അയാളും ഞാനും തമ്മിൽ…
Story written by Lini Aswathy
:::::::::::::::::::::::::::::::::::::::::
‘എന്തിനാണ് നീ അയാളെക്കുറിച്ച് ഇത്രയും വാചാലയാകുന്നത്? വിളിക്കാൻ കാത്തിരിക്കുന്നത്. അയാൾ നിന്റെ ആരായിട്ടാണ്?
ഇത്രയും ചോദിച്ച് എന്റെ പ്രിയകൂട്ടുകാരി ശ്രീജയ ഗൗരവത്തോടെ നോക്കി. പെട്ടെന്നൊരുത്തരം പറയാൻ അറിയാത്തത്കൊണ്ട് പുഞ്ചിരിയോടെ അൽപനേരം അവളെ നോക്കി…ശേഷം ആമിയുടെ വാക്കുകൾ കടമെടുത്ത് കാവ്യാത്മകമായി ഇത്രയും പറഞ്ഞു..
” ഞാൻ അയാളെ സ്നേഹിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ അതിനു കാരണങ്ങൾ പറയുവാൻ എനിക്ക് ഒരിക്കലും സാധിക്കയില്ല, എനിക്ക് കാരണങ്ങൾ അറിയുകയുമില്ല ‘
‘ഇതിന്റെ പേര് ശുദ്ധഭ്രാന്ത് എന്നാണ്.അയാൾ നിന്റെ ആത്മ സുഹൃത്ത് മാത്രമാണെന്ന് നീ പറയണമായിരുന്നു”. അവൾ പോകാനായി എഴുന്നേറ്റുകഴിഞ്ഞു.
പരിഭവിച്ചു പറയുന്നവളുടെ മുഖം കാണെ എനിക്ക് വീണ്ടും ചിരിവന്നു..എങ്കിലും പറഞ്ഞു..
“എനിക്കറിയാഞ്ഞിട്ടാണ്.. ശരിക്കും അറിയില്ല “.
” നീയീ സ്വപ്നലോകത്തൂന്ന് ഒന്ന് താഴേക്ക് വരാവോ ആദ്യം ?
ഗൗരവം വിടാതെ പറഞ്ഞശേഷം അവൾ നടന്നുപോയി..കപട ഗൗരവം എന്നോർത്തു മനസ്സിൽ ചിരിച്ചു.. എങ്കിലും ചിന്തിച്ചു….
ആരാണ് എനിക്കയാൾ? സത്യമായും ഞാനതിനെ നിർവചിച്ചിട്ടില്ലായിരുന്നു. നഗരത്തിലെ തിരക്കിൽ എട്ടുവർഷം മുൻപ് പരിചയപ്പെട്ട ഒരു കച്ചവടക്കാരൻ.
ഉയർന്ന വിദ്യാഭ്യാസയോഗ്യതകൾ അവകാശപ്പെടാനില്ലെങ്കിലും സ്വന്തമായി തുടങ്ങിയ ബിസിനസ്സിൽ അയാൾ വിജയിച്ചിരുന്നു.
ഒരേ നഗരത്തിലെ ജോലിയും ജീവിതവും മൂലം പലവട്ടം കാണുമായിരുന്നു..മാസത്തിൽ ഒന്നോ രണ്ടോ തവണ അയാളെന്നെ വിളിച്ചിരുന്നു..ആത്മ മിത്രത്തോടെന്നപോലെ സംസാരിക്കും.. എന്റെ ജോലിക്കാര്യങ്ങളും കുടുംബ കാര്യങ്ങളും നന്നായി ചോദിച്ചറിയും.. ചെറിയ ടെൻഷനുകൾ പറയുമ്പോൾ നിസ്സാരമായി തള്ളിക്കളഞ്ഞ് മറ്റുള്ളവരുടെ വലിയ ദുഃഖങ്ങൾ ഓർമപ്പെടുത്തും…
സ്വതവേയുള്ള എന്റെ അലസതയും മടിയും എപ്പോഴോ മനസിലാക്കിയിരുന്നു..മാനസ്സികോല്ലാസം തരുന്ന കാര്യങ്ങൾ ചെയ്ത് സന്തോഷമായിരിക്കുവാൻ ഉപദേശിക്കും. ശാന്തമായ ജീവിതമാണ് എന്റേതെന്നതിൽ അയാൾ എപ്പോഴും സന്തോഷിച്ചിരുന്നു. തന്റെ ചെറിയ പെണ്മക്കളെക്കുറിച്ച് “അവരെന്റെ രണ്ടുകണ്ണുകളാണെന്നു ” വാത്സല്യം നിറഞ്ഞ് പറയും.
