നിനക്കായ് മാത്രം ~ ഭാഗം 25, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കൈയ്യിലെ ഫോട്ടോ നെഞ്ചോടടക്കി ഇരുന്നു ഗൗരി. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോ….തനിക്കൊരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സൗഭാഗ്യം…ആ ഫോട്ടോക്ക് മുകളിലൂടെ ഒന്ന് തഴുകി. വെറുതെ ഒന്ന് ആ രൂപങ്ങൾക്കൊപ്പം നിൽക്കുന്ന തന്റെ ചിത്രമുള്ളതായി മനസ്സിൽ കണ്ടു. ആ വീട്ടിൽ ഓടി കളിക്കുന്ന കുഞ്ഞ് ഗൗരിയേയും, അച്ഛന്റെയും അമ്മയുടെയും ഒപ്പം അവർ ചേർത്തുപിടിച്ചു കിടക്കുന്ന, മുത്തശ്ശന്റെയും മുത്തശ്ശിയോടും കുറുമ്പ് കാട്ടുന്ന,തന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും പറയാതെ അറിയുന്ന വീട്ടുകാരെയും കണ്ണുകളടച്ച് ആയിരം വട്ടം മനസ്സിൽ വരച്ചു ചേർത്തു. ഗൗരിയുടെ ഓരോ ചലനവും ദേവന്റെ മിഴികൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…വീടിന്റെ മുറ്റത്ത്‌ വണ്ടി കയറിയപ്പോഴേ കണ്ടു തിണ്ണയിലെ തൂണിൽ ചാരി ഇരുന്ന് ഫോൺ ചെയ്യുന്ന ദേവുവിനെയും, കുറച്ചപ്പുറത്തായി എന്തോ കുത്തി കുറിക്കുന്ന ദുർഗകുട്ടിയെയും..ദേവൻ കാറിൽ നിന്നും ഇറങ്ങിയപ്പോഴേ ദുർഗകുട്ടി ഓടി വന്ന് ദേവനെ ചുറ്റി പിടിച്ചു. ദേവു ഫോൺ വെച്ച് ഇറങ്ങി വന്നു.

“””ആരോടാടി ഇത്രയ്ക്കു ചിരിച്ചും കളിച്ചും സംസാരിക്കുന്നത്.?”””

ദേവന്റെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടതും ദേവു ഒന്ന് ചിരിച്ച് കാണിച്ചു. വേഗം വിഷയം മാറ്റാൻ എന്ന വണ്ണം ഗൗരിയുടെ അടുത്തേക്ക് പോയി.

“”എന്താ പാറുട്ടാ… രണ്ട് ദിവസം കൊണ്ട് നീ വല്ലാതെ കോലം കെട്ട് പോയല്ലോ….””

“””അത് യാത്ര ക്ഷീണം കൊണ്ടാ. നീ ഞാൻ ചോദിച്ചതിന് ഉത്തരം പറയ്‌…””

“”ശിവേട്ടനെ….””

ദേവനെ നോക്കി നാണത്തോടെ ഉത്തരം നൽകി.

“”മ്മ്..നീ എന്തിനാ അവനോടു തല്ല് പിടിക്കാൻ നിക്കുന്നെ ദേവു. അവനിന്നലെ പറഞ്ഞല്ലോ നീ വെറുതെ വഴക്കുണ്ടാക്കി പോയെന്ന്….””

“””വെറുതെയോ… ശിവേട്ടൻ എന്നെ വഴക്ക് പറഞ്ഞിട്ടാ…”””

“””വെറുതെ ഒന്നും അവൻ വഴക്ക് പറയില്ല. നീ എന്തെങ്കിലും ചൊറിയുന്ന വർത്താനം പറഞ്ഞു കാണും…””

കാറിൽ നിന്നും ബാഗ് എടുത്ത് കൊണ്ട് ദേവൻ പറഞ്ഞതും ദേവു ദേഷ്യത്തോടെ മുഖം തിരിച്ചു.

