ഞാൻ വണ്ടി പെട്ടെന്ന്  മുന്നോട്ടെടുത്തപ്പോൾ പുറകോട്ട് മലച്ച് പോയ അവൾ, പെട്ടെന്ന് എന്നെ കയറി വട്ടം പിടിച്ചു…

Story written by Saji Thaiparambu

===========

ഇളയമകളെ സ്കൂളിലാക്കിയിട്ട് തിരിച്ച് പോരുമ്പോഴാണ് റോഡരികിൽ നിന്നൊരു പെൺകുട്ടി എൻ്റെ സ്കൂട്ടറിന് കൈ കാണിച്ചത്

സ്കൂൾ യൂണിഫോമിലായിരുന്നു ആ കുട്ടി നിന്നിരുന്നത് , സ്കൂൾ ടൈം കഴിഞ്ഞിട്ടും ബസ്സ് കിട്ടാത്തത് കൊണ്ടാവും അവൾ എന്നോട് ലിഫ്റ്റ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി.

പെട്ടെന്ന് ഞാൻ സ്കൂട്ടർ  നിർത്തിയപ്പോൾ അവൾ ഓടി വന്ന് എൻ്റെ പുറകിൽ കയറിയിരുന്നു.

ഏത് സ്കൂളിലേക്കാ പോകേണ്ടത്?

ആക്സിലേറ്റർ പിടിച്ച് തിരിക്കുമ്പോൾ ഞാനവളോട് ചോദിച്ചു

ചേച്ചി, എന്നെ GVHS ൻ്റെ മുന്നിൽ ഇറക്കിയാൽ മതി

ഓകെ , ഞാനും ആ വഴിക്ക് തന്നെയാണ്

ഞാൻ വണ്ടി പെട്ടെന്ന്  മുന്നോട്ടെടുത്തപ്പോൾ പുറകോട്ട് മലച്ച് പോയ അവൾ, പെട്ടെന്ന് എന്നെ കയറി വട്ടം പിടിച്ചു.

ബാലൻസ് കിട്ടുമ്പോൾ, എന്നെ പുണർന്നിരിക്കുന്ന അവളുടെ കൈകൾ പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല, ഞാൻ ഈർഷ്യയോടെ അല്പം മുന്നോട്ട് ചാഞ്ഞിരുന്നപ്പോൾ, അവൾ വീണ്ടും എന്നിലേക്ക് ചേർന്നിരുന്നിട്ട്, എൻ്റെ വയറിലൂടെ ചുറ്റിയിരിക്കുന്ന അവളുടെ കൈകൾ ഒന്ന് കൂടി മുറുക്കെ പിടിച്ചു

എനിക്കെന്തോ ഒരു വല്ലായ്ക തോന്നി, സ്വവർഗാനുരാഗികളായ സ്ത്രീകളെ കുറിച്ചൊക്കെ ഞാൻ വായിച്ചിട്ടുള്ളത് കൊണ്ട് എൻ്റെ ചിന്തകൾ ആ വഴിക്ക് തിരിഞ്ഞു

പക്ഷേ ഈ കുട്ടിക്ക് പത്ത് പതിനേഴ് വയസ്സല്ലേ ഉണ്ടാവൂ, ഈ പ്രായത്തിലുള്ളവർക്ക് അങ്ങനൊക്കെ കാണുമോ ?

അവളുടെ കൊഴുത്തുരുണ്ട ശരീരം എൻ്റെ ചുമലിൽ ഞെരുങ്ങുന്നതും , താടിയെല്ല് എൻ്റെ തോളിൽ അമരുന്നതും, എന്നെ അസ്വസ്ഥയാക്കി

അവൾ പറഞ്ഞ സ്കൂളെത്താൻ ഇനി കുറച്ച് ദൂരമേയുണ്ടായിരുന്നുള്ളു, പക്ഷേ അവളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഞാൻ പെട്ടെന്ന് സ്‌കൂട്ടറ് നിർത്തി അവളോട് ഇറങ്ങാൻ പറഞ്ഞു

എന്താ ചേച്ചി ഇവിടെ നിർത്തിയത് സ്കൂളെത്തിയില്ലല്ലോ?

