Story written by Manju Jayakrishnan
“ഏട്ടാ നമുക്ക് മാറി താമസിച്ചാലോ? ഇവിടെ ഒരു പ്രൈവസിയും ഇല്ല “
അങ്ങനെ ഒരു ചോദ്യം അവളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചിരുന്നതു കൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല…
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് തികച്ചു രണ്ടു മാസം ആയിട്ടുണ്ടായിരുന്നില്ല…
അണുകുടുംബത്തിൽ നിന്നും വന്ന കൊണ്ട് അവൾക്ക് ഞങ്ങളുടെ കൂട്ടുകുടുംബം കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി. ചേട്ടന്മാരും ചേട്ടത്തിമാരും അവരുടെ കുട്ടികളും ഒക്കെ കൂടി ആഘോഷം ആയിരുന്നു
ആദ്യം പുകഴ്ത്തി എങ്കിലും സമയം കഴിയുന്തോറും അവളുടെ അതൃപ്തി കൂടി വന്നു…
പരിമിതികളിൽ നിന്നു കൊണ്ടു പരമാവധി സൗകര്യം വീട്ടുകാർ നൽകി എങ്കിലും, നിസ്സാര കാര്യങ്ങൾക്കു പോലും പരാതി അവളിൽ തല പൊക്കി
പീ രിയഡ്സ് ഒക്കെ ആയാൽ ഭക്ഷണം അവളുടെ മുന്നിൽ എത്തുമായിരുന്നു…ആ നന്മ ഒന്നും അവൾ അംഗീകരിച്ചില്ല എന്നതാണ് നേര്
എവിടെ എങ്കിലും പോകാൻ ഞങ്ങൾ ഇറങ്ങുമ്പോൾ ചേട്ടൻമാരുടെ കുട്ടികളും കൂടെ ഇറങ്ങും… ചേട്ടത്തിമാർ വഴക്ക് പറഞ്ഞാലും ‘കൊച്ചച്ചാ ‘ എന്നു പറഞ്ഞു അവർ എന്റെ അടുത്തേക്ക് പോരും
അവൾ ഇതൊക്കെ കാണുമ്പോൾ മുഖം വീർപ്പിച്ചു ഇരിക്കും… പിന്നെ അന്നത്തെ ദിവസം സ്വാഹാ….
അവൾക്കായി മാത്രം ഒന്നും വാങ്ങിച്ചു കൊണ്ടു വരാനും എനിക്ക് തോന്നിയില്ല.. കുട്ടികളും ഞാനും വല്ലാതെ അറ്റാച്ച്ഡ് ആയിരുന്നു.. അവൾക്കു വാങ്ങിച്ചാൽ അവർക്കും ഞാൻ എന്തെങ്കിലും കരുതിയിരുന്നു…
പതിയെ പതിയെ പൊസ്സസ്സീവ്നെസ് അവളിൽ തല പൊക്കി…
കുട്ടികളെ പോലും അവൾ ശത്രു ആയി കണ്ടു തുടങ്ങി…
തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കിടാനും തുടങ്ങി… ഞാൻ വന്ന ഉടനെ ചേട്ടത്തിമാരുടെ കുറ്റങ്ങൾ എണ്ണിപ്പെറുക്കാനും തുടങ്ങി…
ഒരു ജോലിയും ചെയ്യാതെ ഇരുന്നിട്ടു പോലും ഏട്ടത്തിമാർക്ക് ഒരു പരാതിയും ഇല്ലായിരുന്നു… കാര്യങ്ങൾ കൈവിട്ടു പോകും എന്നു തോന്നിയപ്പോൾ ഞാൻ അവളുടെ ഒപ്പം നിൽക്കാൻ തീരുമാനിച്ചു
അവരൊക്കെ എതിർത്തിട്ടും അവൾക്കൊപ്പം ഞാൻ പടിയിറങ്ങി….
ഒരു വാടക വീടെടുത്ത് ഞങ്ങൾ താമസം തുടങ്ങി… അവൾ വളരെ സന്തോഷവതി ആയിരുന്നു. ‘രക്ഷപെട്ടല്ലോ ‘ എന്ന ഭാവം ആയിരുന്നു മുഖത്ത്….
