മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഹ….ഒന്ന് നിൽക്കന്റെ കൊച്ചേ…. അങ്ങനെയങ്ങ് പോകാതെ….”
ബാഗും മാറോട് ചേർത്ത് വരാന്തയിലൂടെ നടന്ന് നീങ്ങാൻ നിന്നവളുടെ കൈകളിൽ പിടിച്ച് നിർത്തി പാച്ചു തടഞ്ഞ് നിർത്തി.
“വി… വിട്…”
അവൾ ദേഷ്യത്തിൽ പാച്ചുവിന്റെ കൈകളെ തട്ടി മാറ്റി.
“ഹോ…ദേ വിട്ടു…. ഇങ്ങനെ ദേഷ്യപ്പെടാതെ പെണ്ണെ….”
പാച്ചു ചിണുങ്ങിക്കൊണ്ട് പറഞ്ഞെങ്കിലും അവളതൊന്നും മൈൻഡ് ചെയ്തില്ല. പാത്തുമ്മയാണേൽ ഇവിടെയെന്ത് തേങ്ങയ നടക്കുന്നെ എന്ന കണക്ക് ഊരക്ക് കൈയും കൊടുത്ത് രണ്ട് പേരെയും മാറി മാറി നോക്കുവാണ്.
“എന്തിനാ ദേഷ്യപെടുന്നേ?”
ചുണ്ട് പിളർത്തി കൊച്ചു കുഞ്ഞുങ്ങളെ പോലെ പാച്ചു ചോദിക്കുന്ന ചോദ്യം കേട്ട് അവൾക്ക് അടിമുടി ദേഷ്യം വന്നു.
“നീ… നീ എന്നെ… ക.. ക.. കളിയാക്കി…. അതിന്..”
അത് കേട്ടതും പാച്ചു പിന്നെയും വാ പൊത്തി ചിരിച്ചു. ശേഷം അവളുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്ത് നിർത്തി. കുതറി നീങ്ങാൻ ശ്രമിച്ചവളെ പാച്ചു വിടാതെ ചേർത്ത് പിടിച്ചിരുന്നു.
“നീ കരയും എന്ന് ഉറപ്പായിട്ട് തന്നെയാടി പൊട്ടി ഞാൻ അങ്ങനെ പറഞ്ഞത്…. കരയാൻ ഉള്ളതാണേൽ കരഞ്ഞ് തീർക്കണം…. അല്ലാതെ ക്ലാസ്സ് ആണോ അമ്പലമാണോ പള്ളിയാണോ എന്നൊന്നും നോക്കാൻ നിൽക്കരുത്…. അത് പോലെതന്നെ ചിരിക്കാൻ ആണേൽ എല്ലാം മറന്നങ്ങ് ആർത്ത് ചിരിച്ചേക്കണം….. അല്ലാതെ പിടിച്ച് കെട്ടി നിർത്തിയാൽ ഉള്ള സമാധാനം പോകുന്നത് മിച്ചം….”
അത്രയും നേരം താല്പര്യമില്ലാതെ മറ്റെങ്ങോ നോക്കി നിന്നവൾ ഒരു നിമിഷം പാച്ചുവിലേക്ക് മിഴികൾ ചലിപ്പിച്ചു.
“എടി മോളെ…. എന്റെ ലൈഫ് പോലെയാവില്ല നിന്റെ ലൈഫ്, നിന്റെ ലൈഫ് പോലെയാവില്ല ഈ പാത്തുമ്മയുടെ ലൈഫ്…. എല്ലാവരും ഡിഫറെൻറ് ആണ്…. നീ വളരെ വളരെ ഡിഫറെൻറ് ആണ്. മറ്റാർക്കും ഇല്ലാത്തൊരു സ്പെഷ്യാലിറ്റി നിനക്കുണ്ടെന്ന് പറയുന്നതിൽ എന്താടോ ഒരു നാണക്കേട്?”
വിടർന്ന കണ്ണുകളോടെ അവൾ പാച്ചുവിനെ തന്നെ നോക്കി നിന്നു.
“നമ്മുടെ ക്ലാസ്സിൽ മറ്റാരേക്കാളും നന്നായി നീ ഇംഗ്ലീഷ് ഹാൻഡിൽ ചെയുന്നുണ്ട്…. എന്നിട്ടും മിസ്സ് ചോദിച്ചപ്പോൾ എന്തിന് മിണ്ടാതെ നിന്നു?”
ആ ചോദ്യത്തിൽ അവളുടെ ശിരസ്സ് താണു.