ഇനി മോള് നടന്ന് പോയ്ക്കോ ചേച്ചി ഒരു കാര്യം മറന്ന് പോയി എനിക്ക് വേറെ വഴിക്കാ പോകേണ്ടത്

താങ്ക് യു ചേച്ചീ…

എന്നോട് നന്ദി പറഞ്ഞിട്ട് അവൾ ധൃതിയിൽ നടന്ന് പോകുന്നത് കണ്ടിട്ടാണ് ഞാൻ വണ്ടി വളച്ച് വേറെ വഴിക്ക് വീട്ടിലേക്ക് പോയത്

രാവിലെ സമയക്കുറവ് കൊണ്ട് മോൾക്ക് ലഞ്ച് ബോക്സ് കൊടുത്തിരുന്നില്ല , വീട്ടിൽ തിരിച്ചെത്തിയ ഞാൻ പെട്ടെന്ന് തന്നെ അടുക്കളയിൽ കയറി ചോറും കറികളും തയ്യാറാക്കി ലഞ്ച് ബോക്സിലാക്കിയിട്ട് പന്ത്രണ്ട് മണിയോടെ വീണ്ടും സ്കൂളിലേക്ക് തിരിച്ചു.

രാവിലെ കണ്ട പെൺകുട്ടിയുടെ സ്കൂളിനടുത്തെത്തിയപ്പോൾ റോഡരികിലൂടെ തല കുനിച്ച് നടന്ന് പോകുന്ന അവളെ കണ്ട് ഞാൻ വണ്ടി നിർത്തി.

ഇതെന്താ നിനക്കിന്ന് ക്ളാസ്സില്ലേ?

ക്ലാസ്സുണ്ട്, പക്ഷേ എന്നെ ക്ലാസ്സിൽ നിന്നിറക്കി വിട്ടു

അതെന്തിനാ?

പഠിപ്പിച്ചോണ്ടിരുന്നപ്പോൾ ഞാൻ നോട്ട് ബുക്കിൽ കുത്തി കുറിച്ചത് ടീച്ചറ് കണ്ടു , അത് വായിച്ചിട്ട് ടീച്ചറെന്നോട് പറഞ്ഞു , നിനക്ക് കഥയെഴുതണമെങ്കിൽ നിൻ്റെ വീട്ടിൽ പോയിരുന്ന് എഴുതിക്കൊള്ളാൻ , ഇനിയെന്നെ ക്ളാസ്സിൽ കയറ്റണമെന്നുണ്ടെങ്കിൽ പേരൻ്റ്സുമായി വന്നാൽ മാത്രമേ കയറ്റുള്ളുവെന്ന് , പക്ഷേ ഇതറിഞ്ഞാൽ അച്ഛൻ എന്നെ തല്ലിക്കൊല്ലും , ഞാനിനി എന്ത് ചെയ്യുമെന്നാ ആലോചിക്കുന്നത്

അവളത് പറയുമ്പോൾ ആ മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു.

ടീച്ചറ് പഠിപ്പിച്ചപ്പോൾ അത് ശ്രദ്ധിക്കാതെ നീ കഥയെഴുതിയത് കൊണ്ടല്ലേ? ഇങ്ങനൊക്കെ സംഭവിച്ചത് അപ്പോൾ നിനക്ക് അച്ഛൻ്റെ കയ്യീന്ന് രണ്ട് കിട്ടുന്നത് നല്ലതാണ്, മാതാപിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് നിന്നെയൊക്കെ പഠിപ്പിക്കുന്നതെന്ന് നിനക്കൊക്കെ വല്ല വിചാരവുമുണ്ടോ ?

പഴയ അനുഭവം വച്ച് അരിശത്തോടെയാണ് ഞാനവളോട് സംസാരിച്ചത്

അയ്യോ ചേച്ചീ…ഞാൻ കഥയെഴുതിയതല്ല

പിന്നെന്തുവാ  ലൗലെറ്ററായിരുന്നോ?

എനിക്കവളോടപ്പോൾ പുച്ഛമായിരുന്നു തോന്നിയത്

ഉം, ലൗ ലെറ്ററായിരുന്നു

കൂസലില്ലാതെ അവളത് പറഞ്ഞപ്പോൾ ഞാനതിശയിച്ച് പോയി

പക്ഷേ ഇതെൻ്റെ കാമുകന് വേണ്ടി എഴുതിയതല്ല, ചേച്ചി ഇതൊന്ന് വായിച്ച് നോക്ക്

എൻ്റെ മുഖത്ത് നോക്കാതെ അവളാ നോട്ട് ബുക്ക് വച്ച് നീട്ടിയപ്പോൾ ആകാംക്ഷ കൊണ്ട് ഞാനത് വാങ്ങി ആ വരികളിലൂടെ കണ്ണോടിച്ചു.

