ഹേമന്തം ?
എഴുത്ത്: ധ്വനി സിദ്ധാർഥ്
===========
വീട്ടിലേക്കുള്ള വലിയ പടിക്കെട്ടുകൾ ഓടികയറുമ്പോൾ അകത്തുനിന്നും ഏട്ടന്റെയും അമ്മയുടെയും അടക്കിപ്പിടിച്ച ചില സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു…
ചെന്നുനോക്കുമ്പോൾ എല്ലാരുടെ മുഖത്തും വല്ലാത്തൊരു ഭാവം…ഏട്ടന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്…അച്ഛനാണെങ്കിൽ കസേരയിലേക്ക് ചാരികിടക്കുന്നു..കണ്ണുകൾ അടച്ചുപിടിച്ചിട്ടുണ്ട്…
അമ്മയുടെ മുഖത്തുമാത്രം വലിയ സങ്കടമൊന്നുമില്ല…പുച്ഛമോ പരിഹാസമോ…വിജയീ ഭാവമോ എന്തൊക്കെയോ ആണവിടെ…
എന്നെ കണ്ടതും അമ്മ ഓടി അവൾക്കടുത്തേക്ക് വന്നു…
“എടീ നമ്മുടെ ഹേമന്തൻ നാട്ടിൽ വന്നത്രെ…”
അത് കേട്ടപ്പോയെക്കും പെണ്ണിന്റെ കണ്ണൊന്നു വിടർന്നു…മുഖത്ത് നാണം നിറഞ്ഞു…
ആ ചെറുക്കന്…….
എന്തോ കാര്യമായി പറയാൻ വന്ന അമ്മയെ ഏട്ടൻ കയ്യുയർത്തി തടഞ്ഞു….
കേറിപ്പോ ഗൗരി…കോളേജിന്ന് വരുവല്ലേ…പോയി കുളിച് എന്തേലും കഴിക്ക്…
എന്തോ പന്തികേട് തോന്നുന്നുണ്ടായിരുന്നു…പക്ഷെ…ആരും ഒന്നും വിട്ടുപറയുന്നില്ല…അവളത് ശ്രദ്ധിക്കാനും പോയില്ല….
അവളുടെ മനസ് അവന് ചുറ്റുമായിരുന്നു…ബാല്യത്തിൽ കളികൂട്ടുകാരനായ…കൗമാരത്തിൽ കൗതുകമായ…പിന്നീടെടെപ്പോയോ…ആരുമറിയാതെ…അവൻ പോലുമറിയാതെ…അവളുടെ പ്രണയമായി മാറിയ….അവളുടെ മാത്രം നന്ദേട്ടന് ചുറ്റും…
മോളിലേക്കുള്ള പടികൾ ഓടികയറുമ്പോൾ വേഗത കൂടിയിരുന്നു…മുറിയിലെത്തി വാതിലിൽ ചാരിനിന്ന് കിതപ്പടക്കുമ്പോൾ അവളുടെ കണ്ണുകൾ പണ്ടൊരികൽ അവൻ സമ്മാനിച്ച ഒരു പുസ്തകത്തിലായിരുന്നു…ആ പുസ്തകത്തെ കയ്യിലെടുത്ത് മാറോട് ചേർക്കുമ്പോൾ എന്നത്തേതിലും സന്തോഷമായിരുന്നു….
ഹേമന്തൻ…എല്ലാവരുടെയും നന്ദൻ…ഗൗരിയുടെ നന്ദേട്ടൻ…
നന്ദന്റെ അമ്മാവന്റെ മകളായിരുന്നു ഗൗരി…ഗൗരിയുടെ അമ്മയും നന്ദന്റെ അമ്മയും തമ്മിലുള്ള നാത്തൂൻ പോര് സഹിക്കവയ്യാതെയാണ് ഗൗരി നാലിൽ പഠിക്കുമ്പോൾ തറവാട്ടിൽ നിന്നും വേറെ വീടുവച്ച് അവർ മാറുന്നത്…
ചെറുതിലെ അച്ഛൻ നഷ്ടപ്പെട്ടതുകൊണ്ട് തറവാട് വീട് പെങ്ങൾക് കൊടുക്കാൻ ഗൗരിയുടെ അച്ഛന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല…
അമ്മയുടെ അഭിപ്രായത്തെ അപ്പാടെ തള്ളിക്കളഞ് വീട് പെങ്ങൾക് കൊടുത്തതിൽ പത്തു വർഷങ്ങൾക്കിപ്പുറവും അമ്മയുടെ പരാതി തീർന്നിട്ടില്ല…
പക്ഷെ തനിക്കും ഏട്ടനും ആ വീടും വീട്ടുകാരും ഒരിക്കലും അന്യമായിരുന്നില്ല… ഓടിചെല്ലുമ്പോൾ ചേർത്തുപിടിക്കുന്ന അപ്പച്ചിയും…കളിയിലും കാര്യത്തിലും ഒപ്പം നിൽക്കുന്ന നന്ദേട്ടനും ഞങ്ങള്ക്ക് പ്രിയപ്പെട്ടതായിരുന്നു…നന്ദേട്ടനും ഏട്ടനും ഏകദേശം സമപ്രായകാറായത് കൊണ്ട് അവരായിരുന്നു എപ്പോഴും ഒരുമിച്ച്…