“””അല്ലെങ്കിലും ഏട്ടന് എന്നേക്കാൾ വിശ്വാസം കൂട്ടുകാരനെ ആണല്ലോ…””

തിണ്ണയിലേക്ക് കയറി കൊണ്ടവൾ അവിടെ ഇരുന്നു. ദേവൻ കൊടുത്ത ചോക്ലേറ്റ് ബോക്സും കൊണ്ട് അകത്തേക്ക് പോയ ദുർഗാകുട്ടിക്ക് പിന്നാലെ ഓടി ദേവു. ദേവനും ഗൗരിയും വീടിനുള്ളിലേക്ക് കയറിയതും കണ്ടു ദുർഗകുട്ടിയുടെ കയ്യിലെ ചോക്ലേറ്റ് ബോക്സിൽ പിടിച്ച് വലിക്കുന്ന ദേവുവിനെ. പരസ്പരം പിടിവിടാതെ നിൽക്കുകയാണ് രണ്ടുപേരും. ഇതിനിടയിലേക്കാണ് സുഭദ്രയുടെ വരവ്.

“”ഈ പിള്ളേരെന്നെ കൊല്ലുമോ “””

അടുക്കളയിൽ നിന്നും വന്ന സുഭദ്ര കൂട്ടി ഇടിച്ച ദേവുവിന്റെയും ദുർഗകുട്ടിയുടെയും ചെവിക്കു പിടിച്ചു. പിന്നെ ദേവന്റെയും ഗൗരിയുടെയും അടുത്തേക്ക് വന്നു.

“”എങ്ങനെ ഉണ്ടായിരുന്നു മക്കളെ യാത്രയൊക്കെ…””

“”സുഖം അപ്പച്ചി…””

ദേവനവിടെ ഇരുന്നു.

“””കണ്ടോ എന്റെ കുട്ടി അച്ഛനെ “””

കലങ്ങിയ കണ്ണുകളോടെയുള്ള സുഭദ്രയുടെ ചോദ്യം കേട്ടതും ഗൗരി കയ്യിലെ ഫോട്ടോ അവരുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് മുറിയിലേക്ക് പോയി. ആ ചിത്രത്തിലേക്കു നോക്കിയ അവരുടെ കണ്ണുകളും ഈറനായി.

????????

മുറിയിൽ നിന്നും തല തോർത്തികൊണ്ടിരിക്കുകയായിരുന്നു ഗൗരി.

“””മോളെ പാറു…””

തിരിഞ്ഞു നോക്കിയതും കണ്ടു സുഭദ്രയെ. അവർ ആ ഫോട്ടോ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു. അവരുടെ കണ്ണുകൾ കലങ്ങിയത് കണ്ടതും മനസിലായി കരഞ്ഞിട്ടുണ്ടെന്ന്…മുറിയിൽ കണ്ട ഒരാണിയിൽ ആ ചിത്രമെടുത്ത് തൂക്കിയിട്ടു.

“””അമ്മേ നല്ല ഭംഗിയുണ്ടല്ലോ നമ്മുടെ വീട്. കുളവും,മഞ്ചാടി മരവും,കാവും ഇവിടുത്തെ പോലെ തന്നെയുണ്ടവിടേയും….അച്ഛന്റേം മുത്തശ്ശിയേം മുത്തശ്ശനേം അടക്കിയ ഇടതു പോയി ഞാൻ വിളക്കൊക്കെ വെച്ചു. അച്ഛനോട് കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ നിങ്ങടെ രണ്ടുപേരുടേം മുറിയിലാ ഞങ്ങൾ കിടന്നത്…”””

ഓരോന്നും എടുത്തെടുത്തു പറയുന്ന ഗൗരിയെ കണ്ടതും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

“””എന്റെ കുട്ടിക്ക് ദേഷ്യമുണ്ടോ ഈ അമ്മയോട്…ഇത്രയും കാലം ആ മണ്ണിലൊന്നു കൊണ്ട് പോകാത്തതിന്, അച്ഛനുറങ്ങുന്ന നമ്മുടെ വീട് കാണിച്ചു തരാത്തതിന്….””

