അമ്മ
Story written by Nijila Abhina
==============
“വീണു കിടക്കണ പ്ലാവില എടുത്തു കമിഴ്ത്തി വെക്കില്ല…….എനിക്ക് രണ്ടു കയ്യേള്ളൂട്ടോ അഭ്യേ നിനക്കൊന്നു കൂടിയാലെന്താ….” എന്ന അമ്മയുടെ ചോദ്യം പതിവുപോലെ എന്നും ഞാൻ അവഗണിക്കുക മാത്രയിരുന്നു…..
ഈ തല തെറിച്ച മൂന്നെണ്ണത്തിനെ കൊണ്ട് സ്വൈര്യം കൂടി ഇല്ലാണ്ടായല്ലോ എന്ന പല്ലവി ആവർത്തിക്കാൻ തുടങ്ങിയപ്പോ മുതലാണോ എന്തോ ഈയമ്മയ്ക്ക് ഒരു സ്നേഹോല്ല എന്ന് ഞങ്ങളും പറഞ്ഞു തുടങ്ങിയത്……
പരപരാ വെളുക്കണ നേരത്ത് എഴുന്നേറ്റ് ചായേം കടീo ഉണ്ടാക്കി വിളിച്ചെണീപ്പിക്കുമ്പോൾ അമ്മയ്ക്കിന്നും ഈ ദോശേo ചമ്മന്തിo മാത്രേ ഉള്ളോ എന്ന ഞങ്ങളുടെ ചോദ്യത്തിനൊപ്പം അച്ഛനും ചോദിച്ചിരുന്നു നിനക്ക് വേറെന്തെങ്കിലും ഉണ്ടാക്കിക്കൂടെ എന്ന്…..
അന്നൊക്കെയും ഒന്നും മിണ്ടാതെ തിരിച്ചു പോയ അമ്മയുടെ കണ്ണിലെ നീര് മുത്തുകൾ ഞാൻ കാണാത്ത പോലെ നടിച്ചിരുന്നു……
കറിക്ക് ഉപ്പില്ലാന്നും എരിവു പോരാന്നും അച്ഛനും എനിക്കിതു കൂട്ടി ചോറ് വേണ്ടാന്ന് ഞങ്ങളും പറഞ്ഞപ്പോ ഒരിക്കലും പരിഭവം പറയാത്ത അമ്മ തന്റെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ടുകൾ തുറക്കുന്നത് കണ്ട് എത്തി നോക്കിയപ്പോൾ കണ്ടിരുന്നു മുറ്റത്ത് അമ്മയോടൊപ്പം പ്ലാവിലയോട് മത്സരം കൂടുന്ന രണ്ടാട്ടിൻ കുട്ടികൾ…..
നീ മൂത്തോളല്ലേ എന്ന ചോദ്യവുമായി ഇളയൊരു ചെയ്യണ കുരുത്തക്കേടിന് അമ്മയെന്നെ ശിക്ഷിച്ചപ്പോഴോക്കെയും ഞാനുച്ചത്തിൽ വിളിച്ചു കൂവിയിരുന്നു എനിക്കമ്മേ ഇഷ്ടല്ല എനിക്കച്ചേ മതിയെന്ന്….
ദിവസത്തിലൊന്നെന്ന വണ്ണം പേറ്റു നോവിന്റെ വേദന അമ്മ ഓർമപ്പെടുത്തുമ്പോൾ ഞാൻ മനസ്സിലോർത്തിരുന്നു പത്തു മക്കളെ പെറ്റു പോറ്റിയ അമ്മമ്മയ്ക്കില്ലാത്ത എന്ത് വേദന അമ്മയ്ക്കെന്ന്……
മുറ്റത്തെ പാവലിനും പയറിനും വെള്ളമൊഴിച്ചുo കള പറിച്ചുo അമ്മ ഒഴിവു ദിവസം തീർക്കുമ്പോൾ അറിയാതെ പോലും അതിലൊന്ന് കൂടാൻ ഞങ്ങൾ ശ്രമിച്ചിരുന്നില്ല…..
ആഗ്രഹങ്ങൾക്കും മുകളിൽ പണം വില്ലനായപ്പോഴും ആശിച്ച കോഴ്സിന് ചേരാൻ സാധിക്കാതെ വന്നപ്പോഴും ഈ നശിച്ച വീട്ടിൽ ജനിക്കണ്ടിയിരുന്നില്ല എന്ന എന്റെ ശാപവാക്കുകൾക്കൊപ്പം അമ്മയും എന്നോടൊപ്പം പെയ്തൊഴിയുന്നത് ഞാൻ കാണാൻ ശ്രമിച്ചിരുന്നില്ല……
രാത്രി മുഴുവൻ ഉറങ്ങാതെയിരുന്ന് ഉപ്പേരിയും ഉണ്ണിയപ്പവും ചുട്ടെടുത്ത് ബാഗിൽ വെക്കുമ്പോഴും കഴുകിത്തുടച്ച ഹോർലിക്സ് കുപ്പിയിൽ അച്ചാറു കോരി ഇടുമ്പോഴും അമ്മ നിർത്താതെ കരയുന്നുണ്ടായിരുന്നു….
പെട്ടിയും ബാഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചുരുട്ടിപ്പിടിച്ച കൈയ്യ്ന്റെ നേരെ നീട്ടിയമ്മ പറഞ്ഞു
“അമ്മേടെ കയ്യിലിതേയുള്ളൂ….ബാക്കി പിന്നെപ്പോഴേലും ഇട്ടു തരാട്ടോ ന്ന് “
നൂറായി മടക്കിയ വിയർപ്പു നിറഞ്ഞ അരിയുടെ മണമുള്ള ആ അഞ്ഞൂറിന്റെ നോട്ടിനോടൊപ്പം അമ്മയുടെ ആകുലത നിറഞ്ഞ മനസ് കൂടിയാണ് അന്നെന്നെ എല്പ്പിച്ചതെന്നെനിക്ക് തോന്നിയിരുന്നു…..
ആ നിമിഷത്തിൽ ഞാനറിയുകയായിരുന്നു അമ്മയോട് കൂടിയ വഴക്കെല്ലാം വെറുതെയായിരുന്നു എന്ന്…..
ഒരുനിമിഷം അകലാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ തോന്നി അമ്മയുടെ നിഴൽ മാത്രമായിരുന്നു ഞാനെന്ന്……
അമ്മയില്ലാത്ത ഹോസ്റൽ മുറിയിൽ ഓരോ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും ഞാനറിയുന്നുണ്ടായിരുന്നു അമ്മ എന്റെ ജീവിതത്തിൽ എന്തായിരുന്നുവെന്ന്…..
മൂന്നു നേരവും വിളിച്ച് നീ കഴിച്ചോ മോളെ എന്നമ്മ അന്വേഷിക്കുമ്പോഴാണ് ഇതുവരെയും അമ്മയുടെ വിശപ്പിനെപ്പറ്റി ഞാനന്വേഷിച്ചിട്ടില്ലല്ലോ എന്നോർത്തത്……
ഹോസ്റൽ ഭക്ഷണത്തിനു മുമ്പിൽ അമ്മയുടെ രുചിക്കൂട്ടുകൾ മനസ്സിൽ നിറയുമ്പോൾ ഞാൻ പതിയെ അറിയുകയായിരുന്നു നീണ്ട പതിനേഴു വർഷങ്ങൾ ഞാൻ നഷ്ടപ്പെടുത്തിയത് എന്തൊക്കെയായിരുന്നു എന്ന്……
പനിച്ചുടിൽ മൂടിപ്പുതച്ചു കിടന്നപ്പോൾ അമ്മയുടെ കയ്യുടെ നൈർമല്യവും ആ ഒരു തലോടലുമായിരുന്നു ഞാനാഗ്രഹിച്ചത്……
അമ്മയെ ഞാനെന്നും പരിഹസിച്ചിരുന്ന പേറ്റു നോവിന്റെ വേദന മനസിലാക്കാൻ ലേബർ റൂമിലെ ഒരാഴ്ചത്തെ പോസ്റ്റിങ്ങ് വേണ്ടി വന്നു എനിക്ക്…….
എല്ല് പൊടിയുന്ന വേദനയിൽ സ്വന്തം ദേഹം വരെ മാന്തി കീറിയ, സ്വയം തലമുടി പിടിച്ചു വലിച്ച, ചുണ്ടുകൾ കടിച്ചു പൊട്ടിച്ച ഒരുപാടമ്മമാർ….
ആ വേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ കരച്ചിൽ കാതോർത്തിരിക്കുന്ന, ആ ഒരു കരച്ചിലിൽ വേദന മറന്നു പുഞ്ചിരിക്കുന്ന ഓരോ അമ്മയിലും ഞാനെന്റെ അമ്മയെ തന്നെയായിരുന്നു കണ്ടിരുന്നത്…..
റൂമിലെത്തിയ ഞാനാദ്യo ചെയ്തത് എന്റമ്മയേ വിളിക്കുകയായിരുന്നു അന്ന്. കുറ്റബോധത്താൽ വിങ്ങിക്കരഞ്ഞ എന്നോടമ്മ ആദ്യം ചോദിച്ചത് എന്റെ മോനെന്ത് പറ്റീന്നാരുന്നു….അപ്പോഴും ഞാനറിയുകയായിരുന്നു എന്റെ ഒരു കരച്ചിലിൽ പോലും അമ്മയുടെ ഹൃദയം എന്ത് മാത്രം വേവ്ന്ന് ണ്ട് എന്ന്….
പിന്നീടുള്ള ഓരോ കണ്ടു മുട്ടലിനുo അമ്മ സന്തോഷിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..അമ്മയോടൊപ്പമുളള ഓരോ നിമിഷവും ഞാനാസ്വദിക്കുകയായിരുന്നു….
നീ പഠനം പൂർത്തിയാക്കീട്ടു വേണം ഈയമ്മക്കൊന്നു നടു നിവർത്താനെന്നമ്മ പറയുമ്പോഴൊക്ക ഞാനറിയുകയായിരുന്നു അമ്മയ്ക്കെന്നിൽ എന്ത് മാത്രം പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്ന്
പണ്ട് ചെയ്തു പോയ തെറ്റുകളൊക്കെ ഏറ്റു പറഞ്ഞു ഞാൻ പൊട്ടിക്കരയാറുള്ളപ്പോൾ “അമ്മേടെ കുട്ടി കരഞ്ഞാൽ അതാവും അമ്മയ്ക്കേറ്റവും സങ്കടം, വീട്ടിലെ മൂത്തോളു കരയാൻ പാടുണ്ടോ..”എന്ന് ചോദിച്ച് അമ്മയെന്നെ ചേർത്തു പിടിക്കാറുണ്ട് അന്നെല്ലാം ആശ്വാസവാക്കുകൾ കൊണ്ടമ്മ തോൽപ്പിക്കുകയായിരുന്നു എന്നെ…..
വെറുപ്പെടുത്ത ഹോസ്റ്റൽ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ വയ്യെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോ ആ നിറ കണ്ണിൽ ഞാൻ കണ്ടത് എന്നിലർപ്പിച്ച പ്രതീക്ഷയായിരുന്നു
“ന്റെ കുട്ടിക്ക് വിഷമാച്ചാൽ പുറത്ത് നിന്ന് പഠിക്കണ്ടാന്ന്…” അമ്മ പറഞ്ഞപ്പോൾ വാരിപ്പുണർന്ന് ആ നിറകണ്ണുകൾ നോക്കി ഞാൻ പറഞ്ഞു എനിക്കവിടെ സുഖമാണമ്മേ എന്ന്……