പറയാതെ മനസിലടക്കിവെച്ച കുന്നോളമിഷ്ടം കണ്ണുനീരായി പുറത്ത് വരുമ്പോൾ അവളെപ്പോലെ ഞാനും….

ഒപ്പം

Story written by Nijila Abhina

:::::::::::::::::::::::::::::::::::::::::

“ഇട്ടിട്ട് പോവാനാണേൽ ചേർത്തു പിടിക്കല്ലേ കണ്ണേട്ടാ…….

ആ വാക്കുകളിലുണ്ടായിരുന്നു അവളുടെ മുഴുവൻ നിസഹായതയും….

“ഞാനല്ലല്ലോ പൊന്നു നീയല്ലേ എന്നെയിട്ടിട്ടു പോകാൻ ശ്രമിച്ചത്, സ്വയമില്ലാതാവാൻ ശ്രമിച്ചത്, ഒരിക്കൽ പോലും മനസിലാക്കാതിരിക്കാൻ ശ്രമിച്ചത്…..

എന്തൊക്കെയോ പറയാനുണ്ടായിരുന്നു… വാക്കുകൾ തൊണ്ടയിൽ കുടുങ്ങി, പറയാതെ മനസിലടക്കിവെച്ച കുന്നോളമിഷ്ടം കണ്ണുനീരായി പുറത്ത് വരുമ്പോൾ അവളെപ്പോലെ ഞാനും മനസിലാക്കുകയായിരുന്നു ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്…

വാടിക്കുഴഞ്ഞയാ കൈത്തണ്ടയിൽ പിടിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

ആലിൻ ചോട്ടിൽ ഒന്നിച്ചു കളിച്ചപ്പോഴും ചെമ്പകച്ചോട്ടിൽ വെച്ച് കഥകൾ പറഞ്ഞപ്പോഴും ഞാൻ തുറന്ന് പറയാതിരുന്ന സ്നേഹം മുഴുവൻ ആ ചേർത്തു പിടിക്കലിൽ ഉണ്ടായിരുന്നു….

അത് മനസിലായിട്ടാവും അവളുടെ കണ്ണിലെ കണ്ണീരിന് തിളക്കവും കൂടുതലായിരുന്നു…. പ്രതീക്ഷയുടെ തിളക്കം….

ആ കണ്ണുകളിലെ തിളക്കമായിരുന്നു അവളെ എന്നിലേക്കടുപ്പിച്ചതും….പ്രാന്തീടെ മോളേന്ന്‌ വിളിച്ച് കൂട്ടുകാര് കളിയാക്കുമ്പോഴും ഒറ്റയ്ക്കാക്കുമ്പോഴും ആദ്യമൊക്കെയവൾ കരയുന്നത് കണ്ടിട്ടുണ്ട്.. അന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല….

പിന്നീടെപ്പോഴോ ചെമ്പകച്ചോട്ടിലവൾ കൂട്ടിവെച്ച പൂക്കളിൽ നിന്ന് കാണാതെ അഞ്ചാറെണ്ണം ഞാനെടുത്തത് കണ്ടിട്ടും പുഞ്ചിരിയോടെ കണ്ണേട്ടന് വേണേൽ മുഴുവനും എടുത്തോളുന്ന്‌ പറഞ്ഞയവളോട്‌ ചെറിയയൊരിഷ്ടം തോന്നുകയായിരുന്നു….

കളിക്കാനും കൂടെ നടക്കാനും ആരുമില്ലാതിരുന്ന അനഘയ്ക്ക് ഞാൻ അവളുടെ കണ്ണേട്ടനായി… അവളെനിക്ക് എന്റെ മാത്രം പൊന്നുവും…

സംശയം ചോദിച്ചും സങ്കടം പറഞ്ഞും വീട്ടിലേക്ക് ഓടിവരുന്നയവളെ അമ്മയ്ക്കുമേറേ ഇഷ്ടമായിരുന്നു….

അവളോടൊപ്പമവളുടെ വീട്ടിൽ കേറിചെല്ലുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് സുഷമ്മയ്ക്ക്, അവളുടെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ലല്ലോയെന്ന്….

മോനെന്ന്‌ മാത്രേ വിളിക്കാറുള്ളൂ… നിറപുഞ്ചിരിയോടെയാണു സ്വീകരിക്കാറുള്ളതും….

“പൊന്നു ഞാനൊന്നു ചോദിച്ചോട്ടെ അമ്മയ്ക്ക് സുഖല്ല്യാന്ന്‌ ആരാ പറഞ്ഞെ.. ഞാൻ നോക്കീട്ട് ഒരു കുഴപ്പോല്ല്യാലൊ….

