ക്വാർട്ടേഴ്സിന്റെ വടക്കേ മൂലയിലെ ലൈറ്റ് തെളിയിച്ച് ഉപ്പ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ഉള്ളൊന്നു കാളിയിരുന്നു…

ആണുങ്ങൾ കരയാൻ പാടില്ലാത്രേ…

എഴുത്ത്: ഷാജി മല്ലൻ

::::::::::::::::::::::::::::::::::::

ക്വാർട്ടേഴ്സിന്റെ വടക്കേ മൂലയിലെ ലൈറ്റ് തെളിയിച്ച് ഉപ്പ ഞങ്ങളെ കൊണ്ടു പോകുമ്പോൾ ഉള്ളൊന്നു കാളിയിരുന്നു.

” എന്താ ജമാൽക്കാ കോർട്ട് മാർഷലിന് കൊണ്ട്വാ ണോ ഇവറ്റകളെ …. വിട്ടു കളയപ്പാ… ങ്ങക്ക് വേറെ പണിയില്ലേ.. കുട്ടികളല്ലേ”.

നൂറ്റി പത്താം നമ്പർ റൂമിന്റെ വാതിൽക്കൽ നിന്ന് ഡോക്ടർ മാമൻ വിളിച്ചു ചോദിച്ചത് കേട്ട് ഞാൻ ധൈന്യതയോടെ ഉപ്പാനെ നോക്കി. കുറച്ചു മുൻപ് നടന്ന വഴക്കിനും പുള്ളി മദ്ധ്യസ്ഥത വഹിക്കാൻ വന്നിരുന്നു. അന്നേരം ഞങ്ങൾ നിഷ്ക്കരുണം അത് തിരസ്ക്കരിച്ചതാണ്. ഇപ്പോൾ ഉച്ചത്തിൽ ഒരു ചിരി പാസ്സാക്കി ഉപ്പയും മദ്ധ്യസ്ഥ ശ്രമം തള്ളി.

“ങ്ങള് എന്താ നീരിച്ചത് ഡോക്ടറെ… ഇതിനൊക്കെ അഹമ്മതി ബല്ലാതെ പെരുത്തിരിക്കുണു. കിട്ടേണ്ടത് അയ്നയിന് കിട്ടിയില്ലേൽ പറ്റൂല്ലാന്ന് ങ്ങക്ക് അറിഞ്ഞൂടേ…”

വിചാരണയുടെ കാഴ്ച്ചക്കാരൻ ആകേണ്ടന്നു കരുതി ഡോക്ടർ മാമൻ കതകടച്ചു പോകാൻ നേരം എന്നെ നോക്കി ഓർമ്മപ്പെടുത്തി” എടാ ചെക്കാ ആൺകുട്ടികൾ കരയാറില്ലട്ടോ, അന്റെ കരച്ചില് അന്നത്തെപ്പോലെ ഇവിടങ്ങും മുഴങ്ങരുത് ട്ടോ ..”

കഴിഞ്ഞയാഴ്ച്ചത്തെ വഴക്കിനെക്കുറിച്ചാണ്!!. എനിക്ക് അല്പം നാണക്കേട് തോന്നി. അതുവരെയും തമ്മിലുള്ള വഴക്കിന് വീട്ടിനകത്ത് വെച്ച് ചോദ്യം ചെയ്തു തീർപ്പാക്കുകയാണ് ഉപ്പയുടെ പതിവ്. അന്നു പക്ഷേ ആദ്യമായി ക്വാർട്ടേഴ്സിന്റെ വടക്കേ മൂലയിലെ യാർഡിലേക്ക് ഉപ്പാന്റെ പട്ടാള കോടതി മാറ്റിയ ദിവസം പുതിയ ചൂരലിന്റെ പ്രയോഗം അല്പം കടുത്തു.