ഉള്ളിൽ കൊണ്ടുനടന്ന ഇഷ്ടം തുറന്നുപറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു…അച്ഛനെയും അമ്മയെയും ഏട്ടനെയും എല്ലാത്തിലുമുപരി നന്ദേട്ടനേയും അവൾക് പേടിയായിരുന്നു…
നന്ദേട്ടൻ തന്റെ സ്നേഹത്തെ വിളക്കെടുക്കില്ലന്ന് അവൾക് തോന്നിയിരുന്നു…തന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല…ഒരിക്കലും തന്നെ അങ്ങനൊന്നും കാണില്ല…പ്രണയം പറഞ്ഞാൽ ചിലപ്പോ അപ്പൊ തന്നിൽ നിന്നും അത് അകന്നുപോകും…
പേടിയായിരുന്നു…നോവായിരുന്നു അവൾക് ആ പ്രണയത്തെ നഷ്ടപ്പെടുത്താൻ…
താൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ പോയതാണ് നന്ദേട്ടൻ പ്രവാസജീവിതത്തിലേക്ക്.. ഇടക്കടക്ക് വിളിക്കും…അച്ഛനെയും ഏട്ടനെയും വീഡിയോ കാൾ ചെയ്യും…അതിനിടക്ക് ഞാനും പോയിനിൽക്കും…അവനിലെ ഓരോ മാറ്റങ്ങളും നോക്കിക്കാണും…
നാലുവർഷങ്ങളാവുന്നു…നേരിൽ കാണാതെ മിണ്ടാത്തെയൊക്കെ…
അതിനിടയിലും അപ്പച്ചി ഒറ്റക്കാണെന്ന ന്യായം പറഞ് ഇടക്കെടക്ക് അവൾ തറവാട്ടിലേക്ക് ഓടും..
അവിടെ നന്ദേട്ടന്റെ മുറിയിലെ സാധനങ്ങളും മറ്റും അടുക്കിയും പെറുക്കിയും…അവന്റെ കിടക്കയിൽ അവന്റെ തലയണയെ കെട്ടിപിടിച്ചുറങ്ങിയും അവൾ അവനെ കാണാനുള്ള…തൊടാനുള്ള..മിണ്ടാനുള്ള…ആശ തീർക്കും…
മാസങ്ങളോളം വിളിയും അന്വേഷണങ്ങളും ഒന്നുമില്ലായിരുന്നു…അത് എന്തിനോ ഒരു ഭീതി ഉള്ളിൽ ജനിപ്പിച്ചു…ജോലിതിരക്കുകളിൽ പെട്ടുപോയതാവും എന്ന ഏട്ടന്റെ വാക്കുകൾ വിശ്വസിച്ചു ദിവസങ്ങൾ തള്ളിനീക്കി…
ഇടയ്ക്ക് പറഞ്ഞിരുന്നു…അപ്പച്ചിയെ വിളിച്ചിരുന്നു എന്ന്….അത് കൊറച്ചൊന്നുമല്ല തന്റെ മനസിന്റെ ഭാരത്തെ കുറച്ചത്…
ഇന്നിതാ വന്നിട്ടുണ്ടത്രേ..എന്താണാവോ ഒരു മുന്നറിയിപ്പും ഇല്ലാതെ…സർപ്രൈസ് തരാനായിരുന്നോ…
തനിക്കൊഴിച്ചു ആർക്കും വലിയ സന്തോഷമൊന്നുമില്ല…ഏട്ടനും അച്ഛനും ആർക്കും…
അന്ന് വീട്ടിലും നന്ദേട്ടനെ കുറിച്ച് കൂടുതൽ സംസാരം ഒന്നും തന്നെയില്ലായിരുന്നു…
കള്ളത്തരം ഉള്ളിലുള്ളത് കൊണ്ട് അങ്ങോട്ട് കയറി ചോദിക്കാനും തോന്നീല്ല…
ആ രാത്രി അവൾക് ഉറങ്ങാൻ കഴിഞ്ഞതേ ഇല്ലാ…ആ രാത്രിക്ക് എന്നത്തെതെത്തിലും നീളം കൂടുതലുള്ളതായി തോന്നി…നെഞ്ചോരം അവളാ പുസ്തകവും ചേർത്തുവച്ചു…അതിലവൾ തന്റെ ഇത്രയും നാളത്തെ പ്രണയം വരച്ചുവച്ചിരുന്നു…തന്റെ പ്രാണന് സമ്മാനിക്കാനായി…
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് തറവാട്ടിലേക്കിറങ്ങുമ്പോൾ പതിവിലും വിപരീതമായി ഏട്ടൻ തടഞ്ഞു…കാരണം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…ഒന്ന് ചേർത്തുപിടിക്കയല്ലാതെ മറ്റൊന്നും മിണ്ടുന്നില്ല…ആ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്….
