തനൂജയുടെ കണ്ണിൽ നിന്നുള്ള കണ്ണീർ കവിളിലൂടെ ഒഴുകുന്നത് അമ്മ കാണാതെ തുടക്കാൻ ഒരു ശ്രമം നടത്തി അവൾ…

ദ ഗ്രേറ്റ്‌ ഇന്ത്യൻ ഹോം

Story written by Rinila Abhilash

=============

“ഏട്ടാ…എനിക്ക് പഠിക്കാൻ പോണം”

രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മഹേഷിൻ്റെ അടുത്തെത്തി തനൂജ ഇത് പറഞ്ഞപ്പോൾ അവൻ ഉറക്കെ ചിരിച്ചു.

“ഇന്നു തന്നെ പോണോ ആവോ….എന്താണാവോ പഠിക്കേണ്ടത്…നീ പി.ജി.വരെ പഠിച്ചതല്ലേ…ഇനിയെന്തു പഠിക്കാൻ..പിന്നെ നാലു വയസ്സും രണ്ടു വയസ്സുമുള്ള ഈ മക്കളെ നോക്കാനെ നിനക്കു സമയം തികയുന്നുണ്ടോ….അതിനിടയിൽ പഠിത്തം…. അല്ല…എന്താണ് പഠിക്കണ്ടത്?”

മഹേഷ് ഒരു പുച്ഛം കലർന്ന രീതിയിലാണ് അത് പറഞ്ഞത്.

“ൻ്റെ കൂടെ പഠിച്ച കുട്ടികളിൽ എന്നെക്കാൾ മടിച്ചികൾക്ക് വരെ ഇപ്പോൾ ജോലിയായി. അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടായിരിക്കും ആ ജോലി നേടിയത്. എന്നിട്ടും ഞാൻ മാത്രം…. പി.ജിക്ക് എനിക്ക് മൂന്നാം റാങ്ക് അല്ലേർന്നോ ഏട്ടാ… ഇപ്പോ അവരൊക്കെ എന്നോട് ചോദിച്ചു തുടങ്ങി…ജോലിയൊന്നും ആയില്ലേന്ന്….” തനൂജ സങ്കടപ്പെട്ടു….

“ഇവിടെയിപ്പോ നിനക്ക് ഒരു ജോലിയുടെ ആവശ്യമുണ്ടോ…ഞാൻ വില്ലേജ് ഓഫിസർ, അച്ഛൻ റിട്ടയറായ ബാങ്കുദ്യോഗസ്ഥൻ….പിന്നെ അത്യാവശ്യം ചുറ്റുപാടൊക്കെ ഉണ്ടല്ലോ…”

“ഏട്ടാ ആഴ്ചയിൽ മൂന്ന് ദിവസമേ പി.എസ്സ് സ്സി. കോച്ചിംഗ് ഉണ്ടാവൂ. ബാക്കിയുള്ള സമയം ഇവിടെ നിന്നും പഠിക്കാല്ലോ…..കല്യാണം കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും അപ്പൂസ് ജനിച്ചു. അപ്പൂസ് ഒന്നു പാലുകുടി നിർത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടനും…..ഇതിനിടയിൽ എനിക്കൊരു സമയം ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോ ഉണ്ണിക്കുട്ടൻ്റെ പാലുകുടി നിർത്തി. ഇനിയും സമയം കളഞ്ഞാലോ ഏട്ടാ…,?

“നീ അക്കാര്യം വിട്ടേക്ക് തനൂ…..ഇവൻമാർ രണ്ടു പേരുടെയും വഴക്കു തീർക്കാനേ ഇപ്പോൾ സമയമുള്ളു…ഇനി നീയും പഠിക്കാൻ പോയാൽ ഇവരെ ആർക്കു നോക്കാൻ പറ്റും “

“ഞാൻ നോക്കുമെടാ….” അമ്മയാണ്

“രണ്ടു പേരും തിരിഞ്ഞു നോക്കി. തനൂജയുടെ കണ്ണിൽ നിന്നുള്ള കണ്ണീർ കവിളിലൂടെ ഒഴുകുന്നത് അമ്മ കാണാതെ തുടക്കാൻ ഒരു ശ്രമം നടത്തി അവൾ….

“അമ്മയെന്താ ഈ പറയുന്നത്….അമ്മക്ക് ഇവൻമാരെ ഏതു സമയത്തും നോക്കാൻ പറ്റുമോ ” തെല്ല് ഇഷ്ടക്കേടോടെ മഹേഷ് പറഞ്ഞു.

അപ്പോഴാണ് ചർച്ചയിലേക്ക് പിതാശ്രീ എത്തിയത്.

“എന്താ…. എന്താ കാര്യം”

അമ്മ കാര്യങ്ങൾ ധരിപ്പിച്ചു.

“മഹി പറഞ്ഞതിലും കാര്യമുണ്ട്. നിനക്ക് ഒറ്റക്ക് അവരെ ശ്രദ്ധിക്കാൻ പറ്റില്ല. അവർ സ്കൂളിൽ പോകാൻ തുടങ്ങിയിട്ട് ആണേൽ.?????”