“എ… എനിക്ക് ഒന്നും പ… പ… പറയാൻ പറ്റില്ല. എല്ലാരും ക..ക…കളിയാക്കും. I… I can’t.”
നിറ കണ്ണുകളോടെ അവൾ പറയുന്നത് കേട്ട് പാച്ചു പൊട്ടി ചിരിച്ചു.
“കളിയാക്കും…. അത് ഉറപ്പല്ലേ…. അതിനല്ലേ ദൈവം ഈ മുപ്പത്തിരണ്ട് പല്ല് തന്നേക്കുന്നത്. കളിയാക്കി ചിരിക്കുന്നവരുടെ കൂടെയങ്ങ് കൂടി നമ്മളും ചിരിക്കണം. ഈ ലോകത്തെ പകുതി മുക്കാൽ പ്രശ്നങ്ങൾക്കും കാരണം നമ്മുടെയൊക്കെ മനസ്സ് തന്നെയാണ്. സന്തോഷിക്കാൻ ഈ ലോകത്ത് ഒരുപാടൊരുപാട് കാര്യങ്ങൾ ഉണ്ടാവുമ്പോഴും നമ്മളൊക്കെ സങ്കടങ്ങളും കെട്ടി പൂട്ടി ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കും. ഹാ… പിന്നെ വേറൊരു കാര്യം കൂടെ ഉണ്ട് കേട്ടോ, എത്രയൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും നമ്മുടെയൊക്കെ മനസ്സിന് ചായ്വ് എന്നും സങ്കടങ്ങളോട് തന്നെയാവും…, അങ്ങനെയുള്ളപ്പോൾ മനസ്സിനോട് മാത്രമായി ഒരു സ്വകാര്യം പറയണം.
അല്ലയോ പ്രിയ മനസ്സേ… വരൂ….. സന്തോഷങ്ങളുടെ മേച്ചിൽപുറങ്ങളിലേക്ക് നിന്നെ ഞാൻ വഹിച്ച് കൊള്ളാം…. മിന്നുന്ന താരങ്ങളിൽ, പൊഴിയുന്ന പൂക്കളിൽ, മറയുന്ന സൂര്യനിൽ…. അങ്ങനെ അങ്ങനെ….. നീ അറിയാത്ത കാഴ്ചകളൊക്കെയും നിനക്കായ് മാത്രം ഞാൻ മാറ്റി വെക്കാം
കൈകൾ ഉയർത്തി മുന്നോട്ട് നടന്ന് പുഞ്ചിരിച്ചുകൊണ്ടവൾ പറയുന്നതെല്ലാം കൗതുകത്തോടെ അവർ നോക്കി നിന്നു. പാച്ചു ഒരു നിമിഷം രണ്ട് പേരെയും തിരിഞ്ഞ് നോക്കി. പിന്നെ പൊട്ടി ചിരിച്ച് രണ്ട് പേർക്കും നടുവിൽ വന്ന് നിന്ന് അവരുടെ കൈകൾ കവർന്നെടുത്തു.
“ലൈഫ് ഒന്നേ ഉള്ളൂ….ബട്ട് അത് ചെറുതല്ല…. It’s big….. ജീവിക്കുന്ന ഓരോ നിമിഷവും വളരെ വളരെ വലുതാണ്. നമ്മുടേത് മാത്രമെന്ന് പറയുവാൻ ഈ ഭൂമിയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് മാത്രമാണ്. This life…., അതിന് കണ്ണീരിന്റെ നനവ് നൽകാതെ പുഞ്ചിരിയുടെ നിറങ്ങൾ നൽകി മനോഹരമാക്കി നോക്ക്….. ലോകത്തിൽ ഈ ജീവിതത്തേക്കാൾ സുന്ദരമായ മറ്റൊന്നും നിങ്ങൾക്കപ്പോൾ കാണാൻ പറ്റില്ല. It’s a heaven guy’s”
പാത്തു ഒരു ചിരിയോടെ അവളെ കേട്ട് നിന്നു. നിറഞ്ഞ് വന്ന കണ്ണുകൾ പുറം കൈയാൽ തുടച്ചുകൊണ്ട് ആ പെൺകുട്ടിയും അവളെ ആഞ്ഞ് പുൽകി.
“ത്.. ത്… താങ്ക്സ്…”
പാച്ചുവും അവളെ തിരികെ പുൽകി.
“ഞാൻ.. വ… വചന. എല്ലാരും വി.. വി…വി..”
“വിച്ചു….”
പറയാൻ ബുദ്ധിമുട്ടുന്ന വചനയെ കണ്ട് പാച്ചു ചിരിയോടെ വിളിച്ചു..
