ഭർത്താവിനും മക്കൾക്കും അടുക്കളക്കും അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പറക്കാനവളുടെ ചിറകുകൾ കൊതിച്ചു…

അവൾ

Story written by Lis Lona

::::::::::::::::::::::::::::::::::

പിശുക്കിയുള്ള ചിരിയും കർശനതയോടെയുള്ള സംസാരവും അവളുടെ ഭർത്താവിന്റെ മുഖമുദ്രയായിരുന്നു..

മുരടനും അരസികനുമായ അയാൾക്ക് പ്രണയമെന്തെന്ന് അറിഞ്ഞുകൂടേയെന്ന് അവൾ പലപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു..

വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും ഊണുമുറിയിലേക്കും സ്വീകരണമുറിയിലേക്കും കിടപ്പുമുറിയിലേക്കുമുള്ള യാത്രകൾ അവളെ മടുപ്പിച്ചുതുടങ്ങി.

ഭർത്താവിനും മക്കൾക്കും അടുക്കളക്കും അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പറക്കാനവളുടെ ചിറകുകൾ കൊതിച്ചു..

അയാളുടെ സമ്മതത്തോടെ വീട്ടുചിലവിന് തരുന്ന പൈസയിൽ നിന്നും അവളൊരു മൊബൈൽ സ്വന്തമാക്കി ചിറകുവീശി പറന്നുയർന്ന് സോഷ്യൽ മീഡിയയിലൂടെ സ്വാതന്ത്രം ആഘോഷിക്കാൻ തുടങ്ങി.

അവിടെ..അയാളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും പ്രണയവും വാരിവിതറി അനിയന്മാരും സുഹൃത്തുക്കളും ഒടുവിലൊരു കാമുകനും അവളെത്തേടിയെത്തി..

ഭർത്താവിൽ നിന്നും ഒരിക്കലും തേന്മൊഴികൾ കേൾക്കാതിരുന്ന അവൾക്കായി അവനെന്നും ദേവസംഗീതമുതിർത്തു..

കാമുകനെ സ്നേഹിക്കാത്ത, അയാളുടെ വിഷമങ്ങളും ഒറ്റപ്പെടലും അറിയാത്ത ഭാര്യയോടൊത്തുള്ള അവന്റെ ജീവിതമോർത്ത് അവളുടെ ഉറക്കം നഷ്ടപ്പെട്ടു..

ഭർത്താവ് ജോലിക്ക് പോയാലുടൻ മിസ് കാൾ കൊടുത്ത് പ്രിയന്റെ സ്വരം കേൾക്കാനായവൾ മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കും..

മാസമൊന്നായില്ല അവനില്ലാതെ അവൾക്ക് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം ഭർത്താവിനെ ഉപേക്ഷിക്കാൻ അവളും ഭാര്യയെ ഉപേക്ഷിക്കാൻ അവനും തീരുമാനിച്ചു..

പോകുന്നതിന്റെ തലേന്ന് എല്ലാമൊരുക്കി കാത്തിരുന്ന അവൾക്ക് മുൻപിൽ അപൂർവമായി മാത്രം മ ദ്യപിക്കുന്ന ഭർത്താവ് വന്നെത്തിയത് കാലുകളുറക്കാതെ കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്..

അവസാനമായി കടമ നിർവഹിക്കാനായി അയാളെയും താങ്ങി മുറിയിലേക്ക് നടക്കുമ്പോഴും ബോധമുറക്കാതെ അയാൾ പുലമ്പിക്കൊണ്ടിരുന്നു..

“ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട പെണ്ണേ എനിക്കായെന്റെ ഭാര്യ കാത്തിരുപ്പുണ്ട് ..”

ആ നിമിഷം അതുവരെ തോന്നാത്തൊരിഷ്ടം അയാളോട് തോന്നിയതും പ്രകടിപ്പിക്കാത്ത പ്രണയങ്ങൾ ഇങ്ങനെയുമുണ്ടാകുമെന്ന തിരിച്ചറിവിൽ ഈറനണിഞ്ഞ മിഴികളോടെ ഏറെയിഷ്ടത്തോടെ അവളൊന്ന് മുഖമുയർത്തി…

അന്ന് വരെ കാണാതിരുന്ന സ്നേഹവും കരുതലും എല്ലാം മിഴിവാർന്ന ചിത്രങ്ങളായി അവൾക്ക് മുൻപിലെത്തി..

ഒരുങ്ങിയിറങ്ങും മുൻപ് ഒരുക്കിക്കെട്ടിയ ബാഗിലെ സ്വർണവും വസ്ത്രങ്ങളും തിരികെ വക്കുമ്പോഴാണ് തലച്ചോറിലൊരു പൊന്നീച്ച പറന്നത്..

ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ കാമുകന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നു!!

പിടക്കുന്ന മിഴികളോടെ നെഞ്ചിൽ കൈവച്ചവൾ ഭർത്താവിനെയും നോക്കി നിൽക്കുമ്പോഴും ലക്ക് കെട്ട് അയാൾ പുലമ്പിക്കൊണ്ടിരുന്നു..

” നേരമിരുട്ടി.. അവളെന്നേയും കാത്തിരിപ്പുണ്ടാകും “

•••••••••

ലിസ് ലോന ✍️