നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട്…

Story written by Kavitha Thirumeni

::::::::::::::::::::::::::::::::::::::

നാട്ടുനടപ്പനുസരിച്ച്‌ എട്ടാം മാസത്തിൽ കൂട്ടി കൊണ്ടുവരേണ്ട പെങ്ങള് രണ്ടാം മാസത്തിൽ പെട്ടിം കിടക്കേം എടുത്തോണ്ട് വീട്ടിലേക്ക് പോന്നപ്പോൾ മൂക്കത്ത് വിരൽ വെച്ചവരുടെ കൂട്ടത്തിലായിരുന്നു ഞാനും.

“എനിക്കെന്റെ വീട്ടിൽ വരാൻ സമയം കുറിക്കണ്ട കാര്യമൊന്നുമില്ല..” എന്ന് പറഞ്ഞവരുടെ വായടപ്പിച്ചപ്പോൾ മറ്റൊരു അങ്കത്തിന്‌ ഞാനും മുതിർന്നില്ല..

അല്ലേലും ചാരു വീട്ടിലേക്ക് വരുന്നത് ഉത്സവം പോലെയാണ്..അച്ഛന്റെ പൊന്നോമന പുത്രിയും….അമ്മയുടെ കണ്ണിലുണ്ണിയും. നാട്ടുകാർക്ക് പ്രീയപ്പെട്ടതും അവളാണല്ലോ..നമ്മളെപ്പോഴും പുറമ്പോക്ക് ഭൂമി..

കല്യാണം കഴിഞ്ഞെന്നോ.. അമ്മയാവൻ പോകുവാണെന്നോ ഉള്ള ബോധമൊന്നും ഞാനവളിൽ കണ്ടില്ല.. സ്ഥിരം കൈയ്യാംകളിക്ക് കച്ച കെട്ടികൊണ്ടാണ് വരവ്…യാദൃശ്ചികമായി മിണ്ടിപോയ കൂട്ടുകാരിക്കൊപ്പം സിനിമയെ വെല്ലുന്ന പ്രണയ കഥ മെനഞ്ഞ പെങ്ങള് ഇനി ഏത് അവിഹിതം ഉണ്ടാക്കാനാണോ എഴുന്നള്ളുന്നതെന്ന് ഓർത്ത് നെഞ്ചൊന്നാളി….

എന്നാൽ തല്ല് കൂടാനോ ജാര പണി നടത്താനോ കഴിയാതെ ഛർദ്ദിലും തലകറക്കവുമായി അവളൊരു മൂലയിൽ ഒതുങ്ങി കൂടിയപ്പോൾ ചെറിയൊരു വിഷമം തോന്നി..

മാങ്ങയ്ക്കും ചാമ്പയ്ക്കക്കും ചാരു കൊതി പറയാൻ തുടങ്ങിയപ്പോൾ കണ്ടവന്മാരുടെ പറമ്പ് നിരങ്ങേണ്ടി വന്നത് ഈ പാവം ആങ്ങളെയാണ്…ആ സന്ദർഭങ്ങളിലെല്ലാം ഞാൻ അളിയനെ മനസ്സാൽ വാഴ്ത്തിയിരുന്നു. അങ്ങേർക്ക് ഇത് വല്ലതും അറിയണോ ഗൾഫിൽ കിടന്ന് സുഖിച്ചാൽ പോരേ .. ഞാനിവിടെ ചോനനുറുമ്പിന്റെ കടിയും കൊണ്ട് പട്ടിനേം എറിഞ്ഞ്‌ നെട്ടോട്ടമോടുവാ..

കൊറേ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഓരോന്ന് കൊണ്ടുവന്ന് കൊടുക്കുന്നത് ആർത്തി മൂത്ത് അവളതെല്ലാം വാരിവലിച്ച് തിന്നുന്നത് കാണാനായിരുന്നു…മൈസൂർ പാക്കും ജിലേബിയും തുടങ്ങി ഇഷ്ടങ്ങളിങ്ങനെ മാറിമാറിയുമ്പോൾ വശംകെട്ടു പോകുമെങ്കിലും ഒന്ന് പോലും ഞാൻ വാങ്ങി കൊടുക്കാതിരുന്നില്ല…

ഉദരം വലുതാകുമ്പോൾ സാരിയിലേക്കുള്ള പ്രൊമോഷനും പതിയേയുള്ള നടത്തവും കണ്ട് ഞാൻ കളിയാക്കി ചിരിച്ചിട്ടുണ്ട്…എന്നിരുന്നാലും എല്ലാ മാസവും ചാരുനെ ചെക്കപ്പിന് കൊണ്ടുപോകാനും ഇളംവെയില് കൊള്ളിക്കാനും തിടുക്കം എനിക്കായിരുന്നു… ഓരോ ദിവസവും അമ്മയാവാനുള്ള തയ്യാറെടുപ്പുകളായി രുന്നു അവളിൽ.. നീരുവന്ന കാലിൽ കുഴമ്പ് പുരട്ടി കൊടുക്കുമ്പോൾ എന്റെ അടിയും ഇടിയും കുറേ വാങ്ങി കൂട്ടിയതല്ലേന്ന് ഓർത്തു സങ്കടപ്പെട്ടിരുന്നു ഞാൻ..