“Yes… വിച്ചു.”
മൂന്ന് സൗഹൃദങ്ങളുടെ തുടക്കമായിരുന്നു അത്. ആടിപാടി അവർ ഓരോന്നും പറഞ്ഞ് മുന്നോട്ട് നീങ്ങി. വിചുവിന് പറയുവാൻ ഉള്ളതത്രയും അവളുടെ വീട്ടുകാരെ കുറിച്ചായിരുന്നു. അച്ഛൻ… അമ്മ… സ്നേഹം മാത്രം തരുന്ന ഏട്ടൻ. പാച്ചു കൗതുകത്തോടെ അതെല്ലാം കേട്ട് നിന്നു.
“ഞാൻ… പോ.. പോട്ടെ.. അച്ഛൻ വ.. വന്നിട്ടുണ്ട്.”
വിച്ചു ചിരിച്ചുകൊണ്ട് രണ്ട് പേരോടും യാത്ര പറഞ്ഞ് മുന്നോട്ട് നീങ്ങി. ഗേറ്റിന് മറുവശത്ത് അവളുടെ അച്ഛൻ നിൽപുണ്ടായിരുന്നു. അവൾ ആവേശത്തിൽ അദ്ദേഹത്തോട് വിശേഷങ്ങൾ പറയുന്നുണ്ട്. ഇടക്ക് പൊട്ടി ചിരിക്കുന്നുണ്ട്. അയാൾ അവളെ ചേർത്ത് പിടിച്ച് കാറിൽ ഇരുത്തുന്നതും പുഞ്ചിരിയോടെ സംസാരിക്കുന്നതുമെല്ലാം പാച്ചു കണ്ണെടുക്കാതെ നോക്കി നിന്നു.
“ന്തോന്നാടി നീ നോക്കുന്നെ?”
“എ… എന്താ?”
“എത്ര നേരായി നിന്നെ വിളിക്കുന്നു? നീ ഏത് ലോകത്താ?”
“അല്ല ഞാൻ വെറുതെ….”
“ഹാ… വാ… ഇക്കാക്ക എവിടെയാണോ എന്തോ?”
☘️☘️☘️☘️☘️☘️☘️☘️☘️
“എടാ…. നീ അവളോട് വല്ലതും ചോദിച്ചോ?”
ഒരു ചിരിയോടെ മരച്ചുവട്ടിൽ ഇരിക്കുന്ന ടെൽവിനോട് അക്കു ചോദിച്ചു.
“മ്മ്…. പേര് മാത്രം. പ്രതീക്ഷ.”
“ആഹാ… കൊള്ളാല്ലോ…. നല്ല പേര്.”
ശരത് ചിരിയോടെ പറഞ്ഞു.
“അവൾ പ്രിൻസിയുടെ പെറ്റ് ആണെടാ.”
“ഏഹ്…. പ്രിൻസി പെറ്റോ? എപ്പോ? എങ്ങനെ? എവിടുന്ന്?”
അത്രയും നേരം കാമുകിയോട് സൊള്ളിക്കൊണ്ടിരുന്ന അഭി ചാടി എഴുനേറ്റ് ചോദിച്ചു.
“ഓ… ഇവനെ ഞാൻ…. എടാ പെറ്റ്… പെറ്റ്”
അക്കു അവന്റെ തലക്ക് അടിച്ച് പറഞ്ഞു.
“ഓഹ്… അങ്ങനെ… ഞാനങ് വല്ലാതായി.”
“പ്രിൻസി പെറ്റാൽ നിന്റെ കഞ്ഞികുടി മുട്ടുമോടാ നാറി….”
“കഞ്ഞികുടി മുട്ടിയാൽ മാത്രേ വല്ലാതാവാൻ പാടു? ഒന്ന് പോണം മിഷ്ടർ…. ഹലോ മോളെ എലീനെ… നീ പറ മുത്തേ”
അക്കുവിനെ തള്ളി മാറ്റി അവൻ വീണ്ടും പഴയ പൊസിഷനിൽ തന്നെ വന്നിരുന്നു.
“എടാ നീ സീരിയസ് ആണോ? എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല. ഇത്രേം കാലം വേറെ ഒരു പെൺകുട്ടിയെയും നീ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ട് കൂടിയില്ല. അറ്റ്ലീസ്റ്റ് ഭംഗിയുണ്ടെന്ന് പോലും പറയുന്നത് കേട്ടിട്ടില്ല. എന്നിട്ടും…. ഒറ്റ നിമിഷംകൊണ്ട് എങ്ങനെയാട പ്രേമമൊക്കെ തോന്നുന്നേ?”