“അത് കണ്ണേട്ടാ അമ്മ ഇങ്ങനെയാ ഒരു കുഴപ്പോല്ല്യ…. പക്ഷെ…..

ആ കണ്ണുകൾ നിറയുന്നതിനോടൊപ്പം പറയുകയായിരുന്നവൾ…

അവൾക്കു താഴെയൊരാൾ കൂടി വരുന്നുവെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചയവളുടെ കഥ…..

ഇതെന്റെയാഗ്രഹം പോലെ മോനാവുമെന്ന് പറഞ്ഞയമ്മയുടെ കഥ..

വരാനിരിക്കുന്ന കുഞ്ഞിനു വേണ്ടി സ്വപ്‌നങ്ങൾ ഒരുപാട് നെയ്തു കൂട്ടിയ അച്ഛന്റെ കഥ…

വീർത്തു വരുന്നയമ്മയുടെ വയറിൽ നോക്കി കുറുമ്പ് കുത്തി കുഞ്ഞാവയെന്നാമ്മേ വരായെന്ന ചോദ്യത്തിന് ഉടനേ വരും എന്ന് പറയുമ്പോൾ ആ കണ്ണുകളിലുണ്ടാവാറുള്ള തിളക്കത്തിന്റെ കഥ…..

“എന്നിട്ട്… എന്നിട്ടാ കുഞ്ഞ്….. “

എന്റെ സംശയം നിറഞ്ഞ, ആകാംഷ നിറഞ്ഞ ചോദ്യത്തിന് പകരം അവൾ പറഞ്ഞു…

“കണ്ണേട്ടൻ ചോദിച്ചിരുന്നില്ലേ അമ്മയ്ക്ക് ന്താ പറ്റിയെ ന്ന്‌..

“അന്നത്തെയാ സന്തോഷത്തിന്റെയവസാനം, എല്ലാവരുടെയും കാത്തിരിപ്പിന്റെവസാനം ഞങ്ങൾക്ക് കിട്ടിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ ജീവനില്ലാത്തയാ ശരീരമായിരുന്നു കണ്ണേട്ടാ… “

എല്ലാരും പതിയെ മറന്നു അത്.. അമ്മയോഴികെ…. അതോടെ അമ്മ വേറൊരാളായി മാറി… ഇടയ്ക്ക് തനിയെ ഇരുന്നു കരയും…. ചിരിക്കും ഇറങ്ങി ഓടും, ചിലപ്പോൾ അട്ടഹസിക്കും അങ്ങനെയങ്ങനെ…..

പേടിയായിരുന്നു എനിക്ക് പോലും… അച്ഛനപ്പോഴും ചേർത്തു പിടിച്ചു… അത് കൊണ്ട് മാത്രാ അമ്മയിപ്പോഴുമിങ്ങനെ….

“ഒരിക്കൽ വിളിച്ചതാ ഭ്രാന്തീന്ന്‌….. അസുഖം മാറീട്ടും എന്റമ്മയെല്ലാര്ക്കും ഭ്രാന്തിയാ വെറും ഭ്രാന്തി… പക്ഷെ അതിന് പിന്നിലെ താളം തെറ്റിയ മനസും അതിന്റെ കാരണവുമൊന്നും ആരും അന്വേഷിക്കാറില്ല… “

“ഞാനും അനുഭവിച്ചിട്ടുണ്ട് അതിന്റെ ബാക്കി… ചെറുപ്പത്തിൽ കിട്ടാതെ പോയ അമ്മയുടെ സ്നേഹം, കുടുംബത്തിന്റെ കരുതൽ, അതിലുപരി അച്ഛന്റെ നിസഹായത നിറഞ്ഞ മുഖം…. പിന്നെ…. പിന്നെ കണ്ണേട്ടനറിയില്ലേ… ഭ്രാന്തീടെ മോളേന്നുള്ള വിളി….ഒറ്റപ്പെടുത്തൽ…

ഇനി നീ കരയരുതെന്ന്‌ പറഞ്ഞാ കണ്ണീരൊപ്പുമ്പോൾ അവളുടെ ആത്മവിശ്വാസം വളരുകയായിരുന്നു…പിന്നീടുള്ള കളിയാക്കലുകളെയവൾ മൌനത്തോടെ പിന്തള്ളി….

