എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു….

മനമറിയുമ്പോൾ…

Story written by Anu Kalyani

============

“ഏതാടീ ഈ പുതിയ കണ്ടക്ടർ, ചുള്ളനാണല്ലോ…..”

സ്ഥിരമായി കയറാറുള്ള ബസ്സിലെ പുതിയ കണ്ടക്ടറെ കണ്ട സന്തോഷത്തിൽ ആണ് എല്ലാവരും…

“നമ്മുടെ ജൂനിയർ ഇല്ലെ, ആ ശ്രേയ അവളുടെ മാമന്റെ മോനാ…”

“ഏത് ആ കൂവക്കര കോളനിയിൽ താമസിക്കുന്ന ശ്രേയയോ”

“ആഹ് അവള് തന്നെ…നമ്മുടെ അമ്പലത്തിന്റെ അടുത്ത് കെട്ടിയ ഒരു തറ ഇല്ലെ അത് ഈ ഏട്ടന്റെയാണ്”

“ഏത് ആറ് വർഷം മുമ്പേ കെട്ടിവച്ച ആ തറയോ…”

സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത ബസ്സിലെ കമ്പിയിൽ തൂങ്ങിപിടിച്ച് കഷ്ടപ്പെട്ട് സംസാരിക്കുകയായിരുന്നു ഞാനും ഹരിതയും.

“ഈ ബേഗ് ഒക്കെ ആ സീറ്റിൽ ഇരിക്കുന്നവരുടെ കയ്യിൽ കൊടുത്തെ…ഇതൊക്കെ പറഞ്ഞുതരണോ”

ആദ്യത്തെ ദിവസം തന്നെ ഇയാൾ വഴക്ക് പറയാൻ തുടങ്ങിയോ….ബേഗ് അഴിച്ച് സീറ്റിലെ ചേച്ചീടെ കയ്യിൽ കൊടുത്തു. കയ്യിൽ പിടിച്ചിരുന്ന ചില്ലറ കണ്ടക്ടർക്ക് കൊടുക്കുമ്പോൾ അത് താഴെ വീണു. തിരക്ക് കാരണം പൈസ എവിടെ പോയി എന്ന് കണ്ടില്ല.

“ആകെ തരുന്നത് നാലോ അഞ്ചോ രൂപയാണ്, അതും കൂടി വീഴാതെ തരാൻ കഴിയില്ല…”

കണ്ടക്ടർ നിന്ന് തിളക്കുന്നുണ്ട്…കയ്യിൽ ആണെങ്കിൽ വേറെ പൈസയും ഇല്ല…അയാൾക്ക് കൂട്ടായി ബസ്സിലെ വേറെ ആൾക്കാരും ഉണ്ട്.

“മനപ്പൂർവം ഒന്നും അല്ലല്ലോ ചേട്ടാ..അറിയാതെ വീണുപോയതല്ലെ…”

“എന്തായാലും അത് എടുത്ത് തന്നിട്ട് ബസ്സിൽ നിന്ന് ഇറങ്ങിയാൽ മതി…”

അതും പറഞ്ഞ് കണ്ടക്ടർ ബേക്കിലോട്ട് പോയി. താഴോട്ടേക്ക് നോക്കാൻ പോലും കഴിയാത്ത തിരക്കാണ്…സ്റ്റോപ്പ് എത്താറായി…ഡോറിൽ കയ്യ് വച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ് കണ്ടക്ടർ. തിരക്കിൽ തുഴഞ്ഞ് തുഴഞ്ഞ് ഡോറിനടുത്തെത്തി.

“അതേ…അടുത്തത് എന്റെ സ്റ്റോപ്പ് ആണ്, പൈസ നാളെ തന്നാൽ മതിയോ..”

സംസാരം കേട്ട് എന്നെ തുറിച്ച് നോക്കി. അപ്പോഴേക്കും സ്റ്റോപ്പ് എത്തിയിരുന്നു.

“ഒന്ന് ഇറങ്ങി പോ….” ഡോറ് തുറന്നുകൊണ്ട് പറഞ്ഞു.

പിറ്റേന്ന് രണ്ട് ദിവസത്തെ രൂപയുമായിട്ടാണ് ബസ്സിൽ കയറിയത്. രൂപ കയ്യിൽ കൊടുത്തപ്പോൾ അത്ഭുതത്തോടെ തലയുയർത്തി നോക്കി. ഇന്നലത്തെ പൈസ തിരിച്ചു തന്നു.

“ഇത് വേണ്ട…” വളരെ ശാന്തനായി പറഞ്ഞു. എല്ലാവരുടെയും മുന്നിൽ വച്ച് വഴക്ക് പറഞ്ഞതിന്റെ നീരസം എന്റെ ഉള്ളിൽ കിടന്ന് തിളക്കുകയായിരുന്നു.

“നിങ്ങളുടെ ഔദാര്യം ഒന്നും എനിക്ക് വേണ്ട” ആ പണം ഞാൻ തിരിച്ചു നൽകിക്കൊണ്ട് പറയുമ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നി.

കോളേജിൽ എത്തിയപ്പോൾ തന്നെ നേരെ ശ്രേയയുടെ ക്ലാസ്സിലേക്ക് നടന്നു, കണ്ടക്ടറോടുള്ള ദേഷ്യം മുഴുവൻ അവളോട് തീർക്കുകയാണ് ലക്ഷ്യം.

“ഏയ് നീതു, നീ ഇതെങ്ങോട്ടാ…ഈ പോകുന്നെ” പിറകിൽ നിന്ന് ഹരിത വിളിക്കുന്നുണ്ടായിരുന്നു.

“ആ ശ്രേയ ഇല്ലേ, അവൾക് രണ്ട് കൊടുത്തിട്ട് വരാം”

“അയാളോട് ഉള്ള ദേഷ്യം എന്തിനാ നീ അവളോട് തീർക്കുന്നെ..” ഹരിതയുടെ വാക്കുകൾ ഒന്നും തന്നെ ചെവിക്കൊണ്ടില്ല എന്നതാണ് സത്യം.

ക്ലാസ്സിന് പുറത്ത് കുട്ടികളോട് സംസാരിച്ച് നിൽക്കുന്ന ശ്രേയയെ കണ്ടു, അവിടെ ഉണ്ടായിരുന്ന ഒരു ഡെസ്കിൽ ഞാൻ കയറി ഇരുന്നു. കൂടെ ഹരിതയും.

“ഡീ കൂവക്കരെ…ഇങ്ങ് വാ…” എന്റെ വിളി കേട്ട് അവൾ പരിഭ്രമത്തോടെ നോക്കി.

“നീ എന്തിനാടി അവളെ അങ്ങനെ വിളിക്കുന്നെ”.

“പിന്നെ കൂവക്കരകോളനീന്ന് വരുന്നവളെ രാജകുമാരീന്ന് വിളിക്കണോ”

“നിന്നെ തന്നെ..ഇങ്ങോട്ട് വാടീ..”

ഒരു പാവക്കുട്ടിയെ പോലെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“നിന്റെ മ്യാമന്റെ മോൻ ഇല്ലെ, ആ കണ്ടക്ടർ…എന്താ അയാളുടെ പേര്..”

“വി.. വിഷ്ണു..”

“അവനോട് പറഞ്ഞേക്ക് അധികം കളിക്കാൻ നിൽക്കണ്ട എന്ന്,”

“ഞങ്ങളെ അവന് ശരിക്കും അറിയില്ല.” ഒരു സ്റ്റൈലിന് വേണ്ടി ഹരിത അവളെ ചെറുതായിട്ട് പിറകിലേക്ക് തള്ളി.നല്ല പഞ്ച് ഡയലോഗും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ വരാൻ പോകുന്ന ഭവിഷ്യത്തിനെ പറ്റി ഞങ്ങൾ അറിഞ്ഞതേ ഇല്ലായിരുന്നു.

വൈകുന്നേരം വേറെ ബസ്സിന് വീട്ടിൽ പോയി. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാംതന്നെ ഏത് ബസ്സിൽ കയറിയാലും ഞങ്ങളോട് മാത്രം കണ്ടക്ടർമ്മാർ കോളേജ് ഐ ഡി ചോദിക്കാൻ തുടങ്ങി, പിറകോട്ടേക്കും മുന്നേട്ടേക്കും മാറ്റി മാറ്റി നിർത്തിച്ചും അനാവശ്യമായി വഴക്ക് പറയലും സ്ഥിരം രീതിയായി മാറി, ആദ്യമൊക്കെ പ്രതികരിക്കുമെങ്കിലും പിന്നീട് നാട്ടിലുള്ള ഒരു ബസ്സിലും കയറാൻ പറ്റാത്ത അവസ്ഥ ആയി.

“നീതു , ആ ശ്രേയയും മറ്റെ കണ്ടക്ടറും തന്ന പണിയാണ് ഇത്..” കോളേജിൽ മതിലിൽ ചാരി നിന്ന് ഹരിത പറഞ്ഞു.

“ഇവന്മാരെല്ലാരും ഒറ്റക്കെട്ടാണ്….എന്താ ഇനി ചെയ്യുഅ”

“ശ്രേയയോട് പോയി സോറി പറയാം..വേറെ വഴിയില്ല” ഉള്ളിൽ ചെറിയ നീരസം ഉണ്ടായിരുന്നെങ്കിലും ശ്രേയയോട് മാപ്പു പറയാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ അവൾ ഞങ്ങളെ കാണാൻ പോലും നിന്നില്ല. അവസാനം വിഷ്ണുവിന്റെ ബസ്സിൽ തന്നെ കയറി. കണ്ടക്ടർ അടുത്തേക്ക് വരുന്തോറും എന്തെന്നില്ലാത്ത ഒരു ഭയം ഊറിക്കൂടുന്നുണ്ടായിരുന്നു.വളരെ സൂക്ഷിച്ച് പൈസ കൊടുത്തു. അത് വാങ്ങി തല ഉയർത്തി നോക്കി, ഒന്ന് ചിരിച്ചു.

“ഐ ഡി കാർഡ് എടുക്ക്…”

“ചേട്ടാ സോറി, ഞങ്ങൾക്ക് അന്ന് ഒരു അബദ്ധം പറ്റിയതാണ്, ഇപ്പോ ഒരു ബസ്സിലും കയറാൻ പറ്റാത്ത അവസ്ഥ ആണ്, ക്ഷമിക്കണം”

ഐ ഡി കാർഡ് വിഷ്ണുവിന് കൊടുക്കുമ്പോൾ നന്നായി അഭിനയിച്ചു. തിരിച്ച് ഒന്നും പറയാതെ പിറകിലേക്ക് പോയി.

പിന്നീട് എല്ലാ ദിവസവും ഐ ഡി കാർഡ് ചോദിക്കുന്നത് പതിവായി, കൂടെ ഒരു ചിരിയും. ആദ്യമൊക്കെ പുച്ഛം ആയിരുന്നു ചിരിയിൽ, പിന്നെ അത് ചെറിയ ചിരിയായി, പുഞ്ചിരിയായി, കുസൃതി ചിരിയായി, അവസാനം കള്ളച്ചിരിയായി.

“ഈ ചിരിയിൽ ഒരു പന്തികേട് ഉണ്ടല്ലോ നീതു മോളെ”

“എനിക്കും തോന്നി…”

ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ആണ് എനിക്ക് കുറുകെ ഒരു വിഷ്ണുവിന്റെ ബൈക്ക് വന്ന് നിർത്തിയത്.

“നീതു, എനിക്ക് ഒരു കാര്യം പറയാനുണ്ട്..”

പറയാൻ പോകുന്നത് എന്താണെന്ന് അറിയാമായിരുന്നു, അവനെ ഗൗനിക്കാതെ ഞാൻ മുന്നോട്ട് നടന്നു, ബൈക്കിൽ നിന്നും ഇറങ്ങി വീണ്ടും മുന്നിൽ വന്നു നിന്നു.

“നീതു എനിക്ക് നിന്നെ ഇഷ്ടമാണ്” ഒരു തരി പോലും ചമ്മലോ മടിയോ ഇല്ലാതെ കനത്ത ഗൗരവത്തിൽ അത് പറയുമ്പോൾ, എന്റെ മനസ്സിൽ അവനോടുള്ള ദേഷ്യം ആളിക്കത്തുകയായിരുന്നു

“കൂവക്കരകോളനിയിലേക്ക് മകളെ കെട്ടിച്ചുവിടേണ്ട അവസ്ഥ ഒന്നും എന്റെ അച്ഛന് വന്നിട്ടില്ല, നിങ്ങളെ പോലത്തെ ഒരു ലോക്ലാസ്സ് കണ്ടക്ടറെ കെട്ടേണ്ട ഗതികേട് എനിക്കും ഇല്ല. ഇനി എന്നെങ്കിലും ഞങ്ങൾക്ക് അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ അറിയിക്കാം, അല്ല ഇനി, എന്നെ കെട്ടേണ്ട യോഗ്യത തനിക്ക് ഉണ്ടാകുമ്പോൾ ഒന്ന് അറിയിക്ക്, അപ്പോൾ നോക്കാം”

എന്റെ വാക്കുകൾ അവനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാമായിരുന്നു. പറഞ്ഞത് കുറച്ച് കൂടി പോയൊ എന്ന് തോന്നിയെങ്കിലും അതിൽ ഒട്ടും വിഷമം തോന്നിയില്ല, മറികടന്ന് മുന്നോട്ട് നടന്നപ്പോൾ വീണ്ടും പിറകിൽ നിന്നും വിളി വന്നു.

“എടീ, ഒന്നവിടെ നിന്നെ…..”

ആ കനത്ത ശബ്ദത്തിലെ ആഴത്തിലുള്ള ഗൗരവം പലതും പറയാതെ പറയുകയായിരുന്നു.

“നീ കുറേ ആയല്ലോ ‘കൂവക്കര’ എന്ന് പറഞ്ഞ് കളിയാക്കുന്നു, അവിടെ ഉള്ളവരും മനുഷ്യന്മാർ തന്നെയാണ്, സ്നേഹത്തിന്റെയും സഹായത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒക്കെ കാര്യത്തിൽ നിന്നെക്കാൾ ഒക്കെ വളരെ ഉയരത്തിലാണ് അവരുടെ സ്ഥാനം, തൊട്ടടുത്ത വീട്ടിൽ ആരാണ് താമസിക്കുന്നത് എന്ന് പോലും അറിയാത്ത നിന്നോട് ഒന്നും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല….പിന്നെ ഓട്ടോറിക്ഷ ഡ്രൈവറായ ദാസേട്ടൻ ദാസൻ മുതലാളി ആയത് എങ്ങനെയാണെന്ന് നീ മറന്നാലും നിന്റെ അച്ഛൻ മറന്ന് കാണില്ല, ആ മനുഷ്യനെ വിചാരിച്ചു കൊണ്ട് മാത്രം ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…”

ദേഷ്യം കത്തുന്ന കണ്ണുകളുമായി അവൻ തിരികെ നടക്കുമ്പോൾ ഒന്നും പറയാതെ ഒരു ശില പോലെ ഞാൻ നിന്നു.

പറഞ്ഞുപോയ വാക്കുകൾ അധികം ആയിപ്പോയി എന്ന ചിന്ത എന്റെ ഉറക്കം കെടുത്തി, എന്ത് കൊണ്ടോ പെട്ടെന്ന് നേരം പുലരാൻ മനസ്സ് തുടിച്ചു കൊണ്ടേയിരുന്നു.

നിലാവിന്റെ സൗന്ദര്യവും നക്ഷത്രങ്ങളുടെയും ചന്ദ്രന്റെയും ഭംഗി ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു, പുസ്തകത്തിലും അക്ഷരങ്ങളിലും എല്ലാം ഒരു മുഖം മാത്രം, ഒരു പേര് മാത്രം ഉള്ളതുപോലെ. പക്ഷേ പിന്നീട് ഒരിക്കലും വിഷ്ണു എനിക്ക് മുഖം തന്നില്ല, പലപ്പോഴും കാണാൻ ശ്രമിക്കുമ്പോഴും ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെ വഴുതി നീങ്ങുകയായിരുന്നു അവൻ. അറിഞ്ഞുകൊണ്ട് ഒഴിവാക്കുകയാണെന്ന് ശ്രേയയിലുടെ അറിഞ്ഞു,

മുൻപ് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ഭാരം മനസ്സിന് തോന്നുന്നു, കണ്ണുകൾ അനാവശ്യമായി നിറയുന്നു. പിന്നീട് അങ്ങോട്ട് കൂവക്കര കോളനിയോട് വല്ലാത്ത ഒരിഷ്ടം തോന്നി തുടങ്ങി, കഴിഞ്ഞ പ്രളയത്തിൽ വെള്ളംകൊണ്ട് വീട് നിറഞ്ഞപ്പോൾ രക്ഷിക്കാൻ എത്തിയ അവരെ കുറിച്ചറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ബഹുമാനം തോന്നി.

ഡിഗ്രി കഴിഞ്ഞതിന് ശേഷം വിഷ്ണുവിനെ പിന്നെ കണ്ടതേയില്ല, ഏതെങ്കിലും ബസ്സിൽ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഓരോ ദിവസവും ഓരോ ബസ്സിൽ കയറും, പക്ഷേ ഒരിക്കലും കാണാൻ കഴിഞ്ഞില്ല.

ആരുടെയോ ശാപം ഏറ്റത് പോലെ അച്ഛന്റെ ബിസിനസ് തകർന്ന് തരിപ്പണമായി, കൂടെ ഉണ്ടായിരുന്ന പാർട്ണർ വഞ്ചിച്ചപ്പോൾ മൂക്കറ്റം കടത്തിൽ ആയി, കടം തീർക്കാൻ കിടപ്പാടം ഒഴികെ ബാക്കി എല്ലാം വിൽക്കേണ്ടി വന്നു.

മുന്നോട്ടേക്ക് പോകാനായി പഴയ ഓട്ടോറിക്ഷ പൊടിതട്ടി എടുക്കുമ്പോൾ വിഷ്ണുവിന്റെ വാക്കുകൾ ചെവിയിൽ അലയടിക്കുകയായിരുന്നു.

തവണയായി അടയ്ക്കേണ്ട കടവും വീട്ടിലെ ചിലവും ഒരാളുടെ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല, ഒരു സഹായത്തിനായി ടൗണിലെ ഒരു ജ്വല്ലറിയിൽ അക്കൗണ്ടന്റ് ആയി നിൽക്കാൻ തുടങ്ങി,

വൈകിട്ട് വീട്ടിലേക്ക് ധൃതിയിൽ ഇറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വിഷ്ണുവിനെ കണ്ടത്, പഴയ രൂപത്തിൽ നിന്നും ആകെ മാറിയിരുന്നു ആള്, കഴുത്തിലും കയ്യിലും സ്വർണ്ണച്ചെയിനും ചൂണ്ടുവിരലിൽ കറക്കി കൊണ്ടിരിക്കുന്ന കാറിന്റെ കീയും, അവന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

“എവിടെ ആയിരുന്നു…”

ഉള്ളിലെ അപകർഷതാബോധം മറച്ചുവച്ച് ഞാൻ സംസാരിച്ചു തുടങ്ങി.

“ഗൾഫിൽ ആയിരുന്നു, നാട്ടിൽ വന്നിട്ട് മൂന്ന് മാസമായി, ഇപ്പോ ഇവിടെ ചെറിയ ബിസ്സിനസ്സ് ഒക്കെ ചെയ്തുവരുന്നു”

“എങ്കിൽ ശരി.. ബസ്സ് വരാൻ ആയി, പിന്നെ കാണാം”

“ഞാൻ തന്നെ കുറേ അന്വേഷിച്ചു, യോഗ്യത നേടിയിട്ട് വന്നാൽ ആലോചിക്കാം എന്നല്ലേ പറഞ്ഞത് , പക്ഷേ ഇപ്പോഴും യോഗ്യതയുടെ കാര്യത്തിൽ ചെറിയൊരു സംശയം”

“പരിഹസിക്കുകയാണോ…”

മറുപടിയായി ഒന്ന് ഉറക്കെ ചിരിച്ചു. ഒരു വിജയഭാവമായിരുന്നു ആ, മുഖത്ത് കാറിൽ കയറി ഗ്ലാസ് ചെറുതായി താഴ്ത്തി.

“കയറുന്നോ വീട്ടിലാക്കാം”

“വേണ്ട ബസ്സ് ഉണ്ട്..”

തിരിച്ച് നടക്കുമ്പോൾ വേദനയായിരുന്നു. അപമാനിച്ച വേദനയില്ല മറിച്ച് മാപ്പ് പറയാൻ പലവട്ടം ശ്രമിച്ചിട്ടും അതോ എന്റെ പ്രണയമോ മനസ്സിലാക്കാത്ത വേദന.

“നിനക്ക് പറയാമായിരുന്നില്ലേ ഇഷ്ടമായിരുന്നു എന്ന്..” നീളൻ കുളപ്പടവിൽ ഇരുന്ന് ഹരിത പറഞ്ഞു.

“ഇപ്പോൾ ഞാൻ അങ്ങനെ പറഞ്ഞാൽ അവൻ അത് വേറെ രീതിയിൽ എടുക്കും”

അമ്പലത്തിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ പുറത്ത് ഒരു കാർ കണ്ടു .എല്ലാം ഞായറാഴാചയും ഉണ്ടാകാറുള്ള പതിവ് പെണ്ണ് കാണൽ ചടങ്ങ്, പഴയ പ്രതാപം ഇല്ലെന്ന് അറിയുമ്പോൾ തിരിച്ചു പോകും. അടുക്കള വശത്ത് കൂടി വീടിനകത്ത് കയറി, അമ്മ തന്നുവിട്ട ചായയുമായി സെൻട്രൽഹാളിൽ ചെല്ലുമ്പോൾ അവിടെ രണ്ട് സ്ത്രീകൾ മാത്രം ആയിരുന്നു, പുറത്ത് ആളുണ്ട് എന്നർത്ഥത്തിൽ ഒരു സ്ത്രീ വിരൽ ചൂണ്ടി.

പുറം തിരിഞ്ഞ് നിൽക്കുന്ന ആളെ തിരിഞ്ഞ് നോക്കാതെ തന്നെ എനിക്ക് മനസ്സിലായി.

“സഹതാപം ആണോ…”

“അല്ല പ്രണയമാണ്” ചായക്കപ്പ് ചുണ്ടോട് ചേർത്ത് പറഞ്ഞു.

“നിന്റെ പ്രണയം ഞാൻ മുൻപ് തന്നെ അറിഞ്ഞിരുന്നു. പിന്നെ നീ അന്ന് പറഞ്ഞത് ഒക്കെ ശരി ആണെന്ന് തോന്നി, അതാണ് കുറച്ച് പണം ഒക്കെ ഉണ്ടാക്കി വന്ന് പെണ്ണ് ചോദിക്കാം എന്ന് വിചാരിച്ചത്”

കൂവക്കര കോളനിയിലേക്ക് മരുമകളായി ചെല്ലുമ്പോൾ വിഷ്ണുവിന്റെ വിരലുകൾ എന്നെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. എന്റെ ചിന്തകൾക്ക് അപ്പുറം ആയിരുന്നു അവിടത്തെ ജനങ്ങൾ, പണത്തിന്റെ അഹങ്കാരമോ അസൂയയോ ഇല്ലാത്ത നിഷ്കളങ്കരായ സാധാരണ മനുഷ്യർ..