കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതി സ്വയമൊന്നു കൊള്ളാം എന്ന വാക്കുരുവിടുമ്പോൾ വാതിലിന് പിറകിൽ നിന്നേടത്തി പറഞ്ഞു…

ഈ ഭൂമി ഞങ്ങൾക്കും

Story written by Nijila Abhina

====================

ആണും പെണ്ണും കെട്ട ഇതിനെയല്ലേ കണി കണ്ടത് ഇനീപ്പോ പോയ കാര്യം ഒറപ്പായി….ഇന്നും നടക്കൂല…

പുച്ഛത്തോടെയെന്നെ നോക്കി അച്ഛനത് പറയുമ്പോൾ ആ വാക്കുകളുടെ വിലയറിഞ്ഞിരുന്നില്ല…. അപ്പോഴും ഏടത്തിയുടെ പെട്ടിയിൽ നിന്നെടുത്ത പുതിയ ചാന്തിന്റെ ഭoഗിയോർത്ത്‌, അത് നെറ്റിയിൽ വരയ്ക്കുന്നതോർത്ത് ഒന്ന് പുളകിതനായി ഞാൻ…

“കണ്ടില്ലേ എന്നിട്ടും നശൂലത്തിന്റെ ഇരിപ്പ്… പറയിപ്പിക്കാൻ ജനിച്ച ഓരോന്ന് “

പല്ലിറുമ്മി അച്ഛനത് പറയുമ്പോഴും എന്റെ കുഞ്ഞു മനസ്സിൽ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം മനസിലായിരുന്നില്ല…

“ഉണ്ണി അകത്തു പൊയ്ക്കോ മോനെ”

നിറ കണ്ണുകളോടെ അമ്മയത് പറയുമ്പോൾ അമ്മ കരയുന്നത് എന്തിനെന്നോ എന്നെ മാറ്റി നിർത്തി അച്ഛൻ കൊണ്ട് വന്ന ചോന്ന് തുടുത്ത ആപ്പിൾ ഓരോ കഷ്ണംമായി മുറിച്ച് ഏട്ടത്തിയുടെ വായിൽ വെച്ചു കൊടുക്കുമ്പോൾ അവൻ നോക്കി നിക്കുന്നു ഒരിത്തിരി അവന് കൂടെ എന്ന് പറഞ്ഞമ്മ കെഞ്ചിയത് എന്തിനെന്നോ എനിക്കറിയില്ലായിരുന്നു….

ഏട്ടത്തി ബാക്കി വെച്ചു പോയ ആപ്പിൾ കഷ്ണങ്ങൾ വായിൽ വെച്ചു തരുമ്പോൾ അത് തുപ്പി കളഞ്ഞ് എനിക്കാമ്മ എന്നത്തേയും പോലെ കഞ്ഞി കോരി തന്നാ മതിയെന്ന് പറയുമ്പോ എന്തോ എന്നെ മനഃപൂർവം ഒഴിവാക്കുന്ന അച്ഛനെ ജയിച്ച ഫീലായിരുന്നു എനിക്ക്….

അന്നമ്മ വാരി തന്ന മോരോഴിച്ച പഴംകഞ്ഞിയുടെ രുചി ഇന്നോളം നാവിൽ നിന്ന് പോയിട്ടുമില്ല..

കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതി സ്വയമൊന്നു കൊള്ളാം എന്ന വാക്കുരുവിടുമ്പോൾ വാതിലിന് പിറകിൽ നിന്നേടത്തി പറഞ്ഞു..

“നിനക്കിനിയും മതിയായില്ലേ ഉണ്ണി നാണം കെട്ടു തൊലിയുരിയുന്നു…”

“അമ്മു വേണ്ടാ “

ആ വിളി കൊണ്ട് എന്നും തടയാറുണ്ടമ്മ എന്നാൽ പതിവില്ലാതെ അന്നാ വാക്കുകളെ മറികടന്ന് ഏട്ടത്തി വീണ്ടും പറഞ്ഞു…

മടുത്തു അമ്മേ അരുണിമയുടെ ആങ്ങള ചെക്കൻ ചാന്തു പൊട്ടാത്രേ, ആണും പെണ്ണും കെട്ടവൻ ആണത്രേ…. പുറത്തിറങ്ങി നടക്കാൻ വയ്യ.. കൊച്ചു കുട്ടിയല്ല ഇവൻ വയസ്സ് 12 ആയി… പറഞ്ഞു മനസിലാക്കാൻ ഇനിയെങ്കിലും ശ്രമിക്കണം അമ്മ… പെറ്റ വയറിന്റെ പേരും പറഞ്ഞു പേറുന്നുണ്ടല്ലോ ഈ ഭാരത്തെ… അത്രയ്ക്ക് അമ്മ സ്നേഹം ഉണ്ടെങ്കിൽ അച്ഛന്റെ കയ്യിൽ നിന്നമ്മ ഇതിന്റെ പേരിൽ കേൾക്കുന്നത് കേട്ടിട്ടും ഇവനിങ്ങനെ ചെയ്യാൻ നിക്കോ….