ചെറുപ്പത്തിലവളുടെ കുറുമ്പിനും വാശിക്കും കൂട്ടായും അവളുടെ സങ്കടങ്ങളിൽ പങ്കു ചേർന്നും പ്രായം കൂടുംതോറും അവൾക്കു മേൽ വീഴുന്ന കണ്ണുകളടർത്തി മാറ്റിയും മുന്നോട്ട് പോകുമ്പോൾ അമ്മ പലപ്പോഴും പറയാറുണ്ട്…

“ടാ കണ്ണാ വിട്ടു കളയല്ലേ നീയവളെ…. ഈ വീട്ടിലേക്കൊരു മരുമകൾ വരുന്നേൽ അതെന്റെ പൊന്നുവാകുന്നതാ അമ്മയ്ക്കിഷ്ടം…. “

ഇതുവരെ പുറത്ത് കാണിക്കാത്തയിഷ്ടം… സൗഹൃദം എന്നതിലപ്പുറം മറ്റൊന്നും ഇന്നുവരെ പങ്ക് വെച്ചിരുന്നില്ല… പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും തീരുന്ന നാളിൽ കൂടെ കൂട്ടണമെന്നാഗ്രഹിച്ചിട്ടുണ്ട്….അതാണ്ഇന്ന് ഇങ്ങനെ അമ്മ പറഞ്ഞത്….

“വേണ്ടമ്മാ. പൊന്നു അവളെന്നുമെന്റെ നല്ല ഫ്രണ്ടാ…. അല്ലാതൊന്നൂല്ലാ ഞങ്ങൾ തമ്മിൽ…. “

“നിന്റെ മനസ്സ് ആരെക്കാളും എനിക്കറിയാ കണ്ണാ… അമ്മയോട് നീ കള്ളം പറഞ്ഞാലും നിന്റെ കണ്ണുകൾ കള്ളം പറയില്ല.. “

നിനക്കൊരു ജോലിയായാൽ ഞാൻ തന്നെ പോയി ചോദിക്കുമവളെയെന്നമ്മ പറയുമ്പോൾ അറിയാതെ എന്റെ മനസിലും ആ സ്വപ്നം വളരുകയായിരുന്നു….

ചില സ്വപ്‌നങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും.. പ്രതീക്ഷയ്ക്ക് പോലും വകയില്ലാത്തത്‌… അത് കൊണ്ടായിരിക്കാം അമ്മ പറഞ്ഞതിന്റെ പിന്നാലെയവളുടെയച്ഛൻ വന്ന്‌ പൊന്നൂനൊരാലോചന വന്നിട്ടുണ്ട്, പറയാൻ വേറാരുമില്ലെനിക്ക് നീയൊന്നന്വേഷിക്കണമെന്ന്‌ പറഞ്ഞപ്പോൾ ഒന്നുമുരിയാടാൻ കഴിയാതെ പോയതും…

ഒരു ഭ്രാന്തിയുടെ മകൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല ബന്ധമാണിതെന്നവളുടെയമ്മയും ഇത് നടന്നു കിട്ടിയാൽ സന്തോഷത്തോടെ കണ്ണടയ്ക്കാമെന്നവളുടെയച്ഛനും പറയുമ്പോൾ സ്വയം ഞാനെന്റെയിഷ്ടത്തെ കുഴിച്ചു മൂടിയിരുന്നു….

കണ്ണേട്ടനും എന്നെ പറഞ്ഞു വിടാൻ നോക്കാണോയെന്നയവളുടെ ചോദ്യത്തിലെ തേങ്ങൽ അന്ന് കണ്ടില്ലെന്നു നടിച്ചു…

. വന്നയാലോചന പറഞ്ഞുറപ്പിക്കുമ്പോഴും എന്നോടൊപ്പം ചെലവഴിക്കുന്നയവളുടെ സമയം കുറയുമ്പോഴും കണ്ണേട്ടാന്ന്‌ വിളിച്ചോടി വന്നവന്റെ വിശേഷങ്ങൾ പറയുമ്പോഴും നെഞ്ചു പൊടിയുന്നുണ്ടായിരുന്നു…

ഒടുവിലവസാനം ഒരു ഭ്രാന്തീടെ മോളെയവർക്ക് വേണ്ടാന്ന്‌ പറഞ്ഞെടാ കണ്ണേട്ടാ …ഞാനന്നേ പറഞ്ഞതല്ലേ ഞാനെന്റെ വീട്ടിൽ ആർക്കും ശല്യാവാതെ നിന്നോളാന്ന്‌ പറഞ്ഞെന്നെ വിളിച്ചു കരയുമ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു… രാവിലെ ഞാനങ്ങോട്ടു വരാം പൊന്നൂയെന്ന് മാത്രം പറഞ്ഞു ഫോൺ കട്ട്‌ ചെയ്യുമ്പോൾ കാല് പിടിച്ചായാലുമവരെ ചെന്നു കണ്ടിത്‌ നടത്തണമെന്ന്‌ മനസിലുറപ്പിച്ചിരുന്നു…..