മുഖത്താകെ വിരലോടിച് കാര്യം ചോദിച്ചപ്പോഴും ഒന്നും മിണ്ടാതെ കയറിപോവുന്ന ഏട്ടനെ നോക്കി നിന്നു…എന്തോ അരുതാത്തത് ചുറ്റും നടക്കുനുണ്ടെന്ന് തോന്നിപ്പോയി ഗൗരിക്ക്…
ശ്വാസം അടക്കിപിടിച് വഴിനീളെ ഓടി തറവാട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോയേക്കും തളർന്നിരുന്നു…
ഒന്ന് കിതപ്പടക്കി വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ തറവാടിനോടു ചേർന്നുള്ള കുളത്തിനരികത്തുനിന്ന് ആരുടെയോ തേങ്ങൽ ഉയർന്നുകേട്ടു…
അങ്ങോട്ട് പോവാനാണ് തോന്നിയത്…മെല്ലെ…ശബ്ദമുണ്ടാക്കാതെ ചെന്നുനോക്കുമ്പോൾ നന്ദേട്ടനാണ്…പുറംതിരിഞ്ഞാണ് നില്കുന്നത്…ഇടക്കെടക്ക് മുണ്ടിന്റെ തുമ്പ് പൊക്കി കണ്ണുതുടക്കുന്നുണ്ട്…
തൊട്ടടുത് പുറകെ ചെന്നുനിന്ന് തനിക്കഭിമുഖമായി തിരിച്ചുനിർത്തുമ്പോൾ…തനിക്ക് പരിചയമുള്ള നന്ദേട്ടനെ അല്ലത്…കണ്ണുകളിൽ തിളക്കമില്ല പകരം കരഞ്ഞുകലങ്ങിയിട്ടുണ്ട്…ചുണ്ടിൽ പുഞ്ചിരിയില്ല…താടിയും മുടിയും വളർന്ന് തീർത്തും അപരിചിതമായ ഒരു ഭാവം…
നന്ദേട്ടനെ കണ്ട എന്റെ മുഖം ഞാൻ പോലും അറിയാതെ ഒന്ന് ചുളിഞ്ഞു…
അത് കണ്ടിട്ടോ എന്തോ എന്നിൽനിന്നും കുറച്ചകന്നു നിന്നു…ചുറ്റും നോക്കുന്നുണ്ട് ആരെയോ പേടിക്കുന്ന പോലെ…കണ്ണിൽ ഭയമാണ്…ഞാൻ അടുകുംതോറും എന്നിൽ നിന്നകന്നുമാറി കൊണ്ടിരുന്നു…
ഒന്നും മിണ്ടാതെ തിരിഞ്ഞുപോലും നോക്കാതെ പോവുന്നവനെ കാൺകെ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…
തറവാട്ടിലേക്കുള്ള യാത്രയിൽ ആവശ്യമില്ലാത്ത എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നുണ്ടായിരുന്നു…
അപ്പച്ചിയെ ഒരുപാട് നോക്കിയിട്ടും എവിടെയും കണ്ടില്ല…
അടുക്കളപ്പുറത് ഇരിപ്പുണ്ട്…ആകെ തളർന്നിട്ടുണ്ട്…പിന്നിലൂടെ ചെന്ന് ചേർത്തുപിടിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…മാറിലേക്ക് ചേർത്തുകിടത്തി ആശ്വസിപ്പിക്കുമ്പോഴും ഒന്ന് മാത്രമേ ആ നാവ് ഉരുവിടുന്നുള്ളു…എന്റെ മോൻ….എന്റെ മോൻ….എന്റെ മോൻ…അത്രമാത്രം…
എന്തോണ് ചുറ്റും നടക്കുന്നതെന്ന് അറിയാതെ ഗൗരി ഒന്ന് പകച്ചു…അവൾ അപ്പച്ചിയെ ഒന്നൂടെ ചേർത്തുപിടിച്ചു…
പിന്നിൽ നിന്നും അമ്മയുടെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് തിരിഞ്ഞു നോക്കിയത്…ഞൊടിയിടയിൽ തന്നെ അപ്പച്ചിയിൽ നിന്നും പറിച്ചെടുത്ത് കവിളത്തു ആഞ്ഞുതല്ലി…