ഒന്നും പറയാൻ കഴിയാതെ അമ്മ നിസഹായയായി നിൽക്കുമ്പോൾ അമ്മയുടെ കണ്ണുനീർ ഞാൻ കാരണം വീഴരുത് ന്ന് മാത്രേ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ…

പിറ്റേന്ന് മുതൽ ആഗ്രഹമില്ലഞ്ഞിട്ട് കൂടി ഞാൻ അമ്മ തന്ന ബനിയനും പാന്റും ഇട്ടു പൊട്ടിനും കണ്മഷിക്കും പകരം ചന്ദനക്കുറി തൊട്ടു.. നടത്തത്തിലെ പെണ്ണത്തം മാറ്റാൻ പറ്റാവുന്നത് പോലെ ശ്രമിച്ചു…

ബാഹ്യമായി ഞാനൊരാണാകാൻ ശ്രമിക്കുമ്പോഴും എന്റെ മനസ് മാത്രം അതിന് തയ്യാറായിരുന്നില്ല….

കൂട്ടുകൂടാൻ അന്നും കുഞ്ഞിയും പൊന്നുവും ഒക്കെയായിരുന്നു കൂടെ..

പിന്നെ എന്നോ അവരുടെ കണ്ണിലും എന്നോടൊത്തു നടക്കുന്നത് കുറച്ചിലായി തോന്നിത്തുടങ്ങിയത് ഞാനറിഞ്ഞു..

ആണും പെണ്ണും കെട്ടവൻ….

ആരൊക്കെയോ എന്നൊക്കെയോ വിളിച്ചു കേട്ട അതേ വാക്കുകൾ. അർത്ഥം മനസിലായി തുടങ്ങിയപ്പോ ഞാനെന്നെ തന്നെ വെറുത്ത വാക്ക്….

“നാട്ടിലൊരു വിലയുണ്ടായിരുന്നു ഇന്നുവരെ… നശിപ്പിച്ചില്ലേ നീയത്.. “

അച്ഛനാണ്….

“കുഞ്ഞല്ലേ അവൻ ഒന്ന് മിണ്ടാതിരിക്ക് ദാസേട്ടാ. ഒന്നൂല്ലേലും നമ്മടെ മോനല്ലേ… “

അത് പറയുമ്പോൾ അമ്മ വിങ്ങി കരയുന്നുണ്ടായിരുന്നു…അതേടി മോൻ… ആണും പെണ്ണും കെട്ടവന്റെ ത ന്ത അതാ ഇന്നെന്റെ മേൽവിലാസം… അടുക്കളയിൽ തവിയിട്ടിളക്കി ജീവിക്കുന്ന നിനക്ക് പുറത്തിറങ്ങി നടക്കുന്നവരുടെ നാണക്കേട് മനസിലാകില്ല…

“ദാസേട്ടാ മോൻ കേൾക്കും… “

കേൾക്കട്ടെ.. അങ്ങനെയെങ്കിലും ഒന്നിറങ്ങി പോട്ടെ നശൂലം.

മടുത്തു… ഒരു പെണ്ണുള്ളതിനെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കാനുള്ളതാ അവള്ടെ ഭാവിയെപ്പറ്റി നീ ഓർത്തിട്ടുണ്ടോ…. ഒരു മോൻ…

“ദാസേട്ടാ “

കൈകൂപ്പി നിൽക്കുന്നയമ്മയെ കണ്ടപ്പോൾ സ്വയം വെറുപ്പ് തോന്നി… ഇങ്ങനെയൊരു ജന്മം തന്ന ഈശ്വരനോട് പോലും വെറുപ്പ് തോന്നി..

അമ്മയുടെ തലമുടിയിൽ കുത്തിപ്പിടിച്ചു ചുമരിനോട് ചേർത്തു നിർത്തിയ അച്ഛനോട് ഒന്നേ പറഞ്ഞുള്ളു..

അമ്മ പാവാ ഒന്നും ചെയ്യല്ലേ അച്ഛാ… ഉണ്ണി അച്ഛനെ നാണം കെടുത്തൂല ഇനിയൊരിക്കലും… എന്റമ്മയാണേ സത്യം…

ത്ഫൂ അവന്റൊരമ്മ… എഴുന്നേറ്റ് പോടാ…

അമ്മയുടെ തലമുടിയിൽ നിന്നും പിടിവിട്ട് അച്ഛനെന്റെ നേരെ തിരിഞ്ഞപ്പോൾ എനിക്ക് മറയായി നിന്നയമ്മയെ ഞാൻ ഇറുകെ കെട്ടിപ്പിടിച്ചു….