ശരത് ടെൽവിയുടെ തോളിൽ കൈയിട്ട് ചോദിച്ചു.
“അറിയില്ലെടാ…. എനിക്ക് അറിയില്ല. അവൾ സുന്ദരിയാണോ, കാണാൻ അഴകുണ്ടോ ഒന്നും അറയില്ല. ബട്ട് അവളുടെ ആ കണ്ണുകൾ…… ഈ ലോകത്തെ സന്തോഷങ്ങൾ മുഴുവനും ആ കണ്ണുകളിൽ മാത്രമായി ചുരുങ്ങുന്ന പോലെ തോന്നുവാടാ. എന്തൊരു പോസ്റ്റിവിറ്റി ആണെടാ അവൾക്ക്… ഏത് നേരവും ചിരി മാത്രം…. എന്തുകൊണ്ടോ എപ്പോഴും കണ്ടോണ്ടിരിക്കാൻ തോന്നുവാ. ഇന്നേവരെ ആരോടും തോന്നാത്തൊരു ഫീലിംഗ്….”
“ഓയ് ടെൽവിൻ ചേട്ടാ….”
പറഞ്ഞ് തീരും മുന്നേ ദൂരെ നിന്നും പാത്തുമ്മയുടെ കൈയ്യും പിടിച്ച് വലിച്ച് പാച്ചു ഓടി വന്നു. അവൻ ഒരു ചിരിയോടെ അവളെ നോക്കി നിന്നു.
“എവിടെ പോയി കിടക്കുവായിരുന്നെടാ മാക്രി നീ?”
ചെന്ന പാടെ പാത്തുമ്മ അക്കുവിന്റെ വയറ്റിന്നിട്ട് കുത്തി. ഫാത്തിമയുടെ സഹോദരൻ ആണ് അക്കു എന്ന അക്ബർ. അക്കു ആണെങ്കിൽ പാത്തുവിനോട് പുരികം പൊക്കി പാച്ചുവിനെ പറ്റി ചോദിക്കുന്നുണ്ട്. അവൾക്കാണെങ്കിൽ ഒരു കുന്തവും മനസ്സിലാവുന്നും ഇല്ല.
“നിന്റെ പെങ്ങൾ ആണോടാ?”
ശരത്ത് ചോദിച്ചപ്പോൾ അവൻ പാത്തുവിനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.
“എന്നെ ന്താ ആരും പരിചയപ്പെടാത്തെ?”
ചുണ്ട് കൂർപ്പിച്ച് പാച്ചുവിന്റെ കുറുമ്പോടെയുള്ള ചോദ്യം കേട്ട് എല്ലവരും ചിരിച്ചു.
“ഹൈ… ഞാൻ പ്രതീക്ഷ.”
അവൾ ചിരിയോടെ ശരത്തിന് നേരേ കൈനീട്ടി. അവനും ചിരിച്ചുകൊണ്ട് അവൾക്ക് കൈകൊടുത്തു.
“ഹ…. നിന്നിൽ ആണ് മോളെ ഇവിടെ പലർക്കും പ്രതീക്ഷ.”
അഭിയുടെ അർത്ഥം വെച്ച സംസാരം കേട്ട് ടെൽവിൻ അവന്റെ കാലിൽ ചവിട്ടി.
“ടെൽവിൻ ചേട്ടൻ ന്താ മിണ്ടാതെ നിൽക്കുന്നെ?”
അവളുടെ ചോദ്യം കേട്ട് ടെൽവിൻ നെറ്റി ചുളിച്ചു.
“ഏഹ്? ഇച്ചായൻ വിളി പോയോ അപ്പോൾ?”
അവൻ ഊരക്ക് താങ്ങ് കൊടുത്ത് അവളെ നോക്കി.
“അത് പിന്നെ…. രാവിലെ എനിക്ക് ഇയാളോട് പ്രേമം ആയിരുന്നില്ലേ… അതോണ്ടാ ഇച്ചായൻ എന്ന് പറഞ്ഞത്. ഇപ്പോൾ പ്രേമം പോയപ്പോൾ ചേട്ടൻ എന്ന് വിളിച്ചു.”
“ആഹാ…. രാവിലെ പ്രേമം, വൈകിട്ട് തേപ്പ്… അന്തസ്സ്.”
പാച്ചുവിന്റെ വർത്താനം കേട്ട് അഭി കിടന്ന് കിണിക്കാൻ തുടങ്ങി. ടെൽവിൻ ആണേൽ ഇതെന്ത് കൂത്ത് എന്ന കണക്കെ അവളെ നോക്കി നിൽക്കുന്നു.