ഒടുവിലാ കാത്തിരിപ്പിന് വിരാമമിട്ട് വേദന വന്നവൾ കരഞ്ഞപ്പോൾ കൂടെ കരായതിരിക്കാൻ എനിക്കായില്ല.. അന്നൊരുപാട് സ്നേഹവും ബഹുമാനവും തോന്നി ആ പൊട്ടിയോട്.. കുട്ടേട്ടന്റെ കാറിലേക്ക് അവളെ എടുത്തു കയറ്റുമ്പോൾ എന്റെ ഷർട്ടിൽ മുറുകെ പിടിച്ച കൈ മെല്ലെ അടർത്തി മാറ്റി..ലേബർ റൂമിന് പുറത്തേക്ക് അവളെപോലൊരു മാലാഖകുട്ടിയെ തരുന്നത് വരെ ഉള്ളിലൊരു ഭയമായിരുന്നു…നില്ക്കാനോ ഇരിക്കാനോ സാധിച്ചില്ല.. വെള്ളയിൽ പൊതിഞ്ഞ മോളെ അമ്മ ഏറ്റുവാങ്ങുമ്പോൾ ഒരുപക്ഷേ ഏറെ സന്തോഷിച്ചത് ഞാനാവും…

പിന്നെ പിന്നെ കല്ലുമോള്ടെ ഉറക്കെയുള്ള കരച്ചില് കേട്ടാണ് ഓരോ രാത്രിയും ഞാൻ ഞെട്ടിയുണരുന്നത്.. മുറിയിൽ അപ്പോഴും ചാരു ഉറങ്ങിയിട്ടുണ്ടാവില്ല..

“നീ പോയി ഉറങ്ങിക്കോ… നേരം ഒരുപാട് ആയി…..”

നിർബന്ധിച്ച്‌ പറഞ്ഞയച്ചാലും ഞാൻ പോവാൻ കൂട്ടാക്കില്ല..

“സാരമില്ല… നീ മോളെ ഇങ് താ.. ഞാനുറക്കാം…..”

കുഞ്ഞിനെ വാങ്ങി ചേർത്തു പിടിക്കുമ്പോൾ നെഞ്ചിലെ ചൂടേറ്റ് അവൾ പതിയെ കണ്ണുകളടച്ച്‌ മയങ്ങാൻ തുടങ്ങും..ചാരുനെ ഉണർത്താതെ കുഞ്ഞിനെ അരുകിൽ കിടത്തി ഞാൻ പോരുമ്പോൾ നേരം പുലർന്നിട്ടുണ്ടാകും.. എന്റെ SSLC പരീക്ഷയ്ക്ക് പോലും ഞാനിങ്ങനെ ഉറക്കമളച്ചിട്ടുണ്ടാവില്ല…

മോൾടെ വരവോടെ കൂട്ടുകർക്കൊപ്പമുള്ള ചുറ്റലിനും സ്ഥിരം കലാപരിപാടികൾക്കും എന്റെ പങ്കാളിത്തമില്ലാതെയായി…സദാസമയം കല്ലുമോളോടൊത്ത് വീട്ടിൽ തന്നെ ചടഞ്ഞു കൂടി.. അതായിരുന്നു എന്റെയും ഇഷ്ടം… അവൾക്കുള്ള കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വീട്ടിൽ നിറയ്ക്കുന്നത് എനിക്കൊരു ഭ്രമമായി മാറാൻ ഒരുപാട് കാലതാമസം എടുത്തില്ല…പേരിടീലിന് ‘ശിഖ’ എന്ന പേര്‌ കണ്ടെത്തികൊണ്ടു അളിയന്റെ കടന്നുകയറ്റത്തെ പ്രതിരോധിച്ചത് ഞാനാണ്…

തട്ടിൻപുറത്ത് പൊടിപിടിച്ചിരുന്ന തൊട്ടില് താഴെയിറക്കാനും പോളിഷ് ചെയ്യാനും അച്ഛനും കൂടി കൂടിയപ്പോൾ അതൊരോളമായി..മോളൊന്ന് അനങ്ങിയാൽ അറിയാൻ പാകത്തിന് കുഞ്ഞു മണിയും കെട്ടിയതിൽ.. അവൾക്ക് ചെറിയൊരു പനി വന്നാൽ പോലും ഞാൻ ചാരുനെയാണ് ശകാരിക്കുക… കുളിപ്പിക്കുമ്പോൾ തല തുടക്കത്തില്ല…ഭക്ഷണം കൊടുക്കില്ല..നന്നായി ശ്രദ്ധിക്കില്ല… ഓരോ കാരണങ്ങൾ ഞാനിങ്ങനെ നിരത്തികൊണ്ടിരിക്കും..

