മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സഞ്ജന വീട്ടിലെത്തിയപ്പോൾ കണ്ടു പുറത്തായി കാത്തിരിക്കുന്ന മമ്മയെ….അവളെ കണ്ടതും അവർ കരഞ്ഞു കൊണ്ടവളെ കെട്ടിപിടിച്ചു.
“””എനിക്ക് കുഴപ്പമൊന്നുമില്ല മമ്മ…””
സഞ്ജനയുടെ സംസാരം കേട്ടുകൊണ്ടവളെ നോക്കിയവർ.
ആകെ കോലം കെട്ടിട്ടുണ്ട് സഞ്ജന.
“””ഇതാണോ നിനക്കൊരു കുഴപ്പമില്ലെന്ന് പറഞ്ഞത്.””
കണ്ണിനു ചുറ്റും കറുപ്പ് വീണിട്ടുണ്ട്. അവളുടെ മാറ്റങ്ങൾ ഓരോന്നും നോക്കിയവർ പദം പറഞ്ഞതും ഗൗതം അവരെയും വിളിച്ച് അകത്തേക്ക് പോയി. അവളെ വയറു നിറച്ച് ഊട്ടി കൊണ്ട് അവൾ കഴിക്കുന്നതും നോക്കിയിരുന്നു രണ്ടുപേരും.
“””ഞാനന്നേ പറഞ്ഞില്ലേ മോളെ പപ്പയുടെ ഈ ഡ്രഗ്സിന്റെ ബിസിനസ്സിലൊന്നും നീ പോകരുതെന്ന്…..ഇപ്പോൾ കണ്ടില്ലേ എന്റെ കുട്ടി അനുഭവിക്കുന്നത്….?””
ഗൗതം അത് കേട്ടതും അവരെ ദേഷ്യത്തോടെ നോക്കി.
“””എന്റെ ഈ ബിസിനസ് ഒക്കെ നല്ല രീതിയിൽ തന്നെയായിരുന്നു പോയത്. പക്ഷേ കുറച്ച് പേര് കാരണമാണ് നമുക്ക് ഈ അവസ്ഥ വന്നത്. അവരതിനനുഭവിക്കും….””
അയാൾ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു പോയി.
?????????
ഗൗരിയുടെ കൈപിടിച്ചവൻ ആ മൺപാതയിലൂടെ നടന്നു.
“””മതി ദേവേട്ടാ…..വയ്യ….””
ചുണ്ട് കൂർപ്പിച്ചു നിന്നതും വീണ്ടും അവളുടെ കൈപിടിച്ച് വെച്ചു
“””പറ്റില്ല….നിന്നോട് നടക്കാൻ ഡോക്ടർ പറഞ്ഞിട്ടില്ലേ….?””
അവന്റെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടതും മുഖം തിരിച്ചു നടന്നു. എന്തൊക്കെയോ മനസ്സിൽ പറയുന്നുണ്ടവൾ. ആ നടത്തത്തിലും അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളിൽ നിന്നുമവനത് മനസിലാക്കിയിരുന്നു കണ്ടപ്പോൾ ചിരി വന്നു. കുറച്ച് നടപ്പോഴേക്കും തളർന്നതും അവിടെയുള്ള കല്ലിന്റെ പുറത്തിരുന്നു ഗൗരി. ചെറുതായി വിയർത്തിട്ടുണ്ട്.
“””ആ ഇന്നിത്ര മതി….””
അല്പസമയത്തെ വിശ്രമത്തിന് ശേഷമവളുടെ കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ച് വീട്ടിലേക്ക് നടന്നു. മുറ്റത്തെത്തിയപ്പോഴാണ് ദേവന്റെ ഫോണടിച്ചത്.
“””ഹലോ….””
കാതോരം വെച്ചവൻ പറഞ്ഞെങ്കിലും മറുപടിയില്ലായിരുന്നു.
“””ഹലോ ആരായിത്….?””
ദേവൻ വീണ്ടും ചോദിച്ചെങ്കിലും മറുതലക്കൽ ഫോൺ വെച്ചിരുന്നു.
“”ആരാ ദേവേട്ടാ….?”””