“പാച്ചു….”
ദൂരെ നിന്നും ഒരു കൊച്ചു സുന്ദരി കൈകൾ വിടർത്തി അവളുടെ അരികിലേക്ക് ഓടി വന്നു. പാച്ചു ചിരിയോടെ മുട്ടിൽ ഇരുന്ന് അവൾക്ക് നേരേ കൈകൾ വിടർത്തി.
“എന്താടാ കിങ്ങിണി?”
“മോള് പോകുവാ…. അത് പറയാൻ വന്നത.”
“ആണോ…. എങ്കിൽ വേഗം വീട്ടിൽ പൊക്കോ. നാളെ വരുമ്പോൾ മോൾക്ക് പാച്ചു ഒരു കുഞ്ഞ് സമ്മാനം തരാം ട്ടോ.”
അവളുടെ ഉണ്ട കവിൾ ചുണ്ട് ചേർത്ത് പാച്ചു പറഞ്ഞു.
“സമ്മാനമോ? സത്യം”
“ആട കണ്ണാ… സത്യം.”
“ഹൈ… നല്ല പാച്ചുവാ…. ഉമ്മ…”
പാച്ചു അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ചു.
“എങ്കിൽ മോള് പൊക്കോ. അമ്മ കാത്ത് നിൽക്കുന്നില്ലേ “
അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് ദൂരെ അവരെ നോക്കി നിൽക്കുന്ന രാഗിണിയുടെ അടുത്തേക്ക് ചെന്നു. അവർ പാച്ചുവിന് നേരേ കൈവീശി നടന്നകന്നു.
“ആരാടി അത്?”
പാത്തുമ്മ ആളെ മനസ്സിലാവാതെ അവളോട് ചോദിച്ചു.
“കാൻറ്റീനിലെ രാഗിണി ചേച്ചിടെ മോളാണ്.”
“ഏഹ്… നീയെപ്പോ പരിചയപെട്ടു?”
“ഉച്ചക്ക്…”
“എന്നിട്ട് ഞാൻ കണ്ടില്ലല്ലോ…”
“ഫുഡിൽ തല പൂഴ്ത്തി വെച്ചാൽ കാണില്ല.”
അവളുടെ കുറുമ്പ് നിറഞ്ഞ സംസാരവും പുഞ്ചിരിക്കുന്ന കണ്ണുകളും എല്ലാം ടെൽവിൻ കൗതുകത്തോടെ നോക്കിക്കാണുവായിരുന്നു ആ നേരമെല്ലാം. പാച്ചു വാതോരാതെ അവരോടെല്ലാം സംസാരിച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. അഭിയും അക്കുവും പെട്ടന്ന് തന്നെ അവളോട് കൂട്ടായി. ഇന്നേവരെ അവർ നാല് പേരും മാത്രമുണ്ടായിരുന്ന ലോകത്ത് പുതിയ വർണങ്ങൾ വന്ന് നിറയും പോലെ. ശരത്തിന്റെ കണ്ണുകളും അന്നേരം അവളിൽ മാത്രമായിരുന്നു. അവളുടെ കുറുമ്പുകളിൽ, പുഞ്ചിരിയിൽ, അവനും എന്തൊക്കെയോ തേടികൊണ്ടിരുന്നു.
“എന്താ ഏട്ടായി നോക്കുന്നെ?”
സ്നേഹം നിറച്ചുള്ള അവളുടെ വിളിയിൽ ശരത്തിന്റെ ഉള്ളൊന്ന് കാളി. അവന്റെ കണ്ണിൽ അറിയാതെ ഒരു നീർതിളക്കം പൊടിയുന്നത് അവളും ശ്രദ്ധിച്ചു.
“ഞാൻ അങ്ങനെ വിളിച്ചോട്ടെ?”
അവൻ ചിരിയോടെ അവളെ മാറോട് ചേർത്ത് വാത്സല്യത്തോടെ നെറുകിൽ ചുംബിച്ചു.
“മോള് വിളിച്ചോ.”
പാച്ചു ചിരിയോടെ തലയാട്ടി. നേരം വൈകിയതും എല്ലാവരും പോകാൻ ഒരുങ്ങി. പാത്തുമ്മ അക്കുവിന്റെ കൂടെയാണ് പോകുന്നത്.
“നീയെങ്ങനെ പോകുമെടി?”
“ഞാൻ നടക്കും.”
“അത്രേം അടുത്താണോ?”