കുറച്ചു നാൾ അങ്ങനെ പോയി…
തന്നെ ജോലി ഒക്കെ ചെയ്തു അവൾ ഒരു പരുവം ആയി….
അവിടെ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാത്ത എനിക്ക് വലുതായി ഒന്നും ചെയ്യാനും ഇല്ലായിരുന്നു….
അവൾക്കു പാചകം ഒന്നും വലിയ പിടി ഇല്ലായിരുന്നു.. യൂട്യൂബ് നോക്കി എന്തൊക്കെയോ അവൾ കാട്ടിക്കൂട്ടി… ഞാൻ മാക്സിമം പ്രോത്സാഹിപ്പിച്ചു എങ്കിലും അവൾക്ക് തന്നെ സ്വന്തം പാചകം മതിയായിരുന്നു
പിന്നെ ഞങ്ങൾ പുറത്തു നിന്നും കഴിക്കാൻ തുടങ്ങി……
ചിലവുകൾ വല്ലാതെ കൂടി… എന്റെ ശമ്പളം ഒന്നിനും തികയാതെ ആയി…
ട്രിപ്പ് പോകാൻ ഒക്കെ ആഗ്രഹം ഉണ്ടായെങ്കിലും അപ്പോൾ അതിനുള്ള കാശ് ഇല്ലായിരുന്നു….
ചില ദിവസങ്ങളിൽ ജോലിയുടെ ഭാഗമായി എനിക്ക് വീട്ടിൽ നിന്നും വിട്ടു നിൽക്കേണ്ടിയും വന്നിരുന്നു… ആ സമയത്തു അവൾ സ്വന്തം വീട്ടുകാരെ ആദ്യമൊക്കെ നിർത്തിയെങ്കിലും പിന്നീട് അവർക്കും അതൊരു ബുദ്ധിമുട്ടും ആയി… അങ്ങനെ അവൾ തനിച്ചായി…
‘വിശേഷം’ കൂടി ആയപ്പോൾ അവൾ ആകെ കോലം കെട്ടു….
ആരെക്കുറിച്ചും ചോദിക്കാതെ ഇരുന്ന അവൾ ഏട്ടത്തിമാരെക്കുറിച്ചും കുട്ടികളെയും കുറിച്ചൊക്കെ ചോദിക്കാനും തുടങ്ങി
‘അവളുടെ ചാട്ടം ‘ എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി എങ്കിലും ഞാൻ പൊട്ടനായി അഭിനയിച്ചു ..
ഗർഭിണിയായ അവളെ കാണാൻ വീട്ടുകാർ എത്തിയപ്പോൾ അവൾ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു..കുറേ മാപ്പ് പറഞ്ഞു …. ഒരു നാണവും ഇല്ലാതെ സ്വന്തം വസ്ത്രങ്ങൾ ഒക്കെ പാക്ക് ചെയ്തു അവർക്കൊപ്പം പോകാൻ റെഡിയായി…
ഒരു വർഷം കഴിഞ്ഞേ പോകാൻ പറ്റൂ എന്നു പറഞ്ഞു ഞാൻ വാശി പിടിച്ചു…..
“മതി നാടകം രണ്ടും കൂടി പെട്ടി പാക്ക് ചെയ്തോ “
എന്ന് എന്റെ കൂട്ടുകാരൻ വന്നു പറയുമ്പോൾ അവൾ ആകെ അമ്പരന്നു..
അവന്റെ ഭാര്യ പ്രസവിക്കാൻ പോയ ഗ്യാപ്പിൽ എനിക്ക് തന്നതായിരുന്നു ആ വീട്….
ഒന്നു മാറി നിന്നാലേ അവൾ ശരിയാവൂ എന്ന് എനിക്ക് മനസ്സിലായിയിരുന്നു…അവൾ പെട്ടി ഒക്കെ പാക്ക് ചെയ്ത സ്പീഡ് കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി…
വീട്ടിലെത്തിയപ്പോൾ ഞാൻ അവളെ ചേർത്തു പിടിച്ചു ചോദിച്ചു
“നിനക്ക് പ്രൈവസി വേണ്ടേ എന്ന് “…
അതിനു മറുപടിയായി നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു “ശവത്തിൽ കുത്തല്ലേ ഏട്ടാ എന്ന് “