ഇന്നത്തെ ദിവസം ഞാൻ മറക്കില്ല , എത്ര നാളുകളായി ഞാൻ കൊതിയോടെ കാത്തിരുന്നതാണ് ഇങ്ങനെയൊരു ദിവസത്തിന് വേണ്ടി , എൻ്റെ കൂട്ടുകാരികളൊക്കെ അവരുടെ പേരൻ്റ്സുമായി സ്കൂളിൽ വരുമ്പോൾ ഞാൻ മാത്രമായിരുന്നു എന്നും ബസ്സിൽ വന്ന് കൊണ്ടിരുന്നത് ചെറിയ ക്ളാസ്സുകളിലായിരുന്നപ്പോൾ പോലും , സമയമില്ലെന്ന് പറഞ്ഞ് അച്ഛൻ എന്നെ ഓട്ടോറിക്ഷയിലാണ് സ്കൂളിൽ വിട്ട് കൊണ്ടിരുന്നത്, എനിക്ക് അമ്മയുണ്ടായിരുന്നെങ്കിൽ മറ്റുള്ളവരെപ്പോലെ എനിക്കും അമ്മയുടെ സ്കൂട്ടറിന് പുറകിൽ , കെട്ടിപ്പിടിച്ചിരുന്ന് കൊണ്ട് സ്കൂളിൽ വരാമായിരുന്നെന്ന് ഞാനെത്ര തവണ കൊതിച്ചിട്ടുണ്ട് , ആ കൊതിയാണ് ഇന്ന് ഞാൻ തീർത്തത്, ആ ചേച്ചി, ആരാണെന്നെനിക്കറിയില്ല പക്ഷേ അവരുടെ വിയർപ്പിന് എൻ്റെ അമ്മയുടെ ഓർമ്മയുടെ സുഗന്ധമായിരുന്നു, അതെൻ്റെ നാസികത്തുമ്പിൽ ഇപ്പോഴും തങ്ങി നില്ക്കുന്നു, അവരെ കെട്ടിപ്പിടിച്ച് കണ്ണടച്ചിരുന്നപ്പോൾ , അതെൻ്റെ അമ്മയാണെന്നായിരുന്നു എൻ്റെ വിചാരം , ആ ചേച്ചി എന്ത് വിചാരിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയില്ല, എന്നിട്ടും ആ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന് ഞാനൊത്തിരി ആഗ്രഹിച്ചു, ഒടുവിൽ ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു, എൻ്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ എന്നെ ആ ചേച്ചി വഴിയിലിറക്കി വിട്ടു, എന്നാലും സാരമില്ല, കുറെ നാളത്തേക്ക് എനിക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പത്ത് മിനുട്ട് മാത്രമുള്ള ആ യാത്ര മതി  , എന്നെങ്കിലും, ഒരിക്കൽ കൂടി അവരെ, എൻ്റെ കൺമുന്നിലെത്തിക്കണേ എൻ്റെ ദൈവമേ….

ആ ഭാഗത്തെ ബാക്കിഅക്ഷരങ്ങൾ കണ്ണീര് വീണ് കുതിർന്ന് പോയിരുന്നു, അത് വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ തൊണ്ടയിൽ ഗദ്ഗദം നിറഞ്ഞിരുന്നു.

സോറി മോളെ ഒന്നുമെനിക്കറിയില്ലായിരുന്നു, മോള് വിഷമിക്കണ്ടാ, നാളെ മോളുടെ അമ്മയായി സ്കൂളിൽ ഞാൻ വരാം , ഞാനാണ് നിൻ്റെ അമ്മയെന്ന് നീ  ടീച്ചറോട് പറഞ്ഞാൽ മതി,

ഞാനത് പറഞ്ഞപ്പോൾ ഒരു തേങ്ങലോടെ അവളെൻ്റെ നെഞ്ചിലേക്ക് മുഖമമർത്തി…