കൈകളിൽ പിടിച്ചു കൊണ്ട് വിഷമത്തോടെ ചോദിച്ച അമ്മയുടെ വാ പൊതിഞ്ഞു പിടിച്ചു.

“””എനിക്കറിയാം അമ്മയുടെ അവസ്ഥ. എനിക്കൊരു ദേഷ്യവുമില്ല. “””

സുഭദ്രയെ കട്ടിലിലേക്ക് ഇരുത്തിയവരുടെ മടിയിലേക്ക് കിടന്നു. അമ്മയുടെ കൈകൾ ആ മകളുടെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു.

???????

“””ദേവാ….. ശിവനോട് എനിക്ക് ഒരു ദേഷ്യവുമില്ല, അവനെ എന്റെ മോനായി തന്നെയാണ് കണ്ടിട്ടുള്ളത്. പക്ഷേ അവനെ വിശ്വസിച്ചേൽപ്പിച്ചാൽ നമ്മുടെ ദേവു സന്തോഷത്തോടെ ജീവിക്കുമോ…?”””

പുറത്ത് നിന്നും കയറി വന്ന ശേഖരൻ ചോദിച്ചതും ദേവൻ അത്ഭുതത്തോടെ അയാളെ നോക്കി.

“””നീ ഒന്നും പറഞ്ഞില്ല…””

“””ആ അവൻ നല്ല പയ്യനാ…. ഇപ്പോൾ ജോലിക്കൊക്കെ പോകുന്നുണ്ട്. എനിക്ക് വേണ്ടി ജീവിതം തൊലച്ചവനാ. അവന്റെയും ദേവുവിന്റെയും സന്തോഷമാണ് എനിക്ക് വലുത്.””

തോർത്തുകൊണ്ട് മുഖം തുടച്ച് ശേഖരൻ ചാരു കസേരയിൽ ഇരുന്നു.

“”മ്മ് “”

ഒന്നുമൂളിക്കൊണ്ടായാൽ ചാരി കിടന്നു.

“””അവനോടു വന്നു പെണ്ണ് ചോദിക്കാൻ പറ…. പെണ്ണിന്റെ വീട്ടുകാരല്ലല്ലോ ചെക്കനെ ചെന്ന് ചോദിക്കേണ്ടത് “””

കേട്ടതും ദേവന് സന്തോഷമടക്കാൻ ആയില്ല.

“””ഞാൻ പറയാം….”””

ദേവൻ ഫോണെടുത്തു ശിവനെ വിളിച്ചു.

“””രുദ്രാ….”””

“”എടാ ശിവ അച്ഛൻ നിന്റെം ദേവുവിന്റെ കല്യാണത്തിന് സമ്മതിച്ചു. നിന്നോട് പെണ്ണ് കാണാൻ വരാൻ…””

കേട്ടതും അവനും സന്തോഷം തോന്നി.

“””സത്യമാണോടാ…?”‘

വിശ്വസിക്കാൻ കഴിയാതെ ചോദിച്ചതും ദേവൻ പൊട്ടി ചിരിച്ചു.

“”സത്യമാണ് മോനെ. നല്ലൊരു ദിവസം നോക്കി പെണ്ണ് കാണാൻ വാ…”””

“””ഞാൻ അമ്മയോട് പറയാടാ രുദ്ര.എനിക്ക് വിശ്വസിക്കാൻ വയ്യാ…”””

ശിവൻ ഫോൺ വെച്ചതും ദേവൻ ഹാളിലേക്ക് ചെന്നു.എല്ലാരും ഹാളിൽ ഇരിക്കുന്നുണ്ട്. ശേഖരൻ അവരോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായിരുന്നു. ദേവു നാണത്തോടെ തല കുനിച്ചു നിൽക്കുന്നുണ്ട്.

“”””ഹോ ഇത് ദേവിക തന്നെയാണോ. എന്താ നാണം….”””

ദേവൻ കളിയോടെ അവളുടെ ചെവിയിൽ പറഞ്ഞതും ദേവു വേഗം അകത്തേക്ക് കയറി പോയി.