ഇത്താത്ത പുറത്തെ ടോയ്ലറ്റിൽ രാത്രി കയറിയപ്പോൾ അനിയത്തിയും ഞാനും ലൈറ്റ് ഓഫാക്കിയതാണ് അന്നു പ്രശ്നങ്ങളുടെ തുടക്കമായത്. പിന്നത് കൂട്ട വഴക്കും ഇടികലാശവുമായി മാറി. കട പൂട്ടി ഉപ്പ ക്വാർട്ടേഴ്സിൽ എത്തുന്നതിനു മുൻപ് തന്നെ ഉമ്മ ചാർജ് ഷീറ്റ് റെഡിയാക്കി വെച്ചിരുന്നു. ഞാനും എന്റെ ഭാഗം പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്തിരുന്നുവെങ്കിലും ഇത്താത്താന്റെ വാദമുഖങ്ങളെ തടുക്കാൻ കഴിഞ്ഞില്ല!!.

പതിവു പോലെ ബദരീങ്ങളെ കൂടാതെ വേല ഒപ്പിക്കാൻ കൂടെ നിന്ന അനിയത്തി സമയത്ത് മാപ്പുസാക്ഷിയായി മാറിയതും ഇത്താത്താക്ക് രക്ഷയായി. വഴക്ക് പരസ്യമായതിന്റെ കലിപ്പിൽ ഉപ്പാന്റെ ചാണകത്തിൽ പഴുപ്പിച്ച (മദ്രസ്സയിലെ ഉസ്താദിനായി എന്റെ ചങ്ങാതി ശരിയാക്കി തന്നതാണ്. കണ്ടപ്പോൾ ഉപ്പ കണ്ടു കെട്ടിയതാണ്) ചൂരൽ തലങ്ങും വിലങ്ങും പാഞ്ഞു.

“മിണ്ടരുത്… വീട്ടിൽ ഇക്കണ്ട പുക്കാറൊക്കെ ഇണ്ടാക്കീട്ട് ഇയ്യ് രണ്ട് പെട കിട്ടുമ്പോഴേക്ക് നിന്ന് മോങ്ങണോ …. എടാ ആൺകുട്യോള് കരയാറില്ല …ഇയ്യ് പിന്നെന്ത് ആണാടാ!” കണ്ണിൽ നിന്ന് അറിയാതെ പുറത്ത് ചാടിയ കണ്ണീർ കണ്ട് ഉപ്പ ഒച്ച വെച്ചു.

“അയ്യേ ഈ ചെക്കൻ ഇവിടെ നിന്ന് ‘പാത്തി’ ഉപ്പാ…”. കരയാതിരിക്കാനുള്ള തത്രപ്പാടിൽ അതു സംഭവിച്ചിരിക്കുന്നു!!. അല്പം മൂ ത്രത്തുള്ളികൾ അവിടവിടെയായി വീണിരിക്കുന്നു.

“ഇയ്യ് അതൊന്നും നോക്കി പോവണ്ട ഹിമാറെ…. പൊക്കോ അകത്തേക്ക്”, എന്റെ അഭിമാനം രക്ഷിക്കാനെന്നോണം ഉപ്പ ഇത്താത്താനേയും അനിയത്തിയേയും അവിടെ നിന്ന് അടിച്ചോടിച്ചെങ്കിലും സംഭവം ക്വാർട്ടേഴ്സിൽ അറിയേണ്ടവരെയെല്ലാം അറിയിച്ചു അവർ എനിക്ക് ഒന്നാം തരം പാര വെച്ചിരുന്നു.

കോർട്ട് മാർഷൽ കഴിഞ്ഞു പ്രശ്നമൊന്നുമില്ലാതെ തിരിച്ചു വന്നപ്പോൾ നൂറ്റി പത്താം നമ്പർ മുറിയിൽ ലൈറ്റ് അണഞ്ഞിരുന്നു. ഇത്താത്തന്റെ തേങ്ങലുകൾ ആരും കാണാത്തതിൽ അല്പം വിഷമം തോന്നുകയും ചെയ്തു.

“ജമാലുദ്ദിന്റെ കൂടെ വന്ന ബൈ സ്റ്റാൻഡർ ?” കോറിഡോറിൽ നിന്ന സിസ്റ്റർ ഉച്ചത്തിൽ ചോദിക്കുന്ന കേട്ടാണ് എന്റെ ചിന്തകൾ മുറിഞ്ഞത്.

വേഗം സിസ്റ്ററോടൊപ്പം അകത്തു ചെന്നു. ഉപ്പ എഴുനേറ്റിരിക്കുന്നു. സ്കാനിംഗ് കഴിഞ്ഞെന്നു തോന്നുന്നു. അകത്ത് നിന്ന ടെക്നീഷ്യൻ കൈ കാട്ടി വിളിക്കുന്നത് കണ്ട് ഞാൻ സ്കാനിംഗ് റൂമിലേക്ക് കയറി.

