ഒരു അനിയനെക്കാളും ഒരു സുഹൃത്തായിരുന്ന എന്നോടുപ്പോലും അവൾ ഇതൊന്നും പറഞ്ഞില്ലല്ലോയെന്ന സങ്കടമായിരുന്നു.

Story written by Shefi Subair

============

പ്രണയിച്ചവന്റെയൊപ്പം ചേച്ചി ഇറങ്ങി പോയപ്പോഴാണ് വീട്ടിൽ അവൾ ഞങ്ങൾക്ക് എത്ര പ്രീയപ്പെട്ടതും, വേദനയായെതെന്നും മനസ്സിലായത്.

ഈ നശിച്ചവൾ എന്റെ വയറ്റിൽത്തന്നെ വന്നു പിറന്നല്ലോയെന്ന അമ്മയുടെ ശാപവാക്കുകളെക്കാളും എന്നെ വേദനിപ്പിച്ചത് അച്ഛന്റെ മൗനമായിരുന്നു. എന്നെക്കാളും ഇഷ്ടം കൂടുതൽ അച്ഛന് അവളോടായിരുന്നു.

അതിനു പലപ്പോഴും ഞാൻ വീട്ടിൽ പരിഭവപ്പെട്ടിരിന്നു. ഇതു കാണുമ്പോൾ നിന്നെ തവിടുക്കൊടുത്തു വാങ്ങിയതാണെന്നും, ഞാനാണ് അച്ഛന്റെ പൊന്നുമോളെന്നും അവൾ പറയുമായിരുന്നു.

ഒരു അനിയനെക്കാളും ഒരു സുഹൃത്തായിരുന്ന എന്നോടുപ്പോലും അവൾ ഇതൊന്നും പറഞ്ഞില്ലല്ലോയെന്ന സങ്കടമായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കൂട്ടുക്കാരോടു മൊബൈൽ ഫോണിൽ സംസാരിക്കുമ്പോൾപ്പോലും അമ്മ എന്നോടു ദേഷ്യപ്പെടുമായിരുന്നു. നീയും ആരെയെങ്കിലും വിളിച്ചുക്കൊണ്ടു വരാൻ നോക്കുന്നുണ്ടോ ? ചേച്ചി പോയ വഴിയെ അനിയനും പോകാൻ വല്ല പദ്ധതിയുമുണ്ടോ ?

അടുത്തുള്ള വീട്ടിലെ പെൺക്കുട്ടികളുടെ വിവാഹത്തിനു വീട്ടിൽ ക്ഷണിയ്ക്കാൻ വരുമ്പോഴാണ് അമ്മയുടെ സങ്കടം ഏറ്റവും കൂടുതലായി കണ്ടത്. ആരും കാണതെ മാറി നിന്നു സാരിത്തലപ്പുക്കൊണ്ടു കണ്ണു തുടക്കുന്ന അമ്മ മകളുടെ വിവാഹ ദിവസത്തെപ്പറ്റി ഒരുപാടു സ്വപ്നം കണ്ടിരിന്നു.

മകളുടെ വിവാഹവും ,ഗർഭിണിയായതിനു ശേഷമുള്ള കരുതലും, പ്രസവവും ,പ്രസവാനന്തര ശുശ്രുഷയും, കൊച്ചു മക്കളെ കൊഞ്ചിക്കുന്നതുമെല്ലാം ആഗ്രഹിച്ചിരിന്നു.

ഇടയ്ക്കിടെ അച്ഛനോടു അമ്മ പറയുന്നതു കേൾക്കാമായിരുന്നു. മോളെ കാണാൻ കൊതിയാകുന്നു. അവൾക്കു വിശേഷം വല്ലതുമായി കാണുമോ ? തിന്ന പാത്രംപ്പോലും നീക്കിവെയ്ക്കാൻ മടിയുള്ളവളാണ്. അവളെ നോക്കാനും സഹായിക്കാനും ആരെങ്കിലും കാണുമോയെന്നൊക്കെയായിരുന്നു അമ്മയുടെ ചിന്ത.

വീട്ടിലെ മാവിൻ കൊമ്പിലിരുന്നു കാക്ക വിരുന്നു വിളിക്കുമ്പോൾ അമ്മ പറയുന്നത് കേൾക്കാമായിരുന്നു. ഇനി അവളും, മോനും വരുന്നുണ്ടോന്ന്. ഇങ്ങു വരട്ടെ ഈ പടി ഞാൻ കയറ്റില്ല എന്നു പറയുമ്പോഴും വഴിയിലേക്ക് കണ്ണു നട്ടിരിക്കുന്ന അമ്മയുടെ മുഖത്തൊരു സന്തോഷം കാണാമായിരുന്നു.

എന്നെങ്കിലും അവൾ വരുമെന്നുള്ള പ്രതീക്ഷയിൽ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അച്ഛനെയും അമ്മയെയും കാണുമ്പോഴാണ് മകളെ എത്രമാത്രം അവർ സ്നേഹിക്കുന്നതെന്നു മനസ്സിലായത്……!