“ഓഹ്…നാലഞ്ചണ്ണത്തിനെ പ്രസവിച്ച് വളർത്തിയ ആളല്ലേ.. നീ കൊണ്ട് പോയി നോക്ക് എന്നാൽ….. എനിക്ക് ഇങ്ങനേ അറിയൂ….

ചാരുനെ ശുണ്ഠി പിടിപ്പിക്കുന്നത് രസമുള്ള ഏർപ്പാടാണ്…

” ആഹ്…ഞാൻ നോക്കിക്കോളാം.. കുഞ്ഞിനെ ഇങ്ങ് തന്നേ….”

അവളെ വെല്ലുവിളിച്ച് കല്ലൂനേം എടുത്ത് ഞാൻ നടക്കും… കരച്ചിലിന്റെ ആക്കം കൂടുമ്പോൾ പോയതിനെക്കാൾ സ്പീഡിൽ ഞാൻ തിരിച്ചു വരും…അമ്മയ്ക്ക് പകരം വെയ്ക്കാനാവില്ലല്ലോ ഒന്നും…

മൂന്ന് മാസത്തിന്‌ ശേഷം അവളേം മോളേം വീട്ടിൽ നിന്നും തിരികെ കൂട്ടികൊണ്ട് പോയതിൽ പിന്നെ ഒരുതരം വീർപ്പുമുട്ടലായിരുന്നു..

മുറിയിലാകെ കുഞ്ഞുടുപ്പിന്റെയും പൗഡറിന്റെയും മണമാണ്..കല്ലുവിന്റെ കുസൃതി നിറഞ്ഞ ചിരിയും കളിയുമെല്ലാം കണ്ണിൽ നിന്ന് മായുന്നുണ്ടായില്ല..കല്യാണം കഴിഞ്ഞു ചാരുവിനെ പറഞ്ഞയച്ചപ്പോൾ ഞാനുഭവിച്ച ശൂന്യത… ഇന്നതിനെക്കാൾ തീവ്രതയിൽ എന്നിലേക്ക് പടരുന്ന പോലെ…അതൊരുതരം ഒറ്റപ്പെടലായിരുന്നു..അളിയൻ ഗൾഫിലേക്ക് മടങ്ങി പോവാൻ കാത്തുനിൽക്കുവായിരുന്നു ഞാൻ… അന്ന് തന്നെ വണ്ടിയുമെടുത്ത് അവളേം മോളേം കൂട്ടികൊണ്ട് വന്നു.

അങ്ങനെ കല്ലുമോള് മുട്ടിലിഴയുന്നതും പിച്ചവെയ്ക്കുന്നതും ഓണമുണ്ണുന്നതും ഓടി നടക്കുന്നതും തുടങ്ങി വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞാൻ കൗതുകത്തോടെ നോക്കി കണ്ടു..കുഞ്ഞു ചിത്ര ശലഭത്തെ പോലെ തനിക്കു ചുറ്റും അവൾ പാറി പറന്നു..

കൈയ്യിൽ കിട്ടിയാതൊക്കെ വലിച്ചെറിഞ്ഞും തല്ലി പൊട്ടിച്ചും കുറുമ്പിന് ഒരു കുറവുമില്ലാത്തവളായി…അതിലേറെ പണ്ട് ചാരുവിന് കൊടുത്തതിന്റെ പലിശയും കൂട്ട് പലിശയും ചേർത്ത് ആ കുരുപ്പ് എനികിട്ട് തിരിച്ച് തരാൻ തുടങ്ങി….

ആറ്റുനോറ്റ് വാങ്ങിയ ഫോൺ അനന്തരവള് രണ്ടാക്കി പിടിച്ചിരിക്കുന്ന കാഴ്ച കണ്ട് കിളിപോയിരിക്കുന്ന എന്നോട്…

പുന്നാര പെങ്ങള് വീണ്ടും പച്ചമങ്ങയ്ക്ക് കൊതിപറഞ്ഞപ്പോൾ ദണ്ണം കൊണ്ട് ചോദിച്ചു പോയി

“പഴയതിനെല്ലാം നീ പക പോക്കുവാണല്ലേടീന്ന്…”