“””ആ…എനിക്കറിയില്ല… ഒന്നും പറഞ്ഞില്ല.”””
ഹാളിലവളെയും കൊണ്ടിരുന്നതും സുഭദ്ര ചായയുമായി വന്നു. രണ്ടുപേർക്കും ചായയും കൊടുത്തവർ അവരുടെയടുത്തായി വന്നിരുന്നു. വീണ്ടും ദേവന്റെ ഫോൺ ശബ്ദിച്ചതും അവനതുമായി പുറത്തേക്ക് പോയി.
“””ഹലോ…..?””
“””ഹലോ സ്വീറ്റ് ഹാർട്ട്…””
മറുതലക്കലെ ശബ്ദം കേട്ടതും ഭയവും ദേഷ്യവുമൊന്നിച്ചു തോന്നിയവന്…അവൻ മൗനമായിരുന്നു.
“””എന്നെ മറന്നോ ദേവാ….?””
എന്നിട്ടും ഒന്നും മിണ്ടിയില്ലവൻ.
“””എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ദേവാ…ഇന്നും നിന്നോടെനിക്ക് ആ പഴയ സ്നേഹം ഒരു കുറവുമില്ലാതെയിപ്പോഴുമുണ്ട്.”””
കേട്ടതും ദേഷ്യം വന്നിരുന്നു. കണ്ണുകളടച്ചു പല്ലുകൾ ഞെരിച്ചു. മറുതലക്കലെ പൊട്ടി ചിരി കേട്ടതും കണ്ണുകൾ തുറന്നു.
“””എന്നോടുള്ള ദേഷ്യത്തിന് ആ പല്ലുകൾ കടിച്ചു പൊട്ടിക്കണ്ട. ആ മുല്ലപ്പൂ പോലുള്ള പല്ലാണ് നിന്റെ സൗന്ദര്യത്തിൽ എന്നേ ആകർഷിച്ചത്.””
“””സഞ്ജനാ……”””
ദേഷ്യം സഹിക്കവയ്യാതവൻ അലറി വിളിച്ചു.
“””എന്റെ പേര് നീ മറന്നിട്ടില്ലല്ലേ….? ഇനിയും നീ എന്നെ വിളിക്കും. കണ്ണ് നിറഞ്ഞ് കൊണ്ട്….എന്റെ കാലിൽ വീണുകൊണ്ട് വിളിക്കും…ആ ദിവസത്തിന് വേണ്ടിയാ എന്റെ കാത്തിരിപ്പ്. ഓരോ നിമിഷവും നിന്റെ ഈ പേടിയെനിക്ക് കാണണം. നിന്റെ നെഞ്ചിടുപ്പിന്റെ ശബ്ദതമെനിക്ക് കേൾക്കണം…..”””
ഭ്രാന്തമായി പുലമ്പുന്നുണ്ടവൾ.
“”””കാത്തിരുന്നോ ദേവ. നിന്റെ പ്രാണനായവളുടെ അവസാനം ഈ സഞ്ജനവർമയുടെ കൈകൾ കൊണ്ടാ….അവൾ വയറ്റിൽ ചുമക്കുന്ന ആ കുഞ്ഞിനും ആയുസ്സില്ല അധികം….അവളോടുള്ള വെറുപ്പാ ആ കുഞ്ഞിനെ പോലും ഞാൻ വെറുത്തത്. കാത്തിരുന്നോ…….ബൈ.”””
അവസാനം ഒരു ഉമ്മയും കൊടുത്തവൾ ദേവനെ ഒന്നും പറയാൻ അനുവദിക്കാതെ ഫോൺ വെച്ചതും വെറുപ്പോടെ കണ്ണുകളടച്ചവൻ നിന്നു.
?????????
സഞ്ജനയെ കുറിച്ചോർത്ത് ഓരോ നിമിഷവും ഉരുകി കൊണ്ടിരുന്നു ദേവൻ. തള്ള കോഴി കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിക്കുമ്പോലെ ഗൗരിയെ ഒതുക്കി പിടിച്ച് കൊണ്ടിരുന്നു ദേവൻ. അവന്റെ ഓരോ ചലനത്തേയും ഗൗരിയും സംശയത്തോടെ കണ്ടു തുടങ്ങിയിരുന്നു.