“ഞാൻ.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാമ്മേ എല്ലാരും ന്നോട്”

കെട്ടിപ്പിടിച്ചൊരു ചുംബനം.. അതായിരുന്നു അമ്മയുടെ മറുപടി….. അതിലലിഞ്ഞു തീർന്നിരുന്നു എന്റെയെല്ലാ സങ്കടവും….

മൂട് കീറിയപ്പോൾ അമ്മ തുന്നിത്തന്ന മൂന്ന് നിക്കറും നരച്ച മൂന്ന് ബനിയനും അമ്മമ്മയുടെ ഷോപ്പറിൽ കുത്തി നിറയ്ക്കുമ്പോൾ ഒത്തിരി ഇഷ്ടത്തോടെ സൂക്ഷിച്ചു വെച്ച ചാന്തിലേക്കും പൊട്ടിലേക്കും ഒന്നെത്തി നോക്കി…

വേണ്ടാ…. എനിക്കെല്ലാം നഷ്ടപ്പെടുത്തിയ എന്റിഷ്ടമാണത് .. ഇവിടെ അവസാനിക്കട്ടെ എല്ലാം…

അമ്മയെ ഒരിക്കൽ കൂടി എത്തി നോക്കി… അടുത്തു ചെന്നാൽ അമ്മയറിയും….എന്റെ കണ്ണൊന്നു കലങ്ങിയാൽ അമ്മയറിയും…. വേണ്ടാ ഇനിയെങ്കിലും സമാധാനത്തോടെയമ്മ കഴിയട്ടെ.. അച്ഛൻ അന്തസോടെ പുറത്തിറങ്ങി നടക്കട്ടെ… ഏട്ടത്തി സ്വപ്നം കണ്ട ജീവിതം അവൾക്ക് കിട്ടട്ടെ….

ഈശ്വരൻ പോലും കോമാളി വേഷത്തിൽ ജനിപ്പിച്ച എനിക്ക് ഇതിൽ കൂടുതൽ ഭാഗ്യം വേറെന്തു കിട്ടാൻ.

അടുക്കള വാതിൽ തുറന്നിറങ്ങി വരുമ്പോൾ തിരികെ ഒന്ന് നോക്കിയിരുന്നു…ഇനിയൊരിക്കലും തിരികെ കിട്ടാത്ത എന്തൊക്കെയോ ഓർത്ത് രണ്ട് തുള്ളി കണ്ണുനീർ ആ മുറ്റത്തു വീണു തിളങ്ങി….. എന്റെ കണ്ണുനീരിനെ മറയ്ക്കാനാവും അന്ന് മഴ പെയ്തിരുന്നത് പോലും. പ്രകൃതിക്ക് വിരുദ്ധമായി ജനിച്ചവന് പ്രകൃതി തന്ന സമ്മാനം..

തെണ്ടി തിരിഞ്ഞു ബാംഗ്ലൂരിലെ ഏതോ തെരുവിൽ എത്തുമ്പോൾ വിശപ്പ് എന്താണെന്നും അമ്മയുടെ സ്നേഹമെന്താണെന്നും ഞാനറിഞ്ഞു തുടങ്ങിയിരുന്നു..

പന്ത്രണ്ട് വയസുള്ള കുട്ടിക്ക് പോലും നേരമിരുട്ടിയാൽ കഴുകൻ കണ്ണുകൾ ചുറ്റുമുണ്ടെന്ന് കാണിച്ച് തന്നു അവിടം. അന്നൊക്കെ ഓരോരുത്തരിൽ നിന്നും ഓടി രക്ഷപെട്ടു ചെല്ലുമ്പോൾ ചേർത്തു പിടിച്ചിരുന്നത് മയൂരി അക്കയായിരുന്നു….

എല്ലാവർക്കുമവൾ അക്കയായിരുന്നു. എനിക്ക് മാത്രം അമ്മയും….

തെരുവിന്റെ കുഞ്ഞായിരുന്നില്ല അമ്മയും. ഏതോ വലിയ വീട്ടിൽ പിറന്ന് ആണാകാൻ കൊതിച്ചു വീട് വിട്ടവൾ….

മനസ്സിനിഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ചവൾ…

രൂപത്തിൽ പുരുഷനും മനസ് കൊണ്ട് സ്ത്രീയുമായി ജനിച്ചത് തെറ്റല്ലെന്ന് പറഞ്ഞു തന്നവൾ….