“ആരോട് ചോദിച്ചിട്ടാടി അസത്തെ…നീ ഇങ്ങോട്ട് പോന്നത്…ഇത് നശിച്ച വീടാ…ഇനി മേലാൽ ഇവിടെ കാലു കുത്തരുത്…ഇറങ്ങിക്കോണം ഇപ്പൊ….എന്റെകൂടെ…അവളുടെ ഒരപ്പച്ചി…”
അമ്മ എന്തൊക്കെയോ പറയുന്നുണ്ട്…അപ്പച്ചി ഒന്നും എതിർകുന്നില്ല…സാരിത്തുമ്പിൽ മുഖമമർത്തി കരയുകയാണ്…
“എന്താ…അമ്മേ…ഞാനദ്യായിട്ടാണോ ഇവിടെ വരുന്നേ…എന്താ ഇങ്ങനൊക്കെ…നമ്മടെ സ്വന്തമല്ലേ ഇവരും…നമ്മളല്ലാതെ വേറാര അപ്പച്ചിക്കും നന്ദേട്ടനും…”
നന്ദേട്ടൻ…അവനാ…അവൻ കാരണാ…ഏതോ നാട്ടിൽ പോയി…എന്തൊക്കെയോ വേണ്ടാതീനം ഒക്കെ കാട്ടിക്കൂട്ടീട്ട് വന്നു കയറിയ അവന് എയ്ഡ്‌സ് ആണത്രേ…ബാക്കിയുള്ളോർക്ക് ഭാരമാവാൻ…എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തെ…അവിടെങ്ങാനും കിടന്നങ്ങ് ടിങ്ങിയാ പോരായിരുന്നോ…
പിന്നൊന്നും ഗൗരിക്ക് കേൾക്കാനായില്ല…ചെവിയിലാകെ ഒരു മൂളൽ മാത്രം…ആരെയും നോക്കാനാവുന്നില്ല…അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്…കരഞ്ഞു തളർന്നു കണ്ണീര് വറ്റി ഒരു മൂലക്കിരിപ്പുണ്ട് അപ്പച്ചി…
അടുത്തേക്ക് ചെന്ന് മുടിയിഴയിലൂടെ ഒന്നൂടെ അവൾ വിരലോടിച്ചു…
“മോള് പൊയ്ക്കോ…ഇനി ഇങ്ങോട്ട് വരരുത്…ഒരിക്കലും…മോള് പൊയ്ക്കോ…”
പറയുമ്പോൾ നെഞ്ചുവിങ്ങുന്നുണ്ട്…മിഴികൾ നിർത്താതെ പെയ്യുന്നുണ്ട്…
അകത്തളത്തിലൂടെ തന്നെയും വലിച്ചിഴച് പോവുമ്പോൾ ചുറ്റുമൊന്നൂടെ നോക്കി…അപ്പൊ കണ്ടു…വാതിലിനപ്പുറം നിന്ന് തന്നെ നോക്കുന്ന…രണ്ട് നിറമിഴികൾ…നന്ദേട്ടൻ….
ആ നോട്ടം തന്റെ ഹൃദയത്തിൽ കൊണ്ടാണ് തറച്ചത്…
വീട്ടിലെത്തീട്ടാണ് അമ്മ കയ്യിൽ നിന്നും പിടിയഴച്ചത്…
മുറിയിലെ ജനലരികിൽ പുറത്തേക്ക് ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ…അതെ ഇരുട്ട് തന്നെയായിരുന്നു തന്റെ ഉള്ളിലും…
ഒരാശ്വാസത്തിനായി…ഒരു താങ്ങിനായി…അവളാ പുസ്തകം തിരഞ്ഞു…നഷ്ടപ്പെട്ടു…അതും നഷ്ടപ്പെട്ടു…
എവിടെയോ അതും കളഞ്ഞുപോയിരുന്നു…തന്റെ പ്രണയത്തിന്റെ ഒരേയൊരു തെളിവ്…
ദിവസങ്ങൾ കടന്നുപോയി…എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട്…അവഗണിക്കപ്പെട്ട്….ആ അമ്മയും മകനും ജീവിതം തള്ളിനീക്കി…കാണാനുള്ള ആഗ്രഹം അമ്മയുടെ മൂർച്ചയെറിയ വാക്കിലും…ചൂരലുകൊണ്ടും കൈകൊണ്ടും ഉള്ള അടിയിലും ഞെരിഞ്ഞമർന്നു…
ഒരിക്കൽ…ഏട്ടന്റെ വാക്കിൽ പോലും നന്ദേട്ടനോടുള്ള നീരസം കലർന്നപ്പോൾ ഉള്ളൊന്നു പൊള്ളി…അത്രമേൽ അന്ന് വേദനിച്ചു…നന്ദേട്ടന്റെ ആ നിറഞ്ഞ മിഴികൾ പിന്നീടുള്ള പല രാത്രികളിലും ഗൗരിയുടെ ഉറക്കം കെടുത്തി..