തനൂജയുടെ മുഖം വാടി

“ഓഹോ…അതാണ് അപ്പോ അച്ഛൻ്റെയും മോൻ്റെയും മനസിലിരിപ്പ്……”

എന്നാൽ കേട്ടോ…നാളെ മുതൽ തനു… കോച്ചിംഗിന് പോയിത്തുടങ്ങും. ഇവിടെ ഞാനും ഇതിയാനും ഉണ്ടല്ലോ പകൽ….മാത്രവുമല്ല….അപ്പൂസിനെ LKG ചേർത്തിയതല്ലേ. പകൽ അവൻ ഇവിടെയുണ്ടാവില്ലല്ലോ…അതു കൊണ്ട് ഉണ്ണിക്കുട്ടനെ നമുക്ക് നോക്കിക്കൂടെ……അമ്മയുടെ കഠിനമായ നോട്ടത്തിനു മുന്നിൽ പിതാശ്രീ അത് അംഗീകരിച്ചു.

മഹി ചിരിച്ചു. “എന്നാൽ അങ്ങനെയാട്ടെ”

“പോര മോനേ…. മുഴുവൻ പറഞ്ഞില്ല “

അമ്മ നിർത്താൻ ഭാവമില്ല

“ഇനി വീട്ടുജോലികൾ വീതം വയ്ക്കാൻ പോകുന്നു…അടുക്കള ജോലികൾ ഞാനും തനുവും രാവിലെ തീർക്കും. കുഞ്ഞുങ്ങളെ വിളിച്ചുണർത്തി രാവിലത്തെ ക്രിയകൾ… കുളി….. ഫുഡ് നൽകുന്നതു വരെയുള്ള കാര്യങ്ങൾ മഹിക്കുള്ളതാണ്. പിന്നെ അലക്കാൻ ഉള്ളവമെഷീനിൽ അലക്കൽ ഉണക്കൽ ഇസ്തിരിയിട്ടു വക്കൽ തുടങ്ങിയവ അതിയാൻ ചെയ്യട്ടെ…വൈകിട്ട് എത്തിയാൽ മഹി വേണം അപ്പൂസിനെ പഠിപ്പിക്കാൻ…ഉണ്ണിക്കുട്ടനെ ഞാൻ ശ്രദ്ധിക്കും….തോട്ടത്തിൽ കൃഷിപ്പണികളും പൂന്തോട്ടമൊരുക്കലും ഇതുവരെ ഞാൻ ഒറ്റക്ക് ചെയ്തു ഇനി…വൈകിട്ട് നിങ്ങൾകൂടി അതിലേക്ക് കൂടണം…..പ്രായമാവുന്നതാ….വ്യായാമം നല്ലതാണല്ലോ…… എന്താ എല്ലാവർക്കും സമ്മതമല്ലേ…….

”അതിപ്പോ…????? ഞങ്ങൾക്കിതൊന്നും ശീലമില്ലമ്മേ….”

“തനു കെട്ടുന്നതിനു മുമ്പ് ഇതൊന്നും ശീലിച്ചവളല്ല….. എല്ലാം താനെ പഠിച്ചോളും….കുട്ടികൾ തനുവിൻ്റെ മാത്രമല്ല…. നിൻ്റെയും കൂടിയാ…..പിന്നെ ക്ലീനിംഗ്…. അത്….

“അതു ഞാൻ ചെയ്യുമമ്മേ…..” തനു സന്തോഷത്തോടെ പറഞ്ഞു.

“ഇനി ഇതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ.. അവരുടെ സ്വന്തം കാര്യങ്ങളെല്ലാം അവർ തന്നെ ചെയ്യണം പാചക മുൾപ്പെടെ…..

ഇപ്പോൾ അവർ ശരിക്കും പെട്ടുവെന്ന് മാതാ ശ്രീ മനസിലാക്കി. സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാത്തവരെ ചുമ്മാ വിടാൻ ഒക്കുമോ

ഇത്രയും കാലം ഇതുപോലൊന്നും പറയാത്ത അമ്മയുടെ മനസിലെന്താണെന്ന്….ഇരു പുരുഷ കേസരികൾക്കും പിടികിട്ടിയില്ല.

“എന്തായാലും കുട്ടികളെ വിളിച്ചുണർത്തി കാര്യങ്ങൾ നടത്തുന്നത് എളുപ്പം തന്നെയെന്നോർത്ത് മഹിയും…..തനിക്ക് കിട്ടിയ ജോലി പ്രയാസമുള്ളതല്ലല്ലോ എന്നോർത്ത് പിതാശ്രീയും ഒന്നു ആശ്വസിച്ചു. വ്യായാമം ചെയ്യുന്നതു കൊണ്ട് തനിക്ക് തന്നെ ഗുണം..പിതാശ്രി ഒന്നു മന്ദഹസിച്ചു.