. കണ്ണാ വീട്ടിലേക്കൊന്നു വാടാ നമ്മടെ പൊന്നു എന്ന് പറഞ്ഞു വിളിച്ചയച്ഛന്റെ കരച്ചിൽ ഫോണിലൂടെ കേൾക്കുമ്പോൾ അവള്ക്കൊന്നും സംഭവിക്കരുതേയെന്ന് മാത്രമായിരുന്നു പ്രാർഥന…

പാതി ജീവനും തളര്ന്ന ശരീരവും പാതിയോഴുക്കിത്തീർന്ന ചോരയുമായി കിടക്കുന്നയവളെ ഒന്നേ നോക്കാൻ കഴിഞ്ഞുള്ളൂ….

കോരിയെടുത്തോടുമ്പോൾ ഒന്നേ പ്രാർത്ഥിച്ചിരുന്നുള്ളൂ.. ‘എന്റെ ജീവൻ നീ എടുത്തോ..പകരമിവളെ, ഇവളെയെനിക്ക് തിരിച്ചു തരണേയെന്ന്….

അവള് കണ്ണ് തുറന്നൂന്നറിഞ്ഞപ്പോൾ അമ്മയോന്നേ പറഞ്ഞുള്ളൂ…

“ഇനിയാർക്കും തട്ടിക്കളിക്കാൻ വിട്ടു കൊടുക്കില്ലയിവളെ,ഞാൻ കൊണ്ടോവുമെന്റെ മോളായിട്ട്…ന്റെ കണ്ണന്റെ പെണ്ണായിട്ട്…

വിശ്വാസം വരാതെ നോക്കിയയവളുടെ അച്ഛനോട് അമ്മ പറഞ്ഞു….

“പാവാ ന്റെ മോൻ ആരേം വേദനിപ്പിക്കാനറിയാത്ത പാവം…. ഇത്ര നാൾ മനസ്സിലിട്ട് നീറ്റി നടക്കുവാരുന്നു…. മറക്കാൻ ശ്രമിക്കാരുന്നു അവളോടുള്ളയിഷ്ടത്തെ…. “

“നിനക്കൊന്ന്‌ പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ കൈപിടിച്ച് തരില്ലേടാ… എങ്കിൽ…. എങ്കിലിന്നെന്റെ മോളിങ്ങനെ കെടക്കാരുന്നോയെന്നയച്ഛന്റെ ചോദ്യത്തിന് കൂപ്പിയ കൈകൾ മാത്രമായിരുന്നെന്റെയുത്തരം…..

മുന്നിൽ നടക്കുന്നതെന്തെന്ന്‌ മനസിലാവാത്തയവളോട്‌ ഒന്നേ പറഞ്ഞുള്ളൂ…

“ചോദിക്കുന്നില്ല ഞാൻ നിന്റെ സമ്മതം…. ഇനി നഷ്ടപ്പെടുത്താൻ വയ്യെനിക്ക് നിന്നെ…. കാരണം.. നീയില്ലെങ്കിൽ ഞാനും ഇല്ല പൊന്നു…. ഇന്ന് നീ തന്നെയാ ഞാൻ…. “

ആ വാടിക്കുഴഞ്ഞ കൈകൊണ്ടെന്റെ കയ്യില് പിടിക്കുമ്പോൾ ഞാനറിയുന്നുണ്ടായിരുന്നു എന്നെ മനസിലാക്കാതെ പോയ അവളുടെ കുറ്റബോധം…..

……..

ഇട്ടിട്ട് പോവാനല്ലെടാ അവസാനശ്വാസം വരെയീ നെഞ്ചിൽ ചേർത്തു നിർത്താനാ നിന്നെയീ കൂടെ കൂട്ടിയതെന്ന് ഞാൻ പറയുമ്പോൾ, ഇനിയെന്റെ അവസാനശ്വാസം വരെ ഈ നെഞ്ചിൽ ചേർന്ന് നിന്നാൽ മതിയെന്ന് പറഞ്ഞവളും പുഞ്ചിരിച്ചിരുന്നു…