അധികം വേദനിപ്പിക്കാതെ അപ്പച്ചിയെ ദൈവം അങ്ങ് വിളിച്ചപ്പോൾ…ആശ്വാസമാണ് തോന്നിയത്…കാരണം സ്വന്തം മകന്റെ അങ്ങനൊരവസ്ഥ ആ അമ്മയെ പാടെ തളർത്തിയിരുന്നു…
പക്ഷെ…നന്ദേട്ടൻ…ഇനിയൊറ്റക്ക്…താങ്ങാനാവുമോ ആ പാവത്തിന് ഒറ്റക്ക്…ഹൃദയം നുറുങ്ങുന്നുണ്ടാവില്ലേ…
കൂട്ട് പോവാൻ….ജീവിതത്തിൽ ഒരു കൈത്താങ്ങാവാൻ ഒക്കെ നൂറുവട്ടം സമ്മതമാണ്…മറ്റൊന്നും വേണ്ട…ഒന്നും ആഗ്രഹിക്കില്ല…പക്ഷെ എങ്ങനെ പറയും…ആരോട് പറയും…ആരും തന്നെ കേൾക്കില്ല…മനസിലാകില്ല…ഒരുപക്ഷെ നന്ദേട്ടൻ പോലും…
നീണ്ടുപോവുന്ന ദിവസങ്ങളിൽ ഗൗരിയും ആകെ തളർന്നിരുന്നു…പണ്ടത്തെ കളിചിരിയും കുറുമ്പും കുസൃതിയും എല്ലാം അവൾക് അന്യമായിരുന്നു…
ഒരു വൈകുന്നേരം ഏട്ടൻ വന്നു കയറിയത് തന്നെ അത്രമേൽ തകർക്കാൻ കെല്പുള്ള ഒരു വാർത്തയുമായി ആയിരുന്നു…
നന്ദനെ കാണാനില്ലത്രേ…ആരും നോക്കാറൊന്നുമില്ലല്ലോ…കൊറച്ചു ദിവസയിട്ട് അനക്കമൊന്നും കേൾക്കാതായപ്പോൾ അയല്പക്കത്തുനിന്നും ചെന്നുനോക്കീതാ…അവിടെങ്ങും ഇല്ലന്ന്…
വളരെ ലാഘവത്തോടെ പറഞ്ഞു തീർത്ത ഏട്ടനെ വിങ്ങുന്ന ഹൃദയവുമായി നോക്കി നിൽക്കാനേ ഗൗരിക്ക് കഴിഞ്ഞുള്ളു…
“പൊയ്ക്കാണും…എങ്ങോട്ടേലും…അറപ്പോടെയും വെറുപ്പോടെയും ഉള്ള കുത്തുവാക്കുകൾ സഹിക്കാൻ പറ്റിട്ടുണ്ടാവില്ല…പോട്ടെ…എങ്ങോട്ടെങ്കിലും പോട്ടെ….”
അച്ഛനായിരുന്നു….സ്വരം ഇടാറുന്നുണ്ട്…ആരും ഒന്നും മിണ്ടിയില്ല…
അവിടെ ഇനിയും നിന്നാൽ ചെലപ്പോ തന്നെത്തന്നെ കൈവിട്ടുപോവുമെന്ന് തോന്നിയപ്പോൾ അവൾ മുറിയിൽ കയറി വാതിലടച്ചു….
ആരും കേൾക്കാതെ അലറിക്കരഞ്ഞും…കണ്ണിൽ കണ്ടെത്തെല്ലാം എറിഞ്ഞുടച്ചു…കയ്യിലും കാലിലും മുറിവുകൾ ഉണ്ടാക്കി ആ വേദനയിൽ ആനന്ദം കണ്ടെത്തിയും…പിച്ചും പേയും പറഞ്ഞു…അവൾക്കവളുടെ മനസ് നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു..
???
രണ്ടു വർഷങ്ങൾക്കിപ്പുറം അവളിന്ന് മോചിതയാവുകയാണ്…
അവൾക് നഷ്ടപ്പെട്ടുതുടങ്ങിയ ആ പഴയ ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറുകയാണ്…
എല്ലാം മാറി…ഇനിയൊന്നും ഉണ്ടാവില്ല…പണ്ടത്തെ പോലെ പിച്ചും പേയും പറയില്ല…സ്വയം വേദനിപ്പിക്കില്ല എനൊക്കെ ഡോക്ടർ അച്ഛന്റെ തോളിൽ തട്ടി പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു…
ഒന്നുമിപ്പോൾ ആ മനസിലില്ല…പക്ഷെ…അത്രമേൽ തെളിമയോടെ…അത്രയും തിളകത്തോടെ…ഒരു പോറൽ പോലുമേൽകാതെ ആ മുഖം ഇന്നും ഹൃദയത്തിലുണ്ട്…അവളുടെ നന്ദേട്ടൻ…ഒരുതരിപ്പോലും മങ്ങലേൽകാതെ ആ പ്രണയവും….