“ഇവിടുന്ന് ഒരു അഞ്ചു മിനുറ്റ് നടന്നാൽ മതി. എങ്കിൽ ഞാൻ പോട്ടെ…. നാളെ കാണാം ട്ടോ.”
ടെൽവിൻ അവളോടെന്തോ ചോദിക്കാൻ വന്നെങ്കിലും അവളത് കേൾക്കാതെ മുന്നോട്ട് നടന്നു. എല്ലാവരും ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു.
☘️☘️☘️☘️☘️☘️☘️☘️☘️
അടുത്ത ദിവസം ക്ലാസ്സിൽ നേരം വൈകിയാണ് പാച്ചു എത്തിയത്. തിരിഞ്ഞ് നിന്ന് ബോർഡിൽ എന്തോ എഴുതുന്ന ദീപ മിസ്സ്നേ കണ്ട് പാച്ചു തലച്ചൊറിഞ്ഞ് ക്ലാസ്സിലേക്ക് നോക്കി. പിൻ സീറ്റിൽ അവളെയും നോക്കി ഇളിച്ചോണ്ട് വിച്ചുവും പാത്തുമ്മയും ഇരിപ്പുണ്ട്.
“മിസ്സേ….”
ഒരു പ്രത്യേക താളത്തിൽ അവളുടെ നീട്ടിയുള്ള വിളികേട്ട് ക്ലാസ്സിൽ എല്ലാവരും ചിരിക്കാൻ തുടങ്ങി. മിസ്സ് തിരിഞ്ഞ് നിന്ന് അവളെ അടിമുടി നോക്കി പുരികം ചുളിച്ചു.
“പ്രതീക്ഷ…. എന്താ ഇത്? ടൈം എത്രയായി എന്ന് അറിയുമോ?”
“മിസ്സിന്റെ കൈയിൽ വാച്ച് ഇല്ലേ… അതിൽ നോക്കിയാൽ പോരെ…. അതോ ഓടാത്ത വാച്ച് ആണോ? എടാ രാഹുലെ മിസ്സിന് സമയം പറഞ്ഞ് കൊടുത്തേ.”
അതൂടെ കേട്ടതും ക്ലാസ്സ് മൊത്തം ചിരിക്കാൻ തുടങ്ങി.
“സൈലെൻസ്.”
മിസ്സ് ടേബിളിൽ അടിച്ചുകൊണ്ട് ഒച്ചയെടുത്തു.
“അതേയ്…. ഇത് സത്രം അല്ല…”
“അയ്യോ മിസ്സേ… ഞാൻ സത്രത്തിലേക്ക് അല്ല… കോളേജിലേക്ക് തന്ന വന്നത്.”
“നീയേ അവിടെ തന്നെ നില്ല് കുറച്ച് നേരം. അപ്പോൾ പഠിക്കും”
അതും പറഞ്ഞ് മിസ്സ് ക്ലാസ്സ് എടുക്കാൻ തുടങ്ങി.
“അകത്തല്ലേ പഠിപ്പിക്കുന്നത്…. പിന്നെ പുറത്തൂന്ന് ഞാൻ എന്തോ പഠിക്കാനാ…. ഹും…”
അവൾ മിസ്സിനെ നോക്കി കോക്രി കാട്ടി ജനലിന്റെ അരികിൽ ചെന്നു. ജനൽ ആണെങ്കിൽ അഴികൾ ഇല്ലാത്ത ഒരു മിനി വാതിൽ ആണ്. പാച്ചു മിസ്സിനെ ഒന്ന് സൂക്ഷിച്ച് നോക്കി. അവിടെ അപ്പോഴും എഴുത്ത് തന്നെ. പാച്ചു ശബ്ദം ഉണ്ടാകാതെ ജനൽ വഴി അകത്ത് കയറി വിച്ചുവിന്റെയും പാത്തുവിന്റെയും നടുക്ക് സ്ഥാനം ഉറപ്പിച്ച് തല താഴ്ത്തി ഒതുങ്ങി ഇരുന്നു.
“പ്രതീക്ഷ get in…”
“ഓഹ്… കോ പ്പ്…. ഇതിനാണോ എന്നെ പുറത്ത് നിർത്തിയത്?”
പ്രതീക്ഷിക്കാതെ ടീച്ചർ അത് പറഞ്ഞതും പാത്തുവും വിച്ചുവും വാപൊത്തി ചിരിക്കാൻ തുടങ്ങി.
“Get in….”
