Story written by Saji Thaiparambu
========
അല്ല , എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തിൻ്റെ ഏറിയ പങ്കും, എഴുതി കൊടുത്തത്, നിങ്ങടെ പെങ്ങന്മാർക്കല്ലേ? അപ്പോൾ പിന്നെ, വയസ്സായ നിങ്ങടെ അമ്മയെ നോക്കേണ്ട കടമ അവർക്ക് കൂടിയില്ലേ? കുറെ നാളായില്ലേ അമ്മ , നമ്മുടെ കൂടെ കഴിയാൻ തുടങ്ങിയിട്ട്? ഇനി കുറച്ച് ദിവസം അവര് കൊണ്ട് പോയി നോക്കട്ടെ ?
ഭാര്യ അയാളോട് നീരസത്തോടെ പറഞ്ഞു.
എടീ…നിനക്കൊരു കാര്യമറിയാമോ അമ്മയ്ക്കും അച്ഛനും കൂടി ഞങ്ങള് മൂന്ന് മക്കളായിരുന്നു , എനിക്കൊരു എട്ട് ഒൻപത് വയസ്സ് പ്രായമുള്ളപ്പോഴാണ്, ഞങ്ങടെ അച്ഛൻ അസുഖം വന്ന് പെട്ടെന്ന് മരിക്കുന്നത് , അന്നെൻ്റെ കാലുകൾക്ക് ബലക്ഷയമുണ്ടായിരുന്നത് കൊണ്ട്, മറ്റ് കുട്ടികളെ പോലെ എനിക്ക് നടക്കാനൊന്നും കഴിയില്ലായിരുന്നു, അച്ഛൻ്റെ മരണശേഷം, എന്നെയും എൻ്റെ ചേച്ചിമാരെയും വളർത്താൻ, അമ്മ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ, ബന്ധുക്കളൊക്കെ അമ്മയോട് പറഞ്ഞു , എവിടെയോ വൈകല്യമുള്ള കുട്ടികളെ നോക്കുന്ന സർക്കാർ സ്ഥാപനമുണ്ടെന്നും, എന്നെ അവിടെ കൊണ്ട് വിട്ടിട്ട് , ശാരദ എവിടെങ്കിലും വീട്ട് ജോലിക്ക് പോകാൻ ,
പക്ഷേ അമ്മയത് സമ്മതിച്ചില്ല
അങ്ങനെ ചെയ്താൽ, ഒരു പക്ഷേ, തൻ്റെ കഷ്ടപ്പാട് കുറയുമെന്നും , എന്നാൽ അത് കൊണ്ട്, അവന് നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുവെന്നും , തൻ്റെ മകന് ഒരിക്കലും സ്വന്തമായി നടക്കാനോ ,അവനൊരു നല്ല ഭാവിജീവിതം കെട്ടിപ്പടുക്കാനോ കഴിയില്ലന്നും, അവനെ താൻ സംരക്ഷിക്കുന്നത് പോലെ മറ്റൊരാൾക്കും സംരക്ഷിക്കാനും കഴിയില്ലന്നും ,അത് കൊണ്ട് അവനെ ,താൻ തന്നെ നോക്കുമെന്നും, സംശയലേശമന്യേ അമ്മ അവരോട് പറഞ്ഞു.
എന്നിട്ട് നിങ്ങടെ അമ്മ, സുഖമില്ലാത്ത നിങ്ങളെയും കൊണ്ട് ജോലിക്ക് പോയോ?
അയാളുടെ ഭാര്യ ജിജ്ഞാസയോടെ ചോദിച്ചു.
ഇല്ല , പകരം എൻ്റെ ചേച്ചിമാരോട് ജോലിക്ക് പോകാൻ അമ്മ നിർദ്ദേശിച്ചു, പഠിത്തത്തിൽ ഒരു പാട് പിന്നിലായിരുന്ന അവർ , പത്താം ക്ളാസ്സ് കഴിഞ്ഞ്, തുന്നല് പഠിക്കാൻ പോകുന്നുണ്ടായിരുന്നു, അമ്മയുടെ നിർദ്ദേശപ്രകാരം, നാട്ടിലൊരു റെഡിമെയ്ഡ് കമ്പനിയിൽ ചേച്ചിമാർ രണ്ട് പേരും അന്ന് മുതൽ, തുന്നൽ ജോലിക്ക് പോകാൻ തുടങ്ങി, അങ്ങനെ അമ്മയുടെ നിശ്ചയദാർഡ്യവും, കുറെ നാളത്തെ കഷ്ടപ്പാടും കൊണ്ട്, ഞാൻ സാധാരണ കുട്ടികളെ പോലെയായി, ഏഴാം ക്ളാസ് വരെ, അമ്മയുടെ എളിയിലിരുന്ന് സ്കൂളിൽ പോയിരുന്ന ഞാൻ, ഹൈസ്ക്കൂളിലെത്തിയപ്പോൾ, തനിയെ നടന്ന് പോകാൻ തുടങ്ങി , അതിനിടയിൽ ചേച്ചിമാരുടെ കല്യാണം , അമ്മാവൻമാരുടെ മക്കളുമായി വലിയ സാമ്പത്തിക ചിലവൊന്നുമില്ലാതെ നടന്നു, പിന്നീട് , ഞാനും അമ്മയും തനിച്ചായപ്പോൾ ,ഞാൻ സ്കൂളിലും, നാട്ടിലെ സമ്പന്നരുടെ വീടുകളിൽ,അമ്മ അടുക്കളപ്പണിക്കും പോകാൻ തുടങ്ങി.
എന്നിട്ട് ?
അയാളുടെ ഭാര്യക്ക് ആകാംക്ഷയേറി .
ഞാൻ പഠിച്ച് എനിക്കൊരു ജോലി കിട്ടിയപ്പോൾ അമ്മ എന്നോടൊരു കാര്യം പറഞ്ഞു, മോനേ..നിൻ്റെ കാര്യത്തിൽ അമ്മ കൂടുതൽ ശ്രദ്ധ കാണിച്ചത് കൊണ്ട്, നിൻ്റെ ചേച്ചിമാർക്കും അവരുടെ ചെറുപ്പകാലത്ത് നിനക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്, നിനക്കിപ്പോൾ ഒരു തൊഴിലുണ്ട് ,അത് കൊണ്ട് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയും, നമുക്ക് താമസിക്കാൻ നമ്മുടെ ഈ ചെറിയ വീട് പോരെ? അത് കൊണ്ട്, ബാക്കിയുള്ള പുരയിടം ഞാൻ ചേച്ചിമാർക്ക് എഴുതി കൊടുക്കുവാ…
അമ്മയുടെ ആ തീരുമാനം തെറ്റാണെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല ,പിന്നെ അന്ന് അമ്മയും ചേച്ചിമാരും, സ്വന്തം സുഖം നോക്കിപ്പോയിരുന്നെങ്കിൽ ഞാനിന്നും ശാരീരിക വെല്ലുവിളികളുമായി എങ്ങുമെത്താതെ ഏതെങ്കിലും അനാഥാലയത്തിൽ ജീവിതം ഹോമിച്ച് കഴിയേണ്ടിവന്നേനെ, ഇനി നീ പറയ് , അമ്മയോടുള്ള കടപ്പാട്, ഞാൻ ചേച്ചിമാർക്കും പങ്ക് വച്ച് കൊടുക്കണോ?
സോറി ചേട്ടാ..എനിക്കതൊന്നുമറിയില്ലായിരുന്നല്ലോ ?
ഉം സാരമില്ല ,പിന്നെ നീയൊരു കാര്യം കൂടി മനസ്സിലാക്കുന്നത് നല്ലതാണ്, ഇന്ന് നമ്മൾ, നമ്മുടെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നോ? അത് തന്നെയായിരിക്കും, നാളെ നമ്മുടെ മക്കൾ നമ്മളോടും പെരുമാറുന്നത്
എനിക്ക് മനസ്സിലായി ചേട്ടാ , ഞാനിനി ഇതാവർത്തിക്കില്ല
ഭാര്യയുടെ കുറ്റസമ്മതത്തിൽ അയാൾക്ക് സംതൃപ്തി തോന്നി.
~സജി തൈപ്പറമ്പ്