇത്ര സമാധാനത്തോടെ കണ്ടിട്ടില്ല….

എന്തോ പോയ അണ്ണാനെ പോലെ വരിയുടെ ബാക്കിൽ ചെന്നു നിൽക്കുമ്പോഴും ആരെങ്കിലും മുന്നിലേക്ക്‌ വിളിച്ചിരുന്നെങ്കിലെന്നൊരു വ്യാമോഹം മനസ്സിലുണ്ടായിരുന്നു…. അതുകൊണ്ട് തന്നെയായിരുന്നു നാലു വീടപ്പുറത്തെ തോമസേട്ടനെ കണ്ടപ്പോ വല്യ പ്രതീക്ഷയോടെ ഇളിച്ചു കാട്ടിയതും….. തിരിച്ചൊരു വളിച്ചയിളി പാസാക്കിയെങ്കിലും കെളവൻ മൈൻഡ് ചെയ്യുന്നില്ല…

ഉപ്പിലിട്ട മാങ്ങാണ്ടി പോലെയായി കെളവൻ.പരലോകത്തേക്കുള്ള ടിക്കറ്റും വിസേം എന്ന് വരുംന്ന്‌ നോക്കി ഇരിക്കാ ന്നാലും അഹങ്കാരം അതിനൊരു കുറവൂല്ല ബ്ലഡി ഗ്രാമവാസി…

കാത്തിരുന്ന് കാത്തിരുന്ന് ദർശനം കിട്ടിയ സന്തോഷമായിരുന്നു അവസാനം ഒരു കുപ്പി വാങ്ങി കക്ഷത്തിൽ വെച്ചിറങ്ങിയപ്പോൾ…

പാത്തു പതുങ്ങിയമ്മ കാണാതെ കുപ്പി റൂമിലെത്തിച്ചപ്പോ ചെകുത്താൻ കുരിശു കണ്ട ഭാവത്തോടെ അച്ചൂട്ടിയെന്നെ നോക്കുന്നുണ്ടായിരുന്നു…

ആ ഭാവം കണ്ടപ്പോ പെണ്ണ് ലാസ്റ്റ് കാല് വാരി എന്നെനിക്ക് തോന്നാതിരുന്നില്ല…. പക്ഷെ ആ ചിന്ത മാറിക്കിട്ടിയത് അലമാരയിൽ ഒളിപ്പിച്ച അച്ചാറും കയ്യില് രണ്ടു ഗ്ലാസും വെള്ളവുമായി അവളെന്റെ മുന്നില് വന്നപ്പോഴാണ്…

ആ കാഴ്ച്ച കണ്ടപ്പോൾ സാക്ഷാൽ മാലാഖ ഭൂമിയിലിറങ്ങിയതാണോന്നൊരു സംശയം വരെയെനിക്ക് തോന്നി..

കുപ്പിയിൽ നിന്ന് ഗ്ലാസിലേക്കൊഴിക്കുമ്പോൾ പെണ്ണിന്റെ കൈ നന്നായി വിറയ്ക്കുന്നത് കണ്ടെനിക്ക് ചിരി പൊട്ടിയെങ്കിലും പകുതി വഴിക്ക് പെണ്ണ് ക്വിറ്റ് ചെയ്തു പോയാലൊന്നൊരു പേടിയുള്ളൊണ്ട് മനപൂർവ്വമാ ചിരിയെ ഉള്ളിലൊതുക്കി….

മൂന്നു മാസത്തോളം കുടിക്കാതെ ഇരുന്നതു കൊണ്ട് തന്നെ ഒറ്റവലിക്കാ ഗ്ലാസ്‌ കാലിയാക്കിയപ്പോഴും അവളാ ഗ്ലാസും പിടിച്ചോണ്ട് മിഴുങ്ങസ്യാ നിക്കുന്നുണ്ടായിരുന്നു..

… എന്റെ നിർബന്ധത്തിനു വഴങ്ങിയാ ഗ്ലാസ്‌ കണ്ണടച്ച് ചുണ്ടോടടുപ്പിച്ചപ്പോഴും വായും മൂക്കും പൊത്തി രണ്ടിറക്ക്‌ കുടിച്ച് ഇതിന് കൈപ്പാണല്ലോ കണ്ണേട്ടാ എങ്ങനാ ഇത് കുടിക്കുന്നേയെന്ന് നിഷ്കളങ്കമായി ചോദിച്ചപ്പോഴും ആ മുഖഭാവം കണ്ടപ്പോൾ ഒന്നും വേണ്ടായിരുന്നു എന്നെനിക്ക് തോന്നി….

കണ്ണടച്ച് ബാക്കി കൂടി കുടിക്കാനൊരുങ്ങിയയാ കയ്യില് നിന്ന് ഗ്ലാസ്‌ പിടിച്ചു വാങ്ങുമ്പോൾ വീണ്ടും

“എന്താ കണ്ണേട്ടാ”

എന്നവൾ ചോദിക്കുന്നുണ്ടായിരുന്നു….

‘ഒന്നൂല്ലെടാ ഇനി…. ഇനിയിങ്ങനെ ഒരിക്കലും ഇണ്ടാവില്ല “

“അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ ഏട്ടാ “

“എന്റെ തെറ്റാ നീയങ്ങു ക്ഷെമിക്ക് ഇനി പറയില്ല ഇങ്ങനെ ഒന്നും…

ഇഷ്ടല്യാണ്ട് നീയിത് കുടിച്ചത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ അച്ചൂ “

“ഇപ്പൊ ന്തിനാ ഇങ്ങനൊക്കെ ചിന്തിക്കണെ എന്റെ കണ്ണേട്ടന്റെ ഇഷ്ടാ ഈ അച്ചൂട്ടിടെം ഇഷ്ടം “

കുപ്പിയിൽ ബാക്കി വന്ന മ ദ്യo കമിഴ്ത്തി കളയുന്നത് അത്ഭുതത്തോടെ നോക്കി നിന്ന അവളോട്‌ എനിക്ക് പറയാനുണ്ടായിരുന്നത്

‘എന്റെ ഇഷ്ടാണ് നിന്റെ ഇഷ്ടമെങ്കിൽ പെണ്ണേ നീ തന്നെയാണ് എന്റെ ഇഷ്ടം, നിന്നെക്കാൾ വലിയ ലഹരിയൊന്നും എനിക്ക് വേറെയില്ലച്ചു ഇനിയീ കണ്ണൻ വേറൊരു ലഹരി അന്വേഷിച്ചു പോകണമെങ്കിൽ അതിനെന്റെ അച്ചൂട്ടിയെന്നെ വിട്ടു പോവണമെന്നുമായിരുന്നു…

നിജില