മുറിയിലെ അരണ്ട വെളിച്ചത്തിൽ വിയർപ്പിനാൽ കുതിർന്നവർ പരസ്പരം വിട്ടുമാറി. നെഞ്ചിലേക്കവളെ ചായ്ച്ചു കിടത്തിയാ മുടിയിഴകളിലൂടെ തലോടി കൊണ്ടിരുന്നവൻ. അവളുടെ നെറ്റിതടത്തിൽ ചുംബിച്ചു കൊണ്ടിരുന്നു. ഗൗരിയുടെ കൈവിരലുകൾ അവന്റെ താടിരോമങ്ങളെ തലോടി കൊണ്ടിരുന്നു. അവൾ മിഴികളുയർത്തി നോക്കിയപ്പോൾ കണ്ടു എന്തോ ചിന്തയിൽ മുകളിലേക്കു നോക്കി കിടക്കുന്നവനെ….മനസിലെ സംശയത്തിനൊരുത്തരം കണ്ടെത്താൻ തന്നെ തീരുമാനിച്ചു. മെല്ലെ എഴുന്നേറ്റവന്റെ നെറ്റിയിലൊന്നു ചുംബിച്ചാ മുടിയിഴകളിലൂടെ തലോടി പുരികമുയർത്തി കാര്യം തിരക്കി. അവനുത്തരമില്ലാതെ തലയാട്ടി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു. എന്തോ ആ ഉത്തരമവൾക്ക് ഉൾകൊള്ളാൻ കഴിയുന്നതല്ലായിരുന്നു.
ദേവന്റെ കൈയെടുത്തവൾ വയറിലേക്ക് വച്ചു.
“””ഇനി പറ ദേവേട്ടാ…..എന്താ പ്രശ്നം….? കുറച്ചായി ഞാൻ ശ്രെദ്ധിക്കുന്നു.””
വേഗം കൈവലിച്ചവൻ മുണ്ട് മുറുക്കിയുടുത്ത് പുറത്തേക്ക് പോയി. കുറച്ച് നേരം കാത്തിരുന്നെങ്കിലും അവൻ തിരികെ വന്നില്ല. ഉറക്കം കണ്ണുകളെ തഴുകിയപ്പോളവനെ കാക്കാതെ കയറി കിടന്നു. അവളുറങ്ങിയെന്നു കണ്ടതും തിരിച്ചു മുറിയിലേക്ക് വന്നു ദേവൻ….അവളുടെ അരികിലായി ചെന്ന് കിടന്നു. ആ പാറിപറന്ന മുടിയിഴകൾ ഒതുക്കിവെച്ചു കൊടുത്തു.
“””നീ ഒന്നുമറിയേണ്ട ഗൗരി. സഞ്ജനയുടെ കാര്യമറിഞ്ഞാൽ വീണ്ടും തകരും. ഒരുതവണ മുഴുഭ്രാന്തിയാക്കേണ്ട നിന്നെ ഒരുപാട് കഷ്ട്ടപെട്ടാ ഞാൻ തിരിച്ചു കൊണ്ട് വന്നത്. ഇനിയും നീ ആ അവസ്ഥയിലേക്ക് പോകാൻ പാടില്ല. നമ്മുടെ കുഞ്ഞിന് വേണ്ടി നീ ഉരുകി തീരുന്നതു കാണാൻ വയ്യെനിക്ക്…..”””
മെല്ലെയവളുടെ വയറിൽ ഉമ്മ വെച്ചവൻ കണ്ണുകളടച്ചു കിടന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവളെയും അടക്കി പിടിച്ചവനും ഉറക്കത്തിലേക്കു പോയി.
????????