അമ്മയെ ഓർത്തു കരഞ്ഞിരുന്ന നാളുകളിൽ അമ്മയുടെ സ്നേഹം തന്ന് ഉള്ളതിലൊരോഹരി വായിൽ വെച്ചു തന്ന് ഊട്ടിയവൾ.. ഞാൻ വെറുത്തിരുന്ന ദൈവത്തിന് പകരമായി ഞാൻ ദൈവമായി കണ്ട ന്റെ സ്വന്തം മയൂരിയമ്മ…

സ്വന്തം കഷ്ടപ്പാടിനിടയിലും എനിക്ക് വിദ്യാഭ്യാസം തരാൻ മറന്നില്ല അവർ ….

പഠിച്ചു പഠിച്ചു പോലീസ് കാരനാവണം ന്റെ മോൻ.. അമ്മയുടെ വാക്കുകൾ…

അത് പക്ഷേ ഞാൻ മനസിലടക്കി…. കാരണം മയൂരിയമ്മ പറഞ്ഞൊരു വാക്കുണ്ടാരുന്നു….

നിന്നെപ്പോലെ തളർന്നു വരുന്ന ഒരുവനെ നീ ജീവിതത്തിലേക്ക് കൊണ്ട് വന്നാൽ അവിടെയീ അമ്മ ജയിക്കുമെന്ന വാക്ക്…

ഇങ്ങനെയൊരു വിദ്യാലയം തുറക്കാൻ എന്നെ പ്രേരിപ്പിച്ചതും അത് മാത്രമാണ്….

“പിന്നീടൊരിക്കലും പോയിട്ടില്ലേ അമ്മയെ കാണാൻ.. “

മുന്നിലിരുന്ന കുട്ടിയുടെ ചോദ്യത്തിന് മുന്നിൽ കണ്ണൊരല്പം നനഞ്ഞു…

“ഉവ്വ്… പോയി. പക്ഷേ.. കാണാൻ കൊതിച്ചു പോയ എന്റമ്മ ഉണ്ണിയെ കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് പോയിരുന്നു അപ്പോഴേക്കും… അമ്മയുടെ ഉണ്ണി ഉണ്ണിമായയായി രൂപമാറ്റം പ്രാപിച്ചതറിയാതെ…

വീണ്ടുമൊരു നാണം കെട്ട ബന്ധവും പറഞ്ഞു വരരുതെന്ന് മാത്രം അന്നും അച്ഛൻ പറഞ്ഞു… പിന്നീടെന്തോ അന്വേഷിച്ചിട്ടില്ല ആരെയും…

അന്നും എന്റെ മയൂരിയമ്മ ചേർത്തു നിർത്തി പറഞ്ഞു.. നീ തന്നെയാണ് ശെരിയെന്ന് . ഞാനൊരിക്കലും തെറ്റായിരുന്നില്ലെന്ന്….

അതേ നിങ്ങളോടും എനിക്ക് പറയാനുള്ളൂ.. മനസൊന്നും ശരീരം വേറൊന്നുമായി ജീവിച്ചു മരിക്കേണ്ടവരല്ല ഒരു ജീവനും… ആണും പെണ്ണും കെട്ടവരെന്ന വിളിയെ ഭയക്കേണ്ടവരല്ല നമ്മൾ… ഈശ്വരൻ തന്ന ജീവിതത്തെ ചേർത്തു പിടിക്കേണ്ടവരാണ്… കാരണം ഈ ഭൂമി നമുക്ക് കൂടിയുള്ളതാണ്..

മുപ്പത്തി മൂന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കായി വിദ്യ അഭ്യസിപ്പിച്ചു തുടങ്ങുമ്പോൾ എന്റെ വാക്കുകൾ കേട്ട് കയ്യടിക്കാൻ ഏറ്റവും മുന്നിൽ എന്റമ്മയുമുണ്ടായിരുന്നു.

ഈ ഭൂമി എനിക്കും എന്നെപ്പോലെയുള്ളവർക്കും കൂടിയുള്ളതാണെന്ന് പഠിപ്പിച്ച, എന്നെ പുഞ്ചിരിക്കാൻ പഠിപ്പിച്ച എന്റെയമ്മ…

(തെറ്റുകൾ ഉണ്ടാവാം…. ഒരുപാട് നാളായി മനസ്സിൽ കിടന്നൊരാശയം പെട്ടെന്നുള്ള എഴുത്തിൽ വരുത്താൻ പറ്റിയോ എന്നറിവില്ല.. എങ്കിലും ഞാനെഴുതിയ നാലു വരികളുടെ കൂടെ ഇതും കിടക്കട്ടെ)

നിജില (22-06-2019)