“””നമുക്കും അവരുടെ ഒപ്പം തന്നെ ഒന്ന് കൂടി കെട്ടിയാലോ….പിള്ളേര് വലുതാകുമ്പോൾ കല്യാണ ആൽബം ചോദിച്ചാൽ എന്ത് ചെയ്യും…?””

ചെവിയിൽ ചോദിച്ചതും അവനെ കൂർപ്പിച്ചൊന്നു നോക്കി.

“””അതൊക്കെ അന്നാലോചിക്കണമായിരുന്നു. തട്ടിക്കൊണ്ടു പോയി കെട്ടിയപ്പോൾ ഒരു ക്യാമറമാനേ കൂടി ഏർപ്പാടാക്കാതെ പിശുക്ക് കാണിച്ചിട്ടല്ലേ… ഹ്മ്മ് “””

മുഖം കോട്ടി അകത്തേക്ക് കയറി പോയി.

“””അന്ന് ആ ക്യാമറമാനെ കൂടി കണ്ടിരുന്നേൽ അച്ഛൻ ഇപ്പോൾ ജയിലിലായേനെ….””

ആത്മഗതം പറഞ്ഞു കൊണ്ടവൾ പോയ വഴിയേ നോക്കി നിന്നു.

????????

“””ഗൗരി……””””

പുറകിലൂടെ വന്നു ദേവൻ ചുറ്റി പിടിച്ചതും ഞെട്ടി കൊണ്ട് കയ്യിലിരുന്ന കുങ്കുമച്ചെപ്പ് തട്ടി നിലത്തേക്ക് വീണു. നെറ്റിയിൽ എത്തിയ കൈകൾ താഴേക്ക് വന്നതും വിരലുകൾക്കിടയിലെ നുള്ള് കുങ്കുമവും നഷ്ട്ടമായിരുന്നു. കണ്ടതും പേടിയായി…ദേവനെ ദേഷ്യത്തോടെ നോക്കി.

“””സോറി… “””

ചെവിയിൽ പിടിച്ച് പറഞ്ഞതും കുനിഞ്ഞിരുന്നത് നിലത്തു നിന്നത് വാരി എടുത്തു. ഗൗരവം ഒട്ടും മാറാതെ ഓരോന്ന് ചെയ്യുന്ന ഗൗരിയുടെ നെറ്റിയിലേക്ക് അവൻ തന്നെ കുങ്കുമം തൊട്ടു കൊടുത്തു.

“””സോറി പറഞ്ഞില്ലെടി. എന്തിനാ മുഖമിങ്ങനെ വീറുപ്പിച്ചു വെച്ചിരിക്കുന്നെ…?””

“””എനിക്ക് പേടിയാകുന്നു ദേവേട്ടാ….കുങ്കുമം താഴെ വീണു പോയാൽ ഭർത്താവിന് പ്രശ്നമാണെന്ന് കേട്ടിട്ടുണ്ട്…എനിക്ക് എന്തോ ഒരു ഭയം…”””

അവന്റെ കവിളിൽ കൈ വെച്ചു പറഞ്ഞതും ദേവൻ പൊട്ടി ചിരിച്ചു.

“””ഇതുപോലെയുള്ള അന്ധവിശ്വാസം ഈ നൂറ്റാണ്ടിലും വിശ്വസിക്കുന്ന നിന്നെ… “””

അവളുടെ തലയിൽ മെല്ലെ തട്ടി കൊണ്ട് പറഞ്ഞു.

“””അല്ല ദേവേട്ടാ എന്തൊക്കെയോ പ്രേശ്നമുണ്ട്.നേരത്തെ താലിമാല തോർത്തിൽ വലിഞ്ഞു പൊട്ടേണ്ടതായിരുന്നു. എന്തൊക്കെയോ പ്രശ്നം വരുന്നുണ്ട്…”””

“””പിന്നെ….ഒന്ന് പോയേ പെണ്ണേ. വാ നമുക്ക് കഴിക്കാൻ പോകാം.ആ പരസ്യത്തിൽ പറയുന്നത് പോലെ നിനക്ക് വിശന്നിട്ട് നീ നീയല്ലാതെയാകാണ്.'”””