“പേഷ്യന്റിന്റെ ആരാണ്?, എം.ആർ ഐ. എടുത്തില്ല കേട്ടോ. പേഷ്യന്റ് എടയ്ക്കിടക്ക് എഴുനേൽക്കാൻ ശ്രമിക്കുന്നു”.

ഞാൻ മെല്ലെ ഉപ്പയുടെ അടുത്തേക്ക് ചെന്നു. ഉപ്പാടെ കണ്ണു നിറഞ്ഞിരിക്കുന്നു.

“മോനെ ഇയ്ക്ക് വയ്യാ … അയിന്റെ ഉള്ളാലെ ഇങ്ങനെ കയ്ച്ചു കൂട്ടി കിടക്കാൻ, കൂടാതെ ചെവി പൊട്ടുന്ന ബഹളങ്ങളും …ഇയ്യ് എന്നെ ഖബറിൽ കൊണ്ടുപോയിട്ടാലും അയില് കിടത്തല്ലേ”. ഉപ്പാ എം.ആർ.എ മെഷീനിലേക്ക് കൈ ചൂണ്ടി.

ഇപ്പോൾതന്നെ തന്നെ അരമണിക്കൂറിലേറെ സമയം ഒരു രോഗിക്കായി ചിലവഴിച്ചതിന്റെ പരിഭവം ടെക്നീഷ്യൻമാരുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. ഡോക്ടറെ MRI എടുക്കാതെ കാണാനും കഴിയില്ല. ഈ സമയത്ത് കണ്ടില്ലെങ്കിൽ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റുകയുമില്ല. ഉപ്പാന് വയസ് എഴുപത്തിനാലാകുന്നു. പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ അടുത്തകാലം വരെയില്ലായിരുന്നു. ഞാൻ ഉപ്പയുടെ കൈയ്യുകൾ എന്റെ കൈയുമായി ചേർത്തുവെച്ചു, അതു വല്ലാതെ തണുത്തിരിക്കുന്നു. കണ്ണുകൾ പേടി കൊണ്ടോയെന്നോ നിറഞ്ഞു തുളുമ്പാൻ നിൽക്കുന്നു.

“മോനെ, ഇയ്ക്ക് ഒരു മൂത്രശങ്ക!! ഉപ്പ മുഖം എന്റെ ചെവിയോടടുപ്പിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ധർമ്മസങ്കട ചുഴിയിൽ പെട്ടുപോയതുപോലെ എനിക്ക് തോന്നി. ടെക്നീഷ്യൻമാരെ വീണ്ടും അസ്വസ്ഥപ്പെടുത്താൻ വയ്യ.

” ഉപ്പാ ആണുങ്ങൾ കരയാറില്യാന്ന് ങ്ങള് തന്നല്ലേ പറയാറ്, ഒരു പത്തുമിനിറ്റിന്റെ കാര്യത്തിന് ഇങ്ങനെ ബേജാറവല്ലേ!!” ഞാൻ ഉപ്പാടെ ചെവിയിൽ മന്ത്രിച്ചു.

ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴും ഉപ്പാടെ മുഖത്ത് ഗൗരവം വിട്ടൊഴിഞ്ഞില്ലായിരുന്നു.

“എന്താ ഉപ്പാ ങ്ങള് മിണ്ടാണ്ടിരിക്കണെ” ഞാൻ മുരടനക്കി.

“അല്ലാ …. ചെറുപ്പത്തിൽ അന്നോട് എന്തൊക്കെ പറഞ്ഞീന്ന് ഒന്ന് ആലോചിച്ചതാണേ!!, ഇയ്യ് അതൊക്കെ തിരിച്ചു പറയാൻ തുടങ്ങീല്ലേ…”

ഉപ്പാന്റെ അല്പം ഉറക്കെയുള്ള ആത്മഗതം പൂണ്ട ചിരിയുടെ നറുമണം പുറത്തേക്ക് പോകാതിരിക്കാൻ ഞാൻ കാറിന്റെ ഗ്ലാസ് മെല്ലെ ഉയർത്തി വെച്ചു.