രണ്ട് വട്ടം പറഞ്ഞിട്ടും അവൾ കേറുന്നത് കാണാഞ്ഞിട്ട് മിസ്സ് പുറത്തേക്ക് ഇറങ്ങി നോക്കാൻ ചെന്നു.
“മിസ്സേ…”
കള്ള ചിരിയോടെ ക്ലാസ്സിന്റെ അകത്ത് നിന്ന് അവൾ വിളിച്ചതും മിസ്സ് പുറത്തേക്കും അവളിലേക്കും മാറിമാറി നോക്കി. പാച്ചു ആണെങ്കിൽ കുറ്റം പിടിക്കപ്പെട്ട കൊച്ചു പിള്ളേരെ പോലെ ചുണ്ട് പിളർത്തി തലയും താഴ്ത്തി നിൽക്കുന്നു. അത്രേം നേരം ഗൗരവം പിടിച്ച് നിന്ന മിസ്സ് പോലും അവളുടെ ആ നിൽപ്പ് കണ്ട് ചിരിച്ച് പോയി.
“ഇരിക്ക് ഇരിക്ക്….”
മിസ്സിനെ നോക്കിയോന്ന് ഇളിച്ച് കൊടുത്ത് അവൾ ഇരുന്നു.
“എടി….. അപ്പുറത്തെ ക്ലാസ്സിലെ ശ്രുതി ഇല്ലേ,?”
പാത്തു ശബ്ദം താഴ്ത്തി പറഞ്ഞു.
“അവൾക്കെന്ത?”
“എടി അവൾ മുടിയൊക്കെ വെട്ടി ബോയ് കട്ട് ആക്കിയെടി…. എന്നാ ലുക്ക് ആണ് മോളെ…,”
പാത്തുമ്മയുടെ വർത്താനം കേട്ട് പാച്ചു അവളെ ഇരുത്തി നോക്കി.
“നീയല്ലെടി ഇന്നലെ അവൾ ശരിയല്ല ഡ്രസിങ് ശരിയല്ല എന്നൊക്കെ കുറ്റം പറഞ്ഞത്…,”
“എന്ന് കരുതി…. ഇപ്പോൾ എന്തായാലും മൊഞ്ചായിണ്ട്….”
“എടി… ഞാൻ ബോയ് കട്ട് അടിച്ചാൽ എങ്ങനെ ഇരിക്കും?”
“വ.. വളരെ ബോ… ബോ..ബോ… ബോറായിരിക്കും.”
വിച്ചുവിന്റെ സംസാരം കേട്ട് അവർ തല ചരിച്ച് നോക്കി. കണ്ടാൽ തോന്നും ശ്രദ്ധ മൊത്തം ക്ലാസ്സിൽ ആണെന്ന്. അമ്മാതിരി അഭിനയം.
“ഫാത്തിമ… എന്താ അവിടെ?”
പെട്ടന്ന് മിസ്സ് വിളിച്ച് ചോദിച്ചതും പാത്തുമ്മ പരുങ്ങാൻ തുടങ്ങി.
“അത് മിസ്സേ കൂറാച്ചി….”
വായിൽ തോന്നിയത് വിളിച്ച് കൂവിയതും പാച്ചു അടക്കം എല്ലാരും ചിരിക്കാൻ തുടങ്ങി.
“അത് പിന്നെ… കൂറ… താഴെയൊരു കൂറ.”
“നിങ്ങൾ ഇങ്ങനെ സംസാരിച്ച് അടുത്തിരുന്ന് ശ്രദ്ധിക്കുന്ന ആ വചനയെ കൂടെ കേടാക്കരുത്.”
അത് കേട്ടതും പാച്ചു വിച്ചുവിനെ ഇരുത്തി നോക്കി.
“ഇവൾക്കോ ശ്രദ്ധയോ….”
“അടങ്ങി ഇരുന്നില്ലേൽ രണ്ടിനേം പിടിച്ച് പുറത്തിടും പറഞ്ഞേക്കാം.”
അതോടെ രണ്ട് പേരും ഡീസെന്റ് ആയി ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.
☘️☘️☘️☘️☘️☘️☘️☘️☘️
“എടി… നീയിതൊക്കെകൊണ്ട് എന്ത് ചെയ്യാൻ പോകുവാ?”
കൈയിൽ വലിയൊരു കവറുമായി കാൻറ്റീനിലേക്ക് കയറിയ പാച്ചുവിനെ കണ്ട് വിച്ചുവും പാത്തുവും അന്തം വിട്ടു.
“ഇത് കിങ്ങിണിക്ക് കൊടുക്കാന. നിങ്ങൾ ചെല്ല്. ഞാൻ വന്നേക്കാം.”
