അതിനെന്തിനാ സോറി? ഇതീ സ്കൂളിൽ എല്ലാവർക്കും അറിയാം. ഞാൻ മാത്രം അല്ല ഡിവോഴ്സ് ആയ പേരെന്റ്സ് ഉള്ള കുട്ടി…

എന്നും നിനക്കായ്‌

Story written by AMMU SANTHOSH

==========

“ഇഷാന്റെ പേരെന്റ്സ് ഒക്കെ എവിടെയാ…?”പല്ലവി ചോദിച്ചു

“അവർ സെപ്പറേറ്റഡ് ആയിട്ട് ഒരു വർഷമായി. ഞാൻ അഞ്ചു ദിവസം അച്ഛന്റെ അടുത്തും രണ്ടു ദിവസം ശനിയും ഞായറും അമ്മയുടെ അടുത്തും നിൽക്കും”

ഇഷാൻ ലഞ്ച് ബോക്സ്‌ തുറന്നു കൊണ്ട് പറഞ്ഞു

“സോറി ഞാൻ…എനിക്കറിഞ്ഞൂടായിരുന്നു.”പല്ലവി വിളർച്ചയോടെ പറഞ്ഞു

“അതിനെന്തിനാ സോറി?ഇതീ സ്കൂളിൽ എല്ലാവർക്കും അറിയാം. ഞാൻ മാത്രം അല്ല ഡിവോഴ്സ് ആയ പേരെന്റ്സ് ഉള്ള കുട്ടി. ഇഷ്ടം പോലെയുണ്ട് it is very common.താൻ പുതിയ ആളായത് കൊണ്ടാണ് അറിയാത്തത് “

അവൻ കഴിച്ചു തുടങ്ങി

“അപ്പൊ ഈ ഫുഡ് ഒക്കെ? സർവന്റ് ഉണ്ടോ?’

“എന്തിന്? ഈ ഫിഷ് ഫ്രൈയ്യും പരിപ്പ് കറിയും ഉണ്ടാക്കാനോ?” അവൻ ചിരിച്ചു

“രാവിലെ ഒരു അഞ്ചു മണിക്ക് ഞാനും അച്ഛനും എഴുന്നേക്കും. അര മണിക്കൂർ നടക്കാൻ പോവും. വന്നു ഒരു കോഫി കുടിച്ചു ഞാൻ കുറച്ചു നേരം പഠിക്കും. അത് കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചു കിച്ചണിൽ..എക്സാം ആണെങ്കിൽ അച്ഛൻ no പറയും. അല്ലെങ്കിൽ ഒന്നിച്ചു ചെയ്യും. ഞാൻ അച്ഛനെക്കാൾ നല്ല കുക്ക് ആണെടോ. ഒരു ദിവസം വീട്ടിൽ വാ. ഉഗ്രൻ ബിരിയാണി വെച്ചു തരാം “

അവളുടെ കണ്ണ് മിഴിഞ്ഞു പോയി.

ഫസ്റ്റ് റാങ്കാണ് ഇഷാൻ

പഠനത്തിൽ മാത്രം അല്ല. പാടാനും ഡാൻസ് ചെയ്യാനും വോളിബാൾ കളിക്കാനുമൊക്കെ മിടുക്കൻ

“താൻ എവിടെ ആണ് താമസിക്കുന്നത്?”

“ആർമിയുടെ ക്വാർട്ടേഴ്‌സിൽ. അപ്പക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയതാണ്. നേരെത്തെ പഞ്ചാബിൽ ആയിരുന്നു. “

“അതാണോ ചപ്പാത്തി?”

അവൻ അവളുടെ ചപ്പാത്തി റോളിൽ കണ്ണ് കാട്ടി അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

“ശരി.. ഞാൻ ഫിനിഷ് ചെയ്തു.പോവാ ട്ടൊ. റെക്കോർഡ് വർക്ക്‌ ഉണ്ട് “

അവൾ തലയാട്ടി

കണ്ട അന്ന് മുതൽ ഇഷാനോട് ഒരു അടുപ്പം ഉണ്ട് അവൾക്ക്. ആദ്യം വന്നു പരിചയപ്പെട്ടതവനാണ്. കൂട്ടായതും അവനോടാണ്. എല്ലാർക്കും ഇഷ്ടമാണവനെ.