അമ്മുക്കുട്ടിയുടെ ചെറിയ ചെറിയ മാറ്റങ്ങൾ എല്ലാവരിലും സന്തോഷമുണ്ടാക്കി. ശിഖ മുറിയിലേക്ക് വന്നപ്പോൾ ഉച്ചമയക്കത്തിലായിരുന്നവൾ.ശല്യം ചെയ്യാതെ തിരിച്ചിറങ്ങാൻ നിന്നതും മേശമേൽ ഇരിക്കുന്ന ബുക്കുകളിൽ കണ്ണെത്തിയത്. അതിലെ ഒന്നെടുത്തു വെറുതെ മറച്ചു നോക്കി.
“””ജീവിതനൗക, ആദി മഹേഷ്വർ…”””
കണ്ടതും വെറുതെ മറിച്ചു നോക്കി. തിരിച്ചു വെച്ച് പോകാനായി തിരിഞ്ഞതും കൈ തട്ടി ഒരു ബുക്ക് നിലത്തേക്ക് വീണിരുന്നു. നിലത്തായി തുറന്നു കിടക്കുന്ന ബുക്ക് എടുത്തതും അതിലെ വരികളിൽ കണ്ണുകൾ ഉടക്കി.
“””””നിനക്കായ് മാത്രം പൊഴിക്കുന്നൊരു മഴയുണ്ടെന്റെ ഉള്ളിൽ…..ഓരോ നിമിഷയും നീ പോലുമറിയാതെ നിന്നെ നനക്കുന്നയെന്റെ പ്രണയ മഴ…..”””
അടുത്ത പേജുകളും മറിച്ചവൾ ആ ഡയറിയിലെ ഓരോ അക്ഷരങ്ങളും വായിച്ചു…കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. ഒരുനിമിഷം ഭയം തോന്നി. ഒരു ചതിയണോ എന്ന ഭയമവളെ വലിഞ്ഞു മുറുകിയിരുന്നു. അമ്മുക്കുട്ടിയുടെ അന്നത്തെ അവസ്ഥകളെല്ലാം ശ്യാം പറഞ്ഞറിഞ്ഞിരുന്നു. ഇനിയും ഒരു ചതി കൂടിയായാൽ ഒരിക്കലുമവളെ ജീവനോടെ കാണില്ല എന്നതും മനസിന്റെ സമാധാനം തകർത്തു. വേഗം ആ മുറിയിൽ നിന്നുമിറങ്ങി അവളുടെ മുറിയിലേക്ക് ചെന്നിരുന്നു. മനസിനെ ആ കാര്യം തന്നെ അലട്ടി കൊണ്ടിരുന്നു.അവസാനം ശ്യാമിനോട് അറിഞ്ഞ കാര്യങ്ങൾ പറയാൻ തന്നെ തീരുമാനിച്ചു.
രാത്രി അവന് ചായയുമായി ചെന്നപ്പോൾ പറയാനായി നിന്നെങ്കിലും കുളിക്കാൻ കയറിയിരുന്നു. പിന്നെയുള്ള സമയത്ത് ജോലിതിരക്കുകളും മറ്റുമായിരുന്നതിനാൽ അവനെ ശല്യം ചെയ്തില്ല. രാത്രി കിടക്കാനായി ചെന്നപ്പോൾ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ നിൽക്കുന്നുണ്ട്. കുറച്ച് നേരം അവനെ കാത്തിരുന്നെങ്കിലും ശ്യാമവളോട് കിടക്കാനായി പറഞ്ഞു. അതുകൊണ്ട് പറയാനും സാധിച്ചില്ല.
??????????
“””ടി ദേവു…..””
അമ്മയോടായി സംസാരിച്ചിരിക്കുന്നവളെ വിളിച്ചെങ്കിലും അവനെ കാര്യമാക്കാതെ ടീവിയുടെ മുന്നിലിരുന്നു സംസാരിച്ചു ടീവീ കാണുന്നുണ്ടവൾ. കുറെ നേരം അവരുടെ കൂടെ ഇരുന്ന് കുറെ അമ്മായിയമ്മ പോരും,കൊച്ചമ്മഭരണവും കണ്ടെങ്കിലും ഒരു ഉപകാരവും ഉണ്ടായില്ല. അവസാനം ക്ഷമ നശിച്ച് എഴുന്നേറ്റു പോയി.