തിരിച്ചുകിട്ടിയ ജീവിതത്തെ മുന്നോട്ട് നയിക്കാൻ ഇന്നവൾക്കാ ലക്ഷ്യമുണ്ട്..തീരുമാനങ്ങളുണ്ട്…എന്തും നേരിടാനുള്ള ധൈര്യമുണ്ട്…
ഒരു ദിവസം രാത്രി എല്ലാരുടെയും സാനിധ്യത്തിൽ തന്റെ ആവശ്യം പറഞ്ഞപ്പോൾ പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറിയായിരുന്നു പ്രതികരണം…
അവൾക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…അവരെ എതിർത്തതുമില്ല…പറയാനുള്ളത് പറഞ്ഞു അവളെഴുനേറ്റ് പോയിരുന്നു…
രാത്രിയിലാരോ തന്റെ മുടിയിലൂടെ തഴുകുന്നതറിഞ്ഞാണ് ഞെട്ടിയുണർന്നത്…നോക്കാതെ തന്നെ അത് അച്ഛനാണെന്ന് ഉറപ്പായിരുന്നു…ഉണർന്നിട്ടുംഉറക്കം നടിച്ചു…അല്പനേരത്തിനു ശേഷം മുറിവിട്ടു പോവുന്ന അച്ഛനെ അത്രമേൽ സന്തോഷത്തോടെ നോക്കിനിന്നു…
പിറ്റേന്ന് രാവിലെ ഗൗരിയെ വിളിച്ചുണർത്താൻ പോയപ്പോൾ അവിടെ അവളില്ലായിരുന്നു…..പകരം ഒരു പുസ്തകത്തിനിടയിൽ ഒരു പേപ്പർ തിരുകിവച്ചിട്ടുണ്ട്…
“നന്ദേട്ടനെ തേടിപോവാണ്…ഉറപ്പായും തിരിച്ചുവരും…എന്നു മാത്രമായിരുന്നു അതിൽ… “
എങ്ങോട്ടെന്നില്ലാത്ത യാത്രയിലും അവളുടെ മനസ് അത്രമേൽ ശാന്തമായിരുന്നു…
മൂന്നാറിനോടടുത്തുള്ള ആരുമില്ലാത്തവരെയും…അസുഖം ബാധിച്ചവരെയും…സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെയും പോലുള്ളവർക്ക് താങ്ങാവുന്ന ഒരു ആലയത്തിൽ നന്ദേട്ടനെ പോലൊരാളെ കണ്ടിരുന്നു എന്ന പഴയൊരു സുഹൃത്തിന്റെ വാക്കനുസരിച്ച് ഇറങ്ങിയതാണ് ഗൗരി…
ഉറപ്പൊന്നുമില്ല…എന്നാലും അത് തള്ളികളയാൻ തോന്നിയില്ല…എവിടെയോ ഒരു പ്രതീക്ഷ…
മുങ്ങിത്താഴുമ്പോൾ ഒരു കച്ചിത്തുരിമ്പിൽ പോലും നമ്മൾ ജീവിതം കാണില്ലേ…അത് പോലൊരു കച്ചിത്തുരുമ്പായിരുന്നു..ഗൗരിക്ക് സുഹൃത്തിന്റെ ആ വാക്കുകൾ…
ദൂരമേരെ താണ്ടി…ബസിലും ഓട്ടോകളിലും മാറിമാറി കയറി അവിടെത്തുമ്പോഴും അവൾ തളർന്നിരുന്നില്ല…അവളുടെ നന്ദേട്ടന്റെ മുഖം അവൾക് ഉണർവേകി…മുന്നോട്ട് പോവാനുള്ള ധൈര്യം നൽകി…
നീണ്ടു നിവർന്നു കിടക്കുന്ന ഒരു റോഡാണ് മുന്നിൽ…ഇവിടെനിന്നു നോക്കിയാൽ വലിയൊരു കവാടം കാണാം…മുന്നോട്ടുള്ള ഓരോ അടിവെക്കുമ്പോഴും ഗൗരി അവളുടെ പ്രണയത്തെ മുറുകെ പിടിച്ചു….
അവനവിടെ ഉണ്ടാകണേ എന്ന് ദൈവങ്ങളോട് പ്രാർത്ഥിച്ചു….അടുത്തെത്തും തോറും കാരണമില്ലാത്തൊരു ഭീതി നിറയുന്നപോലെ…ശ്വാസം ഒന്നെടുത്തുവിട്ട് അവളാ മുറ്റത്തേക്ക് കാലെടുത്തുവച്ചു….
ശാന്തമായ…അത്രതന്നെ മനോഹരമായ ഒരു അന്തരീക്ഷം…
അങ്ങിങ്ങായി പ്രായമായവർ വിശ്രമിക്കുന്നുണ്ട്…കഥകൾ പറഞ്ഞു ചിരിക്കുന്നുണ്ട്…കുഞ്ഞുകുട്ടികൾ ഓടികളിക്കുന്നുണ്ട്…തന്നോളം പ്രായമുള്ള ഏതാനും പെൺകുട്ടികളും അവിടെ ഓരോ ജോലികളിൽ ഏർപ്പെട്ടുനിൽക്കുന്നുണ്ട്…
എങ്ങോട്ട് പോണം എന്നറിയാതെ നിൽകുമ്പോൾ…ഒരു കുട്ടി വന്നു കാര്യമന്വേഷിച്ചു…ആവശ്യം പറഞ്ഞപ്പോൾ…അവരെന്നെയും കൊണ്ട് ഓഫീസിലേക്ക് പോയി…
“ആളിവിടെയുണ്ട് കുട്ടി….കുട്ടി പറഞ്ഞ കാര്യങ്ങളും സമയവും ഒക്കെ വച്ചുനോക്കുമ്പോൾ ആളത് തന്നെയാവനാണ് സാധ്യത… വെയിറ്റ് ചെയ്യൂ ട്ടോ…”
ഗൗരിയുടെ ഹൃദയം വേഗത്തിലിടിക്കാൻ തുടങ്ങി…പ്രിയപ്പെട്ടതെന്തോ കാണാനായി അവളുടെ കണ്ണുകൾ തുടിച്ചു…
ആ നിമിഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടു….ശ്വാസമോന്നുടെ എടുത്ത് അവൾ തിരിഞ്ഞുനോക്കി…
സംഭരിച്ചുവച്ച ധൈര്യമെല്ലാം ചോർന്നുപോവുമെന്ന് അവൾക് തോന്നി…നിറയുന്ന കണ്ണുകളെ തുടച്ചുമാറ്റി…അവന്റെ മുഖത്തേക്ക് നോക്കി നിന്നു…
അവിടെ അത്ഭുതമാണ്…രണ്ടുപേരും കണ്ണെടുക്കാതെ തമ്മിൽ തമ്മിൽ നോക്കിനിന്നു…
“ഇത് തന്നെയല്ലേ കുട്ടി ആള്…”
മേഡത്തിന്റെ ചോദ്യമാണ് സ്വബോധത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്…
അതേയെന്ന് ആവേശത്തോടെ തലയാട്ടുമ്പോൾ അവൾ ഒരു കയ്യാലേ അവന്റെ വിരലുകളിൽ പിടുത്തമിട്ടിരുന്നു…
ആ കയ്യുകളിൽ പിടിമുറുക്കി…അടുത്തുള്ള ഒരു മരത്തണലിൽ ഇരിക്കുമ്പോൾ അവളുടെ മുഖത്ത് ആഹ്ലാദമാണ്…ഇഷ്ടപ്പെട്ടതെന്തോ സ്വന്തമാക്കിയ കൊച്ചുകുട്ടിയുടെ ഉത്സാഹമാണ്….അവന്റെ മുഖത്ത് അമ്പരപ്പ് മാറിയിട്ടില്ല….
അവന്റെ മുഖം കണ്ടപ്പോൾ ചിരിയാണ് വന്നത്…മാറ്റങ്ങളൊന്നുമില്ല…പണ്ടത്തെപ്പോലെ തന്നെ…
ഓരോ കഥകൾ ചോദിക്കുമ്പോഴും പറയുമ്പോഴും തന്റെ ഭ്രാന്തിയാക്കിയ ആ രണ്ടു വർഷങ്ങൾ അവനിൽ നിന്നവൾ വിദഗ്ദമായി മറച്ചുപിടിച്ചു…
അവന്റെ കയ്യിൽ പിടിച്ച് അവിടമാകെ ചുറ്റിക്കാണുമ്പോയും കഥകൾ പറയുമ്പോഴും വല്ലാത്ത ഒരാവേശമായിരുന്നു…
ഒടുവിൽ തളർന്ന് ഒരു വരാന്തയുടെ അറ്റത്ത് അവനോട് ചേർന്നിരിക്കുകയായിരുന്നു ഗൗരി…
ഒരാളെ കൂടി പരിചയപ്പെടാനുണ്ട് ഗൗരി നീ…അവളെയാണ് നീ കണേണ്ടത്…
എന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന…കൂടെനിന്ന…തണലായ…ഒടുവിൽ എന്റെ ജീവിതമായി മാറിയ അവളെ നിനക്ക് കാണണ്ടേ ഗൗരി…
കേട്ടതൊന്നും വിശ്വസിക്കാനാവാതെ…ഒന്നും വിശ്വസിക്കില്ലെന്ന് വാശിപിടിക്കും പോലെ അവൾ വീണ്ടും വീണ്ടും അവന്റെ കൈകളിൽ പിടിമുറുക്കി…
ദൂരെനിന്ന് തങ്ങളുടെ അടുത്തേക്ക് നടന്നുവരുന്ന ഒരു കൊച്ചുസുന്ദരിയുടെ നേർക്ക് അവൻ കൈചൂണ്ടി…അവനിൽ പിടിമുറുക്കിയ ഗൗരിയുടെ കൈകൾ താനേ അയഞ്ഞു…
വിടർന്ന കണ്ണുകളും…കട്ടികൂടിയ ഭംഗിയുള്ള പുരികകൊടികളും അതിനിടയിലുള്ള കുഞ്ഞു പൊട്ട് പോലും അവൾക് അത്രമേൽ ഭംഗി കൂട്ടി…ചുണ്ടിലൊരു പുഞ്ചിരിയുണ്ട്…കണ്ണിൽ കൗതുകവും..
അടുത് വന്ന് നന്ദന്റെ പിന്നിലേക്ക് മാറിനിന്നവളെ…അവൻ പിടിച്ച് അവനോട് ചേർത്തുനിർത്തി…
അവന്റെ ദേഹത്തോട് ചേർന്ന് ഒട്ടിച്ചേർന്നു നില്കുന്നവളെ അവൾ ഉള്ളിലെ നോവ് പുറത്തുകാട്ടത്തെ നോക്കിനിന്നു…അത്രമേൽ ഭംഗിയോടെ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു….
എന്റെ പെണ്ണാണ്…എന്നെ പോലെത്തന്നെ ആരോരുമില്ലാത്ത…ആ രോഗം കാർന്നു തിന്നുന്ന ഒരു ജീവൻ…എനിക്കിത്രമേൽ മികച്ചൊരു കൂട്ട് മറ്റെവിടെ കിട്ടും അല്ലെ ഗൗരികുട്ടി…
പണ്ടൊക്കെ മനസും ശരീരവും ഒരുപോലെ നോവാറുണ്ടായിരുന്നു…പക്ഷെ ഇപ്പൊ വേദന തോന്നാറില്ല…ഇവളടുത്തുള്ളപ്പോൾ വേദന പോലും ഞാൻ മറന്നുപോവാറുണ്ട് ഗൗരി…പറയുമ്പോൾ നന്ദന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു…
പിന്നിലൂടെ ഓടിവന്ന് ഒരു കൊച്ചുമിടുക്കാൻ നന്ദന്റെ കാലിൽ പിടിത്തമിട്ടു…
അങ്ങേയറ്റം വാത്സല്യത്തോടെ അവൻ കുഞ്ഞിന്റെ ഇരുകവിളിലും അമർത്തി ചുംബിച്ചു…ഇവിടുന്ന് കിട്ടിയതാ…ഞങ്ങളെ പോലെ ഇവനും ആരുമില്ല…
ഗൗരിയും അത്രമേൽ സ്നേഹത്തോടെ ആ കുഞ്ഞിന്റെ നെറ്റിയിലൊന്ന് ചുണ്ട് ചേർത്തു…
അവരുടെ സ്നേഹപ്രകടനങ്ങൾ അവൾ അസൂയയോടെ നോക്കിനിന്നു…അവരുടെ മാത്രം ലോകമാണത്…അവരുടെ മാത്രം സ്വർഗമാണത്…
വേദന കൊണ്ട് ഹൃദയം പൊട്ടും എന്ന് തോന്നിയപ്പോൾ അവൾ തിരികെനടന്നു….ഹൃദയത്തിൽ രക്തം കിനിയുന്നുണ്ടായിരുന്നു…കണ്ണീര് കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു…
ഒന്നും മിണ്ടാതെ തിരിഞ്ഞുനടക്കുമ്പോൾ ഒരു വിളിയോ…ഒരു ചോദ്യമോ ഒന്നും അവനിൽ നിന്നും തേടിവന്നില്ല…അവളാഗ്രഹിച്ചതുമില്ല…
അവർ അവരുടെ മാത്രമായ ലോകത്താണ്…അവിടെ നന്ദേട്ടൻ അത്രമേൽ സന്തോഷവാനാണെന്ന് അവൾക് തോന്നി…
?
“ഗൗരിയാണോ നന്ദേട്ടാ അത്… “
തങ്ങളിൽ നിന്നും നടന്നകലുന്ന ഗൗരിയെ നിറകണ്ണാലെ നോക്കിനിൽക്കുന്നവനോടായി അവൾ ചോദിച്ചു…
അതേയെന്ന് ഗൗരിയിൽ നിന്നും നോട്ടം മാറ്റാതെ പറയുന്നവനെ…അവളും നോക്കിനിന്നു…
മുറിയിലെ ഒരു കുഞ്ഞലമാരയിൽ നിധിപോലെ സൂക്ഷിച്ച ആ പുസ്തകം അവൻ കൈകളിലെടുത്തു…
അത്രമേൽ പ്രണയത്തോടെ…അത്രമേൽ നോവോടെ…ഒരിക്കൽ കൂടി അവനതിന്റെ താളുകളിൽ അവളൊളിപ്പിച്ച പ്രണയത്തിലേക്ക് കണ്ണോടിച്ചു…ഇനിയുള്ള ജന്മങ്ങളിലെങ്കിലും ഗൗരിയുടെ മാത്രം നന്ദേട്ടനാവാൻ അവൻ അത്രമേൽ മോഹിച്ചു…പ്രാർത്ഥിച്ചു…
അവസാനിച്ചു ❤
ഇഷ്ടമായാൽ രണ്ട് വരി എഴുതണേ…❤