അവൾ തന്റെ അച്ഛനെയും അമ്മയെയും ഓർത്തു. എന്തൊരു സ്നേഹമാണ് രണ്ടും കൂടെ. അവർക്കിടയിൽ ചിലപ്പോൾ താൻ ഒറ്റപ്പെട്ട പോലെ തോന്നാറുമുണ്ട്. അവരുടെ ലോകത്തു ചിലപ്പോൾ ആരും ഉണ്ടാവില്ല. എങ്ങനെയാകും രണ്ടിടത്തായ അച്ഛന്റെയും അമ്മയുടെയും ഒപ്പം.?പൊതുവെ കെട്ടിട്ടുള്ളത് ഇങ്ങനെ ഉള്ള കുട്ടികൾ കുഴപ്പക്കാരവുമെന്നാണ്. ഇതിപ്പോ അവൻ പെർഫെക്ട് ആണല്ലോ

വീണ്ടും ഒറ്റയ്ക്കായ ഒരു സമയം അവൾ അത് ചോദിച്ചു

ഇഷാൻ പൊട്ടിച്ചിരിച്ചു

“എന്റെ കൊച്ചേ താൻ ഈ വോൾക്കനോയുടെ അടുത്ത് നിന്നിട്ടുണ്ടോ? അഗ്നിപർവതം..”

അവൾ ഇല്ല എന്ന് തലയാട്ടി

“ഞാൻ ജീവിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല പതിനാല് വർഷങ്ങൾ. ടെറിബിൾ. ഇന്ന് ആരാവും വഴക്കുണ്ടാക്കുക? എന്തിന്റെ പേരിലാവും പരസ്പരം ചെളി വാരിയെറിയുക? തല്ലി പൊട്ടിക്കുന്ന പാത്രങ്ങൾ എത്ര? മിക്കവാറും ഭക്ഷണം പോലും വൈകുന്നേരം കഴിക്കില്ല..ഈഗോ ആണ് രണ്ടു പേർക്കും രണ്ട് പേരും ഡോക്ടർമാർ. ഒരാൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ, ഒരാൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ. Comparison ആണ് രണ്ടു പേരും…തനിക്കറിയുമോ ഞാൻ ഈ സ്കൂളിലെ ഏറ്റവും മോശം കുട്ടിയായിരുന്നു ഒമ്പതാം ക്ലാസ്സ്‌ വരെ…ഇവര് ഡിവോഴ്സ് ആയി രണ്ടിടത്തായപ്പോ…എന്റെ ദൈവമേ…സത്യത്തിൽ ശരിക്കും ഉറക്കം കിട്ടി തുടങ്ങിയത് അപ്പൊ മുതലാ..ശരിക്കും പറഞ്ഞാൽ കോംപ്രമൈസ് ചെയ്തു ചെയ്തു നരകിക്കുന്നതിലും ഭേദം വേർപിരിയുന്നതാ..കുട്ടികൾക്ക് വേണ്ടി ഒന്നിച്ചു ജീവിച്ചേക്കാം അല്ലെങ്കിൽ ജീവിക്ക് എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാ..നമ്മൾ നമുക്ക് വേണ്ടിയാ ജീവിക്കേണ്ടത്..”

അവൾ മെല്ലെ ചിരിച്ചു

“അമ്മയുടെ അടുത്ത് പോകുമ്പോ എങ്ങനെയാ ഇത് പോലെ തന്നെ കുക്കിംഗ്‌?”

“ഹേയ് അമ്മ റിച്ചല്ലേ? അവിടെ രണ്ടു ജോലിക്കാരുണ്ട്..എന്ത്‌ പറഞ്ഞാലും കിട്ടും..എനിക്ക് റസ്റ്റ്‌ ആണ് “

അവൻ ചിരിച്ചു

“പിന്നെന്താ അമ്മയ്‌ക്കൊപ്പം വെറും രണ്ടു ദിവസം? അച്ഛന്റെ ഒപ്പം ഇത്രയും ദിവസം? “

അവൻ ഒരു നിമിഷം മിണ്ടാതിരുന്നു

“എന്റെ അച്ഛൻ ഒരു പാവാ..അമ്മയും അതേ. പക്ഷെ അമ്മ അച്ഛനെക്കാൾ റിച്ചാണ്. ഞാൻ അമ്മയ്‌ക്കൊപ്പം പോയാൽ ചിലപ്പോൾ അച്ഛനത് ഹർട് ചെയ്യും. കോംപ്ലക്സ് അടിച്ചു പണ്ടാരമടങ്ങിക്കളയുമെന്നേ..പിന്നെ എല്ലാം ചെയ്തു പഠിക്കുന്നത് നല്ലതല്ലേ? ഫുഡ് ഒക്കെ ഉണ്ടാക്കാൻ അറിഞ്ഞൂടാത്ത ഒരു പെണ്ണിനെയാണ് കല്യാണം കഴിക്കുന്നതെങ്കിലോ?”

പല്ലവിയുടെ മുഖം ചെറുതായ് ഒന്ന് ചുവന്നു.

