മക്കളെ കുളിപ്പിക്കുകയോ കളിപ്പിക്കുകയോ എന്തോ വേണേലും ചെയ്തോ. ഇനി അപ്പനായി മക്കളായി നിങ്ങളുടെ പാടായി…

Story written by Shefi Subair

================

എനിക്ക് വയ്യ..ഇതുങ്ങളെക്കൊണ്ടു ഞാൻ തോറ്റു. പ്രിയതമ കലിത്തുള്ളുന്നതു കേട്ടപ്പോഴെ മനസ്സിലായി മക്കളെന്തെങ്കിലും കുസൃതി ഒപ്പിച്ചു കാണുമെന്ന് .

എന്താടി അവിടെ ? രാവിലെ തുടങ്ങിയോ അമ്മയും മക്കളും..നീ കുഞ്ഞുങ്ങളെക്കാളും കഷ്ടമാണല്ലോടി..

ദേ മനുഷ്യ രാവിലെ എന്നോട് ഉടക്കിക്കൊണ്ട് വരല്ലേ. നിങ്ങളിങ്ങോട്ടു വന്നു ഇതൊന്നു നോക്കിയേ…!

കിണറ്റിൻക്കരയിലാണ് ഇന്ന് അമ്മയുടെയും മക്കളുടെയും യുദ്ധം.

ഒരാളെ കുളിപ്പിച്ചു അങ്ങോട്ടു വിട്ടതെയുള്ളു. ദേ, വീണ്ടും ദേഹം മുഴുവൻ ചെളിയുമായിട്ടു വന്നു നിൽക്കുന്നു. എത്ര നേരം ഞാൻ നിങ്ങളെ വിളിച്ചു. അവനൊരു ഉടുപ്പും നിക്കറുമിട്ടുക്കൊടുക്കാൻ.

ങ്ങേ ഹേ…കേട്ട ഭാവം പ്പോലും നിങ്ങള് നടിച്ചില്ല. ദേ വേറൊരെണ്ണം. തലയിൽ എണ്ണയും പുരട്ടിയിട്ട് മണിക്കൂറൊന്നായി. ഈ വീടിന് ചുറ്റും എന്നെയിട്ടു ഓടിക്കാൻ തുടങ്ങിയിട്ട്. എന്നിട്ടു പോയി നിൽക്കുന്നത് കണ്ടില്ലേ..

കണ്ടാൽ അടയ്ക്കാ കുരുവിന്റെ അത്രയേയുള്ളു. കൈയ്യിലിരിപ്പോ.

നിങ്ങള് ത്തന്നെ രണ്ടിനെയും കുളിപ്പിച്ചോ. എനിക്കിനി വായിട്ടലയ്ക്കാൻ വയ്യ.

അന്നേ ഞാൻ പറഞ്ഞത. ഒരാളു ഒന്നു വളർന്നു കഴിഞ്ഞിട്ടു മതി രണ്ടാമത്തേതെന്ന്. അപ്പോ നിങ്ങൾക്ക് അപ്പുറവും ഇപ്പുറവും രണ്ടു മക്കള് വേണം കൊഞ്ചിക്കാൻ.

നിന്റെ വർത്തമാനം കേട്ടാൽ തോന്നുമല്ലോ മക്കൾ എന്റേതു മാത്രമാണന്ന്.

നീയൊന്ന് ആലോചിച്ചു നോക്കിയേ..ഇവരു രണ്ടു പേരുടെയും കളിയും ചിരിയുമൊക്കെയായി നമ്മുടെ വീട് എന്തു സുന്ദരമാണ്.

അതുമാത്രമാണോ രണ്ടു പേരും നിന്നെ ബുദ്ധിമുട്ടിപ്പിക്കാതെ സുഖപ്രസവമല്ലായിരുന്നോ ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ. പറയുമ്പോഴുള്ള സുഖമൊന്നും പ്രസവിക്കുമ്പോൾ കാണില്ല. അതെങ്ങന. അതൊന്നുമറിയേണ്ട കാര്യമില്ലല്ലോ.

മക്കളെ കുളിപ്പിക്കുകയോ കളിപ്പിക്കുകയോ എന്തോ വേണേലും ചെയ്തോ. ഇനി അപ്പനായി മക്കളായി നിങ്ങളുടെ പാടായി. ഞാൻ പോകുവാണേ.

മോനെയും മോളെയും കുളിപ്പിച്ചു അകത്തേക്ക് പോയപ്പോൾ ദേ വീണ്ടും പ്രിയതമ കൺമഷിയും പൗഡറുമായി വരുന്നു.

അമ്മേടെ പൊന്നുമക്കൾ അമ്മയെപ്പോലെ ചുന്ദരികളായല്ലോ.

കുറച്ചു മുമ്പ് ഇതൊന്നുമല്ലല്ലോ നീ പറഞ്ഞത്.

അതൊക്കെ ഞാൻ പലതും പറയും. അല്ലെങ്കിലും എന്റെ മക്കൾ അവരുടെ അമ്മയെപ്പോലെ പാവമാണ്.

കണ്ണു വരച്ചു കൊടുക്കുമ്പോൾ അവൾ പറയുന്നതു കേൾക്കാമായിരുന്നു.
അമ്മയെ അല്ലേ നിങ്ങൾക്ക് രണ്ടാൾക്കും കൂടുതലിഷ്ടം.