അവരെ പറഞ്ഞയച്ച് അവൾ കിങ്ങിണിയുടെ അരികിലേക്ക് ചെന്നു. അവളുടെ കൈയില്ലേ കവറിലേക്കായിരുന്നു കിങ്ങിണിയുടെ നോട്ടം.
“ദാ… എന്റെ കിങ്ങിണി മോൾക്ക്. ഇനി നാളെ തൊട്ട് ഈ യൂണിഫോമും ബാഗും ബുക്കുമൊക്കെയായി കിങ്ങിണിയും പഠിക്കാൻ പോവും.”
ആ കുഞ്ഞിക്കണ്ണുകൾ സന്തോഷംകൊണ്ട് വിരിയുന്നത് അവൾ പുഞ്ചിരിയോടെ നോക്കി നിന്നു. യൂണിഫോമും ബാഗുമെല്ലാം അവൾ കൗതുകത്തോടെ തൊട്ട് തലോടികൊണ്ടിരിപ്പാണ്.
“മോളെ… ഇത്….ഇതൊക്കെ?”
കിങ്ങിണിയുടെ അമ്മ നിറകണ്ണുകളോടെ പാച്ചുവിനെ നോക്കി.
“നമ്മുടെ കഷ്ടപ്പാടിന് മക്കളുടെ ആഗ്രഹങ്ങൾ ന്തിനാ ചേച്ചി മാറ്റി വെക്കുന്നത്. അവൾക്കും ഉണ്ടാവില്ലേ മറ്റുള്ള കുട്ടികളെ പോലെ കളിക്കാനും പഠിക്കാനും എല്ലാം ആഗ്രഹം… അവൾ പഠിക്കട്ടെ… പഠിച്ച് വലിയ ആളവും.”
“പക്ഷെ…. ഇത്രേം പൈസ… എന്റെൽ ഇതിനൊന്നും പകരം തരാൻ,”
“എന്റേൽ ഇത്രേം പൈസയൊന്നും ഇല്ലാ കേട്ടോ. അഡ്മിഷൻ ശരിയാക്കിയതൊക്കെ എന്റെ വീട്ടുകാരാ. അവരോട് ഞാൻ ഇന്നലെ ഇവളെ പറ്റി പറഞ്ഞിരുന്നു. ചേച്ചി ഒന്നും ഓർത്ത് വിഷമിക്കണ്ട. നാളെ മുതൽ നമ്മടെ കിങ്ങിണിയും പഠിക്കാൻ പോകുന്നു. പോരെ. പിന്നെ പകരം തരുന്ന കാര്യം. ദേ നോക്കിയേ അവളുടെ മുഖത്തെ സന്തോഷം. ഇതിലും വലുതായി ഒന്നും പകരം തരാൻ കഴിയില്ല ചേച്ചി.”
അവർ ചിരിയോടെ പാച്ചുവിന്റെ നെറുകിൽ തലോടി. കാര്യങ്ങൾ എല്ലാം പറഞ്ഞ് തിരിച്ച് നടക്കാൻ ഒരുങ്ങിയതും പിന്നിൽ കൈയ്യും കെട്ടി ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ടെൽവിനെ കണ്ട് അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.
“ഇച്ചായ…”
തന്റെ കൈകളിൽ തൂങ്ങി അവൾ വിളിച്ചതും അവന്റെ കണ്ണുകൾ തിളങ്ങി.
“പ്രേമം തോന്നിയോടോ പാച്ചുവേ ഇപ്പോൾ?”
“കുറെ നേരമായി എന്റെ ചോര ഊറ്റി കുടിക്കുവായിരുന്നല്ലോ? ഞാൻ കാണുന്നുണ്ട്. ഇമ്മാതിരി നോട്ടം നോക്കിയാൽ ആർക്കാ ഇച്ചായ പ്രേമം തോന്നത്തെ…”
അത് കേട്ട് അവനും ഒന്ന് പുഞ്ചിരിച്ചു.
“മ്മ്…. പഫ്സ് മേടിച്ചേരുവോ?”
അവൻ ഒന്ന് തലയാട്ടി അവളെയും ചേർത്ത് അവർക്കരികിലേക്ക് ചെന്നു. എന്നാൽ അവിടെ ചെന്നപ്പോൾ കാണുന്നത് കരഞ്ഞോണ്ടിരിക്കുന്ന വിച്ചുവും ചായയിൽ മുങ്ങി പകച്ചിരിക്കുന്ന ശരത്തിനെയുമാണ്.
തുടരും…