ഇഷാൻ കുസൃതിയിൽ അവളെ തന്നെ നോക്കിയിരുന്നു

“ഈ ചപ്പാത്തി മാത്രം കഴിക്കുന്ന വല്ല പെണ്ണിനെയുമാണെങ്കിൽ..ചോറും കറിയും ഇഷ്ടം ഉള്ള എന്റെ അവസ്ഥ എന്താകും?”

അവൻ അതേ കുസൃതി ചിരിയോടെ ചോദിച്ചു. അവളുടെ മുഖം ഇക്കുറി കടും ചുവപ്പായി..

അവനൊരിക്കലും അവളോട് ഇഷ്ടമാണെന്നൊന്നും പറഞ്ഞില്ല. പക്ഷെ അവൾക്കത് അറിയാമായിരുന്നു. ഒരു നോട്ടം, ഒരു ചിരി..അവൾക്കായ് മാത്രം ആ മുഖത്ത് വിരിയാറുണ്ട്.

വെക്കേഷൻ ആയി.

“അപ്പൊ…ഇനി അവധി കഴിഞ്ഞു കാണാം “

അവൻ പറഞ്ഞു

“എന്നെ വിളിക്കുമോ?” അവൾ മടിച്ചു മടിച്ചു ചോദിച്ചു

“എന്തിന്?”

“അല്ല വെറുതെ “

“നെവർ..” അവൻ ചിരിച്ചു കൊണ്ട് കൈ വീശി സൈക്കിളിൽ കയറി ഓടിച്ചു പോയി

അവൻ പറഞ്ഞത് തമാശയായിരുന്നില്ല.

അവൻ വിളിച്ചില്ല

പല്ലവിക്ക് അങ്ങോട്ട് വിളിക്കാനും തോന്നിയില്ല..

വെക്കേഷൻ കഴിഞ്ഞു കണ്ടപ്പോൾ ഇഷാൻ പഴയ പോലെ തന്നെ. പക്ഷെ പല്ലവിക്ക് ഒരു പിണക്കം ഉണ്ടായിരുന്നു.

“ഞാൻ വിചാരിച്ചു ഇഷാൻ വിളിക്കുമെന്ന്..”

“ഇല്ലാന്ന് ഞാൻ പറഞ്ഞിട്ടാണല്ലോ പോയത് “

“എന്നാലും…?”

“തനിക്ക് എന്നെ വിളിക്കാമായിരുന്നല്ലോ “

“തോന്നിയില്ല “

ഇഷാൻ ചിരിച്ചു

“അതാണ് ഈഗോ..അവൻ വിളിച്ചില്ല. എന്ന പിന്നെ ഞാനും ഇല്ല..എന്റെ അച്ഛന്റെയും അമ്മയുടെയും ഇടയിൽ ഉള്ള അതേ ഈഗോ “

അവളുടെ മുഖം വിളറി

“അപ്പൊ ഇഷനും ഈഗോ ഉണ്ടല്ലോ..”

“എന്റെ കാര്യത്തിൽ അത് ഈഗോ അല്ല. ഞാൻ എല്ലാ വെക്കേഷനും മുത്തശ്ശിയുടെ അടുത്ത പോകുക. വയനാട്ടിൽ ആണ്. വീട്ടിൽ റേഞ്ച് ഇല്ല . ലാൻഡ് ഫോൺ ഉണ്ട്. മിക്കവാറും ഡെഡ്..പിന്നെ എങ്ങനെ വിളിക്കുക “

“അത് പറഞ്ഞില്ലല്ലോ “

അവൻ അല്പനേരം നിശബ്ദനായി

“നമുക്ക് നല്ല സുഹൃത്തുക്കളാകാം പല്ലവി. എനിക്ക് തർക്കങ്ങൾ ഇഷ്ടം അല്ല. വഴക്കുകളും..നല്ല കൂട്ടു മതി “

അവൻ എഴുന്നേറ്റു

“ഞാൻ പോട്ടെ . ഗ്രൗണ്ടിൽ പ്രാക്ടീസ് ഉണ്ട്..ബൈ “

അവൻ പോകുന്നത് നോക്കിയിരിക്കെ അവളുടെ കണ്ണ് നിറഞ്ഞു

പക്ഷെ അവൻ പറഞ്ഞതാണ് ശരി

ഇത് സ്കൂൾ കാലമല്ലേ.. ഇതിങ്ങനെ പോട്ടെ..

എനിക്ക് ഈഗോ ഇല്ലാന്ന്.., എന്നേ വേണം ന്നു അവൻ മനസിലാക്കുമ്പോ വരട്ടെ..

ഞാൻ ഇവിടെ ഉണ്ടാകും ഇഷാൻ..

എന്നും നിനക്കായ്‌

അവൾ മനസ്സിൽ മെല്ലെ മന്ത്രിച്ചു