“””നിങ്ങൾക്കൊന്നും തിന്നുകയും കുടിക്കൊന്നും വേണ്ടേ….? കുറെ ചവറു പരിപാടിയും തുറന്നു വെച്ച് മനുഷ്യനെ മെനക്കെടുത്താൻ….””
അവസാനമായി പറഞ്ഞതും അമ്മയും മോളും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.
“””എന്താടാ ശിവാ….?ഇത്രയും നേരത്ത് നീ എവിടേക്കാ ചോറു കഴിച്ച്…?””
അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് സമയം നോക്കിയത്. എഴര ആകുന്നതേയുള്ളു.അബദ്ധം പറ്റിയെന്നു കണ്ടതും ദേവുവിന്റെ നേരെ തിരിഞ്ഞു.
“””എന്താടി നിനക്ക് പഠിക്കാനൊന്നുമില്ലേ…? ആ റിമോട്ടും ഫോണും തൊടുന്നതിനിടയിൽ ആ ബുക്ക് ഇടക്കെങ്കിലും തൊട്ടു നോക്കിക്കൂടെ.? മ്യൂസിയത്തിൽ വെക്കാനാണോ ഇത്ര സൂക്ഷിച്ച് വെച്ചിരിക്കുന്നത്…?”””
ദേവുവിനോട് തട്ടി കയറിയവൻ ദേഷ്യത്തിൽ മുറിയിലേക്ക് പോയി വാതിലടച്ചു. അവന്റെ പെരുമാറ്റം കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു ദേവു. സുജാതമ്മ ശിവന്റെ പെരുമാറ്റം കണ്ട് ചിരിയടക്കി പിടിച്ചു.
“””എന്താ അമ്മയെ ഇവിടെയുണ്ടായേ….?””
ദേവുവിന്റെ കണ്ണുതള്ളിയുള്ള ചോദ്യം കേട്ടതും അവളുടെ അടുത്തേക്കായി വന്നു നിന്നു.
“””മോള് മുറിയിലേക്ക് ചെല്ല്….കുറെ നേരമായവൻ ഇതിലൂടെ ചുറ്റി തിരിഞ്ഞു നടക്കുന്നു. ചെല്ല്….””
മെല്ലെ ചിരിച്ചുകൊണ്ടവർ അവിടെയിരുന്നു.
“””ആകെ നാണക്കേടായല്ലോ ഈ മനുഷ്യനെ കൊണ്ട്….””
മുറിയിലേക്ക് പോയി ദേവു. കട്ടിലിലായി ഇരിക്കുന്ന ശിവനെ ദേഷ്യത്തോടെ നോക്കി നിന്നു.
“””നിങ്ങൾക്കെന്താ……? എന്തിനാ എന്നോട് ദേഷ്യപ്പെട്ടെ….?””
ദേവുവിന്റെ ചോദ്യത്തിനവളെ കൂർപ്പിച്ചു നോക്കി കയ്യിലായി ഒരു കവറെടുത്തു കൊടുത്തു മാറുകയ്യിൽ മറ്റൊരു കവറും കൊണ്ട് പുറത്തേക്ക് പോയി. തുറന്നു നോക്കിയപ്പോൾ കണ്ടു ഒരു പട്ടുസാരി. ആ പട്ടുസാരി ഉടുത്ത് കാണാനുള്ള മോഹം കൊണ്ട് വിളിച്ചതാണെന്ന് മനസിലായതും ചിരിയോടെ വാതിൽ കുറ്റിയിട്ട് ആ സാരി ചുറ്റി. നല്ല ഭംഗിയായിട്ടുണ്ട്. ശിവൻ മുറിയിലേക്ക് വന്നപ്പോൾ കണ്ടു ആ സാരിയുമുടുത്തു മുന്നിൽ നിൽക്കുന്ന ദേവുവിനെ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പിണക്കം മാറ്റാതെ കാണാത്തതു പോലെ കട്ടിലിൽ ഇരുന്ന് ഫോൺ എടുത്തു കുത്തി കൊണ്ടിരുന്നു. ദേവു ദേഷ്യത്തോടെയവന്റെ അടുത്തേക്ക് വന്നു.
തുടരും….
©️copyright protected