ചിരിയോടെ പറഞ്ഞു കൊണ്ടവളെ തള്ളി കൊണ്ട് പുറത്തേക്ക് കൊണ്ട് പോയി.

????????

ദിവസങ്ങൾ കൊഴിഞ്ഞു പോകും തോറും ഗൗരിക്ക് ശരീരത്തിനും വയ്യാതെയായി തുടങ്ങി. അപ്പോഴും കൂടെ അവളുടെ ഓരോ കാര്യത്തിനും ദേവൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

“””അച്ഛന്റെ പൊന്നേ…”””

വയറിലേക്ക് മുഖമടുപ്പിച്ചു വിളിച്ചു കൊണ്ടിരുന്നു ദേവൻ.ഗൗരിയുടെ കൈകൾ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു.

“”””ദേവേട്ടാ….. ദേവേട്ടാ….””

“”ഓ…”””

ഗൗരി തട്ടി വിളിച്ചതും ദേവൻ തലയുയർത്തി നോക്കി.

“””എനിക്ക് വല്ലാതെ വിശക്കുന്നു…”””

“””ഇപ്പോഴോ…നീയല്ലേ കുറച്ച് നേരം മുൻപ് ചോറ് കഴിച്ചത്…””

“””കഴിച്ചപ്പോലെ തന്നെ പുറത്തേക്കു പോയി….”””

“””ഓ അത് ശെരിയാണല്ലോ….”””

“””മ്മ് ശെരി….എന്താ വേണ്ടേ നിനക്ക്…? ഞാൻ വല്ലതും ഉണ്ടാക്കാം.””

അവളുടെ തലയിൽ തലോടി ചോദിച്ചതുമവൾ വിരൽ തടിക്കു കൊടുത്തു കുറച്ച് നേരം ആലോചിച്ചു.

“”മസാല ദോശ….”””

കേട്ടതുമവനവളെ സംശയത്തോടെ നോക്കി.

“””മസാല ദോശ കഴിക്കാനുള്ള അടവാണല്ലേ വിശപ്പ്‌.”””

ദേവന്റെ ചോദ്യത്തിന് ചിരിച്ചു കാണിച്ചു ഗൗരി. എഴുന്നേറ്റു ചെന്ന് ഷർട്ട്‌ മാറി ഇട്ടു. ബൈക്കിന്റെ ചാവിയുമായി അവളുടെ അടുത്തേക്ക് വന്നു.

“””വേഗം വരാട്ടോ…നീ കിടന്നോ.ഞാൻ വാതിൽ ചാരിയിടാം “””

അവളുടെ തലയിൽ തലോടി നെറ്റിയിൽ ചുമ്പിച്ചു കൊണ്ട് പറഞ്ഞവൻ.

“””അച്ഛൻ പോയിട്ട് വരാട്ടോ പൊന്നേ…”””

അവളുടെ വയറ്റിൽ ചുംബിച്ചു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി പോയി.

ബൈക്ക് പോകുന്നതിന്റെ ശബ്‌ദം കേട്ടതുമവൾ മെല്ലെ കട്ടിലിലേക്ക് ചാരി കിടന്നു. ഓരോന്ന് ആലോചിച്ചു കൊണ്ട് കണ്ണുകളടച്ചതും അറിയാതെ ഉറങ്ങി പോയി. ദേവൻ ബൈക്കിൽ പോയതും അറിയുന്ന കടകൾ ഒക്കെ അടഞ്ഞു കിടക്കുന്നു.സമയം നോക്കിയതും കുറച്ച് അകലെയുള്ള ഒരു കടയുള്ളതായി ഓർമ വന്നു. വേഗം വണ്ടിയവിടേക്കെടുത്തു. കടയടക്കാൻ സമയമായിട്ടുണ്ട്. വേഗം ബൈക്കിന്റെ സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു. വളവു തിരിഞ്ഞതും കണ്ണിൽ വെളിച്ചം തട്ടി. വണ്ടിയിലേക്ക് മറ്റൊരു വാഹനം തട്ടിയിരുന്നു.

തുടരും…

©️copyright protected