വലിയ തിരക്കിൽപ്പെട്ടുപോകുമ്പോഴും എന്തിനാണ് കൃത്യമായ ഇടവേളകളിൽ അയാളെന്നെ വിളിക്കാറുള്ളത്..
ഒരിക്കൽപ്പോലും അങ്ങോട്ട് വിളിക്കണമെന്നോ മെസ്സേജ് ചെയ്യണമെന്നോ ആവശ്യപ്പെട്ടില്ല… സ്നേഹമോ സൗഹൃദമോ തിരിച്ചു പ്രതീക്ഷിക്കുന്നില്ലന്നാണ് പലപ്പോഴും തോന്നിയിരുന്നത്.ചെറിയ വിഷമങ്ങൾ അയാളോട് പങ്കുവയ്ക്കാൻ ആഗ്രഹിച്ചിട്ടുണ്ട്..
അടുത്ത സൗഹൃദങ്ങൾ നന്നേ കുറവുള്ള ആളായിരിന്നു ഞാൻ.
ശ്രീജയയെ കാണുമ്പോൾ ഇതെല്ലാം കൃത്യമായിത്തന്നെ പറയണം. അവൾക്ക് വേണ്ടത് ഞാനയാളെ പ്രണയിക്കുന്നില്ലെന്ന ഉറപ്പ് മാത്രമാണ് . ചിലപ്പോൾ അവളോട് ഞാൻ പറയാൻ പോകുന്നത് ഇങ്ങനെയാവാം…
” ശ്രീ, അയാളെനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരാൾ ആണ്… അയാളുടെ കരുതൽ എനിക്കാവശ്യമില്ലെങ്കിൽക്കൂടി ഞാനത് ഇഷ്ടപ്പെടുന്നു, വാക്കുകൾ എനിക്ക് ഉന്മേഷം നൽകാറുണ്ട്.. അയാളുടെ ചില ചെറിയ വലിയ കാഴ്ചപ്പാടുകളോട് പ്രണയവുമുണ്ട്.
ജീവിതത്തിരക്കിൽപ്പെട്ട് ഇനി ഒരിക്കലും സംസാരിച്ചില്ലെങ്കിലും സാരമില്ല… എന്നും സൂക്ഷിച്ചു വയ്ക്കാനുള്ള ഒരു മയിൽപ്പീലിത്തുണ്ടാണ് എനിക്കയാൾ”…
ശ്രീക്ക് ഇത്രയും വിശദീകരണം മതിയാവും..ആരെയുംകാൾ എന്നെ മനസ്സിലാക്കാൻ കഴിവുള്ളവളാണ്. സമാധാനമുള്ള മനസോടെ തിരികെ വരുമ്പോൾ വീണ്ടും ആമിയുടെ വാക്കുകൾ മനസ്സ് കടംകൊണ്ടിരുന്നു ….
“അയാൾ എന്റെ ആരായിരുന്നു? മുരുക്കുപൂവുകൾ കത്തിയെരിയുന്ന ആ വേനലിൽ, നന്ത്യാർവട്ടപ്പൂവുകൾ എന്റെ തലമുടിയിൽ ചൂടിത്തന്ന ആ ചെറുപ്പക്കാരൻ എന്നിൽനിന്നും എന്താണ് പ്രതീക്ഷിച്ചത്?
” നീ എന്റെ കണ്ണിൽ ഒരു ദേവിയാണ്, നിന്റെ ശരീരവും എനിക്ക് പവിത്രമാണ്.. ഞാനതിനെ അപമാനിക്കയില്ല “
.. liniaswathy..