“അമ്മേ.??? അമ്മക്കിത് എന്തു പറ്റി ” തനു അടുക്കളയിലെത്തി ചോദിച്ചു

”ഒന്നും പറ്റിയിട്ടല്ല, അമ്മക്ക് പറ്റിയത് മോൾക്ക് പറ്റാതിരിക്കാനാ…… എന്തു പറയാനാ…ചിത്രം വരയുടെ ലോകത്തു നിന്നാണ് എന്നെ ഈ അടുക്കളയിലും പറമ്പിലും തളച്ചിട്ടത്. ഞാൻ വരച്ച ചിത്രങ്ങൾ പ്രദർശനത്തിനു വച്ച ഹാളിൽ വച്ചാണ് മഹീടെ അച്ഛൻ എന്നെ കണ്ടതും വിവാഹാലോചന നടത്തിയതും…..വിവാഹം കഴിഞ്ഞപ്പോൾ……നിന്നെപ്പോലെ….രണ്ടു മക്കൾ. മഹിയുടെ ചേച്ചി മായക്കുട്ടിക്ക് രണ്ട് വയസ് ആയപ്പോഴേക്കും മഹി……പിന്നെ അവരായിരുന്നു ലോകം…..അവസാനം എൻ്റെ ഇഷ്ടങ്ങൾ….. അതൊക്കെ ആ പറമ്പിൽ കുഴികുത്തി കപ്പയും ചേനയും ചേമ്പും കാച്ചിലും നട്ടു…..നൂറുമേനി വിളഞ്ഞു……..” അമ്മയുടെ കണ്ണുകൾ നിറഞ്ഞത് തനുവിനെ സങ്കടപ്പെടുത്തി.

“അമ്മക്കിനിയും ആ നിറങ്ങളുടെ ലോകത്തേക്ക് പോകാൻ ആഗ്രഹമുണ്ടോ….”

” ഈ പ്രായത്തിലോ…..വേണ്ട …..മോളുടെ സ്വപ്നമെങ്കിലും നടക്കട്ടെ….”

തനു വല്ലാതായി….

പിറ്റേ ദിവസം മുതൽ ടൈംടേബിൾ ആരംഭിച്ചു….മഹി വല്ലാതെ കഷ്ടപ്പെട്ടു. മക്കളെ ഭക്ഷണം കഴിപ്പിക്കുന്നതു കൊണ്ട് വ്യായാമത്തിനായി രാവിലെയുള്ള ഓട്ടം കൃത്യമായി നടന്നു…വീടിനുള്ളിലാണ് ഓട്ടമെന്നു മാത്രം….തൊടിയിലെ പണികൾ പിതാശ്രീ ചെയ്തു തുടങ്ങി….അതിൻ്റെ അല്ലറ ചില്ലറ അടയാളങ്ങൾ അയാളുടെ ദേഹത്ത് അവിടെവിടെ കാണപ്പെട്ടു. തനു പഠിത്തം തുടങ്ങി….. മാതാശ്രീക്ക് അൽപം റസ്റ്റ് കിട്ടി. ഉണ്ണിക്കുട്ടൻ്റെ കൂടെ കളികളും ഉറക്കവുമായ ങ്ങനെ…….

ചില പ്രതീക്ഷിത ദിവസങ്ങൾക്ക് ശേഷം……..

തനു ജോലിയിൽ കയറി…പിതാശ്രീ നട്ടവയെല്ലാം നൂറുമേനി വിളഞ്ഞു…..മഹി ഇപ്പോൾ ക്ഷമാശീലനായി മാറി. ഉണ്ണിക്കുട്ടനും സ്കൂളിലേക്ക്…… പിന്നെ മറ്റൊരു കാര്യമുള്ളത് മാതാശ്രീയുടെ ചിത്രങ്ങളുടെ പ്രദർശനം ടൗൺ ഹാളിൽ വിജയകരമായി മുന്നേറുന്നു…ചിത്രങ്ങളുടെ വിൽപനയിലൂടെ ലഭിച്ച പണവും തനുവിൻ്റെ പ്രയത്നവും കൊണ്ട് ഒരു ചിത്രം വര പഠനകേന്ദ്രം വീടിനോടനുബന്ധിച്ചുള്ള പറമ്പിൽ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.,, ഇരുപതിൽ താഴെ കുട്ടികളുടെ ചിത്രവര അധ്യാപിക കൂടിയാണ് മാതാ ശ്രീ…….

“എല്ലാത്തിനും സപ്പോർട്ടായി ഇപ്പോൾ അച്ഛനും മകനും

” ഈ ബുദ്ധി എന്തേ അമ്മാ നേരത്തേ തോന്നാഞ്ഞത് “മഹി ചോദിച്ചു

”എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ….. ” അമ്മയുടെ കോമഡി

എല്ലാവരും ചിരിച്ചു…മനസ്സ് നിറഞ്ഞ്………

….ശുഭം……

( വായിച്ചാൽ അഭിപ്രായം എഴുതുമല്ലോ. ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ )