Story written by Manju Jayakrishnan
“കണ്ണേട്ടാ രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ എന്റെ കല്യാണം ആണ്…അതിനു മുന്നേ ഒന്ന് വന്നു കൊണ്ടു പോ ” അവളുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ എന്റെ ഉള്ളുലച്ചു എങ്കിലും ഞാൻ ചിന്തിച്ചതു കെട്ടുപ്രായം കഴിഞ്ഞ എന്റെ അനിയത്തിയേയും ചേട്ടനേയും കുറിച്ച് ആയിരുന്നു.
കൂട്ടുകാരുടെ ചതിയിൽ അച്ഛന്റെ ബിസിനസ് അടക്കം തകർന്നു അച്ഛൻ ആത്മഹത്യയിൽ അഭയം പ്രാപിച്ചപ്പോൾ അമ്മയുടെ മാനസിക നില വരെ തെറ്റിയിരുന്നു…
കുഞ്ഞു പ്രായത്തിൽ ഞങ്ങൾക്കു വേണ്ടി കടൽ കടന്നു സ്വന്തം ജീവിതം ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച ഏട്ടൻ…പഠിക്കാൻ മിടുക്കൻ ആയിട്ടും പഠനം പാതി വഴിയിൽ നിർത്തി ഏട്ടൻ പോയത് ഞങ്ങൾക്കു വേണ്ടി ആയിരുന്നു
എന്റെയും അനിയത്തിയുടെയും പഠനം ,അച്ഛൻ വരുത്തിവെച്ച കടം ഒക്കെ വീട്ടി വന്നപ്പോൾ ഏട്ടന്റെ കല്യാണപ്രായം കടന്നു. ഒപ്പം അനിയത്തിയുടെ ജാതകദോഷവും…
അനിയത്തിയുടെ കല്യാണം കഴിഞ്ഞേ കല്യാണം ആലോചിക്കുള്ളു എന്ന് ഏട്ടൻ എപ്പോഴും പറയുമായിരുന്നു. രണ്ടു പേരുടെയും കല്യാണം കഴിയാതെ എനിക്കൊരു ജീവിതം വേണ്ട എന്ന് ഞാനും തീരുമാനിച്ചു
അങ്ങനെ ഞാൻ കൊച്ചിയിൽ പുതിയ ജോലിക്ക് ചേർന്നു.. പുറത്തു പോയി ഫുഡ് കഴിക്കാനോ പാർട്ടിക്കൊ ഒന്നും ഞാൻ പോയതേ ഇല്ല. എല്ലാവരും നല്ല കമ്പനി ആയിട്ടു പോലും ഞാൻ അവരിൽ നിന്നൊക്കെ മാറി നിന്നു.
“ഞങ്ങൾക്ക് മാറാവ്യാധി ഒന്നും ഇല്ലാ ഇങ്ങനെ അകറ്റി നിർത്താൻ “എന്നു പറഞ്ഞാണ് അവൾ ആദ്യം വരുന്നത്..
ഒരിക്കൽ ജോലി കഴിഞ്ഞു ഒരുപാട് രാത്രി ആയിട്ടു അവൾ ഇറങ്ങാൻ നേരം എന്നെ ഒന്ന് നോക്കി..അവളെ കൊണ്ടുപോകാൻ ആരെങ്കിലും വന്നിട്ടുണ്ടാകും എന്ന ധാരണയിൽ ഞാൻ പതിവുപോലെ മൈൻഡ് ചെയ്തില്ല
പക്ഷെ …. അവൾ ഒറ്റക്കായിരുന്നു…ഓഫീസിൽ നിന്നും ഓട്ടോ പിടിക്കാൻ പോകുന്നതിനിടെ ആരോ പിന്തുടരുന്നു എന്ന തോന്നലിൽ അവൾ ഓടി വീണു..മുട്ടൊക്കെ നന്നായി മുറിഞ്ഞു
പിറ്റേ ദിവസം വെച്ചുകെട്ടലുമായി അവൾ എല്ലാരോടും നടന്നതൊക്കെ പറയുമ്പോഴും എന്നെ മനഃപൂർവം രക്ഷിച്ചു
“കൊണ്ടാകാം ” എന്നു പറഞ്ഞിട്ടും അവൾ “വേണ്ട ” എന്നു പറഞ്ഞത്രേ..എവിടെയോ എനിക്കതിൽ കുറ്റബോധം തോന്നിത്തുടങ്ങി.. പക്ഷെ ഒരു ‘മാപ്പ് ‘ പോലും പറയാതെ ഞാൻ അകന്നു നിന്നു
എന്റെ ‘മുരടത്തം ‘ കാട്ടി അവളെ ഓടിക്കാൻ ശ്രമിച്ചിട്ടും അവൾ എന്നോട് കൂടുതൽ അടുക്കുകയായിരുന്നു.
അവളുടെ പിറന്നാളിന് അവൾ പോലും പ്രതീക്ഷിക്കാതെ ‘ആശംസകൾ ‘ നേർന്നപ്പോൾ അവളുടെ മുഖത്തു ഒരുപാട് സന്തോഷം ഞാൻ കണ്ടു
ഒരിക്കൽ പ്രതീക്ഷിക്കാതെ ‘ഇഷ്ടമാണ് ‘ എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ വിലക്കി.. അവൾ വിടാൻ ഭാവം ഇല്ലായിരുന്നു. എന്റെ സാഹചര്യം കൂടി പറഞ്ഞപ്പോൾ എത്ര നാൾ വേണമെങ്കിലും ‘കാത്തിരിക്കാം ‘ എന്ന് അവൾ പറഞ്ഞു
പക്ഷെ …. വീട്ടുകാർ അവൾക്കായി കല്യാണം ആലോചിച്ചു കൊണ്ടേ ഇരുന്നു..”സംസാരിച്ചിട്ട് പോകാൻ പറ്റില്ലേ ” എന്നു ചോദിച്ചപ്പോൾ പോലും ഞാൻ മടിച്ചു നിന്നു
‘സ്വന്തമായി ഒരു ജോലി ഒക്കെ ആയി അവരെ ഓർക്കാതെ ജീവിച്ചു എന്ന് തോന്നിയാലോ’…. എന്ന് ഞാൻ വിചാരിച്ചു
അവളല്ലാതെ മറ്റൊരു പെണ്ണ് എനിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു…. അവൾ പോയാലും ആ സ്ഥാനത്തു മറ്റൊരാൾ വരുകയും ഇല്ല… പക്ഷെ ആദ്യം അനിയത്തിയുടെയും ഏട്ടന്റെയും വിവാഹം നടക്കണം . അവളുടെ കല്യാണം ഉറപ്പിച്ചു….അവളുടെ കണ്ണീരിനും യാചനക്കും പോലും എന്റെ മനസ്സിളക്കാൻ സാധിച്ചില്ല..
അങ്ങനെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ അവൾ മറ്റൊരാളുടെ ഭാര്യ ആകും.. വധുവിന്റെ വേഷത്തിൽ നിന്നു കൊണ്ടാണ് അവൾ വിളിക്കുന്നത്
പക്ഷെ എന്റെ കടപ്പാട്…നന്ദികേട് കാട്ടാൻ എനിക്കാവില്ല … ഞാൻ സ്വയം നിയന്ത്രിച്ചു.
അപ്പോഴാണ് ഏട്ടന്റെ ഫോൺ വരുന്നത്.. ഏട്ടൻ ഗൾഫിൽ നിന്നും ഇന്നാണല്ലോ വരുന്നത് ഞാൻ ഓർത്തു… അര മണിക്കൂർ ഉള്ളിൽ അവിടെ എത്തണം എന്ന കണക്കുകൂട്ടലിൽ ഞാൻ റെഡിയായി
പോകാൻ നേരം അമ്മയും അനിയത്തിയും അമ്മായിയും കൂടെ വന്നു …സാധാരണ ഇവരൊന്നും വരാറില്ല..കുറച്ചു നാളായി ഏട്ടൻ വന്നിട്ട് അതു കൊണ്ടാകാം എന്ന് ഞാൻ വിചാരിച്ചു
എയർപോർട്ടിൽ നിന്നും ഏട്ടനെ പിക്ക് ചെയ്തപ്പോൾ എവിടെയോ വരെ ഏട്ടന് പോണത്രെ…. സ്ഥലം അടുക്കുന്തോറും എന്നിലെ ആധി കൂടി വന്നു. അതവളുടെ കല്യാണം നടക്കുന്ന സ്ഥലം ആയിരുന്നു..
ഏട്ടൻ അനിയനെ പോലെ കാണുന്ന സുഹൃത്തിന്റെ വിവാഹം ആണത്രേ..അവളെ കെട്ടുന്നയാൾ നല്ല ആള് ആവും ഞാൻ ഓർത്തു
“നീ വരുന്നില്ലേ ” എന്ന ചോദ്യത്തിനു വെറുതെ ഞാൻ മുഖം ആട്ടിക്കൊണ്ടു ഇരുന്നു…
“ഒരു പെണ്ണിനെ മോഹിപ്പിച്ചിട്ടു… അങ്ങനെ ഇരുന്നാൽ ശരിയാകില്ലല്ലോ ” എന്റെ മുഖത്തു അടി കിട്ടിയ പോലെ ആയി…
“പോയി വിളിച്ചോണ്ട് വാടാ നിന്റെ പെണ്ണിനെ ” എന്ന് ഏട്ടൻ പറയുമ്പോൾ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാൻ ഇരുന്നു
“ഞങ്ങൾ അങ്ങ് തന്നേക്കാവേ” എന്നും പറഞ്ഞു അവളുടെ വീട്ടുകാർ കൂടെ വന്നപ്പോൾ ഞാൻ കഥ മനസ്സിലാകാതെ ഇരുന്നു.
എന്നോട് പറഞ്ഞിട്ടു കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് അവൾ ഏട്ടനോട് നേരിട്ടു വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
ഏട്ടനും വീട്ടുകാരും കൂടി അവളുടെ വീട്ടുകാരോട് സംസാരിച്ചു കാര്യങ്ങൾ ശരിയാക്കി… അവളെ ഒരുപാട് വിഷമിപ്പിച്ചതു കൊണ്ട് “എന്നോട് പറയേണ്ട ” എന്ന് എല്ലാരും കൂടി അങ്ങ് തീരുമാനിച്ചു
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം അവർ തന്നെ വിളിച്ചു അങ്ങോട്ടേക്കു വരാനും ഏർപ്പാടാക്കി
“എടാ ഒരു പെണ്ണിന്റെ കണ്ണീരു കണ്ട് അതിനു പരിഹാരം കാണാതെ അല്ല ഞങ്ങളോടുള്ള സ്നേഹം കാണിക്കേണ്ടത്..കല്യാണവും വീടു വൈക്കലും ഒക്കെ ഒരു യോഗം ആണ്. അത് അതിന്റെ സമയത്തു നടക്കും “
ഏട്ടൻ അതു പറയുമ്പോൾ സപ്പോർട്ട് ആയി പെങ്ങളും ഉണ്ടായിരുന്നു…
വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ അവൾ എന്നോടായി ‘എങ്ങനെ ഉണ്ട് എന്റെ അഭിനയം’ എന്ന് ചോദിക്കുമ്പോൾ മനസ്സറിഞ്ഞു ഹൃദയം നിറഞ്ഞു ഞാൻ പറഞ്ഞു
“നല്ല നടൻ എന്റെ ഏട്